ഒരിക്കലും ചോദ്യങ്ങളുടെ പാറ്റേൺ ആവർത്തിക്കരുതെന്നാണ് മൂല്യനിർണ്ണയനം സംബന്ധിച്ച പൊതു ധാരണയെങ്കിലും ആദ്യം മുതൽ ഒരു സ്ഥിരം പാറ്റേൺ പരീക്ഷാ ചോദ്യങ്ങളിൽ കടന്നുകൂടിയിട്ടുണ്ട്. പാഠം പഠിപ്പിക്കുന്ന അവസരത്തിൽ അധ്യാപകൻ ഒരിക്കലും ഈ സ്ഥിരം പാറ്റേണിനെ കുറിച്ച് ആലോചിക്കാറില്ല. അതുകൊണ്ടുതന്നെ ക്ലാസ്രൂം പ്രവർത്തനങ്ങളുടെ സജീവതയിൽ ഈ പരീക്ഷാപ്പേടി ഇടപെടാറില്ല എന്നാണ് സാമാന്യ അനുഭവം.ഇനി പരീക്ഷ അടുത്ത ഈ സമയത്ത് ചോദ്യങ്ങളുടെ പാറ്റേൺ അറിയുന്നത് നന്നായിരിക്കും.പ്രത്യേകിച്ചും മലയാളം ഒന്നാം പേപ്പറിൽ.നിലവിലുള്ള പരീക്ഷാനുഭവത്തിന്റെ അടിസ്ഥാനത്തിൽ അതിങ്ങനെയാണ്…..
സ്കോറ് വിതരണം 2,4,6,8,10 എന്നിങ്ങനെയാണ്. ഇതു ചില ഉത്തരങ്ങൾക്ക് 1 സ്കോർ വെച്ച് പോയിന്റ്സിന്ന് വിഭജനം കാണും. അതു കുട്ടിയേക്കാൾ മൂല്യനിർണ്ണയനം ചെയ്യുന്ന ആൾക്കുള്ള സൂചനയാണ്. ആകെ 40 സ്കോർ. ഒന്നരമണിക്കൂർ എഴുത്തു സമയം.
1. ആദ്യ ചോദ്യം പട്ടിക പൂരിപ്പിക്കലായിരിക്കും. 4 ചോദ്യം 4 സ്കോർ. ഒരു ശരിക്ക് ഒരു സ്കോർ. പട്ടിക ഇങ്ങനെയൊക്കെ ആവാം
3 കോളം 4 വരി പട്ടിക
ഒരു വിടവ് പൂരിപ്പിക്കൽ-പ്രവർത്തനം
4 എഴുത്തുകാർ/ 4 കൃതി/ 4 സാഹിത്യപ്രസ്ഥാനം/ 4 സാഹിത്യരൂപം/ 4 കാവ്യഭാഗം/4 കഥാപാത്രങ്ങൾ/ 4 കാലഘട്ടം/ 4 നിരീക്ഷണം/ 4 മാധ്യമം/ 4കഥാപാത്രസ്വഭാവം/ 4 സാമൂഹ്യാവസ്ഥ
ഇത്രയും കൊണ്ട് ഉണ്ടാക്കാവുന്ന ഒരു പട്ടിക തീർത്തും പ്രതീക്ഷിക്കാം. അതും ഒന്നാം ചോദ്യമായിത്തന്നെ.
മികച്ച വായനാനുഭവമുള്ള ഒരു കുട്ടിക്കേ തീർച്ചയായും ഇതു നന്നായി ചെയ്യാൻ കഴിയൂ.എന്നാൽ
(ടെക്സ്റ്റ് ബുക്കിൽ ത്തന്നെ പരാമർശിക്കപ്പെട്ട) എഴുത്തുകാർ, അവരുടെ പ്രധാനകൃതികൾ, അവരെകുറിച്ചുള്ള നിരീക്ഷണങ്ങൾ, കഥാപാത്രങ്ങൾ, സ്വഭാവങ്ങൾ, പ്രസ്ഥാനങ്ങൾ, സാഹിത്യരൂപങ്ങൾ, കാലഘട്ടം എന്നിവ ശ്രദ്ധിച്ചാലും ഇതു ചെയ്യാൻ കഴിയും. പാഠപുസ്തകപരാമർശമുള്ള സംഗതികൾ മാത്രമേ ചോദിക്കൂ. ഇതു ക്ലാസ് പ്രവർത്തനങ്ങളിൽ പല സന്ദർഭങ്ങളിലായി വന്നവയയിരിക്കും. അല്ലാതുള്ളതൊന്നും ചോദിക്കില്ല. അതിനാൽ ടെക്സ്റ്റ്ബുക്ക് നന്നായി വായിക്കാൻ മടിക്കേണ്ട.
2. അടുത്ത ഒരു ചോദ്യം താളവുമായി ബന്ധപ്പെട്ടതായിരിക്കും.2 സ്കോർ ലഭിക്കും.
3-4 സെറ്റ് ഈരടികൾ തന്നിരിക്കും. ഇതിൽ നിന്ന്-
ഒരേ താളത്തിലുള്ളവയെ തെരഞ്ഞെടുക്കുക-സമാന താളം കണ്ടെത്തുക
താളവ്യത്യാസമുള്ള ഒന്നിനെ തെരഞ്ഞെടുക്കുക
ഒരു കുട്ടിക്ക് പാഠപുസ്തകത്തിലും പുറത്തുനിന്നുമുള്ള നിരവധി കവിതകൾ ആലാപനം ചെയ്ത അനുഭത്തിലൂടെയാണ് ഇതിന്നുത്തരം എഴുതാറാകുക. എന്നാൽ
പാഠപുസ്തകത്തിലെ കവിതകൾ നന്നായി ഈണത്തിൽ ചൊല്ലാനാവുന്ന കുട്ടിക്ക് മുഴുവൻ സ്കോറും നേടാം
പാഠപുസ്തകത്തിലെ തന്നെ ഭാഷാ വൃത്തങ്ങളിലുള്ള കവിതകൾ നോക്കിയാൽ മതി
കാകളി, കേക, മജ്ഞരി, നതോന്നത എന്നിവയിലൂന്നിയാവും അധികവും
തുള്ളൽ, വഞ്ചിപ്പാട്ട്, ഗാഥ, എന്നിവ അധികം ശ്രദ്ധിക്കണം
ഈണം ഒന്നു കൂടി ഓർമ്മിക്കണം. നിശബ്ദമായി ഒന്നു മൂളി നോക്കണം.
ഇതുകൊണ്ടുതന്നെ മുഴുവൻ സ്കോറും മിക്കവാറും കിട്ടും.
3. ഇനിയൊരു ചോദ്യം തെറ്റു തിരുത്താനാവും.
2 സ്കോറ് ലഭിക്കും. 2 തിരുത്തും ഉണ്ടാകും.
ഇപ്രാവശ്യം മോഡൽ പരീക്ഷക്കു വന്ന ഒരൽപ്പം കുഴക്കുന്നതായിരുന്നു എന്നു തോന്നിയില്ലേ? ‘നാട്ടുവെളിച്ചം’ എന്ന പ്രയോഗത്തിന്റെ നേരായ അർഥം…പക്ഷെ, ആചോദ്യം വളരെ അവ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇത് ആവർത്തിക്കാൻ സാധ്യതയില്ല. ആശയപരമായ ഒരു തെറ്റ് തിരുത്താൻ ചോദിക്കുന്നത് പതിവില്ലാത്തതും കുട്ടിക്ക് അത്ര പരിചയമില്ലാത്തതും ആണല്ലോ.അതുകൊണ്ട്
വ്യാകരണപ്പിശക്, ആവർത്തനം, വാക്യഘടന, ശൈലീഭംഗം എന്നിവയിലൂന്നിയായിരിക്കും ചോദ്യം. നമ്മുടെ നിത്യസംഭാഷണത്തിന്റെ ഒരു തലത്തിൽ നിന്നുകൊണ്ട് മിക്കവാറും ഇതിന്റെ ഉത്തരം സാധിക്കാം.
4. ഇനി 4 സ്കോറിന്റെ കുറിപ്പുകൾ ആണ്. 10 വരെ ചെറിയ വാക്യങ്ങൾ കൊണ്ടെഴുതാം. അരപ്പുറത്തിൽ കവിയേണ്ട. സാധാരണയായി
താരതമ്യം, പ്രതികരണം, കഥാപാത്രസ്വഭാവം,വിശദമാക്കൽ, വ്യാഖ്യാനിക്കൽ എന്നിങ്ങനെയുള്ള കുറിപ്പുകളാണ് ഉണ്ടാവുക. മോഡൽ പരീക്ഷയിൽ ഉണ്ടായിരുന്ന ‘ഭാവപ്പൊലിമ വ്യക്തമാക്കുക’ തികച്ചും പുതുമയുള്ള ഒന്നായിരുന്നു. ഒരുകഥയുടെ/ കവിതയുടെ ഭാവപ്പൊലിമ അതിലെ ചില പ്രയോഗങ്ങൾ പഠിച്ച് ഒരു കുറിപ്പ് തയ്യാറാക്കാൻ ചോദിക്കുമ്പൊൾ സ്കോറും കൂടും 6 സ്കോർ എങ്കിലും ഉണ്ടാവും.ഇതു കാവ്യാസ്വാദനവുമായി ബന്ധപ്പെട്ട ഒരു ശേഷിയാണല്ലോ. അധികം എഴുതാനും ഉണ്ടല്ലോ.
5. അടുത്ത ഇനം 6 സ്കോറിന്റെ ചോദ്യങ്ങളാവും അതും കുറിപ്പുകൾ തന്നെ. വലിയ കുറിപ്പുകൾ. ഒരു പുറം എഴുതാൻ ഉണ്ടാവും 15-18 വാക്യങ്ങൾ.ഒന്നോ രണ്ടോ ഖണ്ഡികയായി എഴുതണം. സാധാരണയായി
കഥ/കവിത എന്നിവയുടെ ആസ്വാദനവുമായി ബന്ധപ്പെട്ടവ, വിശകലനക്കുറിപ്പ്, സ്വാഭിപ്രായം, സ്വമതം, ആമുഖം തുടങ്ങിയവ. ഇതെല്ലാം തന്നെ ഭാഷാസൌന്ദര്യവുമായി ബന്ധപ്പെട്ടവയും സ്വന്തം വായനാനുഭവങ്ങൾക്ക് പ്രാമുഖ്യം ഉള്ളവയും ആകുന്നു. സ്വന്തം അറിവിനും ബോധ്യങ്ങൾക്കും ഊന്നൽ നൽകുകയും ആയത് സമർഥിക്കുകയും ചെയ്യണം.
6. 8ഓ 10 ഓ സ്കോർകിട്ടുന്ന വലിയ ചോദ്യങ്ങളാവും ഇനി. ഒരു ചോദ്യമേ ഇത്തരത്തിൽ ഉണ്ടാവൂ. ചിലപ്പോൾ രണ്ടും.ഉപന്യാസരൂപം ആയിരിക്കും ഇത്. ഒന്നരപ്പേജ് വലിപ്പം കാണും. ഖണ്ഡികകളാക്കി എഴുതണം. ആമുഖം, സമാപനം എന്നിവ വേണം. പോയിന്റ്സ് ഖണ്ഡികകളിൽ അടുക്കിയെഴുതണം.
മിക്കവാറും ഒരാസ്വാദനം ആയിരിക്കും ചോദിക്കുക. ഒരു കഥയോ കവിതയോ തന്നിരിക്കും. അതു വായിക്കുകയും നിർദ്ദേശങ്ങളും സൂചനകളും വെച്ചുകൊണ്ട് ആസ്വാദനം എഴുതുകയും ആണ് വേണ്ടിവരിക. പാഠപുസ്തകവുമായി ബന്ധപ്പെടുത്തിയുള്ള സൂചനകൾ ഉണ്ടാവും. അതു പൂർണ്ണമായും പരിഗണിക്കണം. ഉള്ളടക്കപരമായ ബന്ധം തിരിച്ചറിയണം. താരതമ്യം, വിമർശനം, വിലയിരുത്തൽ തുടങ്ങിയ ശേഷികളൊക്കെത്തന്നെ ഇതിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. നന്നായി എഴുതിഫലിപ്പിക്കാനുള്ള ഭാഷാപരമായ മികവും പരിശോധിക്കും.
ഈ ഒരു പാറ്റേൺ കഴിഞ്ഞകാലങ്ങളിലൊക്കെ ആവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ പ്രാഗത്ഭ്യം ഉണ്ടാക്കാൻ മനസ്സിരുത്തണം. ഉള്ളടക്കപരമായി മനസ്സിലാക്കൽ, വിശകലനം ചെയ്യൽ, വിലയിരുത്തൽ, സ്വന്തം നിരീക്ഷണങ്ങൾ, സ്വന്തം വായനാനുഭവങ്ങൾ എന്നിവയൊക്കെയാണിതിൽ ഉള്ളത്. അതു നന്നായി എഴുതി ഫലിപ്പിക്കാനുള്ള ഭാഷാ ശേഷിയും. അതുണ്ടെങ്കിൽ ഇനി പാറ്റേൺ മാറിയാലും പരിഭ്രമിക്കാനില്ല. നല്ല വിജയം ഉറപ്പ്.
‘മൺകുടം ഉടഞ്ഞാൽ വലിച്ചെറിയാനേ പറ്റൂ; ചെപ്പുകുടമാണെങ്കിൽ ചായ്ച്ചും ചെരിച്ചും വെക്കാം’ എന്നല്ലേ പഴമൊഴി.
No comments:
Post a Comment