24 March 2011

പോറലേൽപ്പിക്കാതെ ചരിത്രം


കഴിഞ്ഞ പരീക്ഷകളിൽ നിന്നും ഒരൽ‌പ്പം വ്യത്യസ്തതയോടെ കുട്ടികളുമായി സൌഹൃദം പങ്കിട്ട ഒരു പരീക്ഷയായിരുന്നു ഇന്നത്തെ സോഷ്യത്സയൻസ് . എല്ലാ കുട്ടികളേയും നന്നായി പരിഗണിക്കുകയും മികവുള്ളവരെ അക്കണക്കിന്ന് പരിശോധിക്കുകയും ചെയ്ത പരീക്ഷ. ക്ലാസ്മുറികളിൽ  ഉൽ‌പ്പാദിപ്പിച്ച സാമൂഹ്യശാസ്ത്രത്തിന്റേയും ചരിത്രബോധത്തിന്റേയും ഒക്കെ അറിവുകൾ എത്രത്തോളം മനസ്സിലാക്കി എന്നതിന്നപ്പുറം സ്വാംശീകരിച്ചു എന്നു കൂടി തിട്ടപ്പെടുത്താനുള്ള ശ്രമം അർഥപൂർണ്ണമായി നടന്നുവെന്ന് അധ്യാപകരും കുട്ടികളും ആശ്വാസം കൊണ്ടു.
ഒന്നും രണ്ടും ചോദ്യങ്ങൾ എളുപ്പമായിരുന്നെങ്കിലും അതു മനസ്സിലാക്കാനും എഴുതാനും ഒരൽ‌പ്പം അധികം സമയം എടുത്ത് പരീക്ഷയുടെ തുടക്കം കുറച്ചൊന്ന് അലോസരപ്പെട്ടു. അധികാര വികേന്ദ്രീകരണംഎന്ന് ചോദിച്ചിരുന്നെങ്കിൽ കുട്ടിക്ക് വളരെ പരിചിതമായ ഒരവസ്ഥ ഉണ്ടാക്കാമായിരുന്നത് 73-)0 ഭരണഘടനാ ഭേദഗതി എന്ന് ചോദിച്ച് സമയം കളഞ്ഞു. ഭരണഘടനാ ഭേദഗതി നമ്പ്ര് ഓർക്കുന്നതിനേക്കാൾ കുട്ടി ഓർമ്മിക്കേണ്ടതും വിശകലനം ചെയ്യേണ്ടതും അധികാര വികേന്ദ്രീകരണം ആണല്ലോ. അപ്പോൾ ചോദ്യവും അങ്ങനെതന്നെയേ പാടൂ. രണ്ടാം ചോദ്യം ക്ലാസ്‌മുറിയിൽ ഒരിക്കലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. പേൾ ഹാർബർ ആക്രമണം ജപ്പാനെ ബാധിച്ചതെങ്ങനെയെന്ന കാര്യം ക്ലസ്മുറിയിൽ അത്ര ഗൌരവത്തിൽ ആലോചിച്ചിരുന്നില്ല. വിജയിയായ- പേൾഹാർബർ അക്രമണത്തിൽ കാര്യം സാധിച്ച-ജാപ്പാനെ വിജയിയെന്നന്ന നിലയിൽ മത്രമേ കണ്ടിട്ടുണ്ടാവൂ. ആ ‘ജയം’ തുടർന്നുണ്ടാക്കിയ പ്രയാസങ്ങൾ- അമേരിക ഇടപെട്ടത്, നാഗസാക്കി-ഹിരോഷിമ- കുട്ടികൾ അത്ര കണക്കിലെടുത്തുകാണില്ല. എന്നാൽ മികച്ചവർക്കായി ഒരുക്കിയ ഈ ചോദ്യം ആ മട്ടിൽ തന്നെ കുട്ടികൾക്ക് തോന്നിയിട്ടുണ്ടാവും.
3,4 ചോദ്യങ്ങൾ വളരെ നന്നായി ചെയ്യാനായി. ചോദ്യം 5 ആ മട്ടിലല്ല പ്രതീക്ഷിച്ചത്. ക്യാഷ് ബുക്ക് ആണല്ലോ പതിവ്. അതു നന്നായി നോക്കിയതുമാണ്. പതിവുതെറ്റിച്ചതിന്റെ പ്രയാസം കുട്ടികൾക്കുണ്ടായി. മുഴുവൻ സ്കോറും അത്ര മിടുക്കർക്കേ കിട്ടൂ.
6,7,8 ചോദ്യങ്ങൾ പാഠഭാഗങ്ങളിൽ നിന്നു നേരിട്ടുള്ളവയായിരുന്നല്ലോ. നന്നായി എഴുതാനായി. ചോദ്യം 9 ആസന്നമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗംഭീരമായി. പൌരാവകാശം എന്ന നിലയിൽ വോട്ട് ചർച്ചചെയ്യപ്പെടുകയാണല്ലോ. പലരും വീട്ടിൽ‌പ്പോലും ഇപ്പോൾ കേട്ടിരിക്കാനിടയുള്ള ഈ പ്രസ്താവനയെ കുറിച്ചുള്ള ചിന്ത 5 ലക്ഷം കുട്ടികളിലേക്കും കാര്യക്ഷമമായി വ്യാപിപ്പിക്കാൻ പരീക്ഷക്ക് കഴിഞ്ഞു. വളരെ പ്രസക്തം.
ചോദ്യം 10 open ended ആയത് വലിയ ഗുണം ചെയ്തില്ല. 3 സ്കോറ് ഉള്ള ഒരു ഉത്തരം ഇങ്ങനെ open ended ആക്കിയതുകൊണ്ട് കുട്ടിക്ക് എഴുതി തളരാമെന്നല്ലാതെ മറ്റു ഗുണമൊന്നും നൽകിയില്ല. ഒരുപാട് എഴുതി. അത്രയും എഴുതാൻ വിഷയം ഉണ്ട്.എത്ര വിദേശികൾഎന്തെന്തു സ്വാധീനങ്ങൾ..എത്ര ഉദാഹരണങ്ങൾ 3 സ്കോറ് എന്ന കാര്യം മിടുക്കർ പോലും അത്ര ഓർക്കാനും ഇടയായില്ല.
11 മുതൽ 16 വരെയുള്ളവ നേരിട്ട് പാഠപുസ്തകത്തിൽ നിന്നും എഴുന്നേറ്റു പോന്നവ. അസ്സലായി എഴുതാനായി. മുഴുവൻ സ്കോറും പ്രതീക്ഷിക്കുന്നുമുണ്ട്.
വീണ്ടും ചോദ്യം 17 എല്ലാവരേയും കുഴക്കി. കാർഷികവിള ഏതെന്ന് ഒരുപാടാലോചിക്കേണ്ടിവന്നു. ചെറിയൊരു ഔട്ട് ലയിൻ മാപ്പിൽ  വളരെ അവ്യക്തമായ ഒരു സൂചന. പാഠപുസ്തകത്തിൽ ഈ ചിത്രം ഓർമ്മിച്ചവർ വളരെ കുറവ്. ഓർമ്മിച്ചവർതന്നെ സിം‌ല, ആസ്സാം പ്രദേശങ്ങളിൽ കൂടി ഈ വിളവ് ഉണ്ടെന്നു ഓർമ്മിച്ചവരും (ടെക്സ്റ്റിൽ അങ്ങനെയാണ്). ചോദ്യചിത്രത്തിൽ ആ ഭാഗം കൊടുത്തിട്ടുമില്ല. ആകപ്പാടെ ആശയക്കുഴപ്പം ഉണ്ടാക്കി മിക്കവരേയും നിരാശപ്പെടുത്തി.
ക്ലാസ്‌മുറിയിലും മോഡൽ പേപ്പറിലുമൊക്കെ എത്രയോ തവണ ചർച്ച ചെയ്യപ്പെട്ട ചോദ്യം 18- ഉഷാറായി എഴുതാനായില്ല. ചോദ്യത്തിലെ ഊന്നലാണു പ്രയാസം ഉണ്ടാക്കിയത്. എത്രയൊക്കെ ഫലപ്രദമായി നടപ്പാക്കുന്നു എന്നു ചോദിച്ചാൽ പത്താം ക്ലാസിലെ കുട്ടി എന്തു പറയാൻ. അത്രയധികം പൊതുവിവരം നമ്മുടെ കുട്ടിക്ക് എവിടെനിന്നു കിട്ടാൻ? കിട്ടുന്നതുതന്നെ അത്രമേൽ കൂലംകഷമായി വിശകലനം ചെയ്യാനും അവർക്കാകുമോ? എന്നാലും കുറേയൊക്കെ (എന്തൊക്കെയോ) എഴുതി എന്ന വിശ്വാസം ബാക്കി.
തുടർന്നുള്ള മുഴുവൻ ചോദ്യങ്ങളും (നല്ല ചോയ്സും) നന്നായെഴുതാനായതോടെ കുട്ടിയുടെ ആത്മവിശ്വാസം വളരെ വർദ്ധിച്ചു.

No comments: