17 March 2011

ഹിന്ദി-അത്ര എളുപ്പമൊന്നും അല്ലല്ലോ


പതിനഞ്ചു ചോദ്യങ്ങൾ, രണ്ടെണ്ണത്തിന്ന് ചോയ്സ്, ഒന്നര മണിക്കൂർ, 40 സ്കോറ് ഇത്രയും കാര്യം എളുപ്പത്തിൽ പറയാമെങ്കിലും പരീക്ഷ മിക്ക കുട്ടികൾക്കും അത്ര എളുപ്പമായില്ല. ഭാഷാ പഠനത്തിന്നുള്ള അന്തരീക്ഷം ക്ലാസ്‌മുറിയിൽ ഉണ്ടാക്കണമെന്ന് എല്ലാരും നിർദ്ദേശിക്കുകയും ആഗ്രഹിക്കുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും പ്രായോഗികതലത്തിൽ എത്തുമ്പോഴേക്കും പേരിന്ന് മാത്രമായിത്തീരുകയാണ് എന്നാർക്കാണറിയാത്തത്. ഭാഷാ പരിസരം ഉണ്ടാക്കാനാവാതെ ഭാഷാപഠനം സമഗ്രമാക്കാനാവില്ല. ഈ പ്രശ്നങ്ങൾ ഒക്കെത്തന്നെ അവസാനം കുട്ടിയെ ബാധിക്കുന്നത് നിലവാരമുള്ള വിജയം കൈക്കലാക്കാൻ ആവാത്ത പരിതസ്ഥിതി സൃഷ്ടിച്ചുകൊണ്ടാണുതാനും.
ഒന്നു മുതൽ മൂന്നു വരെയുള്ള ചോദ്യങ്ങൾ ഒരു കവിതാഭാഗം അവധാരണം ചെയ്തുകൊണ്ടുള്ളതായിരുന്നു. എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാവുന്ന ഒരു കവിത. മൂന്ന് ഉത്തരങ്ങളും നന്നായി ചെയ്യാൻ കഴിഞ്ഞുവെന്ന് എല്ലാരും പറഞ്ഞു. ഉചിതമായ (?) ശീർഷകവും നൽകിയിട്ടുണ്ട്.
നാലാമത്തെ വാർത്താലാപ്- ക്ലാസ്‌മുറിയിൽ എത്രയോ തവണ ചെയ്ത് പരിചയപ്പെട്ടതുതന്നെ. എന്നാൽ ഇതിനെ ടെലിഫോണിക്ക് വാർത്താലാപ് ആക്കിയത് പിന്നോക്കം നിൽക്കുന്നവർക്ക് ഒരല്പം ആശങ്കയുണ്ടാക്കി. മൂന്നു സൂചകങ്ങൾ ഉപയോഗിച്ച് ചെയ്യേണ്ട ഈ പ്രവർത്തനം ഒരു പക്ഷെ എല്ലാർക്കും മുഴുവൻ സ്കോറും നൽകില്ല. ടെലിഫോൺ സംഭാഷണത്തിന്റെ ശൈലി തന്നെ മറ്റോന്നാണല്ലോ. ഹലോ തുടങ്ങിയ സ്ഥിരം പദങ്ങളും മൂളലുകളും രീതികളും ഒക്കെ ഹിന്ദിയിൽ ചെയ്യുന്നത് എളുപ്പമല്ല.
അഞ്ചാം ചോദ്യം മിക്കവരും നന്നായി ചെയ്തു. പാരിഭാഷിക്ക് ശബ്ദം എല്ലാർക്കും അറിയാം. താഴെ ബ്രാക്കറ്റിൽ നിന്ന് എടുത്തെഴുതുകയേ വേണ്ടൂ. അതുകൊണ്ട്തന്നെ മുഴുവൻ സ്കോറും ഉറപ്പ്.
അവധാരണസ്വഭാവമുള്ള ആറ്, ഏഴു ചോദ്യങ്ങൾ മിക്കവരും നന്നായി എഴുതി. ഒരു ചോദ്യോത്തരവും ഒരു ഡയറിക്കുറിപ്പും. ഭാഷാപരമായ ശേഷി പരിശോധിക്കാനുള്ള പ്രവർത്തനം. മാത്രമല്ല ഡയറിയുടെ ഫോർമാറ്റും നോക്കണം. ആദ്യ ചോദ്യം എല്ലാർക്കും കിട്ടും .ഡയറി മികച്ചവർക്കും.
എട്ടാം ചോദ്യം വിവർത്തനം. വളരെ ചെറിയ മൂന്ന് വാക്യങ്ങൾ .കൊള്ളാം .മുഴുവൻ സ്കോറും കിട്ടുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.
ഒമ്പതാം ചോദ്യം പട്ടിക. എല്ലാം അറിയാമായിരുന്ന ഡാറ്റ. അതുകൊണ്ടുതന്നെ മുഴുവൻ സ്കോറും എല്ലാവരും ഉറപ്പാക്കി.
അടുത്ത ചോദ്യവും പട്ടിക തന്നെ ആയത് എളുപ്പമാക്കി. പക്ഷെ, പട്ടികക്കകത്തുള്ള ഒറ്റക്കുത്തുവര കുട്ടികളെ പലരേയും തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ടുതന്നെ പലരും ഒരോ സ്വഭാവ വിശേഷമേ എഴുതിയുള്ളൂ. ഒരു വരയല്ലേ ഉള്ളൂ !
പതിനൊന്നാം ചോദ്യം പോസ്റ്റർ രചന . നല്ല പരിചയമുള്ള പ്രവർത്തനം. സ്കോറ് വിതരണം ചെയ്തിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി. മാത്രമാല്ല ‘തിരുവനന്തപുരം യൂണിവേർസിറ്റിയിൽ’ പ്രദർശിപ്പിക്കേണ്ട പോസ്റ്റർ എന്ന നിർദ്ദേശം എന്തെനെന്ന് മനസ്സിലായില്ല. അല്ലെങ്കിൽ അതു ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടി ചെയ്ത കൃത്രിമത്വമെന്നും കുട്ടികൾ ചർച്ചചെയ്തിരുന്നു. അധ്യാപകർ പോസ്റ്റർ രചന എന്നേ ക്ലാസിൽ ചെയ്യിച്ചതാണ്. അതു എൽ.പി.സ്കൂളിൽ പ്രദർശിപ്പിക്കാനാണോ യൂണിവേസിറ്റിയിൽ പ്രദർശിപ്പിക്കാനാണോ എന്നൊന്നും വക തിരിച്ചിട്ടുണ്ടാവില്ല. അതെ, പോസ്റ്റർ എവിടെ പതിപ്പിക്കാനുള്ളതാണെന്ന ചിന്ത ഇനിയെങ്കിലും ഉണ്ടാവും.  പരീക്ഷകളൊക്കെ ആത്യന്തികമായി പഠനങ്ങൾ കൂടിയാണല്ലോ. ഇപ്രാവശ്യം എന്തായാലും ഈ വകതിരിവ് അത്ര കാര്യമാക്കാതിരിക്കണേ എന്നും കുട്ടികൾ പ്രാർഥിക്കുന്നുണ്ടാവും!
ഉപപാഠത്തിലെ ഒരു കഥ അടിസ്ഥാനമാക്കിയുള്ള സ്വമതം സ്ഥാപിക്കാനുള്ള പ്രവർത്തനം- അടുത്ത ചോദ്യം നന്നയി ചെയ്തു. ഭിന്ന നിലവാരക്കാരെ പരിഗണിക്കുന്ന നല്ലൊരു ചോദ്യ മാതൃക തന്നെ. എല്ലാർക്കും അതിനനുസരിച്ച് സ്കോറും കിട്ടും.
തുടർന്നുള്ള ചോദ്യങ്ങൾ- ആത്മകഥ, നിബന്ധം, കത്ത് എന്നീ വ്യവഹാരങ്ങളും കുട്ടിയുടെ നിലവാരത്തിന്നനുസരിച്ചുള്ള സ്കോറ് ഉറപ്പുനൽകുന്നു. പാഠഭാഗങ്ങൾ നേരിട്ട് പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ. എല്ലാ നിലവാരക്കാർക്കും പ്രവേശനം അനുവദിക്കുന്ന പ്രവർത്തനങ്ങൾ. കുട്ടികൾക്കെല്ലാം തങ്ങളെക്കൊണ്ടാവും വിധം നന്നായി എഴുതി എന്ന ആത്മ വിശ്വാസവും നൽകിയിട്ടുണ്ട്.
പൊതുവേ ഹിന്ദി പരീക്ഷ എല്ലാവർക്കും ജയിക്കാനുള്ള സാധ്യത ഉളവാക്കുന്നുണ്ട്. എന്നാൽ ഇതിൽ അത്ര സന്തോഷിക്കാൻ അധ്യാപികക്ക് വകയില്ല. എല്ലാവരും നല്ല നിലവാരത്തിൽ ജയിക്കനമെന്നാണല്ലോ ടീച്ചർ എന്നും ആഗ്രഹിക്കുക. കുട്ടിക്കും ജയിച്ചാൽ പോര; നന്നായി ജയിക്കണം. തുടർന്നും പഠിക്കാനുള്ള അവസരം വേണം. ഇക്കാര്യത്തിൽ ഹിന്ദി ഒരൽ‌പ്പം പ്രയാസം തീർച്ചയായും ഉണ്ടാക്കും.

No comments: