04 March 2011

മാധ്യമങ്ങൾ ചെളി വാരിപ്പൂശുമ്പൊൾ

(മുഖപ്രസംഗം/പത്രാധിപക്കുറിപ്പ്)

കഴിഞ്ഞകുറേ ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറയെ ‘മഞ്ഞുമലയുടെ കുഞ്ഞുതലകൾ‘ വെളിപ്പെടുകയാണ്.മാധ്യമസ്വാതന്ത്ര്യം, ജനാധിപത്യം, ആദർശശുദ്ധി,നീതിബോധം, അറിയാനുള്ള അവകാശം തുടങ്ങിയ സംഗതികൾ വെച്ചു നോക്കുമ്പോൾ ഇക്കാര്യത്തിൽ ഓരോ കേരളീയനും അഭിമാനിക്കാം എന്നു തീർച്ച. മാധ്യമങ്ങൾ വിടാതെ പിന്തുടരുകയും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു വെന്നതും ‘കണ്ണടക്കാതെ കാക്കുന്ന‘ ജാഗ്രത തന്നെ.ഈ കാണുന്ന മുകളറ്റത്തിന്നടിയിൽ വൻ മലകൾ തന്നെ ഉണ്ടെന്ന സൂചനകളും തന്നുകൊണ്ടിരിക്കുന്നു.
പക്ഷെ, നാം അറിഞ്ഞുകൊണ്ടിരിക്കുകയും വികാരഭരിതരായിരിക്കുകയും ചെയ്യുന്ന ഈ വസ്തുതകൾ ഒരു സമൂഹത്തിന്നും അഭിമാനിക്കാൻ കൊള്ളുന്നവയല്ല. അഴിമതിയുടെ കഥകൾ, പീഡനക്കഥകൾ, കൈക്കൂലി-വഞ്ചന-കൊല കഥകൾ ഒന്നും തന്നെ നമുക്കഭിമാനിക്കാൻ വക തരുന്നില്ല. നാം ജീവിക്കുന്ന സമൂഹം ചെളിക്കുഴികളിൽ ആണ്ടുപോയിരിക്കുന്നു എന്ന അറിവാണ് ഇതെല്ലാം ആത്യന്തികമായി നൽകുന്നത്. നമുക്ക് ചുറ്റും തന്നെയാണിതെല്ലാം നടക്കുന്നത്.നമ്മുടെ വേലിക്കരികിൽ. വ്യാപനത്തിൽ ചെളി ശുദ്ധിയെ അവശേഷിപ്പിക്കുന്നില്ലല്ലോ.
ഇതിലധികം നിർവഹിക്കപ്പെടുന്ന മാധ്യമധർമ്മം ‘എല്ലാം നശിച്ചുപോയെന്ന’ ബോധ്യം ഓരോ മനുഷ്യനിലും നിർമ്മിക്കുകയാണ്. ‘അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ‘ എന്നു കവി എഴുതിയതുപോലെ , എല്ലാം ഒരുപോലെയാക്കപ്പെടുന്നു. അനീതി തുറന്നുകാണിക്കരുതെന്നോ, എതിർക്കപ്പെടേണ്ടതില്ല എന്നോ അല്ല . വ്യക്തികളിലെ ചെളി സമൂഹശരീരത്തിൽ മുഴുവൻ വാസനാത്തൈലം പോലെ പുരട്ടി ‘ആ‍നന്ദി’പ്പിക്കുമ്പോഴാണ് എല്ലാരും ‘കുരു’ക്കളാവുന്നത്. സമൂഹത്തെ മുഴുവൻ ‘ഒക്കെ ഒരുപോലെ’ എന്നു പഠിപ്പിക്കുമ്പോഴാണ് വീണ്ടുവിചാരത്തിന്റെ ചർച്ച നടക്കേണ്ടത്.
കഥകളുടെ മുഴുവൻ ആധാരം ആരോപണങ്ങളാണ്. വ്യക്തികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇതിലെ നെല്ലും പതിരും തിരിച്ചറിയാൻ സ്വാഭാവികമായും ഒരൽ‌പ്പ സമയം പിടിക്കും. അപ്പോഴേക്കും ഈ ആരോപണങ്ങൾ സമൂഹമനസ്സിൽ വിധി നിശ്ചയിച്ചിരിക്കും. വിധി രൂപപ്പെടുത്തുന്നത് നമ്മുടെ മാധ്യമങ്ങളുടെ ജാഗ്രതയാണ്. കാലം ചെല്ലുമ്പൊൾ പലതും ‘ഒക്കെ പൊള്ളയായിരുന്നു’ വെന്നറിയിയുമ്പോഴേക്കും പരമാവധി പരിക്ക് സമൂഹമനസിന്നേറ്റിരിക്കും.അപരിഹാര്യമായ ഈ പരിക്ക് ചിലപ്പൊൾ അരാഷ്ട്രീയ ചിന്തയാവാം. ചിലപ്പൊൾ ധർമ്മബോധത്തേക്കാൾ അധർമ്മബോധത്തിന്നാവാം. മാനവ മനസ്സുകളിൽ തിന്മകളുടെ വാഴ്ച്ചയും ആവാം. ‘ഒക്കെ ഒരുപോലെ’ എന്ന ചിന്ത പ്രബലപ്പെടുമ്പൊൾ ‘ഒരു പോലെ ‘ അല്ലാത്തവയെ നിഷ്കരുണം പുറം തള്ളലാവാം.
പക്ഷെ, സമൂഹത്തിന്റെ ചരിത്രം നാം മറക്കരുത്. ഒക്കെ ഒരുപോലെയായിരുന്നെങ്കിൽ ഒരു സമൂഹവും ഈ വികാസം കൈവരിക്കില്ലായിരുന്നു. ഒരുപോലെ അല്ലാത്ത ചിലത്/ ചിലർ ഉണ്ടാ‍യതുകൊണ്ടാണ്  പുത്തൻ മുളകൾ പൊട്ടുന്നതും പുതിയ സൂര്യോദയങ്ങൾ ഉണ്ടാവുന്നതും. മാധ്യമങ്ങൾ വാരിക്കോരിക്കാണിക്കുന്ന ചെളി വ്യക്തികളുടെ ശരീരത്തിലാണ്. സമൂഹശരീരം ഈ ചെളിയിൽ കുളിപ്പിക്കാനുള്ളതല്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങൾ ആത്യന്തികമായി നിർവഹിക്കുന്ന കർമ്മം വ്യക്തിച്ചെളി സമൂഹച്ചെളിയായി വ്യാപിപ്പിക്കുകയാണ്.

1 comment:

Kalavallabhan said...

എന്നു മാത്രമല്ല, ചെളിവാരി എറിയുന്നതിനെയും ചെളിയിലിറങ്ങുന്നതിനെയും വിശദമായി വിശകലനം ചെയ്ത് കൊടുക്കുമ്പോൾ ചെളിയിലിറങ്ങാൻ താത്പര്യം കാണിക്കുന്നവർക്ക് അതെ ഏറെ സഹായകവുമാവുകയും ചെയ്യുന്നു.
ഇന്ന് ചെളി പറ്റാത്ത ഏതെങ്കിലും പ്രധാന വാർത്തകളുണ്ടോ ?