നമ്മുടെ പരീക്ഷകൾ എല്ലാം (കഴിഞ്ഞതൊക്കെയും) എല്ലാവരേയും ജയിക്കാൻ അനുവദിക്കുന്നതും എന്നാൽ നന്നായി ജയിക്കാൻ അവസരം നിഷേധിക്കുന്നതുമാണ്. ഈ പൊതുസ്വഭാവം കണക്കുപരീക്ഷയിലും ആവർത്തിച്ചു. ശരാശരിക്കാർ പോലും ശരിക്കും വിറച്ചുപോയ രണ്ടര മണിക്കൂർ. കണക്കിന്റെ കാർക്കശ്യം കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
കണക്കിന്റെ കാര്യത്തിൽ ഒരിക്കലും ആരും അനിശ്ചിതത്വം പ്രതീക്ഷിക്കില്ല. സുനിശ്ചിതമായ വഴികൾ ആണല്ലോ കുട്ടിക്ക് പരിചിതം. ചോദ്യപാഠങ്ങളിലെ അപ്രതീക്ഷിതത്വം പോലെ അത്ഭുതകരമായിരുന്നു കുട്ടികളുടെ പ്രതികരണവും. ഫുൾ ഏ+ കിട്ടുമെന്നു കരുതിയ കുട്ടിക്ക് 16-)0 ചോദ്യം എഴുതാൻ കഴിയാതാവുക; അതേസമയം ശരാശരിക്കാരന്ന് അതു ശരിയാക്കാനാവുക എന്നു വരുമ്പോഴോ? മിടുക്കന്മാർ ഇരുപതാം ചോദ്യം 500-1000 കണ്ട് ചോദ്യം തെറ്റെന്ന് കരുതുക. പകരം അവിടെ 600 ആവുമെന്ന് ഉറപ്പിക്കേണ്ടിവരിക. ശരാശരിക്കാരൻ അത് 1000 എന്നു തന്നെ കരുതുക; എന്നിട്ട് മാധ്യം 550 ആണെന്നും 750 ആണെന്നും ഒക്കെ കരുതുക. ആകപ്പടെ അനിശ്ചിതത്വം വിളയാടിയ രണ്ടര മണിക്കൂർ. ഒടുക്കം ഏതു ശരി ഏതു തെറ്റ് എന്നു ആർക്കും ഉറപ്പുകൊടുക്കാനാവാതെ കുട്ടിയെ വീട്ടിലേക്കയക്കേണ്ടിവരിക എന്നുകൂടി വരുമ്പോഴോ? ഇനി ശരിയെന്ന് അധ്യാപകന്ന് ഉറപ്പിച്ചുപറയാൻ ഒരുപാടു സമയം ആലോചിക്കേണ്ടിവന്ന കാര്യം കൂടിയാവുമ്പോൾ കുട്ടി എന്നാണ് കണക്കിനെ സ്നേഹിക്കാൻ തുടങ്ങുക? പഠനവും പരീക്ഷയും ശിശുകേന്ദ്രീകൃതമാവുക.
1,2 ചോദ്യങ്ങൾ എല്ലാവർക്കും ചെയ്യാനായത് ഒരു ‘ഐസ്ബ്രേക്കിങ്ങ്’ന്റെ ഗുണം ചെയ്തു. ചോദ്യം 3, സ്ഥിരം രീതിയോടൊപ്പം പൈത്തോഗോറസ് നിയമംകൂടി ചേർത്ത് സങ്കീർണ്ണമാക്കി. കുട്ടിയുടെ മികവ് പരിശോധിക്കാൻ ചോദ്യം സങ്കീർണ്ണമാക്കുകയെന്നതാവരുത് അടവ്. എല്ലാ കുട്ടിക്കും എൻറ്റ്രി ലവൽ ഉണ്ടായിരുന്നു എന്നൊക്കെ ശരി. അതുകൊണ്ടാശ്വസിക്കാൻ കഴിയുമോ നമുക്ക്?ഒർൽപ്പസമയം കൂടിയെടുത്ത് ഈ ചോദ്യവും കുട്ടികൾ ശരിയാക്കി.
ചോദ്യം 4 വളരെ നേരിട്ടുള്ള ഒന്നായിരുന്നു. ദ്വിമാനസമവാക്യം ‘നിർദ്ദാരണം’ ചെയ്യാൻ അടിസ്ഥാനപരമായി ക്ലാസിൽ പ്രവർത്തിപ്പിച്ചതാണല്ലോ. ശരാശരിക്കാർക്കു മുകളിലുള്ള വരെ ഉദ്ദേശിച്ച ചോദ്യ 5 (ദ്വിമാനസമവാക്യം+ ത്രികോണമിതി) ചെറിയൊരു സ്കോർ എല്ലാർക്കും നൽകും. ഡി+ കാർക്കും എ+ കർക്കും ഒക്കെ നല്ല പരിഗണന. ശരാശരിക്കാരൻ ശരിക്കും ക്ഷ്ടപ്പെട്ടു. പൊതുവെ ഈ ഒരവസ്ഥ കണക്കിൽ ഉടനീളമുണ്ട്.
ചോദ്യം 6, പ്രോഗ്രഷനും സംഖ്യാപരമായ ക്രിയകൾ സംബന്ധിച്ച ധാരണയും ഒക്കെ ചേർത്തൊരു അവിയലായി. വിവിധ ശേഷികൾ ഒറ്റയടിക്ക് പരിശോധിക്കാൻ ശ്രമിക്കുമ്പോൾ അതു സ്വാഭാവികതയുള്ളതും കുട്ടിയുടെ ചിന്താധാര ഘടനാപരമായി സ്വാഭാവികതയോടെയും പാരസ്പര്യത്തോടുകൂടിയും പ്രയോഗിക്കപ്പെടേണ്ടതാണെന്ന സാമാന്യയുക്തി പലയിടത്തും നഷ്ടപ്പെട്ടു.
ചോദ്യം 7 ഉഷാറായി ചെയ്തു. ചോദ്യം 8 പ്രയാസപ്പെടുത്തിയില്ലെങ്കിലും അതിലെ ചോദ്യചിത്രം അരോചകമായി. ഇത്ര ചെറിയ ഒരു ചിത്രം വായിച്ചുമനസ്സിലാക്കൽ കുട്ടിക്ക് എളുപ്പമല്ല. തുടർന്നുള്ള ചിത്രങ്ങൾക്കൊക്കെ ഈ പോരായ്മയുണ്ട്. ഒന്നുപോലും യുക്തിയുക്തമായി കുട്ടിക്ക് വായിക്കാൻ ആവുന്നതല്ല. 14, 20 ചോദ്യങ്ങളുടെ ചിത്രം ഏത് എ+കാരനേയും വലച്ചു. ചിത്രം വായിച്ചു മനസ്സിലാക്കൻ ഒരുപാടുസമയം ചെലവായി. എന്തു ശിശുകേന്ദ്രീകൃതമാണവോ ഇതിലൊക്കെ? കണക്കിനെ കുട്ടിക്ക് പേടിയാണെന്ന തിന്ന് മാറ്റുകൂട്ടുന്ന ചിത്രങ്ങൾ. ശിശുശാപം പരിഹാരമില്ലാത്തതാണെന്നാണല്ലോ പറയാറ്.
ശരാശരിക്കുമുകളിലുള്ളവർക്കായി ഒരുക്കിയ 9, 10,11,12 ചോദ്യങ്ങളും നിസ്സാരമായ ഒരു സ്കോർ സാധാരണകുട്ടിക്കു നൽകുമായിരിക്കും. ജയിക്കും. അതാണല്ലോ നമ്മുടെ ആവശ്യവും . ചോദ്യം 13 ചെയ്യണമെങ്കിൽ 9 ലെ കണക്ക് പഠിച്ച ഓർമ്മ ഉണ്ടായിരിക്കണം. ബഹുഭുജത്തിന്റെ ബാഹ്യകോണുകൾ 9ഇൽ കിടക്കുകയാണല്ലോ. അതിസാഹസക്കാരനായ ചോദ്യകാരൻ എന്നാണ് ചില കണക്കുമാഷമ്മാർ പ്രതികരിച്ചത്.
ചോദ്യം 14 പൊതുവെ ആർക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാവാതിരിക്കാൻ പാകത്തിൽ ഒരു ചിത്രവും ചോദ്യപാഠവും കൂടിയായപ്പൊൾ വെല്ലുവിളി പൂർണ്ണമായി. ചോദ്യങ്ങൾ കുട്ടിക്ക് ഒരു വെല്ലുവിളി ഉണ്ടാക്കണമെന്നല്ലേ പറഞ്ഞത്. അതു നടന്നു. ‘ab വ്യാസമായ അർദ്ധ വൃത്തം വരച്ചിരിക്കുന്നു’ എന്ന വാക്യം വായിച്ചതോടെ മാഷക്ക് ബോറടിച്ചു. കണക്കിന്റെ ഭാഷപോലും ഇങ്ങനെയായോ? എന്നിട്ടിപ്പൊഴും ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ മാഷ് എഴുതിക്കൂട്ടുകതന്നെയാണു! കിട്ടീട്ടില്ല!
ചോദ്യം 15 ഉം വാക്യസങ്കീർണ്ണം. മികച്ചവർ ഉത്തരം എഴുതി. ബാക്കിയുള്ളവർ നെടുനിശ്വാസം വിട്ടു. വായിച്ച് വായിച്ച് ഏതാ നീളം കൂടുതൽ എന്നു മനസ്സിലാവാതെ. കണക്കിന്ന് കണക്കിന്റെ ഭാഷ ഉപയോഗിക്കണമല്ലോ. സങ്കീർണ്ണതയും ദൈർഘ്യവും ആദ്യന്തപ്പൊരുത്തവും ഒക്കെ കലുഷമാക്കിയ ചോദ്യം. രണ്ടുമണിക്കൂർ കുട്ടിക്കിരുന്ന് ആലോചിക്കാമല്ലോ അല്ലേ?
ചോദ്യം 16 ഉം ഇതേപോലെ ഒരുപാട് സമയം അപഹരിച്ചു. മിടുക്കന്മാർപോലും അവസാനം തെറ്റിച്ചു എന്നു കരഞ്ഞു. bp+cq=bc എന്ന ഒരു സംഗതി തെളിയിക്കാൻ പഠിച്ചപാട് ഒക്കെയും ശ്രമിച്ചു. സമയം നഷ്ടപ്പെട്ടതുമാത്രം മിച്ചം.
ചോദ്യം 17 ശരാശരിക്കാർക്ക് മുഴുവൻ സ്കോറും നൽകില്ല. വൃത്തസ്തൂപിക പരിചിതമായ കണക്കാണ്. സെക്റ്റർ നൽകി കുഴക്കിയതിന്ന് നമുക്കെന്തു ന്യായം പറയാൻ കഴിയും. പഠനപ്രവർത്തനങ്ങളുടെ സ്വാഭാവികമായ തുടർച്ചയാണ് പരീക്ഷ എന്നൊക്കെ പറയുന്നത് വെറുംവാക്കാവുകയാണോ?
18, 19 ചോദ്യങ്ങൾ വലിയകുഴപ്പമില്ലാതെ കടന്നുപോയപ്പൊൾ ചോദ്യം 20 വീണ്ടും കീറാമുട്ടിയായി. 500-1000 എന്നത് തെറ്റുപറ്റിയതാവും എന്നല്ലേ ഏതു കുട്ടിയും കരുതുക. യൂണിഫോം ഇന്റെർവെൽ കുട്ടിക്കറിയാം. അതേ പതിവുള്ളൂ. സാങ്കേതികമായി ചോദ്യം തെറ്റല്ല. പക്ഷെ, കുട്ടിയുടെ മനസ്സിൽ ഈ ചൊദ്യം തെറ്റെന്നേ വായിക്കൂ. അധ്യാപകൻ കുട്ടിയുടെ സുഹൃത്തും വഴികാട്ടിയുമാകണം എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ കുഴക്കുന്നതെന്തിനാവോ? 1000 തന്നെയാണ്, 600 അല്ല; തെറ്റിയതല്ല…എന്നൊക്കെ പറഞ്ഞുകൊടുക്കാൻ കുട്ടിക്കാരുണ്ട് സഹായിയായി? പരീക്ഷയിൽ വിജയം ഉണ്ടെങ്കിലും അത് യുദ്ധമല്ലല്ലോ. ഇതു ഒറ്റക്ക് നിർത്തിയുള്ള യുദ്ധം തന്നെയെന്ന് കുട്ടി ഭയന്നു.
ചോദ്യം 21 എ+കാരെ ഉദ്ദേശിച്ചുള്ളതാണല്ലോ. അവർ എന്തുചെയ്തുവെന്ന് ചോദിക്കുന്നതിന്ന് മുൻപ് ശരാശരിക്കാരനും അതിന്ന് താഴെയുള്ളവരും എന്തുചെയ്തുവെന്നേ അധ്യാപകർ അന്വേഷിച്ചിരിക്കയുള്ളൂ. അവർക്ക് ഒന്നും ചെയ്യാനായിട്ടില്ല. ത്രികോണം വരച്ച് പേരെഴുതിയാൽ ചെറിയൊരു സ്കോർ കിട്ടുമല്ലോ. അതു കിട്ടും.
ചോയ്സുള്ള 22 സമാധാനമായി ചെയ്യാനായി. അന്തർവൃത്തം അസ്സലായി ചെയ്തു. പതിവിലധികം അതിന്ന് 5 സ്കോറും ഉണ്ട്. അപ്പോ അതു കിട്ടും. ആശ്വാസം!
പൊതുവേ അധ്യാപകരും കുട്ടികളും ദുഖിതരാണ്. ജയിക്കും .അതുപോരല്ലോ. സി+ന്ന് മുകളിൽ എത്തുന്നവർ വളരെ കുറവാകും എന്നാണ് എല്ലാവരുടേയും വിലയിരുത്തൽ. ചോദ്യ ഭാഷ, ചിത്രഭാഷ, വിവിധ ശേഷികൾ കൂട്ടിക്കലർത്തിയുള്ള പരിശോധന, കൃത്രിമമായ ചോദ്യ ഉള്ളടക്കം, വൃഥാവിൽ ഉൾക്കൊള്ളിച്ച സങ്കീർണ്ണതകൾ, ക്ലാസ്രൂം പ്രവർത്തനങ്ങളിലെ സുതാര്യത, പരീക്ഷയിലെ അസ്വാഭാവികതകൾ, മുഴുവൻ കുട്ടികളും നന്നായിജയിക്കണമെന്ന എല്ലാവരുടേയും നിരന്തര സമ്മർദ്ദം, ഒരു ചോദ്യം തന്നെ നന്നായി മനസ്സിലാക്കാൻ ചെലവഴിക്കേണ്ടിവരുന്ന സമയം, ഒരു ശേഷിതന്നെ വിവിധ തലങ്ങളിൽ പലവട്ടം ഫലപ്രദമായി ചെയ്തുതീർക്കാൻ അധ്യാപകനും കുട്ടിക്കും ആകെ ലഭിച്ച ക്ലാസ് സമയം, കുട്ടിക്ക് തന്നെ പഠിക്കാനുള്ള മറ്റു വിഷയങ്ങളും പ്രവർത്തനങ്ങളും , അതിന്റെയൊക്കെ ഭാരം ചുമക്കുന്ന പാവം കുട്ടി….ഒക്കെ മറന്നുപോകുന്നു നമ്മുടെ എല്ലാ പരീക്ഷകളും പരീക്ഷകരും. അവസാനം താൻ പഠിച്ച വിഷയങ്ങളോടൊക്കെ വെറുപ്പ് കുട്ടിക്കും! വീട്ടിലെത്തിയ കുട്ടികളൊക്കെ കണക്ക് പുസ്തകം തട്ടിൻപുറത്തേക്കെറിഞ്ഞിട്ടുണ്ടാവുമോ?
1 comment:
എന്തിനാണാവോ കുട്ടികളെ ഇങ്ങനെ പരീക്ഷിക്കുന്നത് ?
Post a Comment