19 March 2011

വെറും ‘ജയം‘ അല്ല ‘വിജയം‘


ഫിസിക്സ് പരീക്ഷകഴിഞ്ഞിറങ്ങിയ നിരവധി കുട്ടികളുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ‘ജയിക്കും’ എന്നാണെങ്കിലും അധ്യാപകർ വിലയിരുത്തിയത് ‘ജയിക്കും’ പക്ഷെ ഉയർന്ന നിലവാരം വളരെ വളരെ കുറച്ചുപേർക്കേ പ്രതീക്ഷിക്കാനാവൂ എന്നാണ്. പൊതുവെ നമ്മുടെ പരീക്ഷകളുടെ ഒരു ശൈലി ഇതു തന്നെയായിരുന്നു എന്നു ഈ പരീക്ഷകൂടി കഴിഞ്ഞപ്പോൾ എല്ലാർക്കും ഉറപ്പുമായി. കുട്ടികൾ  വെറുതെ ജയിക്കുന്നതുകൊണ്ടെന്തു കാര്യം? നന്നായി ജയിക്കാൻ മികവർക്കും കഴിയാതെ പോകുന്ന ഒരവസ്ഥ എന്തുകൊണ്ട്? ഈ പരിശോധന തുടർന്ന് നടക്കണം എന്ന് ഓരോ പരീക്ഷയും വെളിപ്പെടുത്തുന്നു.
ഫിസിക്സ് പേപ്പർ ബണ്ഡിൽ പൊട്ടിച്ചപ്പൊൾ തന്നെ കുട്ടികൾ ഭയന്നു. എട്ട് പേജ്. 14-16 പോയിന്റ് അക്ഷരം. എന്നാൽ ഇടയ്ക്കുള്ള ചിത്രങ്ങൾ തീരെ ചെറുത്. അവ്യക്തം. ആകപ്പാടെ കുട്ടികളുടെ മനസ്സുകെട്ടു.ഇത്ര അരോചകമായ ഒരു പേപ്പർ എങ്ങനെ വായിക്കു-എഴുതി തീർക്കും. നന്നായി ടയ്പ്പ് സെറ്റ് ചെയ്താൽ നാലു പേജിൽ നല്ല ചന്തത്തിൽ ഒരുക്കാമായിരുന്ന ഒരു പേപ്പർ ഇത്ര ബോറാക്കിയത് ആരുടെ ഭാവനയാകാം!
ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഭിന്ന നിലവാരക്കാർക്ക് നൽകുന്ന പരിഗണന വളരെ പരിതാപകരം തന്നെയായിരുന്നു എന്നു തോന്നി. ഫിസിക്സിൽ വെറുതെ ജയിച്ചാൽ പോരല്ലോ  മാഷെ!
1,2,3,4, 5 ചോദ്യങ്ങൾ എളുപ്പത്തിൽ കടന്നുപോയി.  അഞ്ചാം ചോദ്യത്തിൽ ചെറുതായൊന്നുടക്കി. തെരഞ്ഞെടുത്താൽ പോര; വരച്ചു കാണിക്കണം. ഒരു സ്കോറിന്ന് രണ്ടു പ്രവർത്തനം എന്തിനായിരുന്നു. തെരഞ്ഞെടുക്കാനറിയാവുന്ന കുട്ടിക്ക് സ്വാഭാവികമായും വരച്ചു കാണിക്കാനും അറിയാമെന്ന് പരീക്ഷിക്കണോ. നമ്മുടെ കുട്ടികൾ അത്ര മോശക്കാരൊന്നും അല്ലല്ലോ.
ആറാം ചോദ്യം മോഡൽ പരീക്ഷക്കു വന്നതുകൊണ്ട് പരിചിതമായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. ഏഴാം ചോദ്യത്തിലെ ആദ്യഭാഗം എളുപ്പമായെങ്കിലും രണ്ടാം ഭാഗം തെറ്റിക്കും പലരും. കാരണം സോളാർ പാനൽ  അത്ര പ്രാധാന്യത്തോടെ ഈയൊരർഥത്തിൽ  ക്ലാസ്മുറികളിൽ ചർച്ചചെയ്യപ്പെട്ടു കാണില്ല.
ഒൻപതാം ചോദ്യം മുതൽ പരീക്ഷ കുട്ടിയിൽ നിന്നും കാഇവിട്ടുപോകുകയായിരുന്നു. സാധാരണ ശാസ്ത്രകാര്യങ്ങൾ ഇങ്ങനെ വളച്ചുകെട്ടി ചോദിച്ചതു തന്നെ കാരണം. ശാസ്ത്രസ്വഭാവം തന്നെ ഋജുതയാണെന്നിരിക്കേ ഈ മൽ‌പ്പിടുത്തങ്ങൾ എന്തിന്ന് ചെയ്യുന്നു? ഇതിലെ കോൺ‌വെക്സ് ദർപ്പണ ചിത്രം പാഠഭാഗങ്ങളിൽ ഒന്നും പ്രവർത്തനമായി ഉണ്ടായതല്ല. വളച്ചുകെട്ടി ചോദിച്ചിരിക്കയാണിവിടെ. പല അധ്യാപകരും പറഞ്ഞത് ‘ഇങ്ങനെയൊന്നും ഞങ്ങൾ പഠിപ്പിച്ചുകൊടുത്തിട്ടില്ല‘ എന്നു തന്നെയാണ്. പിന്നെ കുട്ടിയുടെ യുക്തിചിന്തയും അധിക അറിവും ഒക്കെ പരിശോധിക്കാൻ ചോദ്യം വളച്ചുകെട്ടുകയല്ലല്ലോ നമ്മൾ ചെയ്യേണ്ടത്!
ഒൻപതാം ചോദ്യവും അൽ‌പ്പം കുഴക്കി. ദർപ്പണത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത് വസ്തുവാണോ, വസ്തുവിന്റെ പ്രതിബിംബമാണോ എന്നായിരുന്നു ചിന്ത. പിന്നെ കുറേ യുക്തി പ്രയോഗിച്ച് വസ്തുവാണെന്ന്  തീരുമാനിക്കുകയായിരുന്നു. ഭാഷാപരമായ ഒരു അവ്യക്തത ചോദ്യത്തിൽ ഉണ്ടാക്കിവെച്ചിരിക്കുകയായിരുന്നു. ചോദ്യപാഠങ്ങളുടെ ആശയവിനിമയക്ഷമത പ്രധാനമാണ്. ഒന്നരമണിക്കൂർ കൊണ്ട് എല്ലാം എഴുതിത്തീർക്കണമല്ലോ!
പത്താം ചോദ്യം കുട്ടികൾക്ക് വളരെ സഹായകമായി. പക്ഷെ, ഒരുപാടുത്തരങ്ങൾ ഉണ്ടായി എന്നുമാത്രം. പൊതു സ്വഭാവമുള്ള 3 വസ്തുക്കൾ ഇങ്ങനെയൊക്കെയായിരുന്നു കുട്ടികൾക്ക്-
വിറക്, ചാണക വരളി, കൽക്കരി (നേരിട്ട് കത്തിക്കാവുന്നത്)
വിറക്, ചാണക വരളി, കൽക്കരി (മറ്റു പ്രൊസസ് ഒന്നും വേണ്ടത്തത്)
വിറക്, ചാണക വരളി, വിസർജ്യങ്ങൾ (നേരിട്ട് ലഭിക്കുന്നത്)
ചാണക വരളി, കൽക്കരി, വിസർജ്യങ്ങൾ (എല്ലാം വിറക്)
എല്ലാം ശരിയാകുന്ന നിലക്ക് എല്ലാർക്കും മുഴുവൻ സ്കോറും ഉറപ്പല്ലേ!
പതിനൊന്നാം ചോദ്യം മികച്ചവരെപ്പോലും കുഴക്കി. ചിത്രത്തിന്റെ അപരിചിതത്വം തനെ കാരണം. ഉത്തരം ‘സി’ അല്ലെന്ന് പെട്ടെന്ന് മനസ്സിലായി. എന്നാൽ ‘എ’ ആണോ ‘ബി’ ആണൊ എന്നറിയാൻ കുറേ പണിപ്പെട്ടു. ഏത് സമാന്തരം, ഏത് ശ്രേണി എന്നു മനസ്സിലാവില്ല. ഇങ്ങനെ ഒരു ചിത്രം ക്ലാസ്മുറിയിൽ ആരുടേയും ഭാവനയിൽ വന്നിട്ടുണ്ടാവില്ല. റ്റെക്സ്റ്റ് ബുക്കിലും ഇങ്ങനെയല്ല.
പന്ത്രണ്ടാം ചോദ്യം നന്നായി ചെയ്തു. പഠിച്ചതുതന്നെ. പതിമൂന്ന് ബ്രാക്കറ്റിൽ നിന്ന് എടുക്കാൻ പറഞ്ഞത് കുട്ടിക്ക് സഹായകമായി. മറന്നുപോകാവുന്ന ചില ടേംസ് ബ്രാക്കറ്റിൽ കാണുമ്പോൾ പെട്ടെന്ന് ഓർമ്മയിൽ‌വരുമല്ലോ.
അടുത്ത ചോദ്യം കുട്ടിയെ തലകീഴ് മറിച്ചു. ഒരു ബൾബ്ബ് പ്രകാശിപ്പിക്കാൻ ഇത്രയും സങ്കീർണ്ണതയോ. റ്റ്രാൻസ്മിറ്ററിൽ ലാസ്റ്റ് സർക്യൂട്ടിൽ ചെയ്യുന്ന 4 ഡയോഡ് ഇവിടെ ഒരു ബൾബ്ബ് പ്രകാശിപ്പിക്കാനോ? വളരെ കൃത്രിമമായ ഒരു പ്രവർത്തനം. 2 ഡയോഡേ ക്ലാസിൽ പ്രവർത്തിപ്പിച്ചിട്ടുള്ളു. 4 എണ്ണം വരിവരിയായി കണ്ടപ്പോൾ മിടുക്കന്മാർക്കുപോലും മുഴുവൻ സ്കോറിലുള്ള പ്രതീക്ഷ പോയി. പണ്ട് പടവുകളിൽ വന്ന ഈ പ്രവർത്തനം ചെയ്യിച്ച ക്ലാസുകാർ ഓർമ്മയിലുണ്ടെങ്കിൽ എഴുതിക്കാണും.
15-)0 ചോദ്യം രണ്ടാം ഭാഗം എല്ലാവരും തെറ്റിയെഴുതിക്കാണും. ബ്ലക്ക് ഹോളിന്റെ പ്രധാന സവിശേഷത ‘പ്രകാശത്തെ പുറത്തു വിടുന്നില്ല’ എന്നാവും എഴുതിയിരിക്കുക. പ്രകാശത്തെ പുറത്തുവിടാതിരിക്കുന്നതിന്റെ കാരണം ബ്ലാക്ഹോളിലെ മാറ്ററിന്റെ വർദ്ധിച്ച സാന്ദ്രതയാണല്ലോ. അതാരും എഴുതില്ല എന്നുതന്നെ തോന്നി. എന്തായാലും അർദ്ധശരിത്വമുള്ള ഒരുത്തരത്തിന്ന് ഇക്കൊല്ലം ഫിസിക്സ് മുഴുവൻ സ്കോറും കൊടുക്കേണ്ടിവരും.
16-)0 ചോദ്യത്ത്നെ എ പാർട്ട് ഉഷാറായി എഴുതാനാവുമെങ്കിലും ബി പാ‍ർട്ട് കണക്കുകൂട്ടി കുഴപ്പത്തിലാകും.
Q=MCq എന്ന സമവാക്യം അറിയുമോ എന്നറിയാൻ ഇത്ര ട്വിസ്റ്റ് ചെയ്ത് ചോദിക്കണമോ എന്ന് പലരും പരിഭവപ്പെട്ടു.
17-)0 ചോദ്യവും ചിത്രത്തിലെ പരിഷ്കാരം കൊണ്ട് വേണ്ടത്ര ക‌മ്യൂണിക്കേറ്റ് ചെയ്തില്ല. ചെരിച്ചുവെച്ച റസിസ്റ്റൻസുകൾ കുട്ടിക്ക് മനസ്സിലായില്ല. അമ്മീറ്റർ റീഡിങ്ങ് കണ്ടു. ബാക്കിയൊന്നും തൃപ്തികരമായില്ല. മുഴുവൻ സ്കോറും പ്രതീക്ഷിക്കുന്നില്ല.
18, 19 ചോദ്യങ്ങൾ മികവുള്ളവർക്ക് എളുപ്പമായി. ബാക്കിയുള്ളവർക്ക് ചെറിയൊരളവ് സ്കോർ നൽകും. പൊതുവേ കുട്ടികളും അധ്യാപകരും ഒരുകൊല്ലം ചെയ്ത അധ്വാനത്തിൽ ആത്മവിശ്വാസം ഉയർന്നവരായില്ല.
1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അധ്യാപക വിദ്യാര്‍ത്ഥിബന്ധം ഇപ്പോള്‍ ഏതു നിലവാരത്തിലാണെന്നെനിക്കറിയില്ല.

പക്ഷെ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ല്യിരുന്നപ്പോഴത്തെ അനുഭവം, മാധുര്യമുള്ളതാണ്‌

TKMM കോളേജില്‍ ഞങ്ങളെ ഫിസിക്സ്‌ പഠിപ്പിച്ചിരുന്ന ഗോപാലകൃഷ്ണന്‍ സ്സര്‍ (റ്റ്യൂഷന്‍ പഠിപ്പിച്ചതല്ല - അവിടത്തെ റെഗുലര്‍ ലെക്ചറര്‍)പരീക്ഷ കഴിഞ്ഞ്‌ ഇറങ്ങി വരുന്ന കുട്ടികളെ കാത്തു നില്‍ക്കുന്ന കാഴ്ച. എന്നെ വിളിച്ച്‌ ഓരോ ചോദ്യത്തിനും ഞാന്‍ എഴുതിയത്‌ പരിശോധിച്ചതും ഓര്‍ക്കുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുന്നു കൈക്കള്‍ കൂപ്പിപോകുന്നു.

അങ്ങനെ ഉള്ളവര്‍ ഇപ്പൊഴും ഉണ്ടായിരിക്കും അല്ലെ ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കാം