22 March 2011

അലിഞ്ഞുചേരാത്ത രസതന്ത്രംപൊതുവെ പരീക്ഷകളുടെ ഒരു കെമിസ്‌റ്റ്രി എന്നു പറയുന്നത് പഠനപ്രവർത്തനങ്ങളുടെ തുടർച്ചയും സ്വാഭാവികമായ വളർച്ചയും ആയിരിക്കുമെന്നതാണ്. മൂല്യനിർണ്ണയനോപാധി എന്ന നിലയിൽ മാത്രമായി പരീക്ഷ അവസാനിക്കുന്നില്ല.പഠനാനുഭവങ്ങളെ മെച്ചപ്പെടുത്തുന്നവയാണ്;  തുടർപഠനങ്ങളിലേക്ക് തുറക്കുന്ന വാതായനങ്ങളാണ്. ഈ തത്വങ്ങളൊന്നും സാധാരണയായി നമ്മുടെ പരീക്ഷകൾ ഉൾക്കൊള്ളാറില്ല. ചോദ്യം തയ്യാറാക്കുന്നവരുടെ മികവും എഴുതുന്നവരുടെ കുറവും പ്രകടമാക്കാൻ നമ്മുടെ പരീക്ഷകൾ ഉപകരണങ്ങളാവുന്നുണ്ട്. ഇതു പരീക്ഷകളെ ഭയത്തിന്റെ ഉറവിടങ്ങളാക്കുന്നു. കുട്ടിക്കും മാഷക്കും.
കെമിസ്‌റ്റ്രി പരീക്ഷ വരെ കഴിഞ്ഞതോടെ ഇതൊക്കെയും ബോധ്യപ്പെടുകയാണ്. ശിശുസൌഹൃദപരമെന്ന് തോന്നിപ്പിക്കാൻ ധാരാളം ഡി+കാർ ഉണ്ടാവും. മിക്കവാറും കെമിസ്‌റ്റ്രി ചോദ്യങ്ങളൊക്കെത്തന്നെ പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്കുപോലും പ്രവേശനം നൽകുന്നവയായിരുന്നു. എന്നാൽ ശരാശരിക്കാരനും മികവുള്ളവർക്കും അത്ര ആശ്വാസം പ്രദാനം ചെയ്തില്ല. കുട്ടികളും അധ്യാപകരും പ്രതികരിച്ചതിങ്ങനെയൊക്കെയാണ്:
കെമിസ്‌റ്റ്രീയമായ പ്രയോഗങ്ങൾ 3 തരത്തിലാണ് ഉടനീളം പ്രയോഗിക്കപ്പെട്ടത്. 1. തനി ഇംഗ്ലീഷ് മാത്രം. 2. ഇംഗ്ലീഷും മലയാളവും ഒപ്പം. 3. തനി മലയാളം. അറ്റോമിക്ക് മാസിന്ന് മലയാളം ഇല്ല. മോളിക്യൂലാർ മാസിന്ന് മലയാളം ഉണ്ട്. ഫയർ എക്സ്റ്റിങ്ങ്‌ഗ്യൂഷറിന്ന് ഇംഗ്ലീഷ് മാത്രവും.
മിക്കവാറും ചോദ്യങ്ങൾ വളരെ ചെറിയൊരു സ്കോർ എല്ലാവർക്കും ലഭ്യമാക്കി. മികച്ചവർക്കാകട്ടെ ലഭ്യമാകേണ്ടിയിരുന്ന ഉയർന്ന സ്കോർ കിട്ടുകയുമില്ല.
റ്റെക്സ്റ്റിൽ നിന്നു നേരിട്ടുള്ളവ, വളരെ ലളിതമായവ എന്നീ ഇനങ്ങൾ എല്ലാവരേയും ആശ്വസിപ്പിച്ചു. ബാക്കിയൊക്കെ ഒരു പാട് സമയവും പ്രവർത്തനവും ഉപയോഗപ്പെടുത്തുന്നതും.
ഇനിയൊരുതരം -ചോദ്യപാഠവും ചോദ്യകേന്ദ്രവുമായി ബന്ധമില്ലാത്തവയാണ്. രണ്ടാം ചോദ്യത്തിലെ പ്രസ്താവനകളും അതിലെ ചോദ്യത്തിന്റെ 2ആം ഭാഗവും ഉദാഹരണം. അതിനുത്തരമെഴുതാൻ ആദ്യ പ്രസ്താവനക്കഥ വായിക്കേണ്ടതില്ല. സമയം നഷ്ടം. തെറ്റിദ്ധരിപ്പിക്കലും.
ഇനിയൊന്ന് ചോദ്യ ഉള്ളടക്കവുമായി ബന്ധമില്ലാത്തവ. ചോദ്യം 4 സി. ഇതു നിത്യജീവിതവുമായി ബന്ധപ്പെട്ട പോളിമറുകളുമായി കൂട്ടിപ്പറയുന്നതെന്തിനാ?
മറ്റൊന്ന് ചോയ്സ്‌ലെ അശാസ്ത്രീയത. ഒരു കണ്ട്ന്റുമായി പരിചയമില്ലാത്തവർക്ക് മറ്റൊരു കണ്ട്ന്റ് പകരം കൊടുക്കുകയെന്നതാണ് ചോയ്സിന്റെ തത്വം ചോദ്യം 6ന്റെ ചോയ്സ് ഈ തത്വം തെറ്റിച്ചു.
ഇനിയൊന്ന് ഡി+കാരെ തനി ഡി+ കാരനാക്കിത്തന്നെ നിർത്താനുള്ള ഒരുക്കം. ചോദ്യം 10-എ. ‘കത്തും’ എന്നെഴുതിയാലും ‘അന്തരീക്ഷവായുമായി പ്രതിപ്രവർത്തിച്ച് P2O5 ഉണ്ടാവും‘ എന്നെഴുതിയാലും സ്കോർ കിട്ടും. അതും ഒരേസ്കോർ.
ഇനിയൊന്ന്- ഒരു ചോദ്യപാഠത്തിൽ ഉൾക്കൊള്ളിച്ച വിവിധ പ്രവർത്തനങ്ങൾ തമ്മിലുള്ള ബന്ധത്തിലെ അശാസ്ത്രീയത. ചോദ്യം 12. ഇതിൽ എ, ബി,സി എന്നിങ്ങനെ പ്രവർത്തനം 3. എ എളുപ്പം എഴുതാം. എന്നാൽ അതിന്റെ സ്വാഭാവികതുടർച്ചയല്ല ബി. ബി യുടെ തുടർച്ചയല്ല സി. ഭിന്ന നിലവാരക്കാരെ ഉദ്ദേശിച്ചുള്ള ഭിന്ന പ്രവർത്തനമല്ല എന്നതു പോട്ടെ, വളരെ വ്യത്യസ്തമായ 3 കാര്യങ്ങൾ ഒരു ചോദ്യനമ്പറിൽ ഉൾപ്പെടുത്തിയതിലെ യുക്തി എന്താവും?
നമുക്കിപ്പൊഴും നമ്മുടെ കുട്ടികൾക്ക് നല്ലൊരു പരീക്ഷകൊടുക്കാനായിട്ടില്ലെങ്കിൽ ആര് ആരെ പഴിക്കും അല്ലേ?

No comments: