മെയ് മാസമാകുന്നതോടെ സ്കൂളുകളിൽ അടുത്തവർഷ പഠനപരിപാടികൾ ആരംഭിക്കുകയായി. സവിശേഷമായും എസ്.എസ്.എൽ.സി.ക്ലാസുകൾ മെയ് ആദ്യദിവസങ്ങളിൽ തുടങ്ങും. പുതിയ പുസ്തകങ്ങൾ ലഭ്യമാകാനുള്ള താമസം, അതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും ക്ലാസുകൾ ആരംഭിക്കും എന്നു തന്നെ കരുതാം.അടുത്ത നവംബർ-ഡിസംബർ കാലത്തേക്ക് പോർഷ്യൻ തീരാനുള്ള ഒരുക്കമെന്ന നിലയിൽ. പിന്നെ പരീക്ഷ ലാക്കായിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നും. സ്വാഭാവികമായും കഴിഞ്ഞപല വർഷങ്ങളിലായി നടന്ന പരിപാടികളുടെ തുടർച്ച.
എസ്.എസ്.എൽ.സി.കുട്ടികൾക്കെങ്കിലും രണ്ടു രീതികളിലുള്ള പഠനപ്രവർത്തനങ്ങൾ ഒരു വർഷകാലയളവിൽ ചെയ്യേണ്ടിവരുന്നു എന്നു കാണാം.
മെയ് മാസത്തിൽ ഒന്നു, ജൂണ്മുതൽ നവംബർ വരെ മറ്റൊന്ന്, വീണ്ടും മാർച്ച് പരീക്ഷവരെ മെയ് മാസത്തുടർച്ച. ജൂൺ മുതൽ നവംബർവരെ യുള്ള പഠനം മുഴുവൻ പുതിയ പഠനരീതികൾ അവലംബിച്ചുള്ളതാണെങ്കിലും ബാക്കിയുള്ളത് അങ്ങനെയായിരിക്കണമെന്നില്ല. മെയ് മാസത്തിൽ പാഠം തീർക്കലും നവംബർ മുതൽ പരീക്ഷക്കൊരുക്കലുമാണ്. പരീക്ഷയും അതിലെ വിജയവും പല കാരണങ്ങൾ കൊണ്ടും നിർബന്ധമാണെന്നതിനാൽ ഇതൊക്കെയും എല്ലാരും മൌനമായി അനുവദിക്കയും ചെയ്യുന്നു. ഇതിനെ സർവാത്മനാ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ പരീക്ഷയിലും ഉണ്ടല്ലോ.
എസ്.എസ്.എൽ.സി പരീക്ഷ ചോദ്യപ്പേപ്പർ അവലോകനങ്ങൾ, എസ്.എസ്.എൽ.സി മൂല്യനിർണ്ണയന അനുഭവങ്ങൾ എന്നിവയൊക്കെ ഊന്നിപ്പറയുന്ന ഒരു സംഗതി, പഠനവും പരീക്ഷയും ഒരു തരത്തിലും സമരസപ്പെട്ടുപോകുന്നില്ല എന്നാണല്ലോ. എസ്.എസ്.എൽ.സി ക്ക് മാത്രമല്ല 8 ലും 9 ലും ഇതു തന്നെയാണ് അനുഭവം. പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ , സർഗ്ഗാത്മകമായ, സ്വതന്ത്രമായ, ജനാധിപത്യപരമായ പുതിയ പഠന പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ നിലകൊള്ളുമ്പോൾ ഒരു പ്രവർത്തനവും (എഴുതുക എന്ന പ്രവർത്തനം ഉണ്ട്!) ആവശ്യപ്പെടത്ത- സർഗ്ഗത്മകതക്ക് ഒരു സാധ്യതയും നൽകാത്ത (ആവശ്യമായ സമയം, അധിക പ്രവർത്തന സാമഗ്രികൾ എന്നിവ)-സമയബന്ധനം കൊണ്ട് ഞെരുക്കുന്ന ഒരിടമാവുകയാണ് പരീക്ഷാമുറി. ഈ വൈരുധ്യം പഠനത്തേയും പരീക്ഷയേയും ഭിന്ന ധ്രുവങ്ങളിലാക്കുന്നു. നിരന്തരമൂല്യനിർണ്ണയോപാധികൾ എത്രതന്നെ ദുർബലമാണെങ്കിലും അവ പഠന സമീപനത്തേയും പരിസരത്തെയും ശാസ്ത്രീയമായി പിന്തുടരുന്നുണ്ട്. എഴുത്തുപരീക്ഷകൾ ഒക്കെത്തന്നെ നാമമാത്ര സന്ദർഭങ്ങളിലൊഴിച്ച് സമീപനത്തിന്നും രീതികൾക്കും എതിരാവുകയും ചെയ്യുന്നു.ഈ ഒരു യാഥാർഥ്യത്തിലൂന്നിക്കൊണ്ടാണ് അധ്യാപകർ മെയ് മാസം മുതലേ പ്രവർത്തിക്കുന്നതു എന്നും കാണാം. ആത്യന്തികമായി പരീക്ഷയാണല്ലോ സ്കൂളിന്റെ മുന്നിൽ നിലനിൽക്കുന്നത്!പരീക്ഷയെങ്ങനെയാണോ അതിനനുസരിച്ചായിരിക്കും പഠനം: പഠനത്തിന്നനുസരിച്ച് പരീക്ഷ സാധിക്കാൻ സന്ദർഭങ്ങളുണ്ടാകുന്നതു വരെ.
sujanika@gmail.com
No comments:
Post a Comment