24 April 2011

കുട്ടി അകത്തും പുറത്തും


അവധിക്കാലം സുഖമാണല്ലോ. കളി, വിരുന്ന്,യത്രകൾ.അതിനിടക്ക് ഒരല്പം വായനസുഖം. സന്തോഷം. അവധിക്കാലം കഴിയുന്നതാവും വിഷമം. സ്വാഭാവികമായത് അവധിക്കാലമാണെന്നതാവും കാരണം. ഇവിടെ കളിയും വായനയും പഠനവും പ്രവർത്തനങ്ങളും ഒക്കെ അകൃത്രിമം. നിർബന്ധങ്ങളില്ലാത്തത്. സ്വയം പ്രവർത്തിക്കുന്നത്.സാങ്കേതികമായുള്ള അവധികഴിഞ്ഞാലും ഇതു തുടരണം എന്നാഗ്രഹിക്കാൻ നമുക്കവകാശമുണ്ട്…….സാധ്യമാണൊ എന്നത് മറ്റൊരു കാര്യം.

ഇന്നും നമ്മുടെ കുട്ടികൾക്കേറ്റവും പ്രിയം സ്കൂളിന്ന് പുറത്താണ്. സ്കൂളിന്ന് പുറത്താണ് എന്നതുകൊണ്ട് കുട്ടികൾക്ക്
പ്രവർത്തിക്കാനോ ചിന്തിക്കാനോ  ഒന്നും ഇഷ്ടമല്ല എന്നല്ല.പഠിക്കാൻ ഇഷ്ടമല്ല എന്നല്ല. കാര്യഗൌരവം ഇല്ലെന്നല്ല. ചുമതലാ ബോധം ഇല്ലെന്നല്ല.  അവധിക്കാല വിനിയോഗം ശ്രദ്ധിച്ചാൽ ഇതാർക്കും മനസ്സിലാകും. അവധിക്കാലം കുട്ടികൾ ചെലവഴിക്കുന്നത് എങ്ങനെയൊക്കെയാണ്?ഓരോകുട്ടിയും ഓരോ വിധത്തിലാണെന്ന് പറയാമെങ്കിലും ചില പൊതുരീതികൾ നമുക്ക് കാണാം. അതുതന്നെ നാട്ടിൻപുറത്തെ കുട്ടിയും നഗരത്തിലെ കുട്ടിയും ആൺകുട്ടിയും പെൺകുട്ടിയും എന്നൊക്കെയുള്ള സാധ്യതകളും പരിമിതികളും ഉണ്ട്.
സ്കൂളിലാണെങ്കിലും അവധിയിലാണെങ്കിലും കുട്ടി മുഴുവൻ സമയ പ്രവർത്തനത്തിലാണ്. ഒരൽ‌പ്പം അധികം ഉറക്കം അത്ര കാര്യമാക്കാനില്ല.(അധികാധ്വാനം അധിക വിശ്രമം ആവശ്യപ്പെടുന്നൂ എന്നേ ഉള്ളൂ) അവധിക്കാലത്തെ പ്രധാനപ്രവർത്തനം കളി തന്നെ. ശാരീരികാധ്വാനം അധികം ഉള്ള കളികളും മാനസികാധ്വാനം അധികമുള്ള കളികളും ഉണ്ട്. ക്രിക്കറ്റ്, ഓടിക്കളി, കള്ളനും പോലീസും തുടങ്ങിയവയും കമ്പ്യൂട്ടർ ഗയിംസ്, മൊബൈൽ ഗയിംസ് എന്നിവയും അധ്വാനവ്യത്യാസം ഉള്ളവയാണല്ലോ. യാത്രകൾ, വിരുന്നുകൾ, വായന എന്നിവയും അവധിക്കാല പ്രവർത്തനങ്ങളാണ്. ഇതൊക്കെയും കളികളും അതിന്നുപരി പഠനവുമാണ്. തുടർച്ചയായി ഒരുപാട് സമയം ഈ കളികളിലേർപ്പെടുന്ന കുട്ടിക്ക് കളികളുടെ പ്രാഥമികതലം കഴിഞ്ഞാൽ ഇതൊക്കെയും മികച്ച പഠനപ്രവർത്തനങ്ങളാവുകയാണ്. പുതിയ അറിവുകൾ വികസിപ്പിക്കുകയും അതിലൂടെ അധിക മികവ് സംഭരിക്കുകയുമാണ്.ശാസ്ത്രരീതികൾ-നിരീക്ഷണം,പരീക്ഷണം,നിഗമനം,പ്രയോഗം,മൂല്യനിർണ്ണയം, ഫീഡ്ബാക്ക് -സ്വാഭാവികമായി ഉൾപ്പെടുന്ന ഈ പ്രവർത്തനങ്ങളൊക്കെയും അധിക മികവ് കുട്ടിയിൽ ഉണ്ടാക്കുന്നുണ്ട്.ഇതൊക്കെയും സമയ ബന്ധിതവും സ്വയം ക്രമപ്പെടുത്തിയവയുമാണ്. ഇതൊക്കെയും അതിനാൽ തന്നെ ശരിയായ പഠനപ്രവർത്തനങ്ങളുമാണ്.
രക്ഷിതാക്കളുടെ നിർബന്ധങ്ങൾ ഒരൽ‌പ്പമൊക്കെ ഉണ്ടെങ്കിലും ഭൂരിഭാഗം സമയവും പ്രവർത്തനങ്ങളും സ്വാതന്ത്ര്യത്തിന്റേയും സ്വയം നിശ്ചയത്തിന്റേയും അന്തരീക്ഷത്തിലാണ് കുട്ടി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പൂർണ്ണമായും ശിശുകേന്ദ്രീകൃതമാവുകയാണ് പ്രവർത്തനങ്ങൾ. കുട്ടി ഒറ്റക്കും ചെറുഗ്രൂപ്പുകളായും പരിപാടികൾ ആസൂത്രണം ചെയ്യുന്നു. മുതിർന്നവരിൽനിന്ന് അവശ്യസന്ദർഭങ്ങളിൽ ഒക്കെയും സഹായങ്ങൾ തേടുന്നു. അധിക വിവരശേഖരണവും പ്രയോഗവും സമയാസമയങ്ങളിൽ നിർവഹിക്കുന്നു.
സ്വാഭാവികമായ ഈ പ്രക്രിയകളോ, പഠനരീതികളോ ഒന്നും തന്നെ നമ്മുടെ സാമ്പ്രദായിക ക്ലാസ്‌മുറികളിൽ ഒരിക്കലും പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് ഇവിടെ ചർച്ച ചെയ്യാതെ പോകുന്നത്. അതുകൊണ്ടുതന്നെ കുട്ടിക്ക് സ്കൂൾ സമയം അമ്പേ അരോചകവും കെട്ടിയിടപ്പെട്ടതുമായി അനുഭവപ്പെടുന്നു. ഒരു ബഞ്ചിൽ 40-45 മിനുട്ട് അനങ്ങാതിരുന്നു (ശ്രദ്ധാപൂർവം ഇരുന്ന് ! ) സമയം കഴിക്കേണ്ടിവരുന്നതിലെ പ്രയാസം ആർ കാണാൻ? കുട്ടി സ്വതന്ത്രമായിരുന്നു പഠിക്കുന്നുവെന്ന് കരുതുക.അതിനവസരം കൊടുത്താൽ ആരും ബഞ്ചിൽ ഇരിക്കുന്നതേ ഉണ്ടാവില്ല. അപൂർവം പേർ കസേരയിൽ ഉണ്ടാവും. ബാക്കിയൊക്കെ വാതിൽക്കലും ജനൽ‌പ്പടിയിലും നിലത്തും മരക്കൊമ്പിലും മരച്ചോട്ടിലും ആയിരിക്കുമല്ലോ. നടന്നും ഇരുന്നും കിടന്നും കുട്ടികൾ പ്രവർത്തിക്കും. ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ഉഷാറായി ചെയ്യും. അതിരാവിലേയും നട്ടുച്ചക്കും സന്ധ്യക്കും ഒക്കെ ഒഴിവുകാലത്ത് കുട്ടികൾ പഠിക്കുന്നു. പഠനം ചിലപ്പോൾ വായനയായിരിക്കും. ചിലപ്പോൾ ഗണിതക്രിയകളാവും. ചിലപ്പോൾ ചിത്രരചന, സംഗീതം, കെമിസ്ട്രി.എന്തുമാവാം.ഇതിന്റെ പ്രക്രിയ ചിലപ്പൊൾ കളിയാവും.ചിലപ്പോൾ പാട്ടാവും. ചിലപ്പോൾ എഴുത്തോ വരയോ വായനയോ തർക്കങ്ങളോ (കുതർക്ക-വിതർക്ക) ആവും.അതു ബഹളമൊ കരച്ചിലോ പോലും ആവും.  ഈ സ്വാഭാവികത നമ്മുടെ ക്ലാസ്മുറിയിൽ സാധ്യമാകുന്നതോടെ കുട്ടികൾ ബെല്ലടിച്ചാൽ ഉടനെ പഠനം തുടങ്ങുംപ്രേരണയില്ലാതെ.അതില്ലാത്തതുകൊണ്ടാണല്ലോ സ്കൂൾബെല്ല് കുട്ടിക്ക് അസഹനീയമായിത്തീരുന്നത്.  ഒഴിവുകാലം സുന്ദരമാവുന്നത്.
ശരിയായ പഠനൌസുക്യം ഉള്ള ഒരു കുട്ടിക്ക് ഒഴിവുകാലം വിഷമകരവും പഠനകാലം രസകരവുമാകണമല്ലോ. എന്തേ അതു ഉണ്ടാകുന്നില്ല. ഇതിന്നുത്തരം തേടേണ്ടത് നമ്മുടെ സ്കൂളുകളുടെ ആന്തരിക ഘടന പഠിച്ചുകൊണ്ടായിരിക്കണം.
ജനാധിപത്യക്രമത്തിൽ പുലരുന്ന സമൂഹം സ്കൂളിനകത്തുകടക്കുമ്പോൾ -അത് കുട്ടികളായാലും മുതിർന്നവരായാലും ജനാധിപത്യത്തെ ഗേറ്റിന്ന് പുറത്ത് ഉപേക്ഷിക്കുന്നു. പരമാവധി സ്വാതന്ത്ര്യം നൽകുന്ന കരിക്കുലവും പാഠങ്ങളും ക്ലാസ്രൂം പ്രവർത്തനങ്ങളും ഒക്കെത്തന്നെ വിദ്യാഭ്യാസത്തെ ഒരു തുറന്ന സംവിധാനമാക്കുന്നുണ്ട്. എന്നാൽ എല്ലാ സ്കൂളും അടഞ്ഞ സംവിധാനം തന്നെ. അടഞ്ഞ ഒരു സംവിധാനത്തിൽ ഈപ്പറഞ്ഞ കരിക്കുലവും പഠനവും എല്ലാം തനിയേ അടഞ്ഞുപോകുന്നു. അങ്ങനെയല്ലാതെയാവാൻ സാധ്യതയുമില്ല എന്നത് മറ്റൊരുകാര്യം. സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ, യൂണിഫോം, ബെല്ലുകൾ, അസംബ്ലി, സ്റ്റാഫ് റൂം, ഓഫീസ്, ലാബ് ലൈബ്രറി, ഗ്രൌണ്ട്കലോത്സവങ്ങൾ, ശാസ്ത്രമേളകൾ എല്ലാം അടഞ്ഞ സംവിധാനങ്ങൾ തന്നെ. അധ്യാപകന്റെ സർവശക്തമായ മേൽനോട്ടവും നിയന്ത്രണവും കുട്ടിയെ ജനാധിപത്യബോധ്യങ്ങളിൽ നിന്ന് അകറ്റുന്നു. ഹെഡ്മാസ്റ്ററും ഹെഡ്മാസ്റ്ററുടെ മുറിയും കുട്ടിയുടെ പേടിസ്വപ്നങ്ങൾ മാത്രം. ഇന്നു വരെ ഒരു കുട്ടിയും ഹെഡ്മാസ്റ്ററുടെ മുറിയിൽ ഒരു പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട്  ഒറ്റക്കോ കൂട്ടായോ ചെന്നിട്ടുണ്ടാവുമോ? സ്കൂളിന്റെ ഏറ്റവും ശക്തമായ- എല്ലാ സൌകര്യങ്ങളുമുള്ള ഒരു ഘടകം എന്ന നിലയിൽ ഓഫീസ് മുറി പഠനപ്രക്രിയയിൽ എന്തു സഹായം കുട്ടിക്ക് നേരിട്ട് ചെയ്തുകാണും? ഇതിന്നുത്തരം തേടുന്നതോടെ സ്കൂളിന്റെ ആന്തരിക സ്വഭാവം നമുക്ക് മനസ്സിലാക്കാം. ഓഫീസ് മാത്രമല്ല, ഗ്രൌണ്ട്, ലാബ്, ലൈബ്രറി എന്നിവയും തികച്ചും പഠന വൈരസ്യം മാത്രം ഉൽ‌പ്പാദിപ്പിക്കുന്ന ഇടങ്ങളെന്ന്  കാണാം. ഇവിടങ്ങളിലൊക്കെ പാലിക്കേണ്ട സ്കൂൾ മര്യാദകൾ കുട്ടിയെ ഇവിടങ്ങളിൽ നിന്നൊക്കെ അകലേക്ക് മാറ്റുന്നു. ഇതിൽ രണ്ടു തലങ്ങൾ ഉണ്ട്. ഒന്ന്. ഈ രീതികളോന്നും കുട്ടിയുമായി ചർച്ച ചെയ്ത് ജനാധിപത്യരീതിയിൽ നിർമ്മിച്ചെടുത്തവയല്ല. രണ്ട്, ഇവയുടെ ലംഘനം വലിയ ശിക്ഷകളിലേക്ക് കുട്ടിയെ അടുപ്പിക്കുന്നു. ഒരു പുസ്തകം വായിക്കാനല്ല; മറിച്ച് അതു തന്റെ കയ്യിൽ നിന്ന് കീറിപ്പോകരുതേ എന്നാണ് കുട്ടിയുടെ ശ്രദ്ധ. ഒരു ടെസ്റ്റ്യൂബ് ഉപയോഗിക്കാനല്ല മറിച്ച് അതു തന്റെ കയ്യിൽ നിന്ന് ഉടയരുതേ എന്നാണ്. പന്തു തന്റെ കാലിൽകൊണ്ട് മതിലിന്ന് പുറത്ത് പോകരുതേ എന്നാണ്.കളിയിലെ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ ഹർഷാരവമായി മാറിയാൽ ഉണ്ടാകാവുന്ന ശാസനയിലാണ്.
ഇതെല്ലാം കുട്ടിയെ സ്കൂളിൽ നിന്ന് ഒഴിവുകാലങ്ങളിലേക്ക് സന്തോഷപൂർവം ആനയിക്കുന്നു. അവധി കഴിയുന്നതിലെ കുട്ടിയുടെ വിഷമം ഇതുകൊണ്ടാവാം. നാലുമണിക്ക് ബെല്ലടികേൾക്കുന്നതിലെ ഉത്സാഹവും മറ്റൊരു കാരണവും കൊണ്ടാവില്ല.

1 comment:

അക്‌ബറലി ചാരങ്കാവ്‌ said...

ഇതൊരു നാച്ചറലിസ്‌റ്റിക്‌ വീക്ഷണത്തില്‍ മാത്രമെ സാധിക്കൂ എന്നാണ്‌ എന്റെ എളിയ തോന്നല്‍. പ്രായോഗീക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നതാണ്‌ നമ്മുടെ വിദ്യാഭ്യാസ രീതിയെങ്കിലും നമ്മള്‍ ഇപ്പോഴും ആ പഴയ ഐഡിയലിസത്തിലൂടെതന്നെയാണ്‌ കടന്ന്‌ പോകുന്നതെന്ന്‌ തോന്നുന്നു.