27 July 2011

കാലങ്ങൾ താണ്ടുന്ന കവിത


മലയാളത്തിന്റെ ശ്രീ, വൈലോപ്പിള്ളി ശ്രീധരമേനോൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കാവ്യലോകം അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുകയാവും. എന്നാൽ യശശ്ശരീരനായെങ്കിലും അദ്ദേഹത്തിന്റെ കവിത അധികശ്രീയോടുകൂടിത്തന്നെ ഇനിയും നൂറുനൂറുപിറന്നാളുകൾ ആഘോഷിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ആസ്വാദകലോകത്തിന്നാവും. കവി സച്ചിദാനന്ദൻ എഴുതിയപോലെനിരാഭരണനും നാദാകാരനുംആയിരുന്നു എന്നുംശ്രീ’. ഈയൊരു സ്വത്വം തന്നെയാണ് വൈലോപ്പിള്ളിയെ കാലങ്ങൾ താണ്ടുന്ന കവിയാക്കിത്തീർക്കുന്നത്. നാദം ഉൽപ്പത്തിയിൽ നിന്നു പ്രപഞ്ചാതിർത്തിയോളം ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന ശാസ്ത്രസങ്കൽപ്പം അറിയാത്ത ആളല്ലല്ലോ സയൻസ്മാഷ്- കവിമാഷ്.
വൈലോപ്പിള്ളിക്കവിതകൾ ഇനിയും ഒരുപാടുകാലം ഇവിടെ ഉണ്ടാവും എന്ന ഒരു ആശംസയോ അഭിലാഷമോ ഒക്കെ സാധാരണ ആസ്വാദകന്റെ പക്ഷമാണ്. അതിലധികം നമ്മെ ആശ്ചര്യപ്പെടുത്തുന്നത് കാലത്തെ കുറിച്ചുള്ള കവിയുടെ കാവ്യാത്മകമായ ദർശനങ്ങളാണ്. (ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ )   കാലബോധ്യം ഇത്രത്തോളം ഉള്ള മറ്റൊരുകവി മലയാളത്തിനില്ല. കാലസൂചന വെച്ചുകൊണ്ടാണ് വൈലോപ്പിള്ളിയുടെ രണ്ടു (അതി)പ്രധാനകവിതകൾ (കവിതാസമാഹരങ്ങളും). കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നിങ്ങനെയുള്ള നാമസൂചനകൾനാമത്തേക്കാൾക്രിയയോടും അതുമൂലം ചലനത്തോടും കാലത്തോടും അസന്നിഗ്ദ്ധമായി യൌഗികം നിർമ്മിക്കുകയാണ്. 1947 കാലത്ത്കന്നിക്കൊയ്ത്ത്എഴുതുന്നു; പിന്നൊരു മുപ്പതിലധികം കൊല്ലം കഴിഞ്ഞ്മകരക്കൊയ്ത്തുംഎന്നാണ് രചനാകാലക്രമം. കാലക്രമം എന്നതിനേക്കാൾ ഈ നിർമ്മിതികൾ കവിയുടെ കാലബോധത്തെയാണ് സ്ഥിരപ്പെടുത്തുന്നത്. ആദ്യകാല കവിതകളുടെ രചനാരിഷ്ടുകൾ തീർന്നിട്ടും കവിക്ക് ഈ കാലസൂചനകൾ മുപ്പത് വർഷം കഴിഞ്ഞും വിടാനാവാത്തത് ഇതുകൊണ്ടല്ലാതെ പിന്നെന്താവാം?
മറ്റൊന്നുകൂടി ഈ ആവർത്തനം വെളിവാക്കുന്നുണ്ട്. അത് നൈരന്തര്യമാകുന്നു. ജീവിതത്തിന്റെ  നൈരന്തര്യം. അതുമൂലമുള്ള കവിതയുടെ നൈരന്തര്യം.

"കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
എന്നെഴുതുമ്പോൾ എത്ര സൂക്ഷ്മമായി, കണിശമായി കവി ഇത് മനസ്സിലാക്കിയിരിക്കുന്നു എന്നു കാണാം. ‘കന്നിഎന്ന സൂചന- ആദികവിയിൽ നിന്നു തുടങ്ങിയ- അല്ലെങ്കിൽ അതിനും മുൻപ് കവിതയെന്നു പറയാൻ പോലും വയ്യാത്ത ഉദീരണങ്ങളിൽ നിന്ന് ഒഴുകിവന്ന മുളകൾ പൊന്നലയലച്ചെത്തുകയാണ് കൊയ്ത്തിന്നായി. ഇത് കാളിദാസൻ പറഞ്ഞതുപോലെ ആവർത്തിക്കപ്പെടുകയാണ്.
ശമമേഷ്യതി മമ ശോക:
കഥം നു വത്സേ ത്വയാ രചിതപൂർവം
ഉടജദ്വാരി വിരൂഢം
നീവാരബലിം വിലോകയത:

 ഇവിടെ കൃഷിയും കൊയ്ത്തും കാവ്യസൃഷ്ടിയും അഭിന്നങ്ങളാണ് വൈലോപ്പിള്ളിക്കെന്നും. അതറിയാൻകയ്പ്പവല്ലരിഎന്ന ഒറ്റക്കവിത ഒരിക്കൽ വായിച്ചാൽ മതി.മാത്രമല്ല; കൃഷിയും കൊയ്ത്തും കവിതയുമെല്ലാം ആത്യന്തികമായി മാനവ ദു:ഖങ്ങളെ വിത്തായും വിളവായും രൂപാന്തരപ്പെടുത്തുകയായിരുന്നുവല്ലോ. ഈ ശോകങ്ങളെ ഇന്നലത്തേയും ഇന്നത്തേയും നാളത്തേയും മനുഷ്യകുലത്തിന്റെ മുഴുവൻ സംഗീതമാക്കാനുള്ള നിരന്തരാഹ്വാനങ്ങളും വൈലോപ്പിള്ളിക്കേ സാധിച്ചിട്ടുള്ളൂ
ആകയാലൊറ്റയൊറ്റയിൽക്കാണു-
മാകുലികളെപ്പാടിടും വീണേ,
നീ കുതുകമൊടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം
ഈ ഗാനത്തിന്റെ നിർമ്മാതാവും ഉപഭോക്താവും ആവാൻ എന്നേക്കും എല്ലാർക്കുമാവുക/ക്കുക എന്നല്ലാതെ മറ്റെന്താണ് വൈലോപ്പിള്ളിക്കവിതകളുടെ ആസ്വാദകന്ന് സാർഥകമായി എന്നും ചെയ്യാനാവുക.
(വൈലോപ്പിള്ളി അനുസ്മരണം)

No comments: