05 July 2011

കവിത-അകവും പുറവും



യാത്രാമൊഴി’ എന്ന പേരിൽ പത്താംക്ലാസിൽ ഈ ഭാഗം കുട്ടികൾക്ക് പഠിക്കാനുണ്ട്. ആസ്വാദനത്തിന്റെ അധികമാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ചില പ്രവർത്തനങ്ങളും ചർച്ചയും ക്ലാസുകളിൽ ഉണ്ടാവട്ടെ.

കവിത വായന-കാവ്യാസ്വാദനം, ഉപരിതലത്തിൽ നിന്നും കുറേകൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ശരിയായ ലാവണ്യാനുഭവം വായനക്കാരന്ന് ലഭിക്കുന്നത് എന്നറിയാമല്ലോ. കവിതക്ക് പഠനസൌകര്യത്തിന്നായി അകവും പുറവും ഉണ്ടെന്നു സങ്കൽ‌പ്പിച്ചാൽ പുറം പദ-വാക്യ ഭംഗികളാണ് . അകം എന്നു പറയുന്നത് അതിലടങ്ങിയ അർഥ-ധ്വനി-രസ ലാവണ്യങ്ങളാണ്.
തൊക്കെക്കൂടി സൃഷ്ടിക്കുന്ന ദാർശനികചിന്തകളും അകം തന്നെ. ഈ തലങ്ങളിൽ കടന്നുചെല്ലാനാവുമ്പോഴാണ് കുട്ടിക്ക് കവിതാ/ കഥാസ്വാദനം അർഥപൂർണ്ണമാകുന്നത്.

പദങ്ങളിൽ നിന്ന് ദർശനത്തിലേക്ക്
ചിന്താവിഷ്ടയായസീത 191 ശ്ലോകങ്ങളാണ്. താരത‌മ്യേന അവസാനഭാഗമാണ് പഠിക്കാനുള്ള ‘യാത്രാമൊഴി’ .
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.
സീതാകാവ്യം തുടങ്ങുന്നത് ഇങ്ങനെയാണ്. സീതയുടെ ‘അതിചിന്ത’കളാണ് ആശാൻ കുറിക്കുന്നത്. അതിയായ=ധാരാളമായ ചിന്ത എന്നതിനേക്കാൾ സാധാരണനിലയിൽ നിന്നും ഉയർന്ന ചിന്ത എന്നർഥമാണ് തുടർന്ന് വായിക്കുമ്പോൾ നമുക്ക് മനസ്സിലാവുക. ചിന്തയുടെ പരപ്പല്ല, ആഴമാണ് . എത്രയധികം ചിന്ത എന്നല്ല, എത്ര ഗൌരവമായ ചിന്ത എന്നാണ് ‘അതി’ യുടെ സൂചന. തപോവനത്തിൽ വ്രതചര്യകളിൽ പഴകിയ, വളരെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള ഒരു സ്ത്രീയുടെ ചിന്ത തീർച്ചയായും ‘അതി’യായിരിക്കും എന്നു കരുതുന്നത് അസ്ഥാനത്തല്ല. സീതയുടെ ഉജ്വലമായ ചിന്തകൾ അവസാനിക്കുകയും വേണ്ടപ്പെട്ടവരോട് യാത്രചോദിച്ച് ജീവിതത്തിൽനിന്ന് വിടവാങ്ങുകയുമാണ് (പാഠഭാഗത്ത്) ചെയ്യുന്നത്.
പ്രിയരാഘവ! എന്ന സംബോധനയോടെയാണ് യാത്രാമൊഴി ആരംഭിക്കുന്നത്. രാഘവൻ-എന്ന പദം ശ്രീരാമനെ മാത്രമല്ല സൂചിപ്പിക്കുന്നത്. രഘുവംശത്തെ മുഴുവനുമാണ്. പതിവ്രതയായ ഭാര്യ ഭർത്താവിനെ മാത്രമല്ല ഭർത്താവിൽ കാണുന്നത് . ആവംശത്തെ മുഴുവനുമാണ്. വ്യക്തിയേക്കാൾ പ്രധാനം വംശംതന്നെ. രഘുവംശത്തിലെ തിളക്കമാർന്ന ഒരു കണ്ണിമാത്രമാണല്ലോ ശ്രീരാമൻ. അതുകൊണ്ടുതന്നെ ‘പ്രിയ‘ എന്നത് വംശത്തോടുള്ള ‘പ്രിയം’കൂടി കാണിക്കാനാണ്. ദിലീപൻ മുതൽ ശ്രീരാമൻ വരെയുള്ള മഹത്തായ ഒരു വംശപരമ്പര സീതയുടെ സംബോധന ശ്രവിക്കുകയാണ്.
പ്രിയം’ ആശാന് വളരെ പ്രിയപ്പെട്ട ഒരു പദമാണെന്ന് കാണാം.പ്രിയഭാവം, പ്രിയചേഷ്ട തുടങ്ങി പലയിടങ്ങളിൽ ഈ കാവ്യത്തിൽതന്നെ ആശാൻ ഈ പദം പ്രയോഗിക്കുന്നുണ്ട്. 191 ശ്ലോകങ്ങളിലായി 10 ലധികം തവണ ‘പ്രിയം’ വരുന്നു. ഈ പദത്തോടുള്ള ആശാന്റെ സവിശേഷ’പ്രിയം’ തന്നെ ‘പ്രിയ രാഘവ!‘ യിലും ഉള്ളത്.
സീത കാവ്യത്തിലുടനീളം ശ്രീരാമനെ, പ്രിയൻ, രാഘവൻ, നൃപൻ എന്നൊക്കെയേ വിളിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. വംശപ്രിയം/ വംശത്തോടുള്ള ആദരവ്/ വംശബോധ്യം തുടങ്ങിയ സ്ഥിരതകളാണിത് കാണിക്കുന്നത്. ശ്രീരാമന്റെ പര്യായങ്ങളായി സാധാരണ ഉപയോഗിക്കാറുള്ള മറ്റൊന്നും സീത പരിഗണിക്കുകയും ചെയ്യുന്നില്ല. ഇതു ശ്രദ്ധേയമായ മറ്റൊരു സംഗതിയായി നിരീക്ഷീക്കാം.

ഉയരുന്നൂ ഭുജശാഖ വിട്ടു ഞാൻ വിടപറയുകയാണ്. അനുവാദം ചോദിക്കലല്ല. തീരുമാനമാണ് (ഉയരുന്നൂ..) സീത അറിയിക്കുന്നത്. പ്രിയമുണ്ടെന്നതുകൊണ്ട് ആരും അനുവാദം കിട്ടേണ്ട അവസ്ഥയിലാവുന്നില്ല / ആവേണ്ടതില്ല എന്നു തന്നെയാണ് സൂചന. ജീവിതാനുഭവങ്ങൾ സീതാദേവിയെ അതിനുപ്രാപ്തയാക്കുന്നു. ഇതിഹാസനായിക തീർച്ചയായും അങ്ങനെയാവണം എന്നും നാം ആഗ്രഹിക്കും.സമൂഹത്തിൽ എന്നും സ്ത്രീക്ക് പുരുഷന്റെ പിന്നിലാണ് സ്ഥനം നൽകാറുള്ളതെങ്കിലും സാഹിത്യത്തിലെ സമൂഹത്തിൽ പുരുഷനോടൊപ്പമോ അതിലധികമോ സ്ഥാനം സ്ത്രീക്കുണ്ടെന്ന് (‘സാഹിത്യത്തിലെ സ്ത്രീ‘ എന്ന പാഠഭാഗം നോക്കുക) മുണ്ടശ്ശേരി നിരീക്ഷിക്കുന്നുണ്ട്. പ്രിയം,അഭിമാനം, സഹായം (ഭുജശാഖ)എന്നിവ സീതയുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്നില്ല. ‘അഭിമാനിനിയാം സ്വകാന്തയിൽ’ എന്നുതന്നെയാണ് സീത നേരത്തേയും പറഞ്ഞിട്ടുള്ളത്. സ്വാഭിമാനം തിരിച്ചറിയുന്നതോടെ സ്ത്രീ അടിമയല്ലാതാവുകയാണ്. സ്വതന്ത്രയാവുകയാണ്. ഈ സ്വാതന്ത്ര്യം നേടലാണ് ജീവിതലക്ഷ്യം. ഇത്രയും കാലം നൽകിയ സംരക്ഷണം (ഭുജശാഖ) മറക്കുന്നില്ല. ഭുജശാഖ ഞാനാണ് വിടുന്നത്. (നേരത്തെ അങ്ങ് ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ ഉപാധികളോടെ തിരികെ വിളിക്കുകയാണ്. സ്വീകരിക്കുകയാണ്.പക്ഷെ, ഞാൻ ഭുജശാഖ കൈവിടുന്നു.) അതിന്നുള്ള ശേഷി കൈവരുമ്പോൾ തീർച്ചയായും ആരും അതു ചെയ്യണം / ചെയ്തിരിക്കും എന്നുകൂടി അറിയിക്കുകയാണ് മഹാകവി.

സ്വയമദ്യോവിലൊരാശ്രയം വിനാ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ സൂചകമാണ് ‘ദ്യോവ്’=ആകാശം. ആകാശത്തിന്നുമപ്പുറം,ആകാശത്തിന്നും മുകളിലുള്ള അതിനേക്കാൾ സ്വതന്ത്രമായ ഒരിടമാകുന്നു ദിവം.ദിവം സ്വർഗ്ഗമാകുന്നു.ഭൂമിയേക്കാൾ സുഖമായ സ്വപ്നഭൂമിയാണ് ഇത്.മാനവസങ്കൽ‌പ്പത്തിലെ ഏറ്റവും വിമലമായ ഇടം. ഈ ദിവത്തിന്റെ വിശദീകരണം ആകുന്നു അടുത്ത ശ്ലോകം. ജീവിതക്ലേശങ്ങളുടെ ‘മണ്ണ്’ ഇവിടെയില്ല. ദിനരാത്രങ്ങളില്ല. ശാന്തമാകുന്നു. അനഘമാകുന്നു.ആദിധാമമാകുന്നു. ഇത്രയും വിശേഷങ്ങളുള്ള ഒരു സ്വപ്നലോകമാകുന്നു സീത എത്തിപ്പെടുമെന്ന് വിശ്വസിക്കുന്ന ആകാശം.ദിനരാത്രങ്ങൾ വെളിച്ചവും ഇരുട്ടും തന്നെ. ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സീതാകാവ്യത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ‘ഇരുളും മെല്ലെ വെളിച്ചമായ് വരാം’ എന്ന പ്രതീക്ഷ ഉടനീളം സീത ജീവിതത്തിൽ കൊണ്ടുനടക്കുന്നുണ്ട്. ഭൂമിയിൽ ഇതു സാധ്യമാകുന്നത് നിത്യപരിചയം കൊണ്ടാണ്. എന്നാൽ ആകാശത്തിൽ-ദിവം-ഇത് സ്വാഭാവികാവസ്ഥയാണ്. ദിനരാത്രികളില്ല എന്നതുകൊണ്ട് ദിനം-വെളിച്ചം മാത്രമേ ഉള്ളൂ എന്നോ രാത്രി-ഇരുട്ട് മാത്രമേ ഉള്ളൂ എന്നോ വിവക്ഷയില്ല. ശാന്തിയാണ്. അവിടെ ദിനവും രാത്രവും ഇല്ല. ശാന്തിയിൽ സുഖ ദുഖ:ങ്ങളില്ല. നിത്യശാന്തി മാത്രം. ഭൂമിയുടെ മറ്റൊരു സ്വഭാവം അല്ല; പുതിയൊരു ലോകം ആണ് ദിവം.അവിടെ ഭൂമിയിലെ മാനദണ്ഡങ്ങൾ ഒന്നും ഇല്ല. തികച്ചും പുതിയ മാനദണ്ഡങ്ങൾ. അതുകൊണ്ടുതന്നെ അത് അനഘവും ആദിധാമവുമാകുന്നു എന്ന് സീത കരുതുന്നു. ഭൂമിയാകട്ടെ അഘപൂർണ്ണവും ആദിധാമത്തിൽ നിന്ന് പിന്നീട് രൂപപ്പെട്ടുവന്നതും.അതുകൊണ്ടുതന്നെയാണു ‘ഭജമാനൈകവിഭാവ്യമിപ്പദം‘ എന്ന കൽ‌പ്പന.ശാശ്വതം, സത്യം തുടങ്ങിയ സംവർഗങ്ങൾ ഏറ്റവും ഇണങ്ങുന്ന ഒരു സ്ഥാനം ആണിത്. ‘പദം’ എന്നാണ് കവി പ്രയോഗിക്കുന്ന പദം. പദം ഒരു ലോകമല്ല. ഒരു അവസ്ഥയാണ്. അതു മനുഷ്യൻ സ്വയം എത്തിപ്പെടേണ്ടതാണ്. ജീവിതാനുഭവങ്ങളാണ് ഇതിന്ന് കളമൊരുക്കുന്നത്. ജീവിതാനുഭവങ്ങളിൽ നിന്നുണ്ടാകുന്ന അറിവാണ് ഇതിന്ന് ശക്തിനൽകുന്നത്. ഒളിച്ചോട്ടവും സാധ്യമല്ല എന്നു സീതക്കറിയാം. അതാണ് ‘രുജയാൽ പരിപക്വസത്വനായ്,നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്‘ എന്ന വാക്യം. ശാന്തിയുടെ ലോകം അനുഭവങ്ങളിലൂടെ നേടേണ്ടതാണ്. അനുഭവവും ചിന്തയും മാത്രമാണിതിന്ന് കൂട്ട്.അനുഭവങ്ങളെ വിശകലനം ചെയ്യലും അതിൽനിന്ന് അറിവുകൾ രൂപീകരിക്കലും തന്നെയാണു ‘ഭജന’.ഭജിക്കുന്നവർക്കുമാത്രം സങ്കൽ‌പ്പിക്കാവുന്നതും എത്തിച്ചേരാവുന്നതുമായ പദം=അവസ്ഥയാണിത്. ഇതു രണ്ടും ഒരു പക്ഷെ, ശ്രീരാമനേക്കാൾ മുൻപേ സീതാദേവിക്കുണ്ടായി എന്നും കരുതാനാണ് ഈ വിടപറയലിന്റെ സൂചനകൾ നമ്മെ അറിയിക്കുന്നത്.

അജപൌത്ര! സീതാദേവി യാത്രാമൊഴി അവസാനിപ്പിക്കുകയാണ്. ഇവിടെ സംബോധന ‘അജപൌത്ര’ എന്നാണ്. ഇനി ഒരിക്കൽകൂടിയേ സീത ശ്രീരാമനെ സംബോധനചെയ്യുന്നുള്ളൂ. അത് ‘അനഘാശയ’ എന്നാണുതാനും.ആദ്യം മുതലുള്ള ഈ സംബോധനകൾ തന്നെ സീതാദേവിയുടെ ദർശനപരമായ വികാസം പ്രകാശിപ്പിക്കുന്നതാണ്. കാവ്യാനുശീലനത്തിൽ ഇതും (‘സംബോധനകളുടെ സൌന്ദര്യം’) നാം പഠിക്കേണ്ടതാണ്.
അജമഹാരാജാവിന്റെ പുത്രൻ ദശരഥൻ, ദശരഥപുത്രൻ ശ്രീരാമൻ. ഇതാണ് വംശാവലി. പ്രിയപ്പെട്ടവളുടെ വിരഹം കഠിനമായി അനുഭവിച്ചവനാണ് അജരാജാവ്. അജപത്നിയായ ഇന്ദുമതി, ഒരിക്കൽ അജനുമൊത്ത് ഉദ്യാനത്തിൽ ഇരിക്കുമ്പോൾ നാരദമഹർഷിയുടെ തംബുരുവിൽനിന്നും അടർന്നുവീണ പൂവിതൾ മാറിൽകൊണ്ട് മരിച്ചുപോകുന്നു. കാളിദാസൻ രഘുവംശമഹാകാവ്യത്തിൽ (എട്ടാം സർഗ്ഗം) ഈ കഥ വിസ്തരിക്കുന്നുണ്ട്. ‘അജവിലാപം’ അതിപ്രശസ്തമായ ഒരു കാവ്യഖണ്ഡമാണ്.
ഭർത്താവിന്ന് ഭാര്യയോടുള്ള അനിതരസാധാരണമായ സ്നേഹത്തിന്റെ കഥയാണ് അജവിലാപം. ആ ‘അജമഹാരാജാവിന്റെ പൌത്രൻ‘ എന്ന സംബോധന സീതവിട്ടുപ്പോകുമ്പോൾ സ്വാഭാവികമായും ശ്രീരാമനുണ്ടാകനിടയുള്ള വിപുലമായ ഖേദത്തെ സൂചിപ്പിക്കുന്നു. സീതക്കതറിയാം. എന്നാലും വിട്ടുപോകാതിരിക്കാൻ ആവില്ലെന്നും സീതക്കറിയാം.(…….പാവയോയിവൾ!/ എൻ മനവും ചേതനയും വഴങ്ങിടാ/ തുടങ്ങിയ വാക്യങ്ങൾ തുടർന്നു വരുന്നുണ്ട്) അജമഹാരാജാവിന്റെ വിലാപത്തിലെ ഒരു വാക്യം ‘കഥമേകപദേ നിരാഗസം, ജനമാഭാഷ്യമിമം മ മന്യസേ- (ഇന്ദുമതി) ഒരക്ഷരം പോലും പറയാതെ പോയതെന്തേ എന്നാണ്. ഇവിടെ സീത കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊണ്ടാണ് വിടപറയുന്നത്.മുത്തച്ഛനുണ്ടായ അനുഭവം അല്ല ശ്രീരമന് എന്നർഥം. ഇന്ദുമതിയുടെ വേർപാടോടെ അജൻ ‘ സ വിവേശപുരീം തയാവിനാ/ ക്ഷണദാപായ ശശാങ്കദർശന:‘ (അമ്പിളി വിട്ടുപോയ രാത്രിപോലായിത്തീർന്നു). എന്നാൽ ശ്രീരാമന്ന് ആ അവസ്ഥയില്ല.
രുജയാൽ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!
ന്ന വ്യക്തതയുണ്ട്. ഇരുൾനീങ്ങിയുള്ള സുപ്രഭാതങ്ങൾ (അല്ലെങ്കിൽ ദിനരാത്രങ്ങളൊഴിഞ്ഞ അവസ്ഥതന്നെ) ഇവിടെ സീത ദീർഘദർശനം ചെയ്യുന്നുണ്ട്.

കുമാരനാശാനൊപ്പവും മുൻപും പിൻപും ഒരുപാട് ‘വിടവാങ്ങൽ‘ കാവ്യഭാഗങ്ങൾ നമ്മുടെ കാവ്യലോകത്തുണ്ട്. വിടപറയൽ ഒരു പക്ഷെ, മനുഷ്യജീവിതത്തിലെ ഏറ്റവും ഉജ്വലമായ ഒരുസന്ദർഭമാകുന്നു. വൈലോപ്പിള്ളിയുടെ ഒരു കവിതയുടെയും കാവ്യസമാഹരത്തിന്റേയും പേർതന്നെ ‘വിട’ എന്നാണ്. നമ്മുടെ ക്ലാസിക്ക്, നിയോക്ലാസിക്ക് കാവ്യങ്ങളിലൊക്കെ വളരെ ഉപരിപ്ലവമായ വിടകൾ കാണാം. ഇടപ്പള്ളിയുടെ കവിതകൾ തൊട്ട് ഇങ്ങോട്ടും ആധുനിക കവികൾവരെ (‘യാത്രാമൊഴി‘ എന്ന പേരിൽ‌പ്പോലും ) ഈ സന്ദർഭം ഭിന്ന മാനങ്ങളിൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിൽനിന്നൊക്കെ വ്യത്യസ്തമായി ആശാൻ‌കവിത വളരെ ഉയർന്ന ദാർശനികമാനങ്ങളോടെയും കാവ്യസൌന്ദര്യത്തോടെയും ഇന്നും നിലനിൽക്കുകയാണ്.




1 comment:

Kalavallabhan said...

"ആസ്വാദനത്തിന്റെ അധികമാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ "
ഇത്രയും മതിയാവില്ല...
തുടങ്ങിയ സ്ഥിതിക്ക് അലപം കൂടിയാവാമായിരുന്നു.
അനഘാശയ നെയും വിട്ടുകളഞ്ഞോ ?
അത്യാഗ്രഹമായിരിക്കാം ഇങ്ങനെ എന്നെക്കൊണ്ട് പറയിപ്പിക്കുന്നത് അല്ലേ ?