19 July 2011

‘വർത്തമാനങ്ങളിൽ’ നിറയുന്നത്


ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റേയോ കുടുംബത്തിന്റേയൊ വർത്തമാനങ്ങളിൽ സ്വാഭാവികമായും ഉണ്ടാവുക അതതിന്റെ വികാസവുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളുടെ ബീജങ്ങളാവും. കുടുംബത്തിൽ ഇത് ഇന്നത്തേക്കാൾ മികച്ച ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഊന്നിയാവും. ഈ പ്രവർത്തനങ്ങൾ തികച്ചും ധാർമ്മികമായ അടിത്തറയിൽ ഉറച്ചുനിന്നുമാവും. കുടുംബാങ്ങളുടെ വ്യക്തിപരവും കുടുംബപരവും തറവാട്ടുപരവുമായ ധാർമ്മികത ഇതിന്ന് കാരണമാവും. അധാർമ്മികതയുടെ അംശങ്ങൾ സ്വയമേവ ഉള്ളിൽവെച്ച് ചോദ്യം ചെയ്യപ്പെടും.
സമൂഹത്തിലാവുമ്പോൾ വർത്തമാനങ്ങൾ സമൂഹത്തിന്റെ വികാസത്തെകുറിച്ചുള്ള സങ്കൽപ്പങ്ങളിലാവും . സമൂഹത്തിന്റെ മൊത്തം വളർച്ച മുന്നിൽ കണ്ടാവും ഇതൊക്കെയും. അതു സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പാരസ്പര്യത്തിന്റേയും അടിത്തറകളിൽ വിശ്വാസമൂന്നിയുമാവും. രാജ്യത്തിന്റേയും വർത്തമാനസ്വഭാവം ഇതിൽ നിന്നും അധികം ഭിന്നമല്ല. അവിടെ രാജ്യതന്ത്രത്തിന്റെ അംശങ്ങൾ അധികമായി ചേരും. പലപ്പോഴും ഇത് ധർമ്മാധർമ്മ ചിന്തകളുടെ സാധാരണയുക്തിക്ക് അകത്തുനിൽക്കുന്നതാവില്ല. സാധാരണയുക്തികൊണ്ട് ഇതു ബോധ്യപ്പെടാനാവില്ലെന്നതിനാലാനല്ലോ രാജ്യതന്ത്രം ഒരു പഠ്യവിഷയമായി സമൂഹം കണക്കാക്കപ്പെടുന്നത്. ‘ധർമ്മത്തിന്റെ മാർഗ്ഗം വളരെ ഗൂഢമാകുന്നുഎന്നാണ് പഴമൊഴി.
വർത്തമാനങ്ങളിൽരണ്ടുസംഗതികളിലാണ് ഊന്നൽ. 1. വികാസത്തിന്നുള്ള പദ്ധതി രൂപരേഖ. അതിൽ പദ്ധതി സങ്കൽപ്പനം തൊട്ട് പ്രാവർത്തികമാക്കാനുള്ള ആസൂത്രണം വരെ ഉണ്ടാകും. 2. അതിന്റെയൊക്കെ യുക്തിയും ധാർമ്മികതയുമാണ് ഇനിയുള്ളത്. ഇതിന്നാണ് പലപ്പോഴും അധിക സമയം വിനിയോഗിക്കാറ്. അതു ഫലത്തിലെത്തണമെങ്കിൽ സമൂഹം- വർത്തമാനത്തിലേർപ്പെടുന്ന സമൂഹം- മുഴുവനും ധാർമ്മികമായി ഉന്നതചിന്തകൾ / ആചരണങ്ങൾ ഉള്ളവരുമായിരിക്കണം. ഇതു രണ്ടും എകകാലത്തിൽ സംഭവിക്കുന്നതോടെയാണ് കുടുംബമായാലും സമൂഹമായാലും രാജ്യമായാലും അതിവേഗത്തിൽ പുരോഗമിക്കുന്നത്. ഇതിൽ വരുന്ന തടസ്സങ്ങളൊക്കെയും വികാസത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടേയിരിക്കും.
ഇതാണ് വികാസത്തിന്റെ ആധാരമെന്നിരിക്കെ , നമ്മുടെ സമകാലികസമൂഹത്തിൽ  ‘വർത്തമാനങ്ങളൊക്കെയും ഒരു തരത്തിലുള്ളറിപ്പയറുകളിലേക്ക് അധികസമയം-ഒരു പക്ഷേ മുഴുവൻ സമയവുംഉപയോഗിക്കേണ്ടിവരുന്നു എന്ന ദുസ്ഥിതിയിലേക്ക് എത്തിച്ചേരുകയാണ്. പത്രമാധ്യമങ്ങളൊക്കെയും പുറത്തുവിടുന്ന വിവാദങ്ങൾ, കൊടും അധാർമ്മികതകൾ, അതിനെ തുടർന്നുള്ള നടപടിക്രങ്ങൾ, തുടർച്ചകളില്ലാത്ത പുതിയ വിവാദങ്ങൾ എന്നിവ ഏറ്റവും അധികരിച്ചുനിൽക്കുകയാണ്. രണ്ടു തരത്തിൽ ഇവ നമ്മുടെ വർത്തമാനങ്ങളെ ദുർബലപ്പെടുത്തുന്നു. 1. അധാർമ്മികതയുടെറിപ്പയറുകൾആണ് ഒന്ന്. ഒരു തെറ്റു ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അതിനെ തിരുത്താനുള്ള (തിരുത്താനും മാതൃകാപരമായി ശിക്ഷിക്കാനും) നടപടികൾക്കുള്ള വർത്തമാനങ്ങൾ ഒരു പാട് സമയം ഉപയോഗിക്കപ്പെടുത്തേണ്ടിവരുന്നു. ഇതത്രയും യഥാർഥ വികസന വർത്തമാനങ്ങൾക്ക് പ്രയോജനപ്പെടുത്താനാവുമായിരുന്നതാണ്.  2. പുരോഗതിക്കും വളർച്ചക്കുമുള്ള വർത്തമാനങ്ങൾ നടക്കേണ്ടിടത്ത് , ആ അജണ്ട തന്നെ ഈ വാർത്താവ്യവസായം അട്ടിമറിക്കുന്നു. പുതിയ റോഡ് എന്നല്ല അജണ്ട; മറിച്ച് വെട്ടിയ റോഡിന്റെ പിന്നിൽ നടന്ന അധാർമ്മികത (അഴിമതി, സ്വജനപക്ഷപാതം) വർത്തമാനം ചെയ്യേണ്ടിവരുന്നു. സ്ത്രീകളുടെ സാമൂഹ്യമായ പദവിയിൽ ഉണ്ടാവേണ്ട വളർച്ച ആസൂത്രണം ചെയ്യേണ്ട വർത്തമാനങ്ങൾക്ക് പകരം , പീഡനങ്ങളിലെ അധാർമ്മികത ചർച്ച ചെയ്യേണ്ടിവരുന്നു.(അധർമ്മത്തെ എത്രയധികം ചർച്ചയിൽ അജണ്ടയാക്കിയാലും അതൊരിക്കലും ധർമ്മപദവിലെത്തുകയില്ലല്ലോ.)  ആത്യന്തികമായി ഇതു രണ്ടും യഥാർഥവികാസത്തെ വൈകിക്കുന്നു. പത്രം തൊട്ടുള്ള എല്ലാ മാധ്യമങ്ങളുടേയും പ്രവർത്തനശൈലിയുടെ ആത്യന്തിക ഫലം ഇതാവുകയാണ്.
എന്നാൽ, സമൂഹത്തിൽ നടക്കുന്ന കുത്സിതവൃത്തികൾ വാർത്തയാക്കേണ്ടതില്ല എന്നാല്ല്ല. വാർത്തയെ വർത്തമാനമാക്കുന്നതാണ് പ്രശ്നം. വാർത്ത തീർച്ചയായും നിയമനടപടികൾക്ക് വഴിയൊരുക്കണം. അതു വ്യക്തികളും സംഘടനകളും സർക്കാരും ചെയ്യുന്നുണ്ട്. മാധ്യമങ്ങൾ അതു നിരന്തരം പിന്തുടരുന്നുമുണ്ട്. എന്നാൽ ഇതൊക്കെയും സമൂഹത്തിൽ മൊത്തം നിർബന്ധപൂർവം വർത്തമാനപ്പെടുത്തുന്നത് ഗുണകരമാവുകയല്ല ചെയ്യുന്നത്.
നോട്ട്:
യുവതിയെ പീഡിപ്പിച്ച വാർത്ത അറിയിച്ചുകഴിഞ്ഞാൽ സ്വാഭാവികമായി തുടർന്ന് നിയമനടപടികൾ ഉണ്ടാവുന്നുണ്ട്.
ഇതിന്റെ ചർച്ച- വർത്തമാനം- പീഡിപ്പിച്ചതിന്റെ വിശദാംശങ്ങളും നിയമപരമായ വിശകലങ്ങളും മുങ്കാല സംഭവങ്ങളും ഒക്കെയാവുന്നതിനു പകരം
സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്തുന്നതിന്നുള്ള പുതിയ ആശയങ്ങളും പരിപാടികളും പദ്ധതികളും ആയിരിക്കണം.

No comments: