17 March 2010

തികഞ്ഞ സംതൃപ്തിയോടെ ഒരു പരീക്ഷയെഴുത്ത്

പരീക്ഷകളൊക്കെ ഭയം ഉണ്ടാക്കുമെന്നത് സ്വാഭാവികം. കുട്ടി പരീക്ഷകളെ കുറിച്ചു കാണുന്നതും കേൾക്കുന്നതും ഒക്കെ ഭയകഥകളാണെന്നതാണിതിനു ഒരു കാരണം. പരീക്ഷാപ്പേടി ഉൽ‌പ്പാദിപ്പിക്കുന്നതിൽ ഭരണസംവിധാനവും, മാധ്യമങ്ങളും, സ്കൂളും, രക്ഷിതാക്കളും ഒക്കെ ഭാഗഭാക്കാവുന്നു. സഹായം ചെയ്യുന്നതിന്റെ രൂപത്തിൽ ഭയം നൽകുക എന്ന വൈ രുധ്യാത്മകമായ ഒരു സംഗതി ഇതിൽ കാണാം. എന്നാൽ ഇന്നലത്തെ ഇംഗ്ലീഷ് പരീക്ഷ എഴുതിയിറങ്ങിയ കുട്ടിയും കാത്തുനിന്ന അധ്യാപികയും തികഞ്ഞ സംതൃപ്തി അനുഭവിച്ചു.സ്കൂൾമുറ്റങ്ങളിൽ ആശ്വാസങ്ങളുടെ വേനൽ മഴ!

നല്ല ചോദ്യപേപ്പർ. നന്നായി എഴുതാൻ വേണ്ട സമയം. ക്ലാസ്‌മുറികളിൽ പലവട്ടം ചെയ്തു ശീലിച്ച പ്രവർത്തനങ്ങൾ മിക്കതും നിറയുന്ന ചോദ്യങ്ങൾ. വേണ്ടത്ര സൂചനകൾ. വ്യക്തതയുള്ള ചോദ്യപാഠങ്ങൾ. ചുരുക്കത്തിൽ എഴുതിമതിയായില്ലെന്നു കുട്ടികൾ.

Comprehension Power അടിസ്ഥാനമാക്കി 12 ചോദ്യങ്ങൾ. അതിൽ പകുതി Prose, പകുതി Poetry. എല്ലാ വളരെ രസകരമായി പഠിച്ച പാഠങ്ങൾ. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ തീർച്ചയായും ഈ ഭാഷാശേഷിക്ക് വളരെ പ്രാധാന്യമുണ്ട്. പിന്നെ വരുന്നത് creativity. അക്കാര്യത്തിലും നല്ല ചോദ്യങ്ങൾ ചോദിച്ചു. കത്ത്, പ്രസംഗം, പ്ലക്കാർഡ് എന്നിങ്ങനെ. Langauge ability അടിസ്ഥാനമാക്കിയുള്ള വ്യാകരണ ഭാഗങ്ങളും മികച്ചവയായിരുന്നു. വിവരശേഷരണം, വിവര വിശകലനം തുടങ്ങിയ സംഗതികൾക്ക് ഊന്നൽ നൽകിയ 5 ചോദ്യങ്ങൾ -പട്ടിക വിവരവിശകലനം സമഗ്രമായിരുന്നു. പഠിച്ച കാര്യങ്ങൾ- സംഭവങ്ങൾ കാലക്രമത്തിൽ അടുക്കിവെക്കാനുള്ള കഴിവ് പരിശോധിക്കുന്ന 14 ആം ചോദ്യം പലരൂപത്തിൽ പലവട്ടം ക്ലാസുകളിൽ ചെയ്തവ തന്നെ.എന്നാൽ ക്ലാസ്‌മുറികളിൽ പഠിച്ചവയിൽ നിന്നും വിട്ട് മുൻപരിചയമില്ലാത്ത ഒരു ഖണ്ഡിക നൽകി (un known pasage) അത് അവധാരണം ചെയ്യാനുള്ള 6 ചോദ്യങ്ങളും ഉണ്ട്. പാഠപുസ്തകത്തിന്നപ്പുറം ചെല്ലുന്ന ഈ ചോദ്യങ്ങൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് അവരുടെ മികവ് വെളിപ്പെടുത്താനും ഉയർന്ന നിലയിൽ ജയിക്കാനും അവസരം ഉണ്ടാക്കിയിട്ടുണ്ട്.

ഇതു സൂചിപ്പിക്കുന്നത് എല്ലാ നിലവാരത്തിലുള്ള കുട്ടികൾക്കും അവരവരുടെ മികവിന്റെ നിലയിൽ ഉയരാനുള്ള ഒരു പരീക്ഷ തന്നെയായിരുന്നു ഇക്കുറി ഇംഗ്ലീഷ് പരീക്ഷ. സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ, അക്ഷരപ്പിശക്, വാക്യപ്പിശക് തുടങ്ങിയവയൊന്നും കുട്ടികളോ അധ്യാപികമാരോ ചൂണ്ടിക്കാട്ടിയില്ല. മാത്രമല്ല, കുട്ടിക്ക് അവളുടെ തനിമ പരമാവധി പ്രകടിപ്പിക്കാൻ അവസരം നൽകിയ ചോദ്യം 13 –ബി , അതിലെ ഒരു ഭാഗം-‘you may prepare the speech based on the lesson…..’ വലിയ പ്രശംസ അർഹിക്കുന്നു. കുട്ടിക്ക് ഒരേ സമയം സർഗ്ഗത്മകതക്കുള്ള സ്വാതന്ത്ര്യവും ഒരൽ‌പ്പം പിന്നാക്കം നിൽക്കുന്നവർക്ക് വലിയ സഹായവും ചെയ്യുന്ന ഈ പ്രയോഗം മാത്രം മതി ചോദ്യങ്ങൾ തയ്യാറാക്കിയ ആൾക്ക് അഭിവാദ്യമർപ്പിക്കാൻ!തികച്ചും child centered.

ഈ സവിശേഷതകൾ തിരിച്ചറിയുന്ന ഒരു മൂല്യനിർണ്ണയക്യാ‍മ്പ് കൂടി അനുപൂരകമായി ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു – അധ്യാപകരും കുട്ടികളും.

പ.ലി:

അപ്പോൾ ഞാൻ പ്രദീപ് മാഷിനോട് ചോദിച്ചു:

എന്നാൽ മാഷേ, ഇതാണോ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിന്റെ ഉത്തമ മതൃക? കഴിഞ്ഞകാലങ്ങളിൽ ചെയ്ത ക്ലസ്റ്റരുകൾ, പ്രത്യേക പഠനപരിപാടികൾ, വിവിധ ജില്ലകളിൽ നടന്ന ഇംഗ്ലീഷ് മെച്ചപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികൾ ഒക്കെ കൂട്ടിക്കിഴിച്ചാൽ ഇതാണോ മാതൃകാചോദ്യപ്പേപ്പർ?

പ്രദീപ് മാഷ്: അതെ ഇതും ഒരു മാതൃക തന്നെ. ഇന്നത്തെ നിലക്ക് ഇതും ഒരു മാതൃക തന്നെ.

Published in Madhyama Daily on 18-3-10

No comments: