23 March 2010

തികച്ചും അശാസ്ത്രീയമായ സമീപനം

പാഠപുസ്തകത്തിൽ നിന്നു നേരിട്ട് ചോദിക്കില്ല; പഠിച്ചതത്വങ്ങൾ ഉപയോഗിച്ചുള്ള പ്രായോഗികമാനത്തിലാവും ചോദ്യരീതി….ഇതു പല തവണ മാഷ് പറഞ്ഞതാണെന്ന ഓർമ്മയിലാണ് പരീക്ഷാഹാളിൽ കയറിയത്. മാഷ് ഇങ്ങനെ പറയുന്നത് അദ്ദേഹം ക്ലസ്റ്ററുകളിൽ സ്ഥിരമായി പങ്കെടുത്തതിന്റെ അനുഭവങ്ങളിലാണല്ലോ. മോഡൽ പരീക്ഷ ഉഷാറായി എഴുതിയതാണ്….എന്നാൽ കൂളോഫ് സമയം തന്നെ വിയർത്തു….സർവത്ര ടെക്സ്റ്റ് മയം.വളരെ ചെറിയ റ്റ്വിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ട് ചോദ്യകർത്താവ്. അത്രതന്നെ.

ടെക്സ്റ്റ് ശരിക്ക് ഫോളോ ചെയ്തകുട്ടിക്ക് എല്ലാം എഴുതാൻ കഴിയും. മറ്റു പഠനസാമഗ്രികൾക്ക് വേണ്ടി സമയം കളഞ്ഞവർക്ക് കഷ്ടം …അധ്യാപിക ഖേദിച്ചു.പിന്നെ ഒക്കെ 1 സ്കോർ, 2 സ്കോർ മട്ടിലാണ് വിതരണം. കഷ്ടിമുഷ്ടി എല്ലാർക്കും ഒരു 10 സ്കോർകിട്ടും. ജയിക്കും. എ യും എ+ ഒക്കെ മറന്നേക്കുക!ബഹുഭൂരിപക്ഷം കുട്ടികളും അധ്യാപകരും ഇതു തന്നെ പറയും.മിക്ക ചോദ്യങ്ങൾക്കും ‘എൻട്രി ലവെൽ’ ഇല്ല. മിടുമിടുക്കികൾക്കു മാത്രം ഒഴിച്ചിട്ടിരിക്കുന്നു.അതു കൊണ്ടുതന്നെ സമയം ഇഷ്ടമ്പോലെ എന്നു കുട്ടികൾ.

1,2, ചോദ്യങ്ങൾ വലിയ കുഴപ്പം ഇല്ല. 3ആം ചോദ്യം പതിവില്ല; പാഠത്തിന്റെ അവസാനം ഊന്നിയൊരു ചോദ്യം. ചോദിക്കൻ പാടില്ല എന്നല്ല; പതിവില്ല എന്നു മാത്രം.
ചോദ്യം 4: ഇതു വായിച്ച് കുട്ടികൾ അന്തം വിട്ടു. ഗാഢസൾഫൂറിക്ക് ആസിഡിനെ തിരിച്ചറിയുന്ന ഒരു പ്രവർത്തനവും ക്ലാസ്മുറിയിൽ ഉണ്ടായിട്ടില്ലല്ലോ. നിർജ്ജലീകരണം, ശോഷകാരകം എന്നി കൺസെപ്റ്റുകൾ പഠിച്ചു. തിരിച്ചിട്ട ഈ ചോദ്യം ഭയങ്കര ഭാവനതന്നെ!
5 നു 2 സ്കോർ കിട്ടാം. ഒന്നെകിലും ഉറപ്പ്. ചോദ്യം 6 ഗ്രാഫ് നോക്കി ഖരം, ദ്രാവകം വാതകം എന്നുവരെ കുട്ടികൾ എഴുതി. A,B,C എന്നീ മൂലകങ്ങളെ തിരിച്ചറിയുക എന്ന പ്രസ്താവന അവ്യക്തം. പേരെഴുതണോ, രാസസൂത്രം എഴുതണോ, രാസനാമം എഴുതണോ….മനസ്സിലായില്ല.
7 ആം ചോദ്യം മെല്ലെ കടന്നു കിട്ടി. 8 എളുപ്പം. 8എ എഴുതാൻ ഒരു കെമിസ്റ്റ്ട്രിയും വേണ്ട. സാമാന്യബുദ്ധി മതി. 8 ബി എഴുതാൻ പത്താം ക്ലാസുകാരന്ന് പറ്റില്ല; ക്രിട്ടിക്കൽ റ്റെമ്പറേച്ചറും മറ്റും പഠിക്കാനില്ല. അതറിയാതെ എഴുതുന്നത് ഉത്തരമാവില്ലല്ലോ.
9ആം ചോദ്യം വിചിത്രമാക്കിയിരിക്കുന്നു. നൈറ്റ്രിക്ക് ആസിഡ് ഉണ്ടാക്കുന്ന വിധം ചോദിച്ചാൽ മതി. അതിന്ന് ഒരു ‘കഥ ‘ പറയുന്നു.ഒരു പരീക്ഷണം നിർവഹിക്കാൻ ആവശ്യമായ നൈറ്റ്രിക്ക് ആസിഡ് ലാബിൽ ഇല്ല. …ഇതാണോ ശാസ്ത്രീയത? അങ്ങനെ ഉണ്ടാക്കിയ ആസിഡ് ലാബിൽ നേരിട്ട് ഉപയോഗിക്കാൻ കഴിയും എന്നാണോ മനസ്സിലാക്കേണ്ടത്?
10 ആം ചോദ്യം. എന്റ്ട്രി ലെവൽ ഇല്ല. ചോദ്യവും കുഴപ്പം. 1-ക്ലോറോ 2-മൈഥിൽ പ്രൊപെയ്ൻ കുട്ടിക്കറിയാം. എന്നാൽ 2- മൈഥിൽ 1-ക്ലോറോ പ്രൊപൈൻ എന്താ? ഒരു രാസവസ്തുവിന്റെ നാമകരണം പോലും വിലക്ഷണമാക്കി കുട്ടിയെ വലച്ചു! (പല കുട്ടികളും ചോദ്യം വായിച്ചു അടക്കിച്ചിരിച്ചു.ചോദ്യകർത്താവിനെ ഓർത്ത്.) 11 ആം ചോദ്യവും ഗുണം പിടിച്ചില്ല. Industrial chemistry ചോദിക്കുമെന്ന് കുട്ടിക്കറിയില്ലല്ലൊ. Red Phosphorus എന്ന ഉത്തരം മതിയെങ്കിൽ ശരി.1 സ്കോർകിട്ടും അല്ലെങ്കിൽ 0. കുട്ടിക്ക് പ്രൊജെക്റ്റ് എന്നാൽ സി.ഇ.യുടെ ഭാഗമായി ചെയ്ത സംഗതികളാണ്. ഇതെന്ത് പ്രോജെക്റ്റ്? പിന്നെ ‘തീപ്പെട്ടി’ എന്നു പറയുന്നത് ‘തീപ്പെട്ടിക്കൊള്ളിയും’ ഉള്ളതല്ലേ? എന്തൊരു ഭാഷാനൈപുണി?
13 ആം ചോദ്യം വായിച്ചപ്പോൾ ‘എ’ ക്ക് ഉത്തരമെഴുതാൻ ഈ പട്ടികയെന്തിന്? ‘ബി’ ക്ക് ഉത്തരമെഴുതാൻ ഈ പട്ടിക യെന്തിന്? പോട്ടെ എന്നാലും വായിച്ചു!
15,16,17 ചോദ്യങ്ങളെ കുറിച്ചു കുട്ടികൾക്കിപ്പോഴും വ്യക്തതയില്ല.’ഏതെങ്കിലും മൂന്നിന്ന് ഉത്തരമെഴുതുക’ എന്നാണല്ലോ. ഏതാ മൂന്ന്? തിരഞ്ഞുനടന്നു. പിന്നെ ഓരോരുത്തരും അവരവരുടെ യുക്തം പോലെ എഴുതി.17 ആം ചോദ്യം ബാലിശമാണോ?ആവില്ല, ചോദ്യപാഠമെഴുതാൻ കണ്ട ഒരു സൂത്രമാവും.
ഒരു കാര്യം ഉറപ്പായി. Chemistry പഠിക്കാൻ ബഹു രസം. പരീക്ഷക്ക് നന്നല്ല-ഇതുപോലാണെങ്കിൽ.


Published in Madhyamam Daily on 24032010

1 comment:

naamoos said...

തിരക്കിന് അവധി നല്‍കുന്ന അവസരങ്ങളില്‍ അല്‍പ സമയം 'നാട്ടെഴുത്ത്' എന്ന പുതിയ സംരംഭത്തില്‍ താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. സഹ്രദയ മനസ്സേ...ഔദാര്യപൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ pls join: www.kasave.ning.com