ഏതൊരു പരീക്ഷയും മികച്ചതാവുന്നത് അത് എല്ലാ നിലവാരക്കാർക്കും ഇടപെടാൻ സമ്മതം നൽകുമ്പോഴാണ്. ഇത് സാധ്യമായാൽ എല്ലാ കുട്ടിയും പരീക്ഷ എളുപ്പമായിരുന്നു എന്നു ഉറക്കെ സമ്മതിക്കും. ആത്മവിശ്വാസത്തോടെ അടുത്തപരീക്ഷക്ക് തയ്യാറാകും. ഇന്നലെ നടന്ന എസ്.എസ്.എൽ.സി.ഫിസിക്സ് പരീക്ഷയെ സംബന്ധിച്ച ഒരു സാമാന്യനിരീക്ഷണം ഇതാണ്.
പതിനെട്ട് ചോദ്യങ്ങൾ, വലിയ ചോദ്യങ്ങൾക്കെല്ലാം ഉപ ചോദ്യങ്ങൾ, ഒന്നു-ഒന്നര- രണ്ട് വീതം സ്കോറുകൾ, ആവശ്യമായ വിശദാംശങ്ങൾ-നിർദ്ദേശങ്ങൾ-പൊതുവെ ഫിസിക്സ് പരീക്ഷ നിലവാരം പുലത്തിയെന്നു കുട്ടികളും അധ്യാപകരും അഭിപ്രായപ്പെട്ടു.ഒരെണ്ണം തെറ്റിയാലും ഒന്നോ ഒന്നരയോ സ്കോറേ നഷ്ടപ്പെടൂ എന്നാശ്വാസം എല്ലാരും പ്രകടിപ്പിച്ചു.
മിക്ക ചോദ്യങ്ങളിലും കണ്ട ഒരു സവിശേഷത entry level കഴിഞ്ഞാൽ രണ്ടാം ഘട്ടം മികച്ച നിലവാരക്കാർക്കും മൂന്നാം ഘട്ടം മിടുമിടുക്കികൾക്കും ഉള്ളവയാണെന്നതണ്. ഇത്ര വിദ്ഗ്ധമായി ഇതു രൂപപ്പെടുത്താനായി എന്നതിൽ ചോദ്യം ഉണ്ടാക്കിയവർ അനുമോദനം അർഹിക്കുന്നു. എന്നാൽ ചില ചോദ്യങ്ങൾ എ+കാർക്ക് വേണ്ടി മാത്രമാക്കിയും (11,13 ചോദ്യങ്ങൾ) വെച്ചിട്ടുണ്ട്. ഒരുപക്ഷെ , ഒരൽപ്പം വികൃതി ചേർന്ന ഈ ചോദ്യങ്ങൾ സാധാരണക്കാരെ മാത്രമല്ല, മിടുക്കന്മാരേയും നന്നായി കുഴക്കി. ചോദ്യപേപ്പറിന്ന് കൃത്രിമമായ ഗൌരവം ഉണ്ടാക്കാൻ ചെയ്തതാവാം. എന്തൊക്കെയായാലും ഒരു 30 സ്കോറുവരെ എല്ലാർക്കും ലഭിക്കാവുന്ന തരത്തിൽ പരീക്ഷ ഉഷാറായി.
പരീക്ഷ, അതും ശാസ്ത്രവിഷയം ആവുമ്പോൾ കുറേകൂടി കൃത്യതയും സൂക്ഷ്മതയും ആവാമായിരുന്നു എന്നു തോന്നി. പരീക്ഷ തുടങ്ങുന്നതിന്ന് ഒരു മണിക്കൂർ മുൻപ് വരെ ഇപ്പോൾ സ്കൂളുകളിൽ കുട്ടികളും അധ്യാപകരും പഠനപ്രവർത്തനങ്ങളിൽ വ്യാപൃതരാണല്ലോ. അവിടെ നടക്കുന്നത് വരാൻ സാധ്യതയുള്ള എല്ലാ ഘടകങ്ങളും ചർച്ചചെയ്യാറുണ്ട്. പക്ഷെ അതിലൊന്നിലും വരാത്ത ഒന്നായി ഗോളീയ ദർപ്പണം പൊട്ടിക്കൽ. ചോദ്യം 11. ഗോളീയ ദർപ്പണം പൊട്ടിയത് ലംബമായാണോ, തിരശ്ചീനമായാണൊ എന്നൊന്നും ചോദ്യത്തിലില്ല. ചിത്രത്തെ വിശ്വസിക്കാൻ പറ്റില്ല. കാരണം പൊട്ടിയ വലിയ തുണ്ടിൽ പോൾ P അടയാളപ്പെടുത്തിയത് എങ്ങനെ സമ്മതിക്കും? മിക്ക കുട്ടികളും ദർപ്പണം പൊട്ടിയതോടെ ആശയക്കുഴപ്പത്തിലായി. ഇനി ഇതിന്റെ ബാക്കി ചർച്ച മൂല്യനിർണ്ണയക്യാമ്പിൽ നടക്കും എന്നു കരുതാം.
ഈ കൃത്യത ഇല്ലായ്മ 9ആം ചോദ്യത്തിലും കാണാം. ചിത്രം കൊടുത്തിട്ടുണ്ട്. ചിത്രം നിരീക്ഷിച്ച് ഉത്തരമെഴുതണം എന്ന നിർദ്ദേശവും. അതിലെ ‘എ’ ചോദ്യം എഴുതി. ചിത്രം ‘നിരീക്ഷിച്ചു’ ‘ബി’യും ‘സി’യും എഴുതാനാവില്ല. സമയം ചെലവിട്ട് ‘നിരീക്ഷിച്ചു’ അവസാനം പാഠം പഠിച്ച ഓർമ്മയിൽ ഉത്തരമെഴുതി. പരീക്ഷകൾ കുട്ടിയെ സഹായിക്കാനേ ആകാവൂ. നല്ല സ്കോറുകിട്ടിയാലേ തുടർപഠനം സുഖകരമാകൂ.
18ആം ചോദ്യം മികച്ച ഒരു ചോദ്യം തന്നെ. പക്ഷെ, അധ്യാപിക ക്ലാസിൽ ഇതു വിശദമായി , സവിശേഷ ഊന്നലോടെ പഠിപ്പിട്ടില്ലെങ്കിൽ കുട്ടിയുടെ സ്കോറ് പോകും. സംസ്ഥനത്തൊട്ടാകെ എല്ലാ കുട്ടികൾക്കും ഒരേഅളവിൽ പഠനാനുഭവങ്ങൾ നൽകാൻ കഴിഞ്ഞുവെന്നു ആർക്കെങ്കിലും ഉറപ്പ് പറയാനാകുമോ? ഈ ഉറപ്പ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടിയുടെ പരാജയത്തിൽ ആദ്യം ആരെ പഴിക്കും? എന്നിട്ടോ?
Published in Madhyamam Daily on 21-03-2010
No comments:
Post a Comment