02 March 2010

നാടകശിൽപ്പശാല

മാധ്യമം ദിനപത്രം-വെളിച്ചം
നാടകശിൽപ്പശാല

ഭാഷാക്ലാസുകളിലെല്ലാംനാടകരചനയും തിരക്കഥാരചനയുംപരിശീലിക്കുന്നുണ്ടല്ലോ.ഭാഷാശേഷികളിൽ പ്രധാനപ്പെട്ട ഒന്നു തന്നെയാണിത്.നാടകരചനക്ക് സഹായകമായ ചില അറിവുകൾ നോക്കൂ:

നാടകവും നാടകാവതരണവും എല്ലാ കുട്ടികൾക്കും പ്രിയപ്പെട്ടതാണ്. നാടകം കളിക്കാത്ത കുട്ടികൾ ഇല്ല.മുറ്റത്തെ മാവിൻ ചോട്ടിൽ കഞ്ഞിയും കറിയും വെച്ചുകളിക്കുക,വീടു വെച്ചു കളിക്കുക, ഒരൽപ്പം മുതിർന്നപ്പൊൾ വേനൽക്കാല പടങ്ങളിൽ പന്തൽകെട്ടി ആളുകളെ കൂട്ടി വലിയ നാടകങ്ങൾ കളിക്കുക തുടങ്ങിയവ ചെയ്യാത്തവർ ഇല്ല.കുട്ടിക്കാലത്തെ നാടകാവതരണങ്ങളിൽ നടന്ന കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് മാത്രം ഇപ്പൊഴും നമുക്കൊരു നാടകമൊരുക്കാൻ പ്രയാസമില്ല.നാടകത്തിന്റെ സുപ്രധാന ഘടകങ്ങളൊക്കെ അന്നേ നാം സ്വായത്തമാക്കിയിരിക്കുന്നു വെന്നു കാണാം.

കഞ്ഞീം കറിയും വെച്ചുകളിക്കലായാലും വീടുവെച്ചു കളിക്കലായാലും , അതെത്ര തന്നെ ആവർത്തിച്ചാലും അതിലെ പ്രധാന ക്രീഡാരസം ഒരുക്കങ്ങൾ മാത്രമാണ്. കഞ്ഞിക്കു വേണ്ട സാധനങ്ങൾ (ചിരട്ട, പൂഴി, ചരൽക്കല്ല്,ഉണങ്ങിയ ഇലകൾ, വെള്ളം,വിറക്, ചുള്ളിക്കമ്പുകൾ…..അടുപ്പ്, തീയ്യ്…) ശേഖരിക്കലാണ് ആദ്യം.ഇതിൽ എല്ലാ കുട്ടികളും ഓടി നടന്നു പണിയെടുക്കും.പിന്നെ എല്ലാരും കൂടി പണി പങ്കിട്ടെടുത്ത് പാചകം. ചിലർ അടുപ്പ് കത്തിക്കും, ചിലർ തേങ്ങയരയ്ക്കും…..ഭക്ഷണം പാകമായാൽ എല്ലാരും കൂടിയിരുന്നു ഭക്ഷണം.എല്ലാം സങ്കൽപ്പത്തിലാണങ്കിലും ക്രീഡാരസം എല്ലാർക്കും യഥാർഥം തന്നെ.ഇത്രയും കാര്യങ്ങൾ ചെയ്തു തീർക്കാൻ കുട്ടികൾ 2-3 മണിക്കൂർ ഉപയോഗിക്കും.ഇത്രയും സമയം അവർ സജീവമായി കാര്യങ്ങൾ ചെയ്യും.ഇതിനിടയ്ക്ക് അവർ വർത്തമാനം പറയും.കളി കഴിഞ്ഞാൽ (അടുപ്പ് തട്ടിക്കൂട്ടി കെടുത്തി…ഒക്കെ അഭിനയം മാത്രം!) കളി വിശകലനം ചെയ്യും.പാകപ്പിഴകൾ ചർച്ചചെയ്യും.

കുട്ടികളുടെ നാടകം കളിയായാലും മുതിർന്നവരുടെ ആയാലും മേൽപ്പറഞ്ഞ മാതൃക തന്നെ എല്ലാരും അനുവർത്തിക്കുന്നു. കുട്ടിയും മുതിർന്നവരും തമ്മിൽ ഉള്ളടക്കത്തിലെ വ്യത്യസ്തത മാത്രമാണ് വിഭിന്നമാകുന്നത് എന്നു മാത്രം.അപ്പോൾ ഈ പരിശോധനയിൽ നാടകത്തിന്റെ ഘടന എങ്ങനെയാണ് എന്ന് നോക്കൂ.
മാവിഞ്ചുവട്ടിലോ വഴിവക്കിലെ തണലിലോ ചെയ്യുന്ന കളിയിൽ കുട്ടികളുടെ പ്രവർത്തനങ്ങളാണ് (ക്രിയകൾ) ആണു നാടകമാവുന്നത്. നാടകം ഒരു ദൃശ്യകലയാണ്. എഴുതിവെച്ചിരിക്കുന്ന ഒരു ഭാഷാവസ്തുവല്ല; പുസ്തകമല്ല നാടകം.രംഗത്ത് അവതരിക്കുന്ന ക്രിയകളാണ് നാടകം.ഇതു കുട്ടികൾക്കറിയാം. 2-3 മണിക്കൂറുകൾ കുട്ടികൾ പ്രവർത്തന നിരതരാണ്. അതിനിടയ്ക്ക് ചില ചെറിയ സംഭാഷണങ്ങളും ഉണ്ട്.ചെറിയ എന്നു പറയാൻ കാരണം ദീർഘങ്ങളായ പൂർണ്ണവാക്യങ്ങൾ ഇല്ല എന്നതുകൊണ്ടുതന്നെയാണ്. ‘നീ ആ കറിയിൽ ഉപ്പു ചേർക്കൂ’ എന്നൊന്നും പറയില്ല. ‘ഉപ്പിട്’ എന്നു ഒരാളോട് പറയുകയേ ഉള്ളൂ. ഭാവാത്മകമായ ക്രിയ (അഭിനയം) കൂടി ചേരുമ്പോഴാണ് പൂർണ്ണവാക്യമായി കാണികൾക്ക് മനസ്സിലാവുന്നത്.അതും പറയുന്ന ആളിന്റേയും കേൾക്കുന്ന ആളിന്റേയും ക്രിയകൾ കൂടി വരുമ്പോഴും.
അപ്പോൾ നാടക രചനക്ക് മുതിരുമ്പോൾ നാം അറിയേണ്ട ഒന്നാം കാര്യം: നാടകം ക്രിയകളുടെ സമാഹാരമാണ്.
നാടകം ദൃശ്യകലയാണെന്ന് പറഞ്ഞു. ദൃശ്യം രംഗപ്രവർത്തനം (രംഗക്രിയ) തന്നെ.അതാണ് നമുക്ക് കാണാൻ കഴിയുക. ഇതു സാധ്യമല്ലാത്തിടത്ത് (കഥകളിയിൽ സാധ്യമല്ലാത്ത ദൃശ്യങ്ങളില്ല എന്നറിയമല്ലോ) ശബ്ദം ഉണ്ടാവും. ശബ്ദം എന്നാൽ സംഭാഷണം, സംഗീതം, പാട്ട്, പ്രകൃതിയിലെ സ്വാഭാകിക ശബ്ദങ്ങൾ എല്ലാം. കാര്യങ്ങൾ വിശദമാക്കാൻ അത്യാവശ്യം സംഭാഷണം വേണം.നമ്മുടെ ക്ലാസ് പ്രവർത്തനങ്ങളിലെ ഒരു പ്രധാന പ്രശ്നം നാടകരചന എന്നാൽ കുട്ടികളും അധ്യാപകരും ധരിച്ചുവശായിരിക്കുന്നത് സംഭാഷണങ്ങൾ എഴുതി നിറയ്ക്കുക എന്നാണ്. കഥാപാത്രങ്ങളുടെ പേരെഴുതി രണ്ടുകുത്തിട്ട് സംഭാഷണമെഴുതുക എന്നതാണു ശീലം.
രാമൻ: അഛാ.അഛാ
അഛൻ: മകനേ
ഇതിങ്ങനെ ദീർഘമായി എഴുതും.ഇതിനിടയ്ക്ക് ഉണ്ടാവേണ്ട ക്രിയകളൊന്നും പരിഗണിക്കപ്പെടുന്നില്ല.നല്ല നാടകങ്ങളിലൊക്കെ വലയങ്ങളിൽ രംഗക്രിയകൾ ചേർത്തിരിക്കും.
രാമൻ: (പരിഭ്രമവും സങ്കടവും ചേർന്ന സ്വരത്തിൽ, ചുറ്റും നോക്കി) അഛാ..അഛാ
അഛൻ: (നിസ്സഹായനായി) മകനേ
എന്നിങ്ങനെ.ശരിക്കും പറഞ്ഞാൽ നാടകത്തിനിതും പോരാ. തുടർന്ന് നാടകം രംഗത്തവതരിപ്പിക്കാൻ സംവിധായകൻ തയ്യാറെടുക്കുമ്പോൾ ഇതിന്റെ രംഗപാഠവും കൂടി തയ്യാറാക്കും. സിനിമയുടെ സംവിധായകൻ തിരക്കഥയിൽ നിന്നു ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് തയ്യാറാക്കുന്നതുപോലെ.
‘രാമൻ സ്റ്റേജിലേക്ക് വന്നു മധ്യത്തിലെത്തുമ്പോൾ പരിഭമവും സങ്കടവും ചേർന്ന് കൈകൾ തലയിൽ വെച്ചു തലയുയർത്തി ഉറക്കെഒരുപ്രാവശ്യം അഛാ എന്നു വിളിക്കുന്നു.മറുപടിക്ക് കാതോർക്കുന്നു. മറുപടി കേൾക്കാത്തതിനാൽ ഒന്നു കൂടെ മുന്നിൽ നീങ്ങി കൈകൾ തലയിൽ നിന്നെടുത്ത് മുഖത്തെ വിയർപ്പ് തുടച്ച് കുറേകൂടി ഉച്ചത്തിൽ അഛാ എന്നു വിളിക്കുന്നു.ഇപ്പോൾ പശ്ചത്തലസംഗീതം ഇല്ല. നടൻ നിന്നിരുന്ന ഭാഗത്തെ പ്രകാശം കുറയുകയും ……ഇങ്ങനെ രംഗപാഠം തയ്യാറാക്കും.ഇതൊരു ചെറിയ ജോലിയല്ല.
അപ്പോൾ നാം രണ്ടാമതായറിയേണ്ടത് സംഭാഷണം ക്രിയകളെ സഹായിക്കാനുള്ള ശബ്ദങ്ങളൊക്കെ ചേരുന്നതാണെന്നാണ്.
രംഗക്രിയകളും സംഭാഷണങ്ങളും നിർവഹിക്കുന്നത് കഥാപാത്രങ്ങൾ (നടീനടന്മാർ) ആണ്. ഇവരുടെ പ്രായം, വേഷവിധാനം, സ്വഭാവ സവിശേഷതകൾഎന്നിവ നാടകകൃതിയിൽ കുറിച്ചുവെക്കണം. പരീകഷക്ക് കുട്ടികളെഴുതിയിട്ടുള്ള പതിനായിരക്കണക്കിന്ന് (എസ്.എസ്.എൽ.സി.പരീക്ഷാ / മറ്റു പരീക്ഷകൾ) നാടകരചനകളിൽ ഇന്നേവരെ ഈ സംഗതികൾ കുട്ടി എഴുതിക്കണ്ടിട്ടില്ല!അതിനർഥം ഒരുപക്ഷെ, ക്ലാസ്മുറികളിൽ വന്ന ചില പോരായ്മകളാണല്ലോ.
കഥാപാത്രങ്ങളുടെ പേര്, പ്രായം, വേഷവിധാനം സവിശേഷതകൾ (ഏതുമനുഷ്യനും ഒരു അവിശേഷത ഉണ്ട്-ഐഡന്റിറ്റിമാർക്ക്? ഞൊണ്ടുകാലുണ്ട്, ഒരുകണ്ണ് പൊട്ടിയതാണ്, വിക്കിവിക്കി സംസാരിക്കും….)എന്നിവ നാടകരചനയിൽ പ്രധാനമാണ്. ഇതു നാടകകർത്താവ് രേഖപ്പെടുത്തിയിരിക്കും.
അപ്പോൾ നാടക രചനയിൽ മൂന്നാമതായി ശ്രദ്ധിക്കേണ്ടത് കഥാപത്രവിശദാംശങ്ങൾ വ്യക്തമാക്കുക എന്നതു തന്നെയാണ്.
ഏതു നാടകവും അരങ്ങേറുന്നത് ഒരു സ്ഥലത്താണ്. ഒരു കാലത്താണ്. സ്ഥലകാല നിർദ്ദേശം ഉണ്ടെങ്കിലേ നാടകം അവതരിപ്പിക്കാനാകൂ. ഇതുണ്ടങ്കിലേ നാടകം അർഥപൂർണ്ണമാക്കൂ.അവതരണ യോഗ്യമാകൂ. സ്റ്റേജ് സംബന്ധിച്ച വിശദീകരണങ്ങൾ ഉണ്ടാവണം നാടക രചനയിൽ.
അപ്പോൾ നാടക രചനയിൽ നാലാമതായി ശ്രദ്ധിക്കേണ്ടത് സ്ഥലകാല സൂചനകളാണ്.
ഇതിനുപുറമെ പശ്ചാത്തലസംഗീതം സംബന്ധിച്ച സൂചനകൾ, ദീപവിതാനം, സ്റ്റേജ് സെറ്റിങ്ങ്സ്, പാട്ടുകൾ..തുടങ്ങിയ ഘടകങ്ങൾ ആവശ്യാനുസരണം ചേർത്തിരിക്കണം.

നാടക ഘടകങ്ങൾ

ക്രിയകൾ> ശബ്ദം(സംഭാഷണം)>കഥാപാത്രങ്ങൾ>അരങ്ങ്>സംഗീതം>വെളിച്ചം
എന്നിങ്ങനെ വിവിധഘടകങ്ങൾ കൂടിച്ചേരുമ്പോഴാണ്.ഇതേവരെ വെറുതെ സംഭാഷണം മാത്രം എഴുതുന്ന രീതിയിൽ മാറ്റം വേണമെന്നു തോന്നുന്നുണ്ടോ?


ബോക്സ് 1

ഡയറക്ഷൻ സ്ക്രിപ്റ്റ്

ഒരു കഥ സിനിമയാക്കുമ്പോൾ സംവിധായകൻ തയ്യാറാക്കുന്ന തിരക്കഥ നമുക്കറിയാം. ഒരു നാടകം സംവിധാനം ചെയ്യുമ്പോൾ തയ്യാറാക്കുന്ന എഴുത്തുരൂപം ആണ് ‘ഡയറക്ഷൻ സ്ക്രിപ്റ്റ്’. ഇതു പൂർണ്ണമായും തയ്യാറാക്കിക്കഴിഞ്ഞേ സംവിധായകൻ പണി തുടങ്ങൂ.
ഒരു നാടകം സംഭാഷണങ്ങളും അൽപ്പം ചില ക്രിയാംശവും അരങ്ങുസൂചനകളും മാത്രമേ നൽകുന്നുള്ളൂ. ഇത്രയേ നാടകകർത്താവ് എഴുതുന്നുള്ളൂ. എന്നാൽ ഇതുകൊണ്ട് നാടകം ആവുന്നില്ല. നാടകം ക്രിയാബദ്ധമാണെന്ന് നാം മനസ്സിലാക്കിയല്ലോ. അപ്പോൾ ഒരു സംഭാഷണം പോലും നിരവധി ക്രിയകൾ ചേരുന്നതാണ്. ഇതു സംവിധായകൻ മനസ്സിൽ കണ്ട് പൂർത്തിയാക്കണം.ഒരുദാഹരണം ഇങ്ങനെ:
സംഭാഷണം: (അകത്തുനിന്ന് കടന്നുവരുന്ന വൃദ്ധൻ ചുറ്റും നോക്കി ) അമ്മു വന്നില്ലേ?
‘അമ്മൂ വന്നില്ലേ‘ എന്ന സംഭാഷണം ചെയ്യുന്നതിനിടയ്ക്ക്
‘അകത്തു നിന്ന് കടന്നു വരുന്നു‘ - പ്രായത്തിനനുസരിച്ചു ശരീരചലനം എങ്ങനെ?- വേഷത്തിനനുസരിച്ച ചലനം എങ്ങനെ?-ചുറ്റും നോക്കുന്നത് എങ്ങനെ? വെറുതെ അങ്ങുമിങ്ങും നോക്കുകയാണോ? മുഖഭാവം എന്തു?- ശബ്ദത്തിന്റെ ഭാവ രൂപം?-ചുറ്റും നോക്കാൻ എത്ര സമയം ഉപയോഗിക്കണം?- അപ്പോൾ കൈകളുടെ സ്ഥാനം എവിടെ? ഇങ്ങനെ നൂറുകൂട്ടം ചലനങ്ങൾ നന്നായി നിവർത്തിക്കുമ്പോഴാണ് ‘നല്ല അഭിനയം‘ എന്നു കാണികൾ സമ്മതിക്കുന്നത്. ഇതു ചിട്ടപ്പെടുത്തുന്നത് പൂർണ്ണമായും സംവിധായകനാണ്.
ബോക്സ് 2
നാടകാന്തം കവിത്വം
ഇതൊരു നാടകച്ചൊല്ലാണ്. കാളിദാസൻ, ഭാസൻ തുടങ്ങിയ മഹാകവികളൊക്കെ നാടകകർത്താക്കളായിരുന്നു. നല്ല കവികളൊക്കെ നാടകക്കാരും കൂടിയായിരുന്നു. നല്ല നാടകരചയിതാവായ ആളെ മാത്രമേ നല്ല കവി എന്നു വിളിക്കാറുണ്ടായിരുന്നുള്ളൂ. ഇതിൽ വന്ന മാറ്റം നോക്കിയാലോ? നല്ല നാടക്കാരൊന്നും ഇപ്പോൾ നല്ല കവിതകൾ എഴുതാറില്ലല്ലോ! കവിത എഴുത്തും നാടകമെഴുത്തും രചനാ ദൂരം വർദ്ധിപ്പിച്ചു!

ബോക്സ് 3

നാടകമാണോ സിനിമയാണോ ഇക്കാലത്ത് ശക്തം?

ഈ ചോദ്യത്തിന്ന് ആദ്യം കിട്ടുന്ന ഉത്തരം സിനിമ എന്നു തന്നെ. (ആദ്യം ലഭിക്കുന്ന ഉത്തരം സാമാന്യേന എല്ലാം തെറ്റാവുമെന്നു പറയാറുണ്ട്) ഒരു വർഷം കേരളത്തിൽ ഉണ്ടാവുന്ന സിനിമകൾ എത്ര? നാടകങ്ങൾ എത്ര? കാണികൾ എത്ര? ചെലവാക്കുന്ന പണം എത്ര? ഒരു 5 വർഷത്തെ കണക്കെടുത്താൽ , അതു വിശകലനം ചെയ്താൽ എന്താണ് നമുക്ക് മനസ്സിലാവുക?
ഒരു കണക്ക് മാത്രം നോക്കാം. ഒരു വർഷം മലയാളത്തിൽ ഇറങ്ങുന്നത് 100ൽ താഴെ സിനിമകളല്ലെ? നാടകങ്ങളോ? കേരളത്തിലെ ആകെ പഞ്ചായത്തുകൾ 1000 എന്നെടുത്താൽ ഒരു 750 പഞ്ചായത്തുകളിലെങ്കിലും ഒരു വർഷം ക്ലബ്ബിന്റേയോ വായനശാലയുടേയോ സ്കൂൾ വാർഷികത്തിന്റേയോ വകയായി ഒരു നാടകം നടക്കുന്നില്ലേ? ഒരു നാടകം കാണാൻ 1000 പേർ (അതു ഏറ്റവും കുറവ് കണക്ക്) എന്നു കണക്കാക്കിയാലോ? ….ശരിയായ പരിശോധനയിൽ നമ്മുടെ ആദ്യ ഉത്തരം തെറ്റുന്നതു കാണുമോ?

ബോക്സ് 4
അഭിനയം
നാടകത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും വിശദമായി പഠിക്കുന്ന കൃതികളായിരുന്നു ആദ്യകാല കാവ്യശാസ്ത്രഗ്രന്ഥങ്ങൾ. ഇന്ത്യയിൽ ഭരതമുനിയുടെ ‘ നാട്യശാസ്ത്രവും’ ഗ്രീക്കിലെ അരിസ്ടോട്ടിലിന്റെ ‘ പോയറ്റിക്സും’ ഒക്കെ ഉദാഹരണം.
ഭരതമുനി അഭിനയത്തെ ക്കുറിച്ചു വിശദമായി പറയുന്നുണ്ട്. സാത്വികം, വാചികം, ആംഗികം, ആഹാര്യം എന്നിവയാണ് അഭിനയത്തിന്റെ ഘടകങ്ങൾ. ഇതിൽ ‘വാചികം’ നമുക്കേറെ പരിചയമുള്ളതുതന്നെ. സംഭാഷണം-പാട്ട് എന്നിവയാണിത്. ‘ ആഹാര്യം’ മെയ്ക്കപ്പ് ആണ്. മുഖത്തെ മേക്കപ്പും വസ്ത്രാലങ്കാരവും ഇതിൽ ഉൾപ്പെടും. ‘ആംഗികം’ കൈമുദ്രകളാകുന്നു. ചൂണ്ടിക്കാണിക്കൽ, തലയാട്ടൽ തുടങ്ങി നിരവധി സംഗതികൾ ഇതിൽ ഉൾപ്പെടും.’സാത്വികം’ കണ്ണീർ, രോമാഞ്ചം ,പരിഭ്രമം, പുഞ്ചിരി…തുടങ്ങിയവയാണ്. ഇതു നാലും നന്നായി യോജിക്കുമ്പോഴാണ് അഭിനയം ‘നന്നാകുന്നത്’.
ബോക്സ് 5
നാടകമേ ഉലകം

മനുഷ്യജീവിതമാണ് നാടകങ്ങളിലെ പ്രതിപാദ്യം.ലോകജീവിതം തന്നെ ഒരു നാടകമായിട്ടാണ് കവികൾ ചിത്രീകരിക്കുക. ‘ലോകം ഒരു നാടകമാകുന്നു’ എന്നാണ് സങ്കൽപ്പം. നാടകം ഒരു യജ്ഞമായിട്ടാണ് പ്രാചീനർ കരുതിയിരുന്നത്. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ ഒക്കെ തന്നെ നാടകീയമാണ്. ലോകമാകുന്ന അരങ്ങിലെ നടന്മാരാണു നാമൊക്കെ എന്നു ഉള്ളൂർ നിരീക്ഷിച്ചു. വിശ്വമഹാകവി ഷേക്സ്പിയറും ജീവിതം ഒരു നാടമാണെന്നാണ് സങ്കൽപ്പിച്ചത്.

ബോക്സ് 6
പ്രസിദ്ധരായ ചില മലയാള നാടകകർത്താക്കൾ
കൈനിക്കര പദ്മനാഭപിള്ള
എൻ.കൃഷ്ണപിള്ള
തോപ്പിൽ ഭാസി
സി.ജെ.തോമസ്
സി.എൻ.ശ്രീകണ്ഠൻ നായർ
ചെറുകാട്
കെ.ദാമോദരൻ
എൻ.എൻ.പിള്ള
സി.എൽ.ജോസ്
കെ.എസ്.നമ്പൂതിരി
ജി.ശങ്കരപിള്ള
കെ.ടി.മുഹമ്മദ്
കാവാലം നാരായണ പണിക്കർ

ബോക്സ് 7

പ്രസിദ്ധമായ ചില നാടകങ്ങൾ
കാൽവരിയിലെ കൽപാദപം
ഹരിശ്ചന്ദ്രൻ
പാട്ടബാക്കി
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
കൂട്ടുകൃഷി
ഭഗ്നഭവനം
1128ലെ Crime 27
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
സൃഷ്ടി-സ്ഥിതി-സംഹാരം
അവനവൻ കടമ്പ


ബോക്സ് 8
പ്രധാന നാടകസംഘങ്ങള്‍
 കെ.പി.എ.സി
 കാളിദാസ കലാകേന്ദ്രം
 കേരള കലാനിലയം
 കലിംഗ തിയ്യേറ്റേഴ്സ്
 സംഗമം തിയ്യറ്റേഴ്സ്

1 comment:

Sumesh Kumar said...

കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു....