18 March 2010

ഹിന്ദി- കുട്ടികൾക്ക് ആവേശം നൽകിയില്ല.

മലയാളം, ഇംഗ്ലീഷ് പരീക്ഷകൾക്കുശേഷം വളരെ ഉത്സാഹത്തോടെ ഹിന്ദിപരീക്ഷയെഴുതിയ കുട്ടികൾ അത്ര സംതൃപ്തരായല്ല കാണപ്പെട്ടത്. ആത്മവിശ്വാസം ഒരൽപ്പം കുറഞ്ഞപോലെ. പാഠപുസ്തകത്തിലെ രണ്ടാം പകുതി പൂർണ്ണമായും വിട്ടുകളഞ്ഞ ചോദ്യങ്ങൾ ഈ അതൃപ്തിക്ക് പ്രധാനകാരണമായി. നവമ്പർ മുതൽ പഠിച്ച പാഠങ്ങളൊന്നും ആവശ്യം വന്നില്ല. പൊതുവെ പാഠഭാഗങ്ങളുമായി ബന്ധമുള്ള ചോദ്യങ്ങൾ കുറവെന്ന പരാതി എല്ലാരും പറഞ്ഞു.

ഭാഷാപഠനം തീർച്ചയായും വ്യവഹാരത്തിലൂന്നിയാണ്. മിക്ക വ്യവഹാരരൂപങ്ങളും ചോദിച്ചു. മലയാളത്തിൽ, മാതൃഭാഷയെന്നനിലയിൽ ഇതു സുപ്രധാനമാണ്.എന്നാൽ ഭാഷാപരിസരം തീരെയില്ലാത്ത ഹിന്ദിയുടെ കാര്യത്തിൽ വ്യ്വഹാരപ്രധാനമായ ചോദ്യങ്ങൾ നിറഞ്ഞ ഒരു പരീക്ഷ കുട്ടികൾക്ക് അത്രകണ്ട് സഹായകമായില്ല. പരീക്ഷക്കുപിന്നിൽ ഉയർന്ന വിജയം എന്ന ഒരു ഘടകം കൂടി ഉണ്ടല്ലൊ. കുട്ടിക്ക് ഇതു ഒരിക്കലും നിസ്സാരവുമല്ല.

പ്രധാനപ്പെട്ട വ്യവഹാരരൂപങ്ങളെല്ലാം ഉണ്ട്. കത്ത്, സംഭാഷണം, ഡയറി, റിപ്പോർട്ട്, ലേഖനം, കഥ പൂർത്തിയാക്കൽ തുടങ്ങിയവയൊക്കെ ക്ലാസ്മുറികളിൽ ചെയ്തു ശീലിച്ചവതന്നെ. മികച്ച കുട്ടികൾക്ക് അതു ഒരു വെല്ലുവിളിയും ഉണ്ടാക്കുന്നില്ല; മറിച്ച് നമ്മുടെ സാധാരണനിലവരക്കാർക്ക് ഇതൊക്കെ ആത്മവിശ്വാസം കുറയ്ക്കും…കുറച്ചു. ‘വാർത്താലാപ്’ മനസ്സിലാക്കിയ എല്ലാകുട്ടിയും ‘ബാത്ചീത്’ എന്ന പ്രയോഗത്തിൽ വിരണ്ടു. ഹിന്ദി കുട്ടികളുടെ മാതൃഭാഷയല്ലല്ലോ. അതാവും.ചോദ്യപാഠങ്ങളിലെ terms പരിചിതമായിരിക്കണം. അല്ലാത്തവ ഉപേക്ഷിക്കണം. മാത്രവുമല്ല; ബാത്ചീതും,വാർത്താലാപവും ഒന്നല്ലല്ലോ. പരീക്ഷക്ക് വാർത്താലാപ് തന്നെ വേണമയിരുന്നു.
അവധാരണ ചോദ്യങ്ങൾ, ആത്മകഥ, തർജ്ജുമകൾ, ഉദ്ഘോഷണം, വാർത്ത (അതും വളരെ ജനപക്ഷമായത് ) സ്ത്രീ പക്ഷചർച്ച, സൂചനകൾ വെച്ച് കഥപൂർത്തിയാക്കൽ, നിബന്ധം.. എല്ലാം നല്ല ചോദ്യങ്ങൾ തന്നെ. എന്നാൽ ഇതൊക്കെ വലിയൊരളവോളം മികച്ച കുട്ടികൾക്കേ ഗുണം ചെയ്തുള്ളൂ എന്നാണ് പരീക്ഷയെഴുതിയവർ പറഞ്ഞത്.ഭാഷാനൈപുണ്യം നല്ലരീതിയിൽ ആർജ്ജിച്ചവർക്ക് സുഖമായി എഴുതാം. ഇനിയെങ്കിലും ആലോചിക്കേണ്ട ഒരു സംഗതിയാണിത്.നമ്മുടെ ഹിന്ദിക്ലാസുകളിൽ മികച്ചവർ മാത്രമല്ലല്ലോ ഉള്ളത്!
കഥ വികസിപ്പിക്കാൻ നൽകിയതെങ്കിലും (ചോ: 15) ഒരു മലയാളിത്തമുള്ളതാക്കാമായിരുന്നു. തികച്ചും അകേരളീയമായ ഒരു കഥ വേണ്ടിയിരുന്നില്ല. വരും ദിവസങ്ങളിൽ ഹിന്ദി ക്ലസ്റ്ററുകളിൽ ഇതൊക്കെ ചർച്ചയാവണം.
ചുരുക്കത്തിൽ കുട്ടികൾ ഹിന്ദിപരീക്ഷയുടെ കാര്യത്തിൽ അത്ര തൃപ്തരായില്ല.ഉത്തരമാലോചിച്ച് , എഴുതി, തിരുത്തിയെഴുതി അവസാനം സമയം തികഞ്ഞില്ല പലർക്കും. പിന്നെ എന്തായാലും ഡി+ ഉറപ്പ്. തോൽക്കില്ല. ബി+ നു മുകളിൽ ഇപ്പോൾ പ്രതീക്ഷ വേണ്ട.
വാലറ്റം:
‘വാർത്താലാപ്’ ന്റെ സംശയം ചോദിക്കാൻ പരീക്ഷകഴിഞ്ഞ് അടുത്തുവന്നകുട്ടി ചോദ്യപേപ്പർ കാണിച്ചു തന്നപ്പോൾ മറ്റൊരു കാര്യം തീർച്ചയായി.‘കൌശൽ’ പോലുള്ള കഥകൾ ഒരിക്കലും പാഠഭാഗമായി അംഗീകരിക്കാനാവില്ല. നിഷേധാത്മകമായ സന്ദേശങ്ങൾ ആത്മാഭിമാനമുള്ള അധ്യാപികക്കെങ്ങനെ ക്ലാസിൽ കൈകാര്യം ചെയ്യാൻ കഴിയും? നല്ല നല്ല സംഗതികൾ വേറെ എന്തൊക്കെയുണ്ട് പഠിപ്പിക്കാൻ.

Published in Madhyamam Daily on 19-3-2010

No comments: