ഒരു വർഷം തുടർച്ചയായി ചെയ്ത അഠിനാദ്ധ്വാനത്തിന്റെ വിളവെടുപ്പാണു പരീക്ഷകളിൽ എല്ലാവരും കാക്കുന്നത്. ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിൽ ചിലതൊക്കെ വളരെ ആസ്വദിച്ചു പഠിച്ചു. ചിലതൊക്കെ നിർബന്ധം കൊണ്ടും. പഠിച്ചവയിൽ അപൂർവം ചിലത് ജീവിതത്തിൽ പ്രയോജനപ്പെട്ടു. ഭാഷാപഠനത്തിൽ സവിശേഷമായും കൈവന്നത് നന്നായി എഴുതാനും ആസ്വദിച്ചു വായിക്കാനും വായിച്ചത് വിലയിരുത്താനും കഴിഞ്ഞെന്നതു തന്നെയാണുതാനും. എല്ലാർക്കും എന്നല്ല: കുറച്ചുപേർക്കെങ്കിലും.ചുരുക്കത്തിൽ ഭാഷാപഠനം വൃഥാവിലാവുന്നില്ല.
എന്നാൽ പരീക്ഷയുമായി ബന്ധപ്പെടുത്തിപ്പറയുമ്പോഴോ? മലയാളം പേപ്പർ ഒന്നു പരീക്ഷ പൊതുവെ കുട്ടികളെ കുഴക്കിയില്ല എന്നു തന്നെയാണ് തോന്നുന്നത്. പരീക്ഷകഴിഞ്ഞ ഉടൻ കുട്ടികളുമായി സംസാരിച്ചപ്പോൾ എല്ലാരും ‘ജയിക്കും’ എന്നുറപ്പിച്ചു പറഞ്ഞു. ആദ്യ പരീകഷയോടെ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.തുടർന്നിതിന്റെ നേട്ടം ചെറുതാവില്ല.
വ്യവഹാരരൂപങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഇത്രയും ആയിരുന്നു ചോദിച്ചത്. 1 പട്ടിക, വ്യാകരണസംബന്ധിയായ ഒരെണ്ണം, 1 വരികൾ വ്യാഖ്യാനിക്കാൻ ഒന്നു, 1 വിശകലനക്കുറിപ്പ്, കഥാപാത്രനിരൂപണം-കുറിപ്പ് ഒന്നു, ലഘുപ്രഭാഷണം ഒന്നു, ഒരു ഉപന്യാസം, ഒരു കഥ/ കവിത ആസ്വാദനം ; ആകെ എട്ടു ചോദ്യങ്ങൾ. സംഗതി വളരെ എളുപ്പം. പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാലോ? വിഷുക്കണി, ഗാന്ധിയും കവിതയും, അനശ്വരനയ കവി…, കാവൽ, അന്നത്തെ നാടകം, അഭിനയത്തിന്റെ അതിരുകൾ അന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഇതും കുട്ടികൾ രസകരമായി പഠിച്ച പാഠങ്ങൾ തന്നെ. എല്ലാം കൂടി കുട്ടിക്ക് ‘ജയിക്കും’ എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും വിജയശതമാനം ഉയരും.
എന്നാൽ ഈ ജയം സി+ൽ അവസാനിക്കും. നന്നായി എഴുതാൻ കഴിഞ്ഞവർ വളരെ കുറയും. ഇതു കുട്ടിക്ക് റിസൽട്ട് വരുമ്പോഴേ മനസ്സിലാകൂ എന്നതാണ് പൊതുവെ എല്ലാരും ചൂണ്ടിക്കാണിക്കുന്നത്. ജയിക്കും ; പക്ഷെ എ യും എ+ഉം നന്നേ കുറയും.
ഇതു ഓരോ ചോദ്യങ്ങളായി, കുട്ടികളുമായി സംസാരിക്കുമ്പൊൾ മനസ്സിലാകും.
ആദ്യത്തെ പട്ടിക: സാധാരണ മാതൃക വിട്ടൊരു ചോദ്യമാണിത്. അതു മോശമാണെന്നല്ല. കുട്ടികൾ ക്ലാസിൽ പട്ടികകൾ രൂപപ്പെടുത്തിയത് ഇങ്ങയായിരിക്കണമെന്നില്ല എന്നതാണ് സ്കോർ കുറയ്ക്കുക. ചരിത്രപഠനക്ലാസുകളിൽ കാലക്രമം കാണിക്കുന്ന പട്ടികകൾ ഉണ്ട്. പക്ഷെ, അതു പട്ടികരൂപത്തിലല്ല, TIMELINE എന്ന വ്യവഹാരത്തിലാണ്. അതാണ് ശരിയും. ഒന്നിലധകം വസ്തുതകൾ വിവിധ ഇനങ്ങളിൽ ക്രമപ്പെടുത്തുന്നതാണല്ലോ പട്ടിക. ‘വരികളും നിരകളും ‘ ഇതിലുണ്ടാവും. ഇവിടെ വരിയും നിരയും ഒന്നും ഇല്ലെങ്കിലും എഴുതിവെക്കാം എന്നതാണ് കുട്ടികൾ പറഞ്ഞത്. ഒറ്റ വരിയിൽ എഴുതാം.ഒ.ചന്തുമേനോൻ, സി.വി.രാമൻപിള്ള….എന്നിങ്ങനെ. ഇതിന് പട്ടിക എന്നു പറയാമോ? പിന്നെ ‘ കാലക്രമത്തിൽ’ എന്നു പറഞ്ഞാൽ ആർക്കും മനസ്സിലാകും; എന്താണ് ‘കാലഗണനാക്രമം?. ഇതിനു പുറമേ, കുട്ടികൾ നാലാപ്പാട്ട് നാരായണമേനോനെ നോവലിസ്റ്റ് എന്നു പറഞ്ഞുകേൾക്കുന്നത് (കവി, എഴുത്തുകാരൻ, പണ്ഡിതൻ, വിവർത്തകൻ…എന്നൊക്കെ കേട്ടിട്ടുണ്ട്) ആദ്യമായാണുതാനും. ഇനി ഇതൊക്കെ ശരി ആയാലോ ; 6 പോയിന്റിന് 2 സ്കോറ്. ഒന്നു തെറ്റിയാലോ? എത്ര സ്കോർ കുറയും? കുറയ്ക്കും?
മൂന്നാം ചോദ്യം: ‘ തന്നിരിക്കുന്ന കവിതാ ഭാഗത്തെ അടിസ്ഥാനമാക്കി….’ എന്നതു വളരെ എളുപ്പം.ആ വരികളുടെ സാമാന്യാശയം പകർത്തിവെച്ചാൽ തന്നെ കുറേ സ്കോർ കിട്ടും. മിക്ക കുട്ടികളും അത്രയേ ചെയ്തിട്ടുള്ളൂ. വിഷുക്കണി എന്ന കവിതയുടെ ഉള്ളറിഞ്ഞ് എഴുതണമെങ്കിൽ ചോദ്യപാഠം അതിനനുവദിക്കുന്നതാവണം. ‘തന്നിരിക്കുന്ന കവിതാ ഭാഗത്തെ….’ എന്നു നിർബന്ധിച്ചാൽ ഉത്തരത്തിന്റെ ഉള്ളടക്കം കുറയും. അതാണ് സംഭവിച്ചത്. തന്നിരിക്കുന്ന കവിതാ ഭാഗത്തിനപ്പുറം കടന്നാൽ സ്കോർ കുറയുമോ എന്ന ഭയം സ്വാഭാവികം. ഫലം സി+.
നാലാം ചോദ്യം: കുട്ടികൾ എഴുതാൻ പ്രയാസപ്പെട്ട ഒന്നാണത്. വരികൾ വ്യാഖ്യാനിക്കുക എന്നതിനു പകരം താരതമ്യം ചെയ്യുക എന്നോ നിരീക്ഷിക്കുക എന്നോ ഒക്കെ ചോദിച്ചിരുന്നെങ്കിൽ ഇതു മികച്ച ചോദ്യവും മികച്ച ഉത്തരവുമായേണേ. അപ്പോൾ കുട്ടിക്ക് കുറേകൂടി സ്വാതന്ത്ര്യം ലഭിച്ചേനേ. ‘വിസ്തൃതമായ അർഥവിവരണമാണല്ലോ വ്യാഖ്യാനം’. അപ്പൊൾ കുട്ടികൾക്ക് ഈ വരികളിൽ നിന്നു പുറത്തുകടക്കാനാവില്ല. സ്വാഭാവികമായും സ്കോറ് കുറയും. സി+ഇൽ നിൽക്കും.
ഇനി പുറത്ത് കടന്നാലോ? വാത്മീകി രാമായണവും, വ്യാസഭാരതവും കാളിദാസകൃതികളും ഒക്കെ മഹത്തരമാകുന്നത് ഒ.എൻ.വി.പറയുന്നതുപോലെ ‘ദേശത്തൊടും കാലത്തോടും….’ ബന്ധപ്പെട്ടാണോ? ഇവരുടെയൊക്കെ ദേശകാല ബന്ധം എന്താണ് കുട്ടി എഴുതുക? അതൊക്കെ പരിശോധിക്കാൻ കുട്ടിക്ക് എത്രകണ്ട് കെൽപ്പുണ്ട്? ഈ കെൽപ്പ് നൽകുന്ന എന്തു പ്രവർത്തനം ക്ലാസിൽ നടന്നുകാണും? ചുരുക്കത്തിൽ അസ്സൽ ചോദ്യമാണെങ്കിലും നമ്മുടെ കുട്ടിക്ക് നിലവാരമുള്ള ഉത്തരം എഴുതാൻ വള്രെ പ്രയാസം ഉണ്ടാക്കും. ‘ ജയിക്കും’ എ യോ എ+ഒ കിട്ടില്ല.
അഞ്ചാം ചോദ്യം: എളുപ്പം. അസ്സലായി എഴുതാം. കുട്ടിക്ക് ജോഗിയെ അറിയാം. അതുകൊണ്ടുതന്നെ ചോദ്യപാഠം ഉപേക്ഷിച്ചാണ് കുട്ടി എഴുതിയത്. പഠനരീതിയും ക്ലാസ്റൂം പ്രവർത്തനങ്ങളും ഒക്കെ മാറിയെങ്കിലും നമ്മുടെ ചോദ്യരൂപങ്ങൾ മാറിയില്ല എന്നത് തീർച്ച. ഒരു ചോദ്യം നൽകുമ്പൊൾ തീർച്ചയായും ചില സൂചനകൾ, അധികവിവരങ്ങൾ, (ക്ലൂ) ഒക്കെ കൊടുക്കണം. എന്നാൽ ഇവിടെ സംഭവിക്കുന്നത് കുട്ടിയെ ചില കുറ്റികളിൽ തളച്ചിടുന്ന സംഗതികളായാണ് ചോദ്യപാഠങ്ങൾ മാറുന്നത്. ‘മുകളിൽ കൊടുത്ത പാഠഭാഗത്തെ അടിസ്ഥാനമാക്കി…..’ എന്നത് വസ്തുതകൾക്ക് നിരക്കുന്നതാണോ? ഇതു ‘പാഠഭാഗം‘ എന്നല്ല ‘പാഠഭാഗങ്ങളെ ‘അടിസ്ഥാനമക്കി എന്നേ പറയാവൂ. പലഭാഗത്തുനിന്നെടുത്ത വരികളാണിത്. പാഠം എത്രയോ തവണ വായിച്ച കുട്ടി ഇതു വായിച്ചു ചിരിച്ചില്ലേ? ഇതു പാഠഭാഗം അല്ല; പലഭാഗത്തുനിന്നെടുത്ത ‘പാഠഭാഗങ്ങളാണെന്നു പറഞ്ഞില്ലെ?
പൊതുവെ കുട്ടികൾ സംതൃപ്തരാണെന്നു പറയാം. എന്നാൽ പരീക്ഷകഴിഞ്ഞു എഴുതിയതിനെ കുറിച്ചാലോചിക്കുന്ന കുട്ടികൾ റിസൽട്ട് വരുന്നതുവരെ അസ്വസ്ഥരായിരിക്കും.
എസ്.വി.രമനുണ്ണി, സുജനിക
കുണ്ടൂർകുന്ന്, മണ്ണാർക്കാട്. 678583
No comments:
Post a Comment