31 August 2008

മ്പ്രാം...പാള എരപ്പാക്കി

പണ്ട്.....ഓണക്കാലത്തു
നായിടികള്‍ മനക്കലെ പടിക്കലെ വരമ്പത്തു ദൂരെ നിന്നു ഉറക്കെ വിളിക്കും..
മ്പ്രാ....നായിടി വന്നക്കുണൂ....പൈക്കുണൂ...വല്ലതും താ മ്പ്റാ...
(മനക്കലെ പിറന്നാളും വിശേഷങ്ങളും നായിടിക്കറിയാം...എത്ര കാലായി ഇതു തൊടങ്ങീട്ട്..)
ഇതു കേട്ടാ കാര്യസ്ഥന്മാര്‍ നായിടിക്കു കൊടുക്കാന്‍ ഏര്‍പ്പാടു തുടങ്ങും...ചോറും കറികളും കൂടെ പഴയ വസ്ത്രങ്ങളും..(കാശു കൊടുക്കില്ല..നായിടിക്കു കാശെന്തിനാ ല്ലേ)
(അതൊരു പുണ്യ കര്‍മ്മമാണെന്നാ വിശ്വസം)
ചോറും കറികളും കിട്ടിയാല്‍ അതൊക്കെ മുണ്ടില്‍ പൊതിഞ്ഞുകെട്ടി നേരേ കുടിയിലേക്കു പോകും.അവിടെ ചെന്നേ കഴിക്കൂ.കുട്ടികളും ഭാര്യയും കാത്തിരിക്കുന്നുണ്ടാകും...
ചോറും കറികളും വിളമ്പി..അന്നു പായസം...പന്‍ചാരപ്പായസം (പാലടപ്രഥമന്‍ ഒക്കെ ഇപ്പൊഴല്ലെ കേമം..പണ്ട് ഏറ്റവും മികച്ച പായസം പന്‍ചാരപ്പായസം ആണു...'വെള്ളത്താടി' എന്നാ പറയുക...ഇപ്പോ ഇതൊന്നും ആരും വിശ്വസിക്കില്ല.ഒക്കെ പാലടക്കാരാ...)
അപ്പോ നായിടീ...ഈ പായസം എങ്ങനെയാ കോണ്ട് പോവുക...
മ്പ്രാ...അതു കൊണ്ടോണില്ല...കുട്ട്യോള്‍ക്കു പിടിക്കില്ല...ഈ പാളേളു തന്നേക്കീ
പാള മലര്‍ത്തി വെച്ചു...(വഴിയില്‍ നിന്നു കിട്ടുന്ന അരി,പഴകിയ ഇറച്ചി,മത്സ്യം...ഒക്കെ സം ഭരിക്കുന്ന പാളയാണിതു...എപ്പോഴും കയ്യിലുണ്ടാകും)
പന്‍ചാരപ്പായസം പാളയില്‍ ഒഴിച്ചു കൊടുത്തു...ധാരാളം...കാര്യസ്ഥന്‍ മാറിനിന്നു.
നായിടി ചെന്നു പാളയിലെ പായസം കുടിച്ചു..കാര്‍ക്കരിച്ചു തുപ്പി..ഒന്നു അസ്സലായി മുറുക്കി....ചോറിന്റെ കിഴിയുമെടുത്തു നടന്നു...
പോകുന്ന പോക്കില്‍ പതുക്കെ പറഞ്ഞു...
മ്പ്രാന്‍ അടീന്റെ പാള എരപ്പാക്കി.

26 August 2008

കാളന്‍ കൂട്ടി ഊണുകഴിക്കേണ്ടതെങ്ങനെ?

പണ്ട്....

ഓണസ്സദ്യ ഒരുക്കി ഉണ്ണാറായപ്പോ തിരുമേനി അസ്സനാക്കയെ ക്ഷണിച്ചു..മൂപ്പരു തിരുമേനിയുടെ പുതിയ കളം കാര്യസ്ഥന്‍.. ഓണത്തിന്നു സദ്യയും ഓണപ്പുടവയും പതിവാണു പണ്ടേ.
അസ്സനിക്കക്കു മനക്കലെ സദ്യ ബഹു ഇഷ്ടം ..എരിവും പുളിയും മധുരവും ഒക്കെ ഉണ്ടാവും..കുടീലെ മീന്‍ചാറും മൂരി എറച്ചീം കുറേ ആയാ മടുക്കില്ലേ...
സദ്യ ഉണ്ണുന്നതു കണ്ട് തിരുമേനി അടുത്തിരിപ്പുണ്ട്.എന്താ വേണ്ടച്ചാ നോക്കി വിളമ്പാന്‍ നിര്‍ദ്ദേശിക്കും...
(ചിലരങ്ങനയാ...ഊട്ടാന്‍ നല്ല ഇഷ്ടം ആവും.അതു നന്നായി ഉണ്ണുന്നവരാച്ചാ അധികം ഇഷ്ടാവും)
സദ്യ തുടങ്ങി..അസ്സനിക്ക ചോറു വലിയൊറുറുള കാളന്‍ കൂട്ടി കുഴച്ചു...(മറ്റു കറികളൊന്നും നോക്കുന്നേ ഇല്ല...തിരുമേനിക്കു അതത്ര പിടിക്കുന്നില്ല)
വലിയ ഉരുള രണ്ടു ചെറിയ ഉരുളയാക്കി അതില്‍ വീണ്ടും കാളന്‍ കൂട്ടി കുഴച്ചു....
പിന്നെ അസ്സനിക്ക ചെറിയ ഉരുള കാളനില്‍ മുക്കി എടുത്തു...
ഹോഹോ....എന്താദു...കാളന്‍ ഇത്ര ചെലവാക്കേ...തിരുമേനിക്കു കോപം.....
അസ്സനിക്ക ഉറുള വായിലിട്ടു....ഒന്നു ചവച്ചു...മെല്ലെ ഇറക്കി...
പിന്നെ കാളന്‍ കൈപ്പത്തി നിറയെ ഏടുത്തു അസ്സലായി ഒന്നു നക്കി..
ചിരിച്ചു....
തിരുമേനിക്കു പൊറുക്കുന്നില്ല...ഇത്ര നല്ല കാളന്‍ ധൂര്‍ത്തടിക്കേ....അശ്രീകരം....എഠ....
പിന്നെ തിരുമേനി അസ്സനെ ഉണ്ണാന്‍ കഷണിച്ചിട്ടില്ല...



പ.ലി.

മനക്കലെ ചോറു നമ്മള്‍ തിന്നൂലാ...എന്നേ പിന്നെ അസ്സന്‍ പുറത്തു പറയൂ..
കാരണം, അതു കിട്ടൂലാ...എന്നു മനസ്സില്‍ പറയും.

25 August 2008

അടുത്തതു?

ഒരു വിഷുവിന്നു ബാപ്പേം ചെറിയമോനും കൂടി സുഖമായി സദ്യ ഉണ്ട്
(വിശേഷദിവസങ്ങളില്‍ സദ്യക്കു അടുത്തവീട്ടുകാരെ ക്ഷണിക്കും)
തിരിച്ചു പോരികയായിരുന്നു....
മോന്‍: ബാപ്പാ...വിഷു നന്നായി...ഇനിപ്പോ എന്താ അടുത്തു വര്വാ?
ബാപ്പ:...ഞ്ഞ്ഞ്ഞ്ഞ്ഞ്....ഓണം..ചിങ്ങത്തിലു...അന്നും സദ്യ ണ്ടാവും
അവര്‍ നടന്നു...ചെറിയൊരു കുറ്റിക്കാടുണ്ട് വഴിക്കു....എന്തോ ശബ്ദം കേട്ടു..ഒരു പുലി..
നേരെ മുന്നില്‍ ചാടിവീണു..
ബാപ്പയെ പിടിച്ചു...മോന്‍ ഓടി...
ഉറക്കെ വിളിച്ചു കരഞ്ഞു....
ഓടിവരണേ......ബാപ്പേം ഓണോം കൂടി കെട്ടിമറ്യേണേ...
ഓടിവരണേ..... ബാപ്പേം ഓണോം കൂടി.....

17 August 2008

ആവര്‍ത്തനം

ഫോട്ടോ:പ്രിയ::നന്ദി

ചിങ്ങം ഒന്ന്
വീണ്ടും ശ്രാവണമെത്തി മര്‍ത്യര്‍മുഴുവന്‍ ഒന്നായു മൊന്നെന്ന
പോലെന്നും വാണൊരുനാള്‍കളെ പരിചില്‍ നാം പോറ്റുന്നു സോത്സാഹമായ്
പാടും പക്ഷികള്‍ പൂക്കളും മധുരമായ് കണ്ണീരുറന്നെങ്കിലും
തേടും സല്‍കഥവാഴ്ത്തു മത്ഭുത മനോരാജ്യം ബലീയം വൃഥാ.

14 August 2008

.....................

വെള്ളപ്പൊക്കം...
പണ്ടൊക്കെ വെള്ളപ്പൊക്കം ച്ചാ എന്താ...ഭയങ്കരം ....വെള്ളം തന്നെ വെള്ളം...
ശങ്കരന്‍ മൂത്താന്‍ അയ്യപ്പ ഭക്തന്‍...സമ്പൂര്‍ണ്ണ ഭക്തന്‍...എല്ലാം അയ്യപ്പസ്വാമി ശരണം... മു‌ത്ത്താന്‍ സാമി പണ്ടത്തെ വെള്ളപ്പൊക്കത്തില്‍ പെട്ടു...നീന്താന്‍ അറിയാം...കുറേ നീന്തി..
കരക്കു നില്‍ക്കുന്നവര്‍ സാമിയോടു വിളിച്ചു പറയുന്നുണ്ട്...നീന്തിക്കേറാന്‍...പക്ഷെ സാധിക്കുന്നില്ല...നല്ല ഒഴുക്കു... ന്നാ സാമീ...ആ ഒഴുകി വരണ വാഴയില്‍ പിടിച്ചു കയറു...
സാമിക്കു പരിഭ്രമം ഇല്ല....എന്നെ അയ്യപ്പസ്വാമി രക്ഷിക്കും...നിങ്ങളെന്തിനാ പേടിക്കുന്നതു?
സാമി മൂത്താന്‍ വെള്ളത്തില്‍ കുഴഞ്ഞു മുങ്ങാന്‍ തുടങ്ങി..കഴുത്തുവരെ മുങ്ങി...പക്ഷെ, പരിഭ്രമം ഇല്ല...
അയ്യപ്പ സ്വാമി രക്ഷിക്കും...
കരക്കു നില്‍ക്കുന്നവര്‍ക്കു പരിഭ്രമം...ഇയ്യാളു മുങ്ങി ചാവൂലോ...
സാമി...ആ വരുന്ന മരക്കൊമ്പില്‍ പിടിച്ചു കയറു...
ഏയ്....മരക്കൊമ്പിലൊന്നും വേണ്ടാ..അയ്യപ്പസ്വാമി രക്ഷിക്കും....
മരക്കൊമ്പു ഒലിച്ചു പോയി....സാമി പിന്നെയും മുങ്ങുകയാണു...
സാമീ...ആ ഒഴുകി വരണ വൈക്കോല്‍കുണ്ടയില്‍ പിടിക്കു.....
സാമി പിടിച്ചില്ല....ഏയ്...അയപ്പസ്വാമി.....
സാമി പിന്നെയും മുങ്ങുകയാണു...ക്ഷീണിച്ചിരിക്കുന്നു...അയ്യപ്പ സ്വാമി ഒന്നും ചെയ്യുന്നിലല്ലോ...മൂത്താനു ദേഷ്യം വന്നു...ഭക്തിയൊക്കെ പോയി.... അയ്യപ്പസ്വാമിയെ തെറി അഭിഷേകം തുടങ്ങി...
അയ്യപ്പസ്വാമി...തിരിച്ചും തെറി പൂരം...അശ്റീകര മൂത്താനെ..നായിന്റെ... നിനക്കു രക്ഷപ്പെടാന്‍ ഞാന്‍ എത്ര സഹായിച്ചു...വാഴ/മരക്കൊമ്പു/വൈക്കോല്‍കുണ്ട....എന്തൊക്കെ അയച്ചു തന്നു...ന്നീയ്..നായിന്റെ......അതൊന്നും സ്വീകരിചില്ല...ന്നുട്ടു പ്പോ...എന്നെ തെറിപറയേഏ.....നീന്തിക്കെറടാ നായിന്റെ.....നെ.....

11 August 2008

പ്രതിഷേധം/നോമ്പുപേക്ഷിച്ചു

മുത്തശ്ശിക്കു ഏകാദശി നോമ്പു വളരെ നിര്‍ബന്ധാണു.
രാവിലെ ഒന്നൂല്യ..10 മണിക്കു 2ഗോതമ്പ് അപ്പം,3 മണിക്കു ചാമക്കഞ്ഞി,രാത്രി രാവിലെ ഉണ്ടാക്കിയതില്‍ ബാക്കി ഉള്ള ഒരു അപ്പം...നാഴി പാലും..സുഖം...ബാക്കി സമയം ഒക്കെ നാമജപവും (ഉച്ചക്കു ഉറങ്ങാന്‍ പാടില്ല; നോമ്പിന്റെ ഫലം പോകും)
പക്ഷെ ,കുട്ടികളാരോ മുത്തശ്ശിയെ ദേഷ്യം പിടിപ്പിക്കും..അപ്പോ മുത്തശ്ശി നോമ്പു ഉപേക്ഷിക്കും.
''വെച്ചതു വെച്ചോടത്തു കാണില്ല്യാച്ചാ....നിക്കു ന്നു ഏകാശിനോമ്പും ഇല്ല്യാ...അങ്ങനെണ്ടോ ഒരു കളി കുട്ട്യോള്‍ക്ക്?''

പ.ലി
നോമ്പു പലപ്പൊഴും നോല്‍ക്കേണ്ടിവരുന്ന അന്നു ആവും എന്തെകിലും വിശേഷം..പിറന്നാളു...ഓണം...വിഷു...അന്നു നല്ല സദ്യ തീര്‍ച്ച...
അപ്പോള്‍ അതിന്റെ വിഭവങ്ങള്‍ ആരും കാണാതെ എടുത്തു കട്ടിലിന്റെ അടിയ്ല്‍ സൂക്ഷിക്കും...
എടക്കു ഏടുത്തു സുഖായി തിന്നും..അതാണു കുട്ടികള്‍ മോഷ്ടിക്കുന്നതു...അപ്പോളാണു മുത്തശ്ശി
''വെച്ചതു വെച്ചോടത്തു കാണില്ല്യാച്ചാ....നിക്കു ന്നു ഏകാശിനോമ്പും ഇല്ല്യാ...അങ്ങനെണ്ടോ ഒരു കളി കുട്ട്യോള്‍ക്ക്?''എന്നും ചോദിച്ച് ദേഷ്യം ഭാവിച്ചു എല്ലാരുടേയും കൂടെ ഉണ്ണാനിരിക്കും...നല്ല ഭക്ഷണം ആര്‍ക്കാ ആര്‍ത്തിയില്ലാത്തതു അല്ലേ?

08 August 2008

തിരനോക്ക്

പണ്ട്...(ഇന്നും)
കുഞ്ഞിരാമക്കുറുപ്പ്...മഹാനടന്‍..കഥകളി നടന്‍....വന്‍ വേഷക്കരന്‍....സ്ഥിരം ചോന്നാടി...
കുഞ്ഞിരാമക്കുറുപ്പിന്റെ തിരനോക്ക് പ്രസിദ്ധമാണു.
ചിട്ട കലശലാണു.ഒന്നിനും ഒരു ഉപേക്ഷയും ഇല്ല... ആശാന്‍ തന്നെ.
പക്ഷെ, ചില ദിവസം തിരനോക്കു കുറച്ചേസമയം വേണ്ടിവരുള്ളൂ.വേഗം തീരും...
ചില കളിക്കു ശ്ശി നേരം വേണം..തിര താഴ്ത്തലും, അലര്‍ച്ചയും,വട്ടം വെക്കലും ശ്ശി ണ്ടാവും...
ഇതിന്റെ സത്യം അറിയാന്‍ ഒരുദിവസം തമ്പുരാന്‍ കുറുപ്പാശാനോട് ചോദിച്ചു...
എന്താ ചിലപ്പോള്‍ വേഗം കഴിച്ചുകൂട്ടുന്നട്ട്ന്നതു...ചിലപ്പോ ശ്ശി വൈകും കളിതുടങ്ങാന്‍..എന്താ ഇങ്ങനെ.
വേറെ നിവിര്‍ത്തിയില്ലാത്തതുകൊണ്ടാ മ്പ്രാന്‍....
കളിക്കാന്‍ മനസ്സമാധാനം വേണ്ടേ....അതാ...
അതെന്താ ആശാന്‍....മനസ്സമാധാനം പൂവ്വാന്‍?
പെരേലു കാശിന്നു നല്ല മുട്ടാണു...ശ്ശി കടം ണ്ട്...
അതിനെന്താ..?അതോണ്ട് തിരനോട്ടം വൈകാനെന്താ?
കടക്കാരു സദസ്സിലുണ്ടങ്കില്‍ ( അതാണു തിരനോട്ടനേരത്തു ഞാന്‍ തിരയുന്നതു..)അവരു എണീറ്റ് പോകുന്നതുവരെ (കളി വൈകിയാല്‍ അവര്‍ മടുത്തു ണീറ്റ് പോകും)...തിരനോക്കു ചെയ്യും...അവരു പോയീന്നു ഉറപ്പായാല്‍.. കളി ആരം ഭിക്കും....
കുഞ്ഞിരാമക്കുറുപ്പാശാന്റെ സൂത്രം തമ്പുരാനു ക്ഷ പിടിച്ചു.

05 August 2008

പണിക്കു ആളെ വേണോ...?

പണ്ട്.....
പൂജക്കു ചെല്ലുമ്പോ തിരുമേനി മനസ്സുരുകി പ്രാര്‍ഥിക്കും..
ഭഗവാനെ, ഇല്ലത്തെ പണിക്കു ഒരാളെ കിട്ടണേ....എന്നു
പറമ്പിലും പാടത്തും ഒക്കെ എത്രയാ പണി.ഒരാളെ പണിക്കു വിളിച്ചാ കിട്ടില്ല...എന്തു കൊടുത്താലും നന്ദിയ്ല്ലാത്ത വഹകളു...ഭഗവാനെ,....
എന്നുമുള്ള ഈ പ്രാര്‍ഥന കേട്ടു ശിവന്‍ (ഭഗവാന്‍) പ്രത്യക്ഷായി...
തിരുമേനിയുടെ ആവശ്യം നിറവേറ്റാം...ഭൂതഗണങ്ങളില്‍ ഒരുത്തനെ തരാം....ഇത്രക്കൊക്കെ എന്താ പ്പോ പണി അവടെ?
ആവൂ....പണിയോ...പറേണ്ടാ....ഒരാളെ കിട്ടില്ല....ഭഗവാന്‍ ഒരാളെ തരണം....: തിരുമേനി
ശരി, തരാം..പക്ഷെ ഒരു കാര്യ്ണ്ട്...എപ്പൊഴും പണി കൊടുത്തില്ലെങ്കില്‍ ഭൂതം തിരുമേനിയെ പിടിച്ചു വിഴുങ്ങും...പറ്റ്വോ..
പണി കൊടുക്കാം....ഒരു സംശയും ഇല്ല....കൊടുക്കാം...: തിരുമേനി.
ഭഗവാന്‍ ഒരു ഭൂതത്തെ വിളിച്ചു തിരുമേനിയുടെ കൂടെ പോകാന്‍ കല്‍പ്പിച്ചു.ഭൂതം പുറപ്പെട്ടു.
ഇല്ലത്തെത്തി...പണി തുടങ്ങി....പാടം..പറമ്പ്...ഇല്ലത്തെ അടുക്കളപ്പണി....തുടങ്ങി. എന്തു പണിയാണെങ്കിലും ഭൂതം നിമിഷനേരം കൊണ്ട് ഭംഗിയായി ചെയ്തു തീര്‍ക്കും. തിരുമേനിയുടെ പ്രധാനപണികളൊക്കെ കഴിഞ്ഞു...ഇന്യെന്താ ചെയ്യിക്കുക? ശരി...ഒരു വലിയ കുളം ഉണ്ടാക്ക്....കിണര്‍ ഉണ്ടാക്ക്...ആദ്യം ഉണ്ടാക്കിയ കുളം തൂര്‍ക്ക്...കിണര്‍ തൂര്‍ക്ക്...പാത വെട്ട്..വേറൊരു കുളം കുഴിക്ക്...കുന്നു കിളച്ചു മാറ്റ്...കിളച്ചു മണ്ണിട്ടു കുന്നു ഉണ്ടാക്ക്....പണി തന്നെ പണി... നിമിഷ നേരം കൊണ്ട് ഭൂതം പണി തീര്‍ക്കും...
ഇന്യെന്താ പണി....കൊണ്ടാ...പണികൊണ്ടാ...എന്നായി ഭൂതം..
തിരുമേനിയെ പിടിച്ചു തിന്നാന്‍ പിന്നാലെ കൂടി....തിരുമേനി ഇല്ലത്തേക്കു ഓടിക്കയറി....ഭൂതം പിന്നാലെ....
തിരുമേനി അന്തര്‍ജ്ജനത്തെ വിളിച്ചു കാര്യം പറഞ്ഞു...താത്രീ....ഇനിയെന്താ ചെയ്യാ... അഹാ....ഇതേപ്പൊണ്ടായെ...ആട്ടെ അവനോടു ഇങ്ങടു വരാന്‍ പറയാ....
ഞാന്‍ കൊടുക്കാം പണി.വിളിക്ക്യാ....
വിളിക്കൊന്നും വേണ്ടാ...ദാ..ഒപ്പം ണ്ട്...ഇപ്പൊ പിടിച്ചു തിന്നും....
എവടെ...ഭൂതം...
അന്തര്‍ജ്ജനം തന്റെ മുടിക്കെട്ടില്‍ നിന്നു നല്ലോണം ചുരുണ്ട ഒരു മുടി ഇഴ പറിച്ചെടുത്തു..തിരുമേനിക്കു കൊടുത്തു.. ദാ, ദു കൊണ്ടോയി കേടുവരുത്താതെ ഇതിന്റെ ചുറുളിച്ച മാറ്റിത്തരാന്‍ പറയാ....കൊടുക്കാ...
ഭൂതത്തിനു പണിയായി...
ഭൂതം നിലത്തിരുന്നു മുടിനാരു രണ്ടു വിരല്‍ വെച്ചു നീര്‍ത്തി നീട്ടി പിടിക്കും...എന്നിട്ടു വിടും...വിട്ടാല്‍ മുടിനാരല്ലേ...എന്താ പഴയ പോലെ ചുറുളും...ഭൂതം വീണ്ടും ഇതാവര്‍ത്തിക്കും....

ഇപ്പൊഴും മൂപ്പരു ശ്രദ്ധിച്ചിരുന്നു ചുരുള്‍ നിവര്‍ത്തുകയാണു..കുറേ കാലായി...
എന്തായാലും തിരുമേനിക്കു ആശ്വാസായി.

03 August 2008

അടയാളം

സീതാന്വേഷണവുമായി ശ്രീഹനൂമാന്‍ ലങ്കയില്‍ എത്തിയിരിക്കയാണു.
എവിടെയാണു ദേവിയെ തിരയുക..ഒരു നിശ്ചയവും ഇല്ല..
ദേവിയെ ഹനൂമാന്‍ നേരില്‍ കണ്ടിട്ടില്ല.ലക്ഷണങ്ങള്‍ ശ്രീരാമദേവന്‍ പറഞ്ഞുകൊടുത്തതു മാത്രം...അതു മതി...ലക്ഷണങ്ങള്‍ വെച്ചു കണ്ടെത്താന്‍ ഹനൂമാന്‍ സമര്‍ഥനാണു.(ലക്ഷക്കണക്കിനു വാനരന്മാരെ സീതാന്വേഷണത്തിന്നയച്ചതില്‍ ഭഗവാന്‍ മുദ്രാമോതിരം ഹനൂമാനെയാണല്ലോ ഏല്‍പ്പിച്ചതു.)
ആദ്യം തന്നെ രാവണന്റെ ശയ്യാഗാരത്തില്‍ ചെന്നുനോക്കാന്‍ തീരുമാനിച്ചു.
ശരീരം നന്നെ ചെറുതാക്കി മുറിക്കുള്ളില്‍ കടന്നു.
രാവണരാജാവ് സുഖനിദ്രയിലാണു.അത്യാഡമ്പരത്തോടുകൂടിയ ശയ്യാ ഗൃഹം.
സമീപം ഒരു സ്ത്രീ കിടക്കുന്നു.
ഒറ്റനോട്ടത്തില്‍ സീതാദേവിയെന്നു തോന്നി.പരിഭ്രമിച്ചു....ഇതോ ഭഗവതി....ഇങ്ങനെ സം ഭവിക്കുമോ.....
ഏയ്...അങ്ങനെ വരില്ല....ഒന്നുകൂടെ നോക്കാം...
ശ്രീരാമചന്ദ്രന്‍ പറഞ്ഞുകൊടുത്ത ലക്ഷണങ്ങള്‍ വെച്ചു പരിശോധിച്ചു.....എല്ലാ ലക്ഷണങ്ങളും ഉണ്ടു...ദേവിതന്നെ....ഉറപ്പിക്കന്‍ തോന്നി...
അപ്പോഴാണു കണ്ടതു....മുടി കെട്ടഴിഞ്ഞു കിടക്കുന്നു.കെട്ടിയിരുന്നതാവും....അഴിഞ്ഞിരിക്കുന്നു....
സമാധാനമായി...ഇതു ദേവിയല്ല....
പ്രയ്ത്നം വെറുതെ ആയില്ല.
മുടി കെട്ടഴിഞ്ഞുകിടക്കുന്നതു ആസന്ന വൈധവ്യലക്ഷണം ആണു..അപ്പോള്‍ ഇതു ദേവിയല്ല.....രാവണഭാര്യമാരില്‍ ആരോ മാത്രം.സമാധാനമായി....

(മണ്ഡോദരിക്കു സീതാദേവിയുടെ അതേ ഛായയാണെന്നു പറയ്പ്പെടുന്നു.)

02 August 2008

ഏകശ്ലോക രാമായണം

പൂര്‍വ്വം രാമ തപോവനാനിഗമനം ഹത്വാമൃഗം കാന്‍ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവ സം ഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരിം മര്‍ദ്ദനം
പശ്ചാല്‍ രാവണ കും ഭകര്‍ണ്ണ നിധനം ഏതധ്യ രാമായണം.

രാമായണകഥ മുഴുവന്‍ ഒറ്റ ശ്ളോകത്തില്‍ ഒതുക്കി പറയുന്നു.