18 August 2020

school notes 11

 

അദ്ധ്യാപന നൈപുണികൾ

ചില സാമൂഹ്യ മാധ്യമങ്ങൾ പരിചയം [1]


WhatsApp, Telegram ,Facebook, Youtube, Blog, Twitter, Podcast തുടങ്ങിയ ആധുനിക സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് സാമാന്യധാരണയില്ലാത്തവർ ചുരുക്കമാണ്. അദ്ധ്യാപകരെന്ന നിലയ്ക്ക് ഇവകളുടെ സാധ്യത സ്കൂൾ പ്രവർത്തനങ്ങളിൽ നാം ഉപയോഗപ്പെടുത്തിയേ മുന്നോട്ട് പോകാനാവൂ.

വിനിമയമാണ് ക്ളാസ്‌‌മുറിയിൽ നടക്കുന്നത്. വിനിമയത്തിന്ന് മാധ്യമം കൂടാതെ കഴിയില്ല. പാരമ്പര്യമാധ്യമങ്ങൾ കൊണ്ട് നടക്കുന്ന വിനിമയത്തിന്റെ പരിമിതികളെ മറികടക്കാൻ ആധുനിക മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. പലതരത്തിലുള്ള മാധ്യമങ്ങളെ പ്രവർത്തിപ്പിക്കാനുള്ള നൈപുണി അദ്ധ്യാപികക്ക് അനിവാര്യമാണ് ഇക്കാലത്ത്. ഇതിനിയും വികസിക്കുകയുമാണ്.

വിനിമയത്തിനുള്ള അധിക ശേഷിയും അധിക സ്വാതന്ത്ര്യവുമാണ് മാധ്യമങ്ങളുടെ പ്രസക്തി നിശ്ചയിക്കുന്നത്. അദ്ധ്യാപികയുടെ വചനകൗശലത്തിൽ ഈ രണ്ടും നന്നേ പരിമിതമാണ്. ദൃശ്യ ശ്രാവ്യ സംവേദനങ്ങളുടെ ഏറ്റവും പ്രാഥമികമായ തലം മാത്രമാണ് അദ്ധ്യാപികക്ക് ക്ളാസിൽ പ്രയോഗിക്കാനാവുന്നത്. സാങ്കേതികവിദ്യയുടെ പ്രഥമ ഘട്ടത്തിലെ സാധ്യതകളാണ് ഇന്നും ക്ളാസിൽ പയറ്റുന്നത്. കുട്ടിയാകട്ടെ വിനിമയത്തിന്റെ എല്ലാ തരത്തിലുമുള്ള ആധുനിക ബലം ഉൾക്കൊള്ളുന്നവളാണ്. ജ്ഞാനപരമായി കുട്ടി പിന്നിലാണെങ്കിലും വിനിമയപരമായി കുട്ടി അദ്ധ്യാപികയേക്കാൾ മുന്നിലാണ്. കാലപരമായ ഒരു വ്യത്യാസമാണിത്. കുട്ടിയോടൊപ്പമെത്താൻ [ അറിവല്ല, വിനിമയശേഷിയാണ് സുപ്രധാനം. വിനിമയത്തിലൂടെയാണല്ലോ അറിവ് നിർമ്മിക്കപ്പെടുന്നത്. ] അദ്ധ്യാപിക ഇനിയും വളരെ ശ്രമിക്കേണ്ടതുണ്ട്. ഇവിടെയാണ് നവീനമാധ്യമങ്ങളെ ക്കുറിച്ചുള്ള പാഠങ്ങൾ ആവശ്യമായി വരുന്നത്.

ബ്ളോഗിങ്ങിനെ കുറിച്ച് ആദ്യം. ബ്ളോഗർ, വേഡ്പ്രസ്സ് എന്നീ രണ്ടുസൈറ്റുകളാണ് ബ്ളോഗിങ്ങിന്ന് ഇടം തരുന്ന പ്രചാരമുള്ളവ. [ ഇവയുടെ ആപ്പുകൾ നമ്മുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തു വെക്കാം. ഇവരുടെ സൈറ്റുകളിൽ ജി മെയിൽ ഐഡി ഉപയോഗിച്ച് സൈൻ - ഇൻ ചെയ്യാം. 5 ജി ബി സ്പേസ് ഫ്രീയായി നമുക്ക് ഉപയോഗിക്കാൻ കിട്ടും. വളരെ എളുപ്പത്തിൽ ഒരു ബ്ളോഗ് നിർമ്മിക്കാനുള്ള സഹായം സൈറ്റ് നമുക്ക് തരുന്നുണ്ട്. വളരെ വളരെ യൂസർ ഫ്രന്റ്‌‌ലിആണ്. ഒരു സവിശേഷ വൈദഗ്ദ്ധ്യവും ആവശ്യമില്ല. നല്ലചെറിയൊരു പേര് കൊടുത്ത് [ ഇംഗ്ളിഷിലായാൽ ഗൂഗ്ളിൽ സെർച് ചെയ്യാനും മറ്റുള്ളവർക്ക് കിട്ടാനും എളുപ്പമാകും ] പോസ്റ്റുകൾ പബ്ളിഷ് ചെയ്യാൻ തുടങ്ങാം .

ഞങ്ങളുടെ സ്ഥാപനത്തിലെ കുട്ടികളുടെ ചില ബ്ളോഗുകൾ നോക്കൂ:

1] https://sujathaparvathi.wordpress.com/

 2] https://rptdotnetdotin.wordpress.com/

3] https://onlinepahayan.wordpress.com/ 

 4] https://glisterdotblog.wordpress.com/

5] https://gokulonlinebloge.wordpress.com/ 

6] http://niyogam128.wordpress.com

7] http://ideal2care.wordpress.com 

 8] https://harrithagupta.wordpress.com/

9 ] https://ta619.wordpress.com/ 


എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരുബ്ളോഗ് ഉണ്ട്. സാധ്യതകളെപ്പറ്റിയുള്ള ധാരണക്കുറവും മറ്റുപലതും കാരണം അപ്പ്ഡേറ്റ് ചെയ്യുന്നവർ കുറവാണ്.

അവരുടെ സ്കൂളനുഭവങ്ങളാണ് / വായനാനുഭവങ്ങളാണ് ബ്ളോഗിൽ അപ്പ്ഡേറ്റ് ചെയ്യുന്നത്. ആവശ്യങ്ങൾ, പരിഹാരങ്ങൾ, പഠനസംബന്ധമായ ആക്ടിവിറ്റികൾ , സ്വന്തം ജേർണലുകൾ, ലോഗുകൾ, ക്ളാസ്‌‌റൂം ഉല്പന്നങ്ങൾ, നോട്ടുകൾ, സെമിനാർ രേഖകൾ, സൃഷ്ടികൾ തുടങ്ങി എന്തും ബ്ളോഗ് ചെയ്യാം. ഒന്ന്, നെറ്റിൽ അത് കാലാകാലം സൂക്ഷിക്കാം, [ ശരിയായ ടാഗുകൾ , ലേബലുകൾ കൊടുത്ത് വെച്ചാൽ ] പെട്ടെന്ന് തെരഞ്ഞ് പിടിക്കാം, ഷെയർ ചെയ്യാം, അഭിപ്രായങ്ങൾ അറിയാം, ചർച്ചകൾ നടത്താം. മെച്ചപ്പെടുത്താം, സമാനസ്വഭാവമുള്ളവ കണ്ടെത്താം, അഭിനന്ദനങ്ങളും വിമർശനങ്ങളും മനസ്സിലാക്കാം എന്നിങ്ങനെ നിരവധി പ്രയോജനങ്ങളാണ്. ബ്ളൊഗിൽ ചെയ്തവ വാട്ട്സാപ്പ്, ടെലിഗ്രാം, ട്വിറ്റർ , ഫേസ്ബുക്ക് എന്നിവിടങ്ങളിലൊക്കെ ലിങ്കായി ഷെയർ ചെയ്യാം.

ടീച്ചർക്ക് വളരെ പ്രധാനപ്പെട്ട ഒരു വിനിമയസാമഗ്രിയാണിത്. “ കൂടുതലറിയാൻ എന്റെ ബ്ളോഗ് നോക്കണേ "എന്ന് ടീച്ചർക്ക് [ ഏതു വിഷയമയാലും ] ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുട്ടിയോട് പറയാം. അതിനായി കുട്ടി കാത്തിരിക്കുന്നുണ്ട് എന്നറിയണം. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോൾ അനായാസം അത് ബ്ളോഗിലും വരുത്താം .തന്റെ അന്വേഷണങ്ങൾ [ റഫറൻസ് ] ലിങ്ക് ചെയ്യാം. ആധികാരികമാക്കാം. എക്കാലവും സൂക്ഷിക്കാം. അപ്പ്ഡേറ്റ് ചെയ്യാം . ഏത് പരിശോധകനും എവിടെവെച്ചും കാണിച്ച് കൊടുക്കാം . കൂടുതൽ ഉത്തരവാദിത്തത്തോടെ അദ്ധ്യാപികക്ക് തന്റെ പണി ചെയ്യാൻ കഴിയും

സ്വന്തമായി ബ്ളോഗില്ലാത്ത [ സ്വന്തം സൈറ്റുകൾ പരിപാലിക്കുന്നവരാണ് മികച്ച അദ്ധ്യാപകർ പലരും ] അദ്ധ്യാപിക വിനിമയവികാസ രംഗത്ത് ഏറ്റവും താഴത്തെ പടിയിലാണ് പുലരുന്നത്. ജീവിതത്തിൽ എല്ലാരും നവീന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്നവരാണ്. അല്ലെങ്കിൽ അവർക്ക് തൊഴിലെടുത്ത് ജീവിക്കാനാവില്ല. ലോകം മുന്നേറുകയാണ്. ഒപ്പം മാത്രമല്ല , മുമ്പിൽ നടക്കേണ്ടവരാണ് അദ്ധ്യാപകർ. ജനം അദ്ധ്യാപകരിലുള്ള പ്രതീക്ഷ മെല്ലെ കൈവിട്ടുകൊണ്ടിരിക്കയാണോ? അറിയില്ല !

No comments: