28 January 2020

അപിഹിതം മുഖം


ചിതൽ
...................
തിന്നുതീർത്ത മരങ്ങളെ
ചുമരിൽ വരയ്ക്കുകയാണ് ചിതൽ.
പശ്ചാത്താപത്താൽ കെട്ടിപ്പൊക്കിയതാവണം
സ്മാരകങ്ങളത്രയും…
[സുഷമ ബിന്ദു] 

സങ്കീർണമായ ഒരു നിർമിതിയാണ് ചിതൽപ്പുറ്റ് . ചിതൽ ഒരു സമൂഹമാണ്. എല്ലാരും ചേർന്നാണ് പുറ്റ് ശില്പം ചെയ്യുന്നത് . മേൽനോട്ടക്കാരില്ല. പ്രിഡിസൈനും പ്രിപ്ളാനും ഇല്ല. എല്ലാവരും DNA വഴി കൈവന്ന ഒരബോധത്തോടെ ഒന്നിച്ച് പ്രവർത്തിക്കുന്നു . ദീർഘ ദീർഘ കാലം നിലനിൽക്കുന്ന പുറ്റ്ശില്പം ഉരുവം കൊള്ളുന്നു. 

ശരിക്ക് ആലൊചിച്ചാൽ ചിതൽ പുറ്റ് ഉണ്ടാക്കുകയല്ല. സാമൂഹ്യമായ അവരുടെ ജീവിതം വഴി അവ പാർക്കുന്നിടത്തൊക്കെ പുറ്റ് ഉണ്ടാവുകയാണ്. മൺപുറ്റ് സൃഷ്ടി ചിതലിന്റെ ജീവിത ലക്ഷ്യമേയല്ല . ജീവിതം സ്വയമേവ ആവിഷ്കാരം കൊള്ളലാണ് . പുറ്റ് ഉണ്ടാവുന്നതോടെ അവിടെ അവരുടെ ജീവിതം സമാപിക്കുന്നു. കൂട്ടമായി അടുത്ത സ്ഥലത്തെക്ക് നീങ്ങുന്നു. ഗുഹാചിത്രങ്ങൾ , പ്രാചീന നിർമിതികൾ , ആദ്യകാല ശില്‌പങ്ങൾ ഒക്കെ ഇങ്ങനെത്തന്നെ  . ഇന്ന് നാം ഇവയെ ചിത്ര - ശില്പ കലകളുടെ തുടക്കം എന്നൊക്കെ വ്യാഖ്യാനിക്കും. അത് ഉണ്ടായ കാലത്ത് അവരുടെ ജീവിതായോധനത്തിന്റെ കേവല നീക്കി ബാക്കികൾ മാത്രമാണ്. അവർ ഒരു കല ആവിഷ്കരിക്കയായിരുന്നില്ല. ജീവിക്കുകയായിരുന്നു. അഥവാ അതിജീവിക്കുകയായിരുന്നു . ആധുനിക കാലത്തും കലാകാരൻ കലാസൃഷ്ടി നടത്തുകയല്ല , മറിച്ച് അതിജീവിക്കുകയാണ് കാലത്തിൽ . 


ഈയൊരു ബോധ്യത്തിലാണ് പ്രസിദ്ധകവി  സുഷമ ബിന്ദുവിന്റെ ‘ചിതൽ ‘വായിച്ചു വെച്ചത് . ചുരുക്കി എഴുതുന്നയാളാന്ന് സുഷമ ബിന്ദു. കവിത 2 ഖണ്ഡങ്ങളാണ്. ആദ്യത്തേത് ഒരു ദർശന അനുഭവവും തുടർന്ന് അതിന്റെ ദാർശനിക വ്യാഖ്യാനവുമാണ് . രണ്ടും രണ്ടായല്ല വായനക്കാരന് കിട്ടുന്നത്. ജീവിതത്തിന്റെ ഒരു സമഗ്രാനുഭവമെന്ന നിലയിലാണ്. ഈ സമഗ്രത ഉൽപ്പാദിപ്പിക്കാനാവുന്നതുകൊണ്ടാണ് കവിതയാവുന്നത്. 

തിന്നുന്നതിൽ ജീവിക്ക് കുറ്റബോധമോ പശ്ചാത്താപമോ സാധാരണനിലയിൽ തോന്നേണ്ടതില്ല. സമൂഹമായി ജീവിക്കുന്നവക്ക് സവിശേഷമായും തോന്നേണ്ടതില്ല. എന്നാൽ തിന്നുതീർക്കുക ' എന്നക്രിയ കുറ്റബോധമുണ്ടാക്കും. തിന്നു കഴിഞ്ഞ് തീർക്കൽ ഏറെക്കുറേ ആധുനികമായ ഒരു രീതിയാണ്. ആർത്തിയാണ് അടിസ്ഥാനം . കുറ്റബോധം കുറച്ചു പേർക്കെങ്കിലും സ്വാഭാവികം. തുടർന്നാണ് പശ്ചാത്താപം. തിന്ന മരത്തിന്റെ ശില്പം / ചിത്രം  / പ്രകീർത്തനം / … ചുമരിൽ , തറയിൽ ...ചെയ്തു വെക്കുന്ന ആഭിചാരപ്രാർഥന ആധുനിക സംസ്കാരത്തിന്റെ ഉൽപന്നമാണ് എന്നു പറയാം. പലപ്പോഴും കല ഈയൊരർഥത്തിൽ ആഭിചാരമാണ്. ചങ്ങമ്പുഴയുടെ മനസ്വിനിയൊക്കെ വായിക്കുമ്പോൾ ഇത് തോന്നീട്ടുണ്ട്. 

മാനവ സംസ്കാരത്തിന്റെ അപിഹിതമുഖങ്ങളിലെന്ന് ' ചിതൽ ‘എഴുതുന്നു. 








27 January 2020

വേരുകൾ പലവിധം




വേരുകൾ എത്രതരം ? പ്രൈമറി ക്ലാസിൽ സ്ഥിരം ചോദ്യം. രണ്ടു തരം - എന്നൊക്കെ കുട്ടി ശാസ്ത്രീയമായി ഉത്തരം പറഞ്ഞ് ജയിക്കും . ക്ലാസിൽ നിന്ന് ജയിച്ച് പുറത്ത് വരുന്നതോടെ വേരുകളുടെ തര ബോധം തരം തെറ്റാൻ തുടങ്ങും. മലയാറ്റൂരിന്റെ ‘വേരുകൾ' , അലക്സ് ഹേലി യുടെ Roots അങ്ങനെ പല പല ജീവിതങ്ങൾ അനുഭവത്തിൽ വരും. അതോടെ വേരുകൾ രണ്ടല്ല , രണ്ടായിരം തരം പോലുമല്ല എന്ന ധാരണ വരും. അവനവന്റെ വേരുകൾ തിരയുന്ന തത്വജ്ഞാനിയായി മാറ്റും . ജയം വീണ്ടും അന്വേഷിക്കും. തത്വജ്ഞാനം ജീവിതത്തിന് പുതിയ അർഥങ്ങൾ നൽകും. എന്നാൽ നിന്റെ വിത്തും വേരും എന്ത് - എന്ന ഭരണ കൂടത്തിന്റെ ചേദ്യം , ആർജിച്ച അർഥസമ്പാദ്യങ്ങളെയൊക്കെ നിരുപയോഗമെന്ന് വരുത്തും . 

ഈ ആഴ്ച വായിച്ച രണ്ടു കവിതകളാണ്  - ശിവ പ്രസാദ് പാലോടിന്റെ ‘വർഗമൂലവും’ ഡോണ മയൂരയുടെ ‘നീ ആരാണെന്ന് ചോദിച്ചാൽ ‘ എന്നിവ. സമകാലികത രണ്ടു കവിതകളുടേയും ഉൾക്കരുത്താണ്. വർഗമൂലം ഗണിതാത്മകമായ ഒരു വ്യവസ്ഥയ്ക്കുള്ളിലാണ് . വെറും വേരല്ല [ root ] .വേരെന്ന ജീവശാസ്ത്രതയല്ല അക്കം തന്നെയാണ്. കവിതയുടെ layout - അച്ചടി  രൂപം V അല്ല /\ ആണ്. ഇത് വേരല്ല , നിലനില്‌പാണ് ഉള്ളടക്കം എന്നു കാണിക്കാനാണ് . പട്ടികക്ക് പുറത്താക്കപ്പെടാതിരിക്കലാണ് എഴുത്ത്. കുയിൽ പുറത്താവുന്നതാണ് ജന്മമൂലപടലവിശേഷം . എഴുത്ത് / കുയിലിന് പാട്ട് പ്രതിരോധമാണ്. അത് കവിത ശക്തമായി അവതരിപ്പിക്കുന്നു. 

വർഗമൂലത്തോടൊപ്പം നിൽക്കുന്ന കവിതയാണ് - നീ ആരാണെന്ന് ചോദിച്ചാൽ . ചോദ്യം കേൾക്കുമ്പോൾ ഞെട്ടും- എന്നിങ്ങനെയാണ് കവിത തുടക്കം . തത്വചിന്താപരമാണ് ചോദ്യം. ലോക സംസ്കാരം പല കാലങ്ങളിലായി  പല മട്ടിലും ഇതിനുത്തരം പറഞ്ഞതാണ്. അതൊന്നും പേരാതെ വരും ഇപ്രാവശ്യത്തെ ചേദ്യത്തിന് . ഓട്ടപ്പാത്രത്തിൽ രാത്രി [ യെ ] കട്ടുകൊണ്ടോടുന്ന നക്ഷത്രമാണ് എന്ന ഉത്തരം കണ്ടെത്തും . പുതിയൊരു ഉത്തരം ഉണ്ടാവുകയാണ്. അതൊരു ക്രിയയിൽ / പ്രവൃത്തിയിൽ  നിന്നാണ് ഉണ്ടാക്കുന്നത്. രാത്രിയെ ഒളിച്ചു കടത്തി - ഓട്ടപ്പാത്രത്തിലാണെങ്കിലും - വെട്ടം വരുത്തുന്ന നക്ഷത്രമാണ് ഞാൻ! 

എഴുത്ത് കവിതയാവുന്നത് വാഗർഥങ്ങളിൽ നിന്ന് കുതറിപ്പോന്ന് അനുഭവാർഥങ്ങളെ നിർമ്മിക്കുമ്പോഴാണ്. ഈ അനുഭവമൂല്യം മയൂരയുടെ കവിതയിൽ പ്രത്യക്ഷമാണ്. ശിവപ്രസാദിന്റെ കവിത കുറേ കൂടി സംവേദനം എളുപ്പമാക്കുന്നുണ്ട്. അവരവരുടെ സവിശേഷ മികവ് രണ്ടിലും നിറഞ്ഞു നിൽക്കുന്നു. 

താൻ ആരാണെന്ന തിരച്ചിൽ സ്വയം ചെയ്യേണ്ടി വരുന്ന സന്നിഗ്ധതകളിലാണ് മനുഷ്യൻ സ്വയം സൃഷ്ടികളിലേർപ്പെടുന്നത്. മനുഷ്യൻ മാത്രമല്ല , സകല ജീവനും ഒരർഥത്തിൽ ഇത് ചെയ്യുന്നു. അത് പരമ്പരയെ സൃഷ്ടിക്കലാണ്. അറ്റുപോകാത്ത കണ്ണികൾ . മനുഷ്യൻ കഥ, കവിത , ചിത്രം , ചലനം എന്നിവയിലൂടെ താനാരെന്ന് പ്രകാശിപ്പിക്കുന്നു . സർഗപരമായ ക്രിയകളിലൂടെ താനാരെന്ന് ജീവൻ സംസ്ഥാപനം ചെയ്യുന്നു. 

ഈ അർഥത്തിൽ ശിവപ്രസാദ് പാലോടും ഡോണ മയൂരയും സമകാലിക ചരിത്രപശ്ചാത്തലത്തിൽ സ്വയം ID ഉണ്ടാക്കുന്നു. കവിതക്കുള്ളിൽ തന്റെ വേരും ഉത്തരവും ഉണ്ടാകുന്നു എന്നു മാത്രമല്ല കവിത കൊണ്ട് കവിതക്ക് വെളിയ്ക്കും താനാരെന്ന് ഉറപ്പിക്കുന്നു. 

19 January 2020

ബഡവാഗ്നിയുടെ ഉപമ


വിപരീതങ്ങൾ സൃഷ്ടിക്കുന്നത് അകലമല്ല. വിപരീതങ്ങൾക്ക്  അകലാൻ ഒന്നുമില്ല. അതിസൂക്ഷ്മായ ഒരു കാലഖണ്ഡത്തിന്റെ / അർഥബോധ്യത്തിന്റെ / മനോഘടനയുടെ അകലം അകലമല്ല , അടുപ്പമാണ് സൃഷ്ടിക്കുക . സ്ഥൈര്യവും ഉന്മാദവും ഒരു ഞൊടിയുടെ / അർഥധാരണയുടെ ശതാംശം പോലും അകലത്തല്ല കാവ്യജീവിതത്തിൽ. അഥവാ ഇതിലേതെന്ന് പ്രതിനിമിഷം / പ്രത്യർഥം വിപരീതങ്ങളായി  നിർവചിക്കപ്പെടുകയും ചെയ്യുന്നുണ്ട് . പ്രിയയുടെ ‘ഉന്മാദം ‘ എന്ന രചന നൽകുന്ന വായനാനുഭവം ഇങ്ങനെയായിരുന്നു. 

ഉന്മാദത്തിനൊരു  തുടക്കമുണ്ട്. ഒടുക്കവും. തിരതിരയായി വന്ന് ജലമെന്ന സ്ഥിരതയിലേക്ക്  പ്രവഹിക്കുന്നതാണ് ഉന്മാദത്തിന്റെ ഒരു ഘടന .വേറെയും ആലോചിക്കാം. ഇവിടെ ഇങ്ങനെ തിരയുടെ ഘടനയാണ് എഴുതുന്നത് . തിര തിരിച്ചിട്ടാൽ രതിയാണ്. രതിയുടെ ഘടനയിൽ കൈവിട്ട അന്യോന്യം ഉന്മാദവും . ശാന്തമായ ജലം സ്വയം പെരുകി കൊടുംകാറ്റുകളെ സൃഷ്ടിച്ച്‌  ഉരത്ത തിരകളെ പെരുക്കുന്ന വൈകാരികത കവിതയുടെ ജീവനാണ്. നിലാവുണരുന്ന സമുദ്രതീരം , ശബ്ദമുറങ്ങുന്ന [ നിശബ്ദമുറങ്ങുന്ന എന്നല്ല ] ശംഖ് തുടങ്ങി ജീവന്റെ ശക്ത ബിംബങ്ങളെ നിറച്ച് വെച്ചിരിക്കയാണ് എഴുത്തിൽ. 

ജ്വലിക്കുന്ന പ്രബലമായ രാത്രിയെ വായിച്ചു നിർത്തിയപ്പോൾ സച്ചിദാനന്ദന്റെ അക്ക മൊഴിയുന്നു എന്ന കവിതയുടെ ഊർജം മുഴുവൻ ഓർമ വന്നു. ' ഇടിമിന്നലെന്നെ കുളിപ്പിച്ചൊരുക്കുവാൻ ...... അതിൻ ലഹരിയിൽ നീലയായ് പാടുമെൻ ജീവനും ‘എന്ന് പറഞ്ഞവസാനിക്കുന്ന  [ ക്കാത്ത ! ] കവിത പൂർണമായി മനസ്സിലായത് പ്രിയയുടെ ‘ഉന്മാദം ‘വായിച്ചപ്പോഴാണ്. പ്രബലമായൊരു രാത്രി ഞാൻ ജ്വലിക്കുന്നു - സ്വയം ജ്വലിക്കാനുള്ള ഊർജം ഉള്ളിൽ അടക്കി വെച്ച സമുദ്ര സങ്കല്പമാണ്.സ്ത്രീക്കുള്ളിൽ [ പുരുഷനുള്ളിലും ] ജ്വലിച്ച് നിൽക്കുന്ന ബഡവാഗ്നി . കാളിദാസൻ പറയുന്ന ശമീവൃക്ഷത്തിനുള്ളിലെ അഗ്നിയേക്കാൾ [ അഭിജ്ഞാനശാകുന്തളം ] സ്ഫോടനാത്മകം. 

വാങ്മയത്തിന്റെ സ്ഥൂലശില്‌പമാണ് കവിത. ശില്പത്തിന്റെ / കവിതയുടെ ഉള്ളടക്കവും രൂപവും ഒന്നു തന്നെയാണ്. അതിൽ നിന്ന് വിട്ട് മറ്റൊന്നാണ് അർഥമെന്ന് കരുതി തിരയുന്നത് കവിതയെ / ശില്പത്തെ കൈവിടലാണ്. അർഥമന്വേഷിക്കുന്നവർക്ക് അതിന്റെ ആധാരമെന്ന് കരുതിയ കവിത / ശില്പം - ചിത്രം , സംഗീതം .. അർഥാനേഷണ ഘട്ടത്തിൽ നിരുപയോഗമാണ്. എന്നാൽ നാം അതുളവാക്കിയ അനുഭൂതിയിലാണ് ഊന്നുന്നെങ്കിൽ ‘ഉന്മാദം ‘ ഉള്ളിൽ കിടക്കും . സാഗരസ്ഥമായ ബഡവാഗ്‌നി പോലെ. നിരന്തരം ഊർജം പ്രസരിപ്പിച്ചുകൊണ്ട്. 


07 January 2020

നീല മൂങ്ങ - കവിതാ സമാഹാരം - ഡോണ മയൂര

അവാങ്മയമായ എഴുത്ത്

വാക്കിനേക്കാൾ വാക്കില്ലായ്മ കൊണ്ടും വര കൊണ്ടും നിറം കൊണ്ടും മൗനം കൊണ്ടും സ്വയം പ്രകാശനം നടത്തുന്ന സർഗാത്മകതയാണ് നീല മൂങ്ങ . ആദിമമായ അഗാധമായ മൗനമാണ് നീല മൂങ്ങ . ആകാശവും   കടലും നീലയായ അളവില്ലായ്മയാണ്- കവിതയാണ് മയൂരക്ക്.
ഐസ്ക്യൂബ് സമാഹാരത്തിനു ശേഷം നീല മൂങ്ങയിലെത്തുമ്പോൾ ഉറഞ്ഞമൗനം ആദിമശൈത്യത്തിലേക്കാണ് പരിണമിക്കുന്നത് . അവിടെ വെച്ച് 'കൊക്കുപിളർത്തിപൂവിട്ട ചിറകുമായി വേരോടെ പറക്കാ’നാവുന്നതാണ് മൂങ്ങയുടെ ഊർജം . മൗനത്തിലേക്ക് വാക്കുകൾ കൊത്തിയിടുന്ന കാക്ക - എന്ന് തുടക്കത്തിൽ പറഞ്ഞ് വെക്കുന്നു.
അവ്യാഖ്യേയമാണ് കവിത. അവാങ്മയിയാണ്. വായനക്കാരനുവേണ്ടി മരിക്കുന്ന കവിത-  അനുഭവമാണ്. അനുഭവിക്കുന്നതിലൂടെ കവിതയുടെ പ്രാകാരങ്ങൾ അഴിയുന്നു. അതൊരു മുറിവായി അവശേഷിക്കുന്നു. നിർജീവമായ മുറിപ്പാടല്ല , സജീവമായ മുറിവായി . നിതാന്തമായ അനുഭവമായി .
അകത്തു നിന്നും പുറത്തേക്ക് പാറുന്ന
അപായചിഹ്നത്തിനു മേൽ
പറന്നു ചെന്നിരിക്കുന്നു തുമ്പികൾ
പുറത്തേക്ക് പാറാനായുള്ള വഴി വിടവാണ് മുറിവാതിൽ . അനുഭവിപ്പിക്കലാണ് പറക്കലിന്റെ ഫലം. അപായചിഹനത്തിൽ ചെന്നിരുന്ന് ആ കവിത അഴിയുന്നു. മയൂര ഒരു കവിതയല്ല ഒരിക്കലെഴുതുന്നത്. വായിക്കുന്ന ഒരാരുത്തർക്കുമുള്ള ഒരോ കവിതയാണ്. ഒരോരുത്തരുടേയും മുറിവിലൂടെ അകത്തേക്കും പുറത്തെക്കും പറക്കാനായി . സമകാലിക എഴുത്തുകാരിൽ ഇത്രയധികം നല്ല  കവിതകളെഴുതുന്ന [ ഒരു കവിത കൊണ്ട് ഓരോ വായനക്കാരനും ഓരോ കവിത ]  വേറെരാളില്ല എന്ന് മയൂരയുടെ ഓരോ കവിത വയിക്കുമ്പാഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ ഒന്നെഴുതുന്ന പ്രാമാണിക കവികളിൽ നിന്ന് വേറിട്ടാണ് ഈ കവിക്ക് സ്ഥാനം .
അംഗീകൃത കാലപ്രമാണങ്ങൾക്ക് അകത്തല്ല കവിയുടെ / വായനക്കാരന്റെ കാലാനുഭവം . 24 മണിക്കൂർ കഴിഞ്ഞുള്ള സമയമെന്ന കവിത എല്ലാ കവിതയ്ക്കും ബാധകമാവുകയാണ് . കാലത്തിന്നു പുറത്ത് കടക്കാനും അകത്ത് കടക്കാനും അനുഭവങ്ങളുടെ മുറിവായ എഴുത്താണ് / വരയാണ് / നിറമാണ് / മൗനമാണ് മൂങ്ങയിൽ മുഴുവൻ . 24 മണിക്കൂർ തികയ്ക്കാൻ പാടുപെട്ടുന്നവരുടെ ഓട്ടത്തേക്കാൾ ഖനീഭവിച്ച ചലനമാവുകയാണ് അധികം കിട്ടിയ സമയത്തെ 24 ലേക്ക് ഒതുക്കേണ്ടവരുടെ ഓട്ടം. അനുഭൂതിയുടെ കാലപ്രയോഗത്തിലെ ഈയൊരോട്ടം സാധ്യമാകൂ .
, ചില കഥകളും കവിതകളും
നമുക്കു  പകരം
സ്കൂളിൽ പോയി ‘.
അവനവനെ തിരിച്ചറിയുന്ന അനുഭവസന്ദർഭമാണിത്. മയൂരയുടെ ഏറ്റവും മികച്ച പോയറ്റിക് അട്ടറൻസ് . നാം എന്താണ്? വാക്ക് / മൗനം / വര / നിറം / നിറവ് / ഒഴിവ് / ഊർജം / ശൈത്യം എന്നിവയിൽ ചിലതിന്റേയോ പലതിന്റേയൊ ഉണ്മ . ത്വങ് മാംസ രക്താസ്ഥി രേതസാം എന്ന പരികല്പന ഹോമോസാപ്പിയന്റെ ആദ്യകാല നിർവചനമാണ്. ആധുനിക മനുഷ്യൻ ഡിജിറ്റൽ യുഗത്തിൽ പരിണമിച്ചത് വാക്ക് / മൗനം / വര / നിറം / നിറവ് / ഒഴിവ് / ഊർജം / ശൈത്യം എന്നിവയിൽ ചിലതിന്റേയോ പലതിന്റേയൊ ഉണ്മയായിട്ടാണ്. അതു കൊണ്ട് നമുക്ക് പകരമല്ല നാം തന്നെയാണ് വാക്ക് / മൗനം / വര / നിറം / നിറവ് / ഒഴിവ് / ഊർജം / ശൈത്യം എന്നിവ. അത് കഥയായും കവിതയായും ചിത്രമായും നാനാതരം സർഗോൽപ്പന്നങ്ങളായും പ്രവർത്തിക്കുന്നു. അവ സ്കൂളിൽ പോവുകയും ചന്തയിൽ പോരടിക്കുകയും ചെയ്യും. പന്തുകളി കാണുകയും ഉടുപ്പ് ഇസ്തിരിയിടുകയും ചെയ്യും. രതിയിലേർപ്പെടുകയും മുറിവിലൂടെ പറക്കുന്ന തുമ്പികളെ അനുഗമനം ചെയ്യുകയും ഉണ്ടാവും. അപൂർവം സന്ദർഭങ്ങളിൽ ഇതിന്റെയൊക്കെ ഡോക്യുമെന്റെഷൻ എന്ന നിലയിൽ ' നീല മുങ്ങ ‘എഴുതും.