Showing posts with label REVIEW. Show all posts
Showing posts with label REVIEW. Show all posts

28 January 2020

അപിഹിതം മുഖം


ചിതൽ
...................
തിന്നുതീർത്ത മരങ്ങളെ
ചുമരിൽ വരയ്ക്കുകയാണ് ചിതൽ.
പശ്ചാത്താപത്താൽ കെട്ടിപ്പൊക്കിയതാവണം
സ്മാരകങ്ങളത്രയും…
[സുഷമ ബിന്ദു] 

സങ്കീർണമായ ഒരു നിർമിതിയാണ് ചിതൽപ്പുറ്റ് . ചിതൽ ഒരു സമൂഹമാണ്. എല്ലാരും ചേർന്നാണ് പുറ്റ് ശില്പം ചെയ്യുന്നത് . മേൽനോട്ടക്കാരില്ല. പ്രിഡിസൈനും പ്രിപ്ളാനും ഇല്ല. എല്ലാവരും DNA വഴി കൈവന്ന ഒരബോധത്തോടെ ഒന്നിച്ച് പ്രവർത്തിക്കുന്നു . ദീർഘ ദീർഘ കാലം നിലനിൽക്കുന്ന പുറ്റ്ശില്പം ഉരുവം കൊള്ളുന്നു. 

ശരിക്ക് ആലൊചിച്ചാൽ ചിതൽ പുറ്റ് ഉണ്ടാക്കുകയല്ല. സാമൂഹ്യമായ അവരുടെ ജീവിതം വഴി അവ പാർക്കുന്നിടത്തൊക്കെ പുറ്റ് ഉണ്ടാവുകയാണ്. മൺപുറ്റ് സൃഷ്ടി ചിതലിന്റെ ജീവിത ലക്ഷ്യമേയല്ല . ജീവിതം സ്വയമേവ ആവിഷ്കാരം കൊള്ളലാണ് . പുറ്റ് ഉണ്ടാവുന്നതോടെ അവിടെ അവരുടെ ജീവിതം സമാപിക്കുന്നു. കൂട്ടമായി അടുത്ത സ്ഥലത്തെക്ക് നീങ്ങുന്നു. ഗുഹാചിത്രങ്ങൾ , പ്രാചീന നിർമിതികൾ , ആദ്യകാല ശില്‌പങ്ങൾ ഒക്കെ ഇങ്ങനെത്തന്നെ  . ഇന്ന് നാം ഇവയെ ചിത്ര - ശില്പ കലകളുടെ തുടക്കം എന്നൊക്കെ വ്യാഖ്യാനിക്കും. അത് ഉണ്ടായ കാലത്ത് അവരുടെ ജീവിതായോധനത്തിന്റെ കേവല നീക്കി ബാക്കികൾ മാത്രമാണ്. അവർ ഒരു കല ആവിഷ്കരിക്കയായിരുന്നില്ല. ജീവിക്കുകയായിരുന്നു. അഥവാ അതിജീവിക്കുകയായിരുന്നു . ആധുനിക കാലത്തും കലാകാരൻ കലാസൃഷ്ടി നടത്തുകയല്ല , മറിച്ച് അതിജീവിക്കുകയാണ് കാലത്തിൽ . 


ഈയൊരു ബോധ്യത്തിലാണ് പ്രസിദ്ധകവി  സുഷമ ബിന്ദുവിന്റെ ‘ചിതൽ ‘വായിച്ചു വെച്ചത് . ചുരുക്കി എഴുതുന്നയാളാന്ന് സുഷമ ബിന്ദു. കവിത 2 ഖണ്ഡങ്ങളാണ്. ആദ്യത്തേത് ഒരു ദർശന അനുഭവവും തുടർന്ന് അതിന്റെ ദാർശനിക വ്യാഖ്യാനവുമാണ് . രണ്ടും രണ്ടായല്ല വായനക്കാരന് കിട്ടുന്നത്. ജീവിതത്തിന്റെ ഒരു സമഗ്രാനുഭവമെന്ന നിലയിലാണ്. ഈ സമഗ്രത ഉൽപ്പാദിപ്പിക്കാനാവുന്നതുകൊണ്ടാണ് കവിതയാവുന്നത്. 

തിന്നുന്നതിൽ ജീവിക്ക് കുറ്റബോധമോ പശ്ചാത്താപമോ സാധാരണനിലയിൽ തോന്നേണ്ടതില്ല. സമൂഹമായി ജീവിക്കുന്നവക്ക് സവിശേഷമായും തോന്നേണ്ടതില്ല. എന്നാൽ തിന്നുതീർക്കുക ' എന്നക്രിയ കുറ്റബോധമുണ്ടാക്കും. തിന്നു കഴിഞ്ഞ് തീർക്കൽ ഏറെക്കുറേ ആധുനികമായ ഒരു രീതിയാണ്. ആർത്തിയാണ് അടിസ്ഥാനം . കുറ്റബോധം കുറച്ചു പേർക്കെങ്കിലും സ്വാഭാവികം. തുടർന്നാണ് പശ്ചാത്താപം. തിന്ന മരത്തിന്റെ ശില്പം / ചിത്രം  / പ്രകീർത്തനം / … ചുമരിൽ , തറയിൽ ...ചെയ്തു വെക്കുന്ന ആഭിചാരപ്രാർഥന ആധുനിക സംസ്കാരത്തിന്റെ ഉൽപന്നമാണ് എന്നു പറയാം. പലപ്പോഴും കല ഈയൊരർഥത്തിൽ ആഭിചാരമാണ്. ചങ്ങമ്പുഴയുടെ മനസ്വിനിയൊക്കെ വായിക്കുമ്പോൾ ഇത് തോന്നീട്ടുണ്ട്. 

മാനവ സംസ്കാരത്തിന്റെ അപിഹിതമുഖങ്ങളിലെന്ന് ' ചിതൽ ‘എഴുതുന്നു. 








27 January 2020

വേരുകൾ പലവിധം




വേരുകൾ എത്രതരം ? പ്രൈമറി ക്ലാസിൽ സ്ഥിരം ചോദ്യം. രണ്ടു തരം - എന്നൊക്കെ കുട്ടി ശാസ്ത്രീയമായി ഉത്തരം പറഞ്ഞ് ജയിക്കും . ക്ലാസിൽ നിന്ന് ജയിച്ച് പുറത്ത് വരുന്നതോടെ വേരുകളുടെ തര ബോധം തരം തെറ്റാൻ തുടങ്ങും. മലയാറ്റൂരിന്റെ ‘വേരുകൾ' , അലക്സ് ഹേലി യുടെ Roots അങ്ങനെ പല പല ജീവിതങ്ങൾ അനുഭവത്തിൽ വരും. അതോടെ വേരുകൾ രണ്ടല്ല , രണ്ടായിരം തരം പോലുമല്ല എന്ന ധാരണ വരും. അവനവന്റെ വേരുകൾ തിരയുന്ന തത്വജ്ഞാനിയായി മാറ്റും . ജയം വീണ്ടും അന്വേഷിക്കും. തത്വജ്ഞാനം ജീവിതത്തിന് പുതിയ അർഥങ്ങൾ നൽകും. എന്നാൽ നിന്റെ വിത്തും വേരും എന്ത് - എന്ന ഭരണ കൂടത്തിന്റെ ചേദ്യം , ആർജിച്ച അർഥസമ്പാദ്യങ്ങളെയൊക്കെ നിരുപയോഗമെന്ന് വരുത്തും . 

ഈ ആഴ്ച വായിച്ച രണ്ടു കവിതകളാണ്  - ശിവ പ്രസാദ് പാലോടിന്റെ ‘വർഗമൂലവും’ ഡോണ മയൂരയുടെ ‘നീ ആരാണെന്ന് ചോദിച്ചാൽ ‘ എന്നിവ. സമകാലികത രണ്ടു കവിതകളുടേയും ഉൾക്കരുത്താണ്. വർഗമൂലം ഗണിതാത്മകമായ ഒരു വ്യവസ്ഥയ്ക്കുള്ളിലാണ് . വെറും വേരല്ല [ root ] .വേരെന്ന ജീവശാസ്ത്രതയല്ല അക്കം തന്നെയാണ്. കവിതയുടെ layout - അച്ചടി  രൂപം V അല്ല /\ ആണ്. ഇത് വേരല്ല , നിലനില്‌പാണ് ഉള്ളടക്കം എന്നു കാണിക്കാനാണ് . പട്ടികക്ക് പുറത്താക്കപ്പെടാതിരിക്കലാണ് എഴുത്ത്. കുയിൽ പുറത്താവുന്നതാണ് ജന്മമൂലപടലവിശേഷം . എഴുത്ത് / കുയിലിന് പാട്ട് പ്രതിരോധമാണ്. അത് കവിത ശക്തമായി അവതരിപ്പിക്കുന്നു. 

വർഗമൂലത്തോടൊപ്പം നിൽക്കുന്ന കവിതയാണ് - നീ ആരാണെന്ന് ചോദിച്ചാൽ . ചോദ്യം കേൾക്കുമ്പോൾ ഞെട്ടും- എന്നിങ്ങനെയാണ് കവിത തുടക്കം . തത്വചിന്താപരമാണ് ചോദ്യം. ലോക സംസ്കാരം പല കാലങ്ങളിലായി  പല മട്ടിലും ഇതിനുത്തരം പറഞ്ഞതാണ്. അതൊന്നും പേരാതെ വരും ഇപ്രാവശ്യത്തെ ചേദ്യത്തിന് . ഓട്ടപ്പാത്രത്തിൽ രാത്രി [ യെ ] കട്ടുകൊണ്ടോടുന്ന നക്ഷത്രമാണ് എന്ന ഉത്തരം കണ്ടെത്തും . പുതിയൊരു ഉത്തരം ഉണ്ടാവുകയാണ്. അതൊരു ക്രിയയിൽ / പ്രവൃത്തിയിൽ  നിന്നാണ് ഉണ്ടാക്കുന്നത്. രാത്രിയെ ഒളിച്ചു കടത്തി - ഓട്ടപ്പാത്രത്തിലാണെങ്കിലും - വെട്ടം വരുത്തുന്ന നക്ഷത്രമാണ് ഞാൻ! 

എഴുത്ത് കവിതയാവുന്നത് വാഗർഥങ്ങളിൽ നിന്ന് കുതറിപ്പോന്ന് അനുഭവാർഥങ്ങളെ നിർമ്മിക്കുമ്പോഴാണ്. ഈ അനുഭവമൂല്യം മയൂരയുടെ കവിതയിൽ പ്രത്യക്ഷമാണ്. ശിവപ്രസാദിന്റെ കവിത കുറേ കൂടി സംവേദനം എളുപ്പമാക്കുന്നുണ്ട്. അവരവരുടെ സവിശേഷ മികവ് രണ്ടിലും നിറഞ്ഞു നിൽക്കുന്നു. 

താൻ ആരാണെന്ന തിരച്ചിൽ സ്വയം ചെയ്യേണ്ടി വരുന്ന സന്നിഗ്ധതകളിലാണ് മനുഷ്യൻ സ്വയം സൃഷ്ടികളിലേർപ്പെടുന്നത്. മനുഷ്യൻ മാത്രമല്ല , സകല ജീവനും ഒരർഥത്തിൽ ഇത് ചെയ്യുന്നു. അത് പരമ്പരയെ സൃഷ്ടിക്കലാണ്. അറ്റുപോകാത്ത കണ്ണികൾ . മനുഷ്യൻ കഥ, കവിത , ചിത്രം , ചലനം എന്നിവയിലൂടെ താനാരെന്ന് പ്രകാശിപ്പിക്കുന്നു . സർഗപരമായ ക്രിയകളിലൂടെ താനാരെന്ന് ജീവൻ സംസ്ഥാപനം ചെയ്യുന്നു. 

ഈ അർഥത്തിൽ ശിവപ്രസാദ് പാലോടും ഡോണ മയൂരയും സമകാലിക ചരിത്രപശ്ചാത്തലത്തിൽ സ്വയം ID ഉണ്ടാക്കുന്നു. കവിതക്കുള്ളിൽ തന്റെ വേരും ഉത്തരവും ഉണ്ടാകുന്നു എന്നു മാത്രമല്ല കവിത കൊണ്ട് കവിതക്ക് വെളിയ്ക്കും താനാരെന്ന് ഉറപ്പിക്കുന്നു. 

19 January 2020

ബഡവാഗ്നിയുടെ ഉപമ


വിപരീതങ്ങൾ സൃഷ്ടിക്കുന്നത് അകലമല്ല. വിപരീതങ്ങൾക്ക്  അകലാൻ ഒന്നുമില്ല. അതിസൂക്ഷ്മായ ഒരു കാലഖണ്ഡത്തിന്റെ / അർഥബോധ്യത്തിന്റെ / മനോഘടനയുടെ അകലം അകലമല്ല , അടുപ്പമാണ് സൃഷ്ടിക്കുക . സ്ഥൈര്യവും ഉന്മാദവും ഒരു ഞൊടിയുടെ / അർഥധാരണയുടെ ശതാംശം പോലും അകലത്തല്ല കാവ്യജീവിതത്തിൽ. അഥവാ ഇതിലേതെന്ന് പ്രതിനിമിഷം / പ്രത്യർഥം വിപരീതങ്ങളായി  നിർവചിക്കപ്പെടുകയും ചെയ്യുന്നുണ്ട് . പ്രിയയുടെ ‘ഉന്മാദം ‘ എന്ന രചന നൽകുന്ന വായനാനുഭവം ഇങ്ങനെയായിരുന്നു. 

ഉന്മാദത്തിനൊരു  തുടക്കമുണ്ട്. ഒടുക്കവും. തിരതിരയായി വന്ന് ജലമെന്ന സ്ഥിരതയിലേക്ക്  പ്രവഹിക്കുന്നതാണ് ഉന്മാദത്തിന്റെ ഒരു ഘടന .വേറെയും ആലോചിക്കാം. ഇവിടെ ഇങ്ങനെ തിരയുടെ ഘടനയാണ് എഴുതുന്നത് . തിര തിരിച്ചിട്ടാൽ രതിയാണ്. രതിയുടെ ഘടനയിൽ കൈവിട്ട അന്യോന്യം ഉന്മാദവും . ശാന്തമായ ജലം സ്വയം പെരുകി കൊടുംകാറ്റുകളെ സൃഷ്ടിച്ച്‌  ഉരത്ത തിരകളെ പെരുക്കുന്ന വൈകാരികത കവിതയുടെ ജീവനാണ്. നിലാവുണരുന്ന സമുദ്രതീരം , ശബ്ദമുറങ്ങുന്ന [ നിശബ്ദമുറങ്ങുന്ന എന്നല്ല ] ശംഖ് തുടങ്ങി ജീവന്റെ ശക്ത ബിംബങ്ങളെ നിറച്ച് വെച്ചിരിക്കയാണ് എഴുത്തിൽ. 

ജ്വലിക്കുന്ന പ്രബലമായ രാത്രിയെ വായിച്ചു നിർത്തിയപ്പോൾ സച്ചിദാനന്ദന്റെ അക്ക മൊഴിയുന്നു എന്ന കവിതയുടെ ഊർജം മുഴുവൻ ഓർമ വന്നു. ' ഇടിമിന്നലെന്നെ കുളിപ്പിച്ചൊരുക്കുവാൻ ...... അതിൻ ലഹരിയിൽ നീലയായ് പാടുമെൻ ജീവനും ‘എന്ന് പറഞ്ഞവസാനിക്കുന്ന  [ ക്കാത്ത ! ] കവിത പൂർണമായി മനസ്സിലായത് പ്രിയയുടെ ‘ഉന്മാദം ‘വായിച്ചപ്പോഴാണ്. പ്രബലമായൊരു രാത്രി ഞാൻ ജ്വലിക്കുന്നു - സ്വയം ജ്വലിക്കാനുള്ള ഊർജം ഉള്ളിൽ അടക്കി വെച്ച സമുദ്ര സങ്കല്പമാണ്.സ്ത്രീക്കുള്ളിൽ [ പുരുഷനുള്ളിലും ] ജ്വലിച്ച് നിൽക്കുന്ന ബഡവാഗ്നി . കാളിദാസൻ പറയുന്ന ശമീവൃക്ഷത്തിനുള്ളിലെ അഗ്നിയേക്കാൾ [ അഭിജ്ഞാനശാകുന്തളം ] സ്ഫോടനാത്മകം. 

വാങ്മയത്തിന്റെ സ്ഥൂലശില്‌പമാണ് കവിത. ശില്പത്തിന്റെ / കവിതയുടെ ഉള്ളടക്കവും രൂപവും ഒന്നു തന്നെയാണ്. അതിൽ നിന്ന് വിട്ട് മറ്റൊന്നാണ് അർഥമെന്ന് കരുതി തിരയുന്നത് കവിതയെ / ശില്പത്തെ കൈവിടലാണ്. അർഥമന്വേഷിക്കുന്നവർക്ക് അതിന്റെ ആധാരമെന്ന് കരുതിയ കവിത / ശില്പം - ചിത്രം , സംഗീതം .. അർഥാനേഷണ ഘട്ടത്തിൽ നിരുപയോഗമാണ്. എന്നാൽ നാം അതുളവാക്കിയ അനുഭൂതിയിലാണ് ഊന്നുന്നെങ്കിൽ ‘ഉന്മാദം ‘ ഉള്ളിൽ കിടക്കും . സാഗരസ്ഥമായ ബഡവാഗ്‌നി പോലെ. നിരന്തരം ഊർജം പ്രസരിപ്പിച്ചുകൊണ്ട്. 


18 February 2017

കണ്ണിറുക്കുന്ന മുക്കുറ്റിപ്പൂക്കൾ

മുക്കുറ്റിപ്പൂവിനെ കവിതയാക്കിയും കവിതയെ മുക്കുറ്റിപ്പൂവാക്കിയും കവികൾ പലമട്ടിൽ എഴുതിവെച്ചിട്ടുണ്ട്. കല്ലമ്മാർതൊടിയും മഹാകവി പി യും മുതൽ പലരും ഇതൊക്കെ ആവോളം കാവ്യാത്മകമായി നിർവഹിച്ചതാണ്. മുറ്റത്തും തൊടിയിലും വിരിഞ്ഞ് ഓണത്തിന്ന് പൂക്കളമായി , സവിശേഷമായി ആരാലും ശ്ര ദ്ധിക്കപ്പെടാതെ വിരിഞ്ഞ് കൊഴിയുന്ന മനോഹര പുഷ്പങ്ങൾ എന്ന നിലയിലാണ് പൊതുവെ കവികളുടെ ആവിഷ്കാരങ്ങൾ . പ്രണയത്തിന്റേയോ ജ്ഞാനരൂപങ്ങളുടേയോ ഒന്നും രൂപകമായല്ല, നിസ്സാരതയുടെ , വിനീതവിധേയത്വത്തിന്റെ, നിശ്ശബ്ദതയുടെയൊക്കെ ആൾരൂപങ്ങളാണ് മുക്കുറ്റിയും മറ്റു പൂക്കളും . എന്നാൽ കണ്ണിറുക്കുന്ന മുക്കുറ്റി , അതും അതിവിദൂരതയിൽ വിരിഞ്ഞ് താഴെ ഭൂമിയിലേക്ക് നോക്കി കണ്ണിറുക്കുന്ന മുക്കുറ്റി കാവ്യാത്മകത നിറഞ്ഞ ദാർശനികമാനങ്ങളുള്ള മുക്കുറ്റിയാകുന്നു. നിലവിൽ ഉച്ചരിച്ചതിനപ്പുറത്തേക്ക് പ്രസ്താവനപ്പെടുത്താൻ സാധ്യമാക്കുന്ന വാക്കാണ് കവിതയെന്ന് സുഷമബിന്ദുകരുതുന്നുണ്ട്.അത് ' സഹയാത്ര ' യിൽ തൊട്ട് മിക്ക കവിതകളിലും അനുരണനം ചെയ്യുന്നുണ്ട്. സഹയാത്രയിലെ മോക്ഷയാത്ര [ കാശിയാത്ര ] ഒരു ഘട്ടത്തിൽ മോക്ഷസങ്കൽപ്പത്തെ മാറ്റിപ്പണിഞ്ഞ് ജീവിതത്തിന്റെ അഭൗമാവിഷ്കാരമായി മാറുകയാണ്. കാറ്റിലും മഴയിലും പറന്ന് കുതിർന്ന് ഭൂവിലടിയുകയല്ല ; പുതുജീവിതവും പുതിയ ആവാസസ്ഥലികളും കണ്ടെത്തുകയാണ്. പലതും കണ്ടെത്താനുള്ള കണ്ണിറുക്കലാണ് എഴുത്തിലൂടെ ആരും സാധിച്ചെടുക്കുന്നത്.

ഒരാളിന്റെ എഴുത്തൊക്കെയും പരസ്പരബന്ധിതവും ജ്ഞാനവിധാനങ്ങളിൽ ഐക്യപ്പെടുന്നതുമാണെന്ന സങ്കൽപ്പത്തിലാണ് ജിയുടെ ജീവിതദർശനം, വൈലോപ്പിള്ളിയുടെ ജീവിതദർശനം എന്നൊക്കെ പറയാറും എഴുതാറുമുള്ളത്. ക്ലാസിക്ക് കാവ്യകാലം തൊട്ട് ആധുനികകവിതയുടെ കാലം വരെയും ഇതിൽ കുറേ ശരികൾ ഉണ്ടായിരുന്നു. ജീവിതം അതിനു സാധ്യതയും സാധുതയും നൽകിയിരുന്നു. ഇത്രയധികം ഛിന്നഭിന്നമായിപ്പോകാത്ത ഒരു ലോകവും കാലവും അന്നു സാധ്യമായിരുന്നതിനാൽ ദാർശനികമായ രേഖീയത ഒരൽപ്പം ശ്രമിച്ചാൽ പഴയ കവികൾക്ക് ചെയ്യാനാകുമായിരുന്നു. അതങ്ങനെയാവണം എന്ന നിർബന്ധവും പണ്ടുള്ളവർക്ക് മിക്കവാറും ഉണ്ടായിരുന്നു. അവ്യാകൃതമായ കാലവും ലോകവും ജീവിതപരിതോവസ്ഥകളും മാറിയ ഇന്നിൽ എഴുത്തുകാരന്ന് ഈ തുടർച്ച കത്തുസൂക്ഷിക്കാനാവില്ല. ശ്രമിച്ചാൽപ്പോലും സാധ്യമാവില്ല എന്നാണല്ലോ നിത്യനിദാനങ്ങളൊക്കെയും. ഉറച്ചമണ്ണിൽനിന്ന് മണ്ണൊലിപ്പിന്റെ വാഴ്വിലേക്കാണ് [ചിലപ്പോൾ തിരിച്ചും ] എഴുത്തുകാരനും വായനക്കാരനും സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ സമസ്തഘടകങ്ങളും ഈ ചലപ്രതലങ്ങളിലാണ് എന്നതുകൊണ്ടാണ്
ചിറടിച്ച് പനിക്കുന്നുണ്ടൂള്ളിൽ
മഴനനയുവാനാവാതൊരു സങ്കടം
എന്നെഴുതുന്നത്. മഴനനഞ്ഞ് കുതിർന്നും കാറ്റടിച്ച് പറന്നും ജീവിതം മോക്ഷപ്പെടുത്താനുള്ള വഴിയൊക്കെയും പനി രൊധിക്കുകയാണ്. സഹയാത്രയുടെ നേർമ്മയേറിയ തുടർച്ചയുണ്ടെങ്കിലും സങ്കടപ്പെട്ടിരുന്നു ' നമുക്കിനിയും കൈകോർത്ത് നടക്കണം ' എന്ന മുൻ തീർച്ചകളെ റദ്ദാക്കുന്നുണ്ട്. കവിത - എഴുത്തിന്റെ കാലക്രമണിക എഴുതിയതിന്റെ ക്രമമല്ല, വായിക്കാൻ കിട്ടുന്നതിന്റെ കാലക്രമം കൂടിയാണ്. എഴുതിയതല്ല കവിത- വായിക്കുന്നതാണ്. വായനക്കുള്ള അസംസ്കൃതസാധ്യത മാത്രമാണ് എഴുത്തൊക്കെയും. അതുകൊണ്ട് ജീവിതസങ്കൽപ്പങ്ങളുടെ തുടർച്ച എഴുത്ത് ബാഹ്യമായ ഒരു സങ്കേതം മാത്രമാകുകയാണ്. ' പണ്ടുനാം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെല്ലാം ഓലക്കുടയും ചൂടി തിരിച്ചുവരുന്ന ഓണം ' സുഖകരമായ ഒരനുഭവമല്ല. ഓരോ കവിതയിലും എഴുത്തുകാരൻ തന്റെ ദർശനങ്ങളെ കവിതയിലേക്ക് എഴുതിത്താഴ്ത്തുകയാണ്. ആയത് പിന്നെയും ഓലക്കുടചൂടി തിരിച്ചുവരുന്നത് നല്ലതാണെന്ന് കരുതാനാവില്ല. ഒരു ഓണവും മറ്റൊരോണം പോലാകാത്തത് കേവലമായ തിരിച്ചുവരവായതുകൊണ്ടാണല്ലോ. പുറം മോടികളിലല്ല അകം ലോകങ്ങളിലാണ് ഓണം ആവർത്തനമാകുന്നത്. അകം ജീവിതത്തെ കാണുന്ന കണ്ണാണ്കവിത . ആവർത്തനവും തുടർച്ചയും വിരസത മാത്രം പെരുക്കിയെടുക്കുന്നു.
നീണ്ടകവിതകളുടെ കാലം ഇന്നില്ല. ആവശ്യവും ഇല്ല. ഓലച്ചുട്ടിന്റെ പൊരി എന്നാവും രൂപകം കവിതക്ക്. പൊരിവീണാണ് വഴിയാസകലം തീപിടിക്കുന്നത്. ചൂട്ട് കയ്യേറ്റിയവൻ തീപിടിക്കുന്നതല്ല ശ്രദ്ധിക്കുന്നത് . മുന്നിലെ വഴിയാണ്. താണ്ടാനുള്ള ദൂരമാണ്. കവിക്ക് - എഴുത്തുകാരന്ന് പിന്നിട്ടവഴിയാണ് എഴുത്ത്. തീപിടിക്കുന്നത്, തീപിടിക്കേണ്ടത് പിന്നിട്ടവഴികളാണ്. ഇനിവരുന്നവർക്ക് വെട്ടിക്കത്തിച്ച് വഴിയൊരുക്കുകയാണ്. ചൂട്ടിൽ നിന്ന് ഉതിർന്ന് വഴിതീർക്കുന്ന തീപ്പൊരികളാണ് വാങ്മയം. തീരെ ചെറുത്. എന്നാൽ അപാരജ്വലനശേഷിയുള്ളത്. എത്രനീണ്ടകവിതയിലും വായനക്കാരൻ നോക്കുന്നത് ഉള്ളിലെ കനൽപ്പൊരികളിലാണ്. കനലിന്ന് പൊരിയാനുള്ള പരിതോവസ്ഥയാണ് ബാക്കിവരികളിലൊക്കെ കവികൾ അടുക്കിക്കെട്ടുന്നത്. കനൽവീണ് വഴിതെളിയുന്നതോടെ ചൂട്ട് അനാഥമാകുന്നു. നീണ്ടകവിതകളിലെ അനാഥമാകുന്ന വരികൾകൊണ്ട് സാഹിത്യം മേദുരരൂപം കൈക്കൊള്ളുന്നു. സുഷമ ബിന്ദു ചെറിയവരികളിൽ തീപ്പടർപ്പുകളുണ്ടാക്കുന്നു .
അഴിച്ചുവെച്ചപോലത്രയുമെളുപ്പത്തിൽ
മുറുക്കിവെക്കുവാനാകുമോ നിനക്കെന്നെ?
മൂന്നുവാക്കും ഒരു ചിഹ്നവും പൊരിഞ്ഞ് പടരുന്ന വരികൾ വായനക്കാരന്ന് കൊടുക്കുന്നു. അതിസങ്കീർണ്ണമായ ഒരു ജീവിതപ്രശ്നം മുന്നിലിട്ടുകൊടുത്ത് എഴുത്തുകാരി ചൂട്ടുവീശി പോകുന്നു. വളരെ നിസ്സാരമെന്നു തോന്നുന്നവയിലെ സങ്കീർണ്ണതകൾ [ ഒരു എഫ് ബി പോസ്റ്റ് ഓർമ്മയിൽ നിന്ന് : ' സിമ്മുകൊണ്ട് കൂപ്പൺ ചുരണ്ടാമോ ?' അമ്മുദീപ ] ആവിഷ്കരിക്കാൻ കുറിയകവിതകൾക്കേ ആവൂ. എത്രയും ചുരുക്കാമോ അത്രയും സ്പോടനശേഷി ആവഹിക്കുന്ന സംവിധാനമാണ് കവിത. വാക്കിന്റെ സംവിധാനം.


'അന്ധയായൊരു പെൺകുട്ടി പുഴകടക്കുമ്പോൾ ' ഒരുപക്ഷെ, ഇതുവരെ എഴുതിയതിൽ സുഷമയുടെ മികച്ച ഒരു രചനയാണ്. കവിതയെന്ന നിലയിൽ മാത്രമല്ല പാരിസ്ഥിതികമായി പ്രണയത്തെ മനസ്സിലാക്കുന്നു എന്ന സാമൂഹ്യമായ ഒരു തലത്തിൽ മികവുറ്റതാണ് എന്നാണ്. പ്രണയത്താൽ അന്ധയായൊരു പെൺകുട്ടി പുഴകടക്കുന്നത് കാണിച്ചു തരികയാണ്തുടക്കം . വിശദാംശങ്ങൾ പറഞ്ഞ് കവിത അവസാനിപ്പിക്കുന്നത് ' അവളിറങ്ങുമ്പോൾ പുഴ ഒരിക്കൽമാത്രം നനയാവുന്ന പ്രണയമാകുന്നു' എന്നും. എഴുതിയത് മലയാളത്തിലാണെന്നതൊഴിച്ചാൽ ലോകപ്രണയകവിതകളിൽ എവിടെയും സ്ഥാപിക്കാവുന്ന വാങ്മയമാണിത്. ഒരു പുഴയിൽ ഒരിക്കൽമാത്രമേ ഒരാൾക്കിറങ്ങാനാവൂ എന്ന ചൊല്ല് കാൽപ്പനികതയുടേയും മാജിക്കൽ റിയലിസത്തിന്റേയും ഒക്കെ വഴക്കങ്ങൾ സമാഹരിച്ച് ഉൾക്കാഴ്ചയോടെ പുതുക്കിയെഴുതുകയാണ്. പുഴ [ പ്രണയം ] ഒഴുകുന്ന വെള്ളം മാത്രമല്ല എന്ന പരിസ്ഥിതിദർശനവും . കയം, മീൻ, ഒഴുക്ക്, വെള്ളാരങ്കല്ല്, പുഴയരികുകൾ എന്നിവയൊക്കെ നൽകുന്ന സൂചനകൾ പ്രണയത്തെ പാരിസ്ഥിതിക സംയുക്തങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നു. ചുറ്റുപാടുകൾ ചേർന്ന് ഉള്ളിൽ ഒരു പുഴയുണ്ടാക്കുന്നു . സാമൂഹികവും പാരിസ്ഥിതികവുമായ സമവായങ്ങളിലേക്ക് അഭയം തേടേണ്ടിവരുന്ന പ്രണയം പഴയ കാൽപ്പനിക - വ്യക്ത്യാധാരമായ പ്രണയമല്ലെന്ന് കവിത പറയുന്നു.പ്രപഞ്ചം മുഴുവൻ ഒറ്റക്കെട്ടായി പ്രണയത്തെ സഹായിക്കുന്ന കാവ്യഭാവനകൾ ഉണ്ടായ റൊമാന്റിക്ക് കാലഘട്ടത്തിൽ നിന്ന് 'അന്ധയായൊരു പെൺകുട്ടി പുഴകടക്കുമ്പോൾ ' വ്യത്യസ്തമാകുന്നത് നിലവിലെ സാമൂഹ്യ ചുറ്റുപാടുകളിലാണ് . പ്രണയം സമരമാകുന്ന ജീവിതസ്ഥലിയിലാണ് പ്രണയിനികളുടെ വ്യവഹാരം . പ്രണയപരമായ വ്യവഹാരങ്ങളിൽ അന്ധത സമൂഹത്തിനാകുമ്പോൾ അത് ഒരു സമൂഹവും അംഗീകരിക്കാതിരിക്കുകയും ഒട്ടുമേ അന്ധതയില്ലാത്ത പെൺകുട്ടി അന്ധയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന സമകാലിക ജീവിതത്തെ, കാവ്യാത്മകമായി ആഴത്തിൽ നിരഹങ്കാരമായി എഴുതിവെക്കുന്നു. പ്രണയത്തെ നിരഹങ്കാരമായി കാണാൻ കഴിയൽ കവിതയിൽ മാത്രമേ ഇന്നും സാധ്യമാകൂ !

ഈയൊരു പാരിസ്ഥിതിബോധമുൾക്കൊള്ളുന്നൊരു ജീവിതാവസ്ഥ ' കാട് ' എന്ന രചനയിലും തുടരുന്നുണ്ട് ഈഷൽ ഭേദങ്ങളോടെ. 'കാടിന്റെ ഗന്ധത്തെ, കാട്ടുനീർച്ചോലകളെ എന്നിങ്ങനെയുള്ള ഇഴപിരിക്കൽ ജീവിതത്തെ പരിസ്ഥിതിയുമായി സംവേദനം ചെയ്യിപ്പിക്കലും ഒന്നിപ്പിക്കലുമാണ്. ആലങ്കാരിക ഉക്തികളല്ല, പ്രായോഗികതയും അതിന്റെ ശാസ്ത്രയുക്തിയുമാണ്. അടിവരയിട്ട് മാറ്റിവെക്കലല്ല, യുക്തിയോടെ , വൈകാരികതയോടെ സമാവേശനം നൽകുകയാണ്.
അടിവരയിട്ട് മാറ്റിവെക്കുന്നു
പരിഹാരമില്ലാത്ത
സങ്കടങ്ങളുടെ
പട്ടികയിലെഴുതിച്ചേർത്ത്
നിന്നെയും...


സന്ദേഹങ്ങളില്ലാതിരിക്കൽ [ പട്ടികയിലെഴുതിച്ചേർത്ത് മാറ്റിവെക്കൽ ] ജിവിതാനുഭവങ്ങളിലൂടെ മുതിർച്ച വരുമ്പോഴാണ് സാധാരണക്കാർക്ക് കൈവരിക്കാനാവുക. പരിണാമപരമായി സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായ ജൈവഘടന കലാകാരന്മാർക്കുണ്ട്. അവരുടെ വാങ്മയം പരിചരിക്കുന്നവരും 'അടിവരയിടാൻ' തക്ക സമാനഘടനയിലേക്ക് നീങ്ങുന്നുണ്ടാവും ജീവിതാനുഭവങ്ങളുടെ മേഖലയിൽ.   

02 January 2016

പ്രണയഭാഷയുടെ അഗ്നിശിൽപ്പം


എം. നന്ദകുമാറും ജി. എസ്. ശുഭയും ചേർന്നെഴുതിയ ' പ്രണയം : 1024 കുറുക്കുവഴികൾ ' എന്ന ആഖ്യാനം കഥപറച്ചിലും കവിതയും ചിത്രങ്ങളും ഒഴിഞ്ഞ‌‌ഇടങ്ങളും സംഖ്യാകേളികളും എല്ലാം ഒന്നിക്കുന്ന ഒരു ഭാഷാഇൻസ്റ്റലേഷൻ തന്നെയാണ്`. മലയാളത്തിന്ന് അത്ര പരിചയമില്ലാത്ത ഒരു രൂപഘടന വായനയെ ഇടതടവില്ലാത്ത ഒഴുക്കാക്കുന്നു.


ആഖ്യാനം തുടങ്ങുന്നത് - ' എവിടെ നിന്ന് തുടങ്ങും ? അത് പ്രസക്തമല്ല. വർത്തുളമാകാനിരിക്കുന്ന ഈ ആഖ്യാനത്തിൽ ഏത് ആരംഭവും സമാനമായിരിക്കും. ചേർന്നിരിക്കുന്ന കമിതാക്കൾ തോളുകൾ ഉരുമ്മുന്ന തുടർച്ച കണക്ക്. ' എന്നിങ്ങനെയാണ്`. നോവലിന്റെ ഉള്ളടക്കം മുളപൊട്ടുമ്പോൾ ഉണ്ടാകുന്ന പേജുകളുടെ കിരുകിരിപ്പും നേരിയ വിള്ളലും ഈ ആദ്യ വാക്യത്തിൽ ഉണ്ട്. തുടർന്ന് പ്രണയത്തിന്റെ മഹാഖ്യാനമായി ആഖ്യാനത്തിന്റെ മഹാവൃക്ഷമായി എഴുത്ത് വളരുന്നു. ഈരേഴുലോകങ്ങളും ത്രികാലങ്ങളും അതിവർത്തിച്ചുകൊണ്ട്. 35 അദ്ധ്യായങ്ങളേ എഴുതിയിട്ടുള്ളൂ. അവിടെ വെച്ച് പ്രണയത്തിന്റെ പുതിയൊരു നൃത്തശാലതുറക്കുന്നതായി പ്രസ്താവിക്കുന്നു. ആഖ്യാനം തുടരുന്നു. 1,3,5,7 .... അദ്ധ്യായങ്ങളിൽ ത്രികാലങ്ങളിൽ ഊയലാടുന്ന സമകാലികജീവിതവും 2,4,6,8.... അദ്ധ്യായങ്ങളിൽ സംഘകാലത്തിലേതെന്ന് പറയാവുന്ന ഒരു ജീവിതവും എഴുതിയിരിക്കുന്നു. പ്രണയത്തിന്റെ വേവും ചൂടും സന്നിഗ്ദ്ധതകളും സൗന്ദര്യങ്ങളും പ്രലോഭനീയമായ ഭാഷാവിദ്യയിൽ ഇടതടവില്ലാതെ എഴുതിവെച്ചിരിക്കയാണ്` ഇരുവരും. അവയെ കൂട്ടിയിണക്കുന്ന കണ്ണികൾ പോലെ സംഗീതാത്മകമായ കുറിപ്പുകളും ചിത്രങ്ങളും ഒഴിവിടങ്ങളും എക്കാലത്തേയും ജീവിതത്തെ ഒന്നാക്കി ഉരുക്കിയെടുക്കുന്നു.
'ഞാൻ ' എന്ന ഭാഗം നന്ദകുമാറും ' അവൾ ' എന്ന ഭാഗം ശുഭയും ' നമ്മൾ ' ഇരുവരും ചേർന്നും എഴുതുന്നു. ഒരാൾ എഴുതുന്നതു മുഴുവനും കവിതയുടെ രൂപഘടനയിലാണ്`. ഒരാൾ എഴുതുന്നത് കാവ്യാത്മകമായ ഗദ്യവും. എഴുത്തിന്റെ ഒരു ചേരുവ മിക്കവാറും ഇങ്ങനെയാണ്` എന്ന് വായനയിൽ തോന്നും. ഞാൻ , അവൾ, നമ്മൾ തുടങ്ങിയ ഖണ്ഡങ്ങൾ എഴുത്തുകാരുടെ [ പ്രണയിനികളുടെ ] ജീവിതം തന്നെ. അത് ഭൂത വർത്തമാന ഭാവികളിൽ ഊയലാടുന്നു. പ്രണയത്തിന്റെ നാമരഹിതമായ ഭൂഭാഗങ്ങളിൽ ' കളവും ' തെളിവുമായി വ്യവഹരിയ്ക്കുന്നു. എന്തിനാണീവ്യവഹാരം എന്നു പറയുന്നുണ്ട്. “' ഇതൊരു പാസ്സ്പോർട്ട് ആണ്`. നമ്മുടെ പ്രേമത്തിന്റെ പാസ്സ്പോർട്ട് ' . .... ഒടുവിൽ നാം 'ശുഭപ്രതീക്ഷ ' എന്ന മുനമ്പു ചുറ്റും. അന്നേരം നമ്മുടെ യാനം നിലയ്ക്കും "
പ്രണയം മുളപൊട്ടുന്നതും വളർന്ന് തിടംവെക്കുന്നതും കഥകളിലൂടെയാണ്`. പുതിയ കഥയാവാം, പഴയകഥയാവാം , കഥയില്ലയ്മയുമവാം ആ കഥകളൊക്കെയും. എന്തായാലും കഥ വേണം. അത് പ്രണയിനികൾ തമ്മിൽ മാത്രം പറയുകയും കേൾക്കുകയും ചെയ്യുന്ന കഥ. ക്ഥയിൽ അവർക്കുതമ്മിൽ ചോദ്യങ്ങളാകാം. കഥയുടെ സാധാരണ നിയമം അവർക്കുതമ്മിൽ തെറ്റിക്കാം. കാരണം അവരാണ്` കഥയുണ്ടാക്കുന്നതും പറയുന്നതും കേൾക്കുന്നതും . അവരാണല്ലോ കഥയും !

കഥ ആരംഭിക്കുന്നു : പേജ്: 17 ഖണ്ഡം 12) “ നൂറ്റാണ്ടുകൾക്കുമുമ്പ് ... അതായത് ഇപ്പോൾ നിനവിൽ മാത്രം നിലനിൽക്കുന്ന ഒരു പ്രദേശമുണ്ടായിരുന്നു. ആ ഭൂവിഭാഗത്തിലെ ആളുകൾ പാടിനടന്ന പാട്ടുകളിൽ നിന്നുമാണ്` ഞാൻ നിനക്കുവേണ്ടി ഈ കഥ മെനഞ്ഞെടുക്കുന്നത്. ഞാൻ പറയാൻ പോകുന്നത് അവരുടെ ചില വാക്കുകളും രൂപകൽപ്പനകളും ഭാവനാവൈചിത്ര്യങ്ങളുമാണ്`. കൊണ്ടപ്പറയുടെ മുഴക്കം മലനിരകളിൽ കുന്റക്കുരവയ്ക്കൊപ്പം അലയടിക്കുമ്പോൾ നമുക്ക് ഈ പ്രേമകഥ ആരംഭിക്കാം "

കൊണ്ടപ്പറയും കുന്റക്കുരവയും നൽകുന്ന സൂചന സംഘകാലഘട്ടത്തിലേതാണ്` കഥ എന്നുതന്നെ. ഐന്തിണകളിൽ ജീവിച്ചിരുന്ന , മനുഷ്യന്റെ ജൈവസ്വഭാവം ഒട്ടുമേ മാഞ്ഞുപോകാത്ത ജനങ്ങളുടെ കഥ . മനുഷ്യൻ ആധുനികനാവുന്തോറും ജൈവമനുഷ്യൻ ഇല്ലാതാവുകയാണല്ലോ. പ്രണയവും യുദ്ധവും മാത്രം ജീവമൂലകങ്ങളായി നിലനിന്നിരുന്ന ഒരുകാലത്തെ കഥയിൽ പ്രണയത്തിന്റെ ഭാവഗരിമ പൂർണ്ണതയിൽ കാണാനാവുന്നു എന്നതാവാം ഈ ഒരു കാലപരിസരം കഥയിൽ ഉണ്ടാവാൻ കാരണം. 83) " ക്ഷോഭമില്ലാതെ, തുമ്പപ്പൂമാല സമാധാനചിന്ഹമായി സദാ ധരിക്കുന്ന ഒരു നാടുവാഴിയെക്കുറിച്ച് ആർക്കും യാതൊന്നും പാടാനാവില്ല. പടനീക്കത്തിന്നുള്ള ഒരുക്കങ്ങളാണ്` ഓരോ കാവ്യവൃത്തിയും. കലാസ്രൃഷ്ടി ഒരു യുദ്ധക്കളവും " യുദ്ധത്തിന്റെ സഹജയാണ്` പ്രണയം. സംഘകവിതകൾ വായിച്ചതിന്റെ അനുരണനം ഈ കാവ്യത്തിൽ നിരക്കെയുണ്ടുതാനും.

രണപടുവായ ഒരു യുവാവിന്റെ യാത്രയും പ്രണയവുമാണ്` കഥ. ദുരന്തപ്രണയകാവ്യം. സ്ഥൂലപ്രണയം ഇല്ലാതായിട്ടും സൂക്ഷ്മപ്രണയം ഇല്ലാതാകുന്നില്ല. വികാരവും വിചാരവും ചെയ്തികളുമായി പ്രണയം നിലനിൽക്കുന്നു. ഇടിമുഴക്കത്തിന്റെ അനുരണനം പോലെ. തത്സമയത്തെ അനുവൊലി മാത്രമല്ല. 9) “..... മാസങ്ങൾക്കുശേഷം മാനത്തൊരു മുഴക്കമായി മടങ്ങിയെത്താൻ " പോലുമാവതുള്ളതാണത്.
80) “ മരിച്ചുപോയ നക്ഷത്രങ്ങളുടെ അഭൗമശക്തികളാണ്` നമ്മുടെ പ്രണയത്തെ വാർത്തെടുക്കുന്നത്. വാതകാഗ്നികളുടെ രൂക്ഷജ്വലനം . സിരകളി പ്രപഞ്ചങ്ങളുടെ തലയോടുകൾ പൊട്ടിത്തെറിയ്കുന്ന ആവൃത്തിയിൽ , എന്റേയും നിന്റേയും വാക്കുകൾ കൈകോർത്ത് ശ്മശാനനടനമാടുന്നു. അനന്തമായി ആവർത്തിക്കുന്ന ഈ രാത്രിയെ താരസ്ഥായിയിൽ നാം ആലപിക്കുന്നു " . ക്ളീഷേകളില്ലാത്ത ഭാഷാകേളിയാണിതിൽ ആപാദചൂഡം.
86) “ പച്ചക്കണ്ണുള്ള കരിങ്കുരങ്ങ് പാമ്പിന്റെ തലയ്ക്കുപിടിക്കുമ്പോൾ , അവന്റെ കയ്യിൽ ആ സർപ്പം വരിഞ്ഞുമുറുകിയും അയഞ്ഞും ചുറ്റുന്ന ഉദ്വേഗത്തോടെ ആഖ്യാനം സംഭീതമാകട്ടെ " എന്ന ആഗ്രഹത്തോടെയാണ്` ' യുദ്ധാവസാനത്തിൽ അയാളും വീണു ... എന്ന ഭാഗം തുടങ്ങുന്നത്. രൂപകങ്ങൾ, സങ്കൽപ്പങ്ങൾ, വിവരണങ്ങൾ, വ്യാഖ്യാനങ്ങൾ തൊട്ട് എല്ലാറ്റിലും ഈ നവമ തെഴുത്തുനിൽക്കുന്നുണ്ട്.
89) “ വെൺകൊറ്റക്കുട ' തവ്' ' എന്ന് ശബ്ദിച്ച് മഴത്തുള്ളികളെ തടഞ്ഞു നിർത്തുന്നു. ' നൾ ' എന്ന അർദ്ധരാത്രിയിലും ഉറക്കറപൂകാതെ , യുദ്ധകാര്യങ്ങൾ പര്യാലോചിച്ച് , പടകുടീരത്തിലിരിക്കുന്ന ഒരു ചക്രവർത്തിയുടെ നിദ്രാവിഹീനതയിൽ അരങ്ങേറിയ സംഗതികളാണ്` ഇതത്രയും " ക്ളാസിക്ക് സംഘസാഹിത്യത്തിന്റെ പെരുമ എഴുത്തിലുടനീളം നെയ്തെടുത്തിരിക്കയാണ്`. അതിലൂടെ പുതുതായ ഒരു വായനാനുഭവം ലഭിക്കുന്നുമുണ്ട്. ഒഴുകുന്ന ചിത്രലിപികളാണ്` കവിതയെന്ന് ഇവർ ആഖ്യാനിക്കുന്നുണ്ട്.

മലയാളഭാഷയും നോവൽ / കഥ എന്ന സാമ്പ്രദായിക ഫോർമാറ്റും ' പ്രണയം : 1024 കുറുക്കുവഴികളിൽ പരീക്ഷിക്കപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയൊരു രൂപഘടന സ്വയം ഉണ്ടായിവരുന്ന എഴുത്തിന്റെ മാജിക്ക് ഇതിൽ നമുക്ക് അനുഭവവേദ്യമാണ്`. 156 പേജ് ഉണ്ട് ഇതിൽ. എവിടെനിന്നും വായന തുടങ്ങാൻ സാധ്യമായ തരത്തിൽ എവിടെയും അവസാനിപ്പിക്കാവുന്ന തരത്തിൽ സ്പൈറൽ ആയ ഒരു കഥാശിൽപം . അല്ലെങ്കിലും ഒരു കഥയും 'കഥ'യല്ലല്ലോ. കഥ നിരുപമമായ ഭാഷാവിനിയോഗവും നിരുപാധികളില്ലാത്ത അനുഭൂതികളുടെ അനലസ്പോടനങ്ങളുമാണല്ലോ. പെൺകുട്ടികൾ വട്ടമിട്ടിരുന്ന് കൈത്തണ്ടയിൽ ഈർക്കിൽ കത്തിച്ച് ചൂടുവെയ്ക്കും. കുറച്ചു ദിവസം കഴിഞ്ഞാൽ അവിടെയൊരു വട്ടപ്പൊള്ളൽ പാടുണ്ടാവും. സൗന്ദര്യമുദ്ര. അതുപോലൊന്ന് ഇതിലും ബാക്കി നിൽക്കും. വളരെ ദിവസങ്ങൾക്കു ശേഷം. അതാണ്` കഥ. എല്ലാ നല്ല കഥയും ചൂടുവെച്ച പാടുകളാണ്`. ഹോമോസാപ്പിയൻസിനു മാത്രം സാധ്യമായ അഗ്നിശിൽപ്പം.

05 March 2014

പരീക്ഷ കഴിഞ്ഞാല്‍ .....


പരീക്ഷയെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തല്‍ കൃത്യമായി ശേഖരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഓരോ സ്കൂളിനും ചെയ്യാന്‍ കഴിയണം



പരീക്ഷയെ അദ്ധ്യാപകര്‍ വിലയിരുത്താറുണ്ട്
എളുപ്പമായിരുന്നോ
താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ
മിടുക്കന്മാര്‍ / മിടുക്കികള്‍ ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ
ചോദ്യങ്ങളില്‍ തെറ്റു വല്ലതുമുണ്ടോ
ഔട്ടോഫ് സിലബസ്സ് ഉണ്ടോ
പതിവില്ലാത്തവ ഉണ്ടോ
എന്നിങ്ങനെ. അതു അദ്ധ്യാപകന്റെ ഇത്രയും ദിവസത്തെ അദ്ധ്വാനത്തെ ആശ്വസിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യും. തുടര്‍ വര്‍ഷങ്ങളില്‍ ഇത് അദ്ധ്യാപകന്ന് പ്രയോജനം ചെയ്യും.

ഇതുമാത്രം പോര
എവാലുവേഷന്‍ ടൂള്‍ എന്ന നിലയില്‍

28 April 2011

നൂറുമേനിവിളയിച്ചവർ


എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിളയിച്ചവരെ നമുക്ക് തീർച്ചയായും അനുമോദിക്കാം. പക്ഷെ, എന്താണിവിടെ സംഭവിച്ചത്?
നൂറുശതമാനം നേടിയ സ്കൂളുകൾ ഇങ്ങനെ:
സർക്കാർ: 115, എയ്ഡഡ്: 216, അൺ‌എയ്ഡഡ്: 206 (ആകെ: 577)
ശതമാനക്കണക്കിൽ ഓരോരുത്തരുടേയും പങ്ക് ഇങ്ങനെ
സർക്കാർ:19.93 എയ്യ്ഡഡ്:  37.43  അൺ‌എയ്ഡഡ്: 35.70
(കണക്ക് പത്രവാർത്തകൾ)

സർക്കാർ , എയ്ഡഡ് സ്കൂളുകൾ നിലവാരം    
സർക്കാർ സമ്പത്തിക സഹായം
സർക്കാർ മേൽനോട്ടം
അധ്യാപകർക്ക് മുഴുവൻ പരിശീലനം-ക്ലസ്റ്ററുകൾ-മറ്റു സംവിധാനങ്ങൾ

അൺ‌എയ്ഡഡ് സ്കൂളുകൾ
സർക്കാർ സഹായം ഇല്ല
സർക്കാർ മേൽനോട്ടം നാമമാത്രം
അധ്യാപക പരിശീലനം-ക്ലസ്റ്റർ.നിർബന്ധമില്ലാത്തതുകൊണ്ട് തീരെ ഇല്ലെന്നു പറയാം

എന്നിട്ടും റിസൾട്ട് മുന്നിൽ അൺ‌എയ്ഡഡ് സ്കൂളുകളിൽ. ഇതു ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?
ചർച്ചാ മേഖലകൾ: അധ്യാപനം, ക്ലാസ്രൂം പ്രവർത്തനം, സി.ഇ, പരീക്ഷാ ശൈലി, അധികപഠനം, മികവ് മാനദണ്ഡങ്ങൾ..

മുന്നിലിരുന്നിട്ടും നാമറിയാതെ പോയ പിന്നോക്കക്കാർ


നമ്മുടെ ക്ലാസിൽ മുന്നിലിരിക്കുന്ന മിടുക്കന്മാരേയും പിന്നോക്കാക്കാരേയും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നോ!ഏയ്അതല്ല
ഓരോ പരീക്ഷ കഴിഞ്ഞപ്പോഴും കുട്ടികളും അധ്യാപകരുമായി ചോദ്യപേപ്പർ  വിലയിരുത്തിയതിലെ നിരീക്ഷണങ്ങൾ ശരിവെക്കുന്നതായിരുന്നു പൊതു പരീക്ഷാഫലം. മിടുക്കർക്ക് പോലും ഉന്നതവിജയം ലഭിക്കാൻ വളരെ പ്രയാസപ്പെടും എന്ന വിലയിരുത്തൽ പൂർണ്ണമായും ശരിവെക്കുന്നപോലെയായിരുന്നു എ+, എ ഗ്രേഡുകാരുടെ എണ്ണം.എന്നാൽ സ്റ്റേറ്റ് വിജയ ശതമാനത്തിൽ നെരിയൊരു ഉയർച ഉണ്ടായി. ഇതും നേരത്തെ നിരീക്ഷിച്ചതായിരുന്നു. എല്ലാ പേപ്പറും കുട്ടിയെ ജയിപ്പിക്കാൻ പാകത്തിലായിരുന്നു. അതുകൊണ്ടുതന്നെ ‘ജയിച്ചവർ’ കുറേ പേരെങ്കിലും തികഞ്ഞ അമ്പരപ്പിലും ആയിരിക്കും.
എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർ 5821. ഡി+ നേടിയവർ 418967 (പത്രവാർത്ത) .ബാക്കിയുള്ളവർ 550791. ഈ അന്തരം സൂചിപ്പിക്കുന്നത് ശുഭകരമായ സൂചനകളല്ല. പ്രത്യക്ഷത്തിൽ നമ്മുടെ സൂളുകളിൽ മിടുമിടുക്കന്മാരുടേയും മണ്ടന്മാരുടേയും എണ്ണത്തിലുള്ള വ്യത്യാസം ഇങ്ങനെയല്ലല്ലോ. ഇതു പ്രധാനമായും സൂചിപ്പിക്കുന്നത്  നമ്മുടെ വളർച്ച തീർച്ചയായും ഗുണപരതയിലേക്കല്ല എന്നു തന്നെ.മാത്രമല്ല; അധ്യാപകരുടെ വിലയിരുത്തൽ ശേഷിയെ വെല്ലുവിളിക്കുന്നതും ആണല്ലോ ഈ അവസ്ഥ.
നമ്മുടെ ക്ലാസിൽ ഇരിക്കുന്ന 40-45 കുട്ടികളിൽ മികച്ചവർ ആരെന്നും സഹായം വേണ്ടവർ ആരെന്നും തീരെ പിന്നോക്കം നിൽക്കുന്നവർ ആരെന്നും ഒക്കെ കണക്കാക്കി വെച്ചിട്ടുള്ളതാണ്. ഒന്നോ രണ്ടോ (സാധാരണയായി) മികച്ചവരും അത്രതന്നെ പിന്നോക്കക്കാരും എന്നായിരുന്നു കണക്ക്. ബാക്കിയൊക്കെ ആവറേജും അതിന്ന് മുകളിലുള്ളവരും. എന്നാൽ എ+ 1%-2% ഡി+ 80%-82% എന്ന റിസൽട്ടിൽ ഈ കണക്കുകൾ അമ്പേ പിഴച്ചുവെന്നല്ലേ അർഥം? ഇതു ശാസ്ത്രീയമായ ഒരു കണക്കെടുപ്പാണെന്ന് അധ്യാപകന്ന് സമ്മതിക്കേണ്ടിവരികയല്ലേ?ഇതായിരുന്നോ ക്ലാസിലെ യഥാർഥാവസ്ഥ? ഇനി ഡി+ നേടിയ 82% പേർ യഥാർഥത്തിൽ അങ്ങനെയായിരുന്നുവെങ്കിൽ നമ്മുടെ പഠനസംബ്രദായത്തിന്നും സിസ്റ്റത്തിനും വലിയ തകരാർ ഉണ്ടായിട്ടുണ്ട് എന്നാണോ?അപ്പോൾ ഈ 82% ത്തിന്നും നാം നൽകിയ സി.ഇ. സ്കോറ് പുനപ്പരിശോധിക്കേണ്ടതല്ലേ?