Showing posts with label TWITTER. Show all posts
Showing posts with label TWITTER. Show all posts

19 August 2020

school notes 12

 

അദ്ധ്യാപന നൈപുണികൾ

[നവമാധ്യമങ്ങളിലെ ഭാഷ ]


ബ്ളോഗ് , ട്വിറ്റർ , വാട്ട്സാപ്പ്, ഫേസ്ബുക്ക് , ടെലിഗ്രാം, യുട്യൂബ്, ഇൻസ്താഗ്രാം തുടങ്ങിയ ആധുനിക മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള നൈപുണിയുടെ ഭാഗമാണ് ഇവയിലെ ഭാഷാ ധാരണ / സ്വാധീനം ഉണ്ടാവുക എന്നത്. ഭാഷാനൈപുണി.

പാരമ്പര്യമാധ്യമങ്ങളിലെ ഭാഷയല്ല നവമാധ്യമങ്ങളുടെ ഭാഷ. മാധ്യമമാണ് ഭാഷയെ നിർണ്ണയിക്കുക. ഭാഷ വിനിമയത്തിനാണല്ലോ. മാധ്യമമാണ് വിനിമയം എന്ന അവസ്ഥയിൽ മനുഷ്യസമൂഹം ചെന്നെത്തിയിരിക്കുന്നു. ഒരേ സന്ദേശം വാട്ട്സാപ്പിലും ഫേസ്‌‌ബുക്കിലും യുട്യൂബിലും ഒരേപോലെയല്ലല്ലോ നമ്മൾ അയക്കുക. പത്രത്തിൽ ,ടി വിയിൽ [ മാധ്യമം ] വന്നുവെന്ന്‌‌ പറഞ്ഞാൽത്തന്നെ നമുക്ക് വിനിമയം കൃത്യവും സത്യവുമായി.

സംക്ഷിപ്തതയാണ് ആധുനികമാധ്യമങ്ങളിലെഭാഷാരീതി. ചെറുതെ ശ്രദ്ധിക്കൂ എന്നായിട്ടുണ്ട് . ജീവിതത്തിന്റെ വേഗതയാണ് കാരണം. അക്ഷരം മാത്രമല്ല അക്കങ്ങൾ , ചിന്ഹങ്ങൾ, ചിത്രങ്ങൾ , ചലനം, പശ്ചാത്തലം, ശബ്ദം , നിറം , വലിപ്പവ്യത്യാസം , ചെരിവ് , കനം , അടിവര , വിന്യാസം , ലിങ്കുകൾ , ഇമോജികൾ തുടങ്ങി നിരവധി സങ്കേതങ്ങളുടെ ഘനീഭൂതമായ ഭാഷയാണ് ഇവിടെ ഭാഷ. പാരമ്പര്യഭാഷ ഇതല്ല. അതുകൊണ്ടുതന്നെ കുറച്ച് പറഞ്ഞാൽ എത്രയോ കൂടുതൽ ധ്വനിപ്പിക്കാൻ നവഭാഷാരൂപങ്ങൾക്ക് കഴിയും. ഈയിടെ ഇമോജികളുടെ വലിയൊരു ഡിക്ഷണറി കാണുകയുണ്ടായി. 140 അക്ഷരങ്ങൾ മാത്രമുപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്ന ട്വിറ്റർ ഇന്ന് എല്ലാവരും അനായാസം പ്രയോജനപ്പെടുത്തുന്നു. @ , # , ടാഗുകൾ സമൃദ്ധമായി ഉപയോഗിക്കുന്നു.

നിമിഷനേരംകൊണ്ടാണ് സന്ദേശം ലോകമെമ്പാടും പരക്കുന്നത്. കൺമുന്നിൽ അൽപ്പായുസ്സാണുതാനും. അത്രയേആവശ്യമുള്ളൂ എന്നു വന്നിരിക്കുന്നു. എന്നാൽ ഒരു സന്ദേശം / വിനിമയം നടന്നു കഴിഞ്ഞാൽ എക്കാലവും അത് നെറ്റിൽ ഉണ്ടാവുകയും നമുക്ക് തെരഞ്ഞെടുക്കാനുമാവും. നിത്യതയാണ് ശരിക്ക് വിനിമയത്തിന്റെ സ്വഭാവം. നവസാങ്കേതികതയുടെ ഏറ്റവും വലിയ നേട്ടം അത് എക്കാലവും സൂക്ഷിക്കപ്പെടുന്നു എന്നാണ്. ഏതുഭാഷയിലേക്കും പരിഭാഷപ്പെടുത്താനും ഇന്ന് കഴിയും. നവഭാഷ പാരമ്പര്യഭാഷയെ നീക്കിനിർത്തുന്ന കഥകൾ, കവിതകൾ, സംഭാഷണങ്ങൾ എല്ലാം ഇന്ന് പ്രചാരത്തിലുണ്ട്. ദൈനന്ദിന വ്യവഹാരത്തിലും നമുക്കൊപ്പം ഈ ഭാഷ ഉണ്ട്. നമ്മുടെ വിനിമയം അർഥപൂർണ്ണമാകണമെങ്കിൽ ഈ ഭാഷയിലെ നൈപുണി പ്രധാനമാണ്. പഠിച്ചും പ്രയോഗിച്ചും നേടേണ്ട ഒന്ന് .

 @teachers #teacher #skills #malayalam  plz respond :)

11 June 2011

വായനയിൽ നിന്ന് സർഗ്ഗത്മക രചനയിലേക്ക്

വായനയുടെ പ്രാധാന്യത്തേയും അതിന്റെ സാധ്യതകളേയും പറ്റി നമുക്കൊരുപാടറിയാം. അതുകൊണ്ടുതന്നെ ശരാശരി വായന ഇന്ന് വർദ്ധിച്ചിട്ടുണ്ട്. പ്രിന്റ് മീഡിയ (പത്ര മാസിക പുസ്തകങ്ങൾ) വായനയേക്കാളെത്രയോ അധികം ഇ-വായന (ഇന്റെർനെറ്റ് വായന/ ഇലക്റ്റ്രോണിക്ക് വായന) യാണ് നടക്കുന്നത്.പത്ര മാസികാദികൾ, ബ്ലോഗുകൾ, ഫേസ്ബുക്ക്-റ്റ്വിറ്റർ-ഓർക്കൂട്ട് തുടങ്ങിയ സോഷ്യൽ സൈറ്റുകൾ എന്നിങ്ങനെ വായനയുടെ ഇടങ്ങൾ നിരവധിയാണ്. ചെറിയ കുട്ടികളടക്കം ആധുനിക സമൂഹം (ആൺ-പെൺ വ്യത്യാസമില്ലാതെ) ഇതിൽ സജീവമായി പങ്കെടുക്കുന്നു. ദിനമ്പ്രതി പുതിയ ആളുകൾ ഈ കൂട്ടായ്മകളിലേക്ക് കയറിവരുന്നു. ലോകം മുഴുവൻ ഒരു ലൈബ്രറി ഹാളിലെന്നപോലെ ഒരുപാടുനേരം ചെലവഴിക്കുന്ന പ്രതീതി.കമ്പ്യൂട്ടർ മാത്രമല്ല ഐപാഡുകളും, പാം ടൊപ്പുകളും മൊബൈലുകളും വരെ ഇതിനെ സഹായിക്കുന്നുമുണ്ട്.
ഒരിക്കലും ഇ-സ്പെസിൽ വായന വായനമാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. വായന പങ്കുവെക്കലിലേക്കും എഴുത്തിലേക്കും നിമിഷാർദ്ധം കൊണ്ട് വികസിക്കുകയാണ്. അതിന്നുള്ള സാഹചര്യം നെറ്റ് വായനക്കൊപ്പം ഒരുക്കുന്നുണ്ട്. അധിക വായനയും പ്രതികരണവും അപ്പപ്പൊൾ ചെയ്യാനാവുന്നു.പ്രിന്റ് മീഡിയ ഇക്കാര്യത്തിൽ ഇപ്പോഴും വളരെ പിന്നിലാണെന്ന് കുറ്റപ്പെടുത്തുകയല്ല; മറിച്ച് സാങ്കേതിക സാധ്യതകൾ ചൂണ്ടിക്കാണിക്കുകയാണ്.
ഏതൊരു വായനയുടേയും സ്വാഭാവികമായ തുടർച്ച എഴുത്താണ്. പ്രതികരണമാണിത്. താൻ വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം എവിടെയെങ്കിലും രേഖപ്പെടുത്താതെ വായന സുഖകരമായി അവസാനിക്കുന്നില്ല എന്നതാണ് പ്രശ്നം. നല്ലൊരു കവിത/ കഥ/ ലേഖനം വായിച്ചു കഴിഞ്ഞാൽ അതിനെ കുറിച്ച് വളരെ നല്ലത്/ കുറേകൂടി നന്നാക്കാമായിരുന്നു/ എഴുതിയത് മുഴുവൻ ശരിയല്ല/ സമഗ്രതയില്ല തുടങ്ങി ഒരുപാടഭിപ്രായങ്ങൾ ഏതുവായനക്കാരനും തന്റെ വായനാസംസ്കാരം വെച്ച് പ്രതികരിക്കാനുണ്ടാകും. ഒപ്പം ഇരുന്ന് വായിക്കുന്നവരായി/ കൂട്ടുകാരുമായി / സമൂഹവുമായി വാമൊഴിയായും വരമൊഴിയായും പങ്കിട്ടുകൊണ്ടിരിക്കും.മെല്ലെ മെല്ലെ ഇതൊരു ചർച്ചയുടെ രൂപം പ്രാപിക്കുകയും വായനയുടെ നാനാ തലങ്ങളിലേക്ക് നമ്മെ ആനയിക്കുകയും ചെയ്യുന്നു. ആസ്വാദനത്തിന്റേയും വിമർശനത്തിന്റേയും അധിക ജാലകങ്ങൾ തുറക്കുന്ന ഒരവസ്ഥ നമ്മെ നല്ല വായനക്കാരനും ആസ്വാദകനും എഴുത്തുകാരനുമാക്കുന്നു.ഈ പ്രക്രിയകൂടി സുഗമമായി നടക്കുമ്പോഴേ വായന പൂർത്തിയാവുകയും വായിച്ചത് മനസ്സിലാക്കൽ/ ആസ്വാദനം/ ഉൾക്കൊള്ളൽ അർഥപൂർണ്ണമാവുകയും ചെയ്യുന്നുള്ളൂ. ഇതിന്നുള്ള സുഗമസാധ്യതകളാണ് ഇ-സ്പേസ് നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നത്.
‌-സ്പ്പെസിൽ  സോഷ്യൽനെറ്റുവർക്കുകൾ ഈ പ്രവർത്തനം സുസാധ്യമാക്കുന്നു. ബ്ലോഗ്, റ്റ്വിറ്റർ, ഫേസ്ബുക്ക്, ഓർകുട്ട്,ഡിസ്കഷൻഗ്രൂപ്പുകൾ,മൈ സ്പെസ്, ചാറ്റ്റൂമുകൾ,ബാങ്ങ്, ബീബൂ,മെയിലുകൾ, വേർഡ്പ്രസ്സ്,ബസ്സ്,ക്ലിക്കസൂ,കമ്മ്യൂണിക്കേറ്റ് തുടങ്ങി നൂറിൽധകം ഷെയറിടങ്ങൾ നിലവിലുണ്ട്.ഇതൊക്കെത്തന്നെയും വളരെ ചെറിയ റജിസ്റ്റ്രേഷൻ പ്രോസസ്സിലൂടെ നമുക്ക് പ്രവേശനം നൽകുന്നുമുണ്ട്. ഒരു നെറ്റ്പേജ്വാർത്ത/ ലേഖനം/ കഥ/ കവിത/ എന്തുതന്നെയാണെങ്കിലും അതു വായിച്ചു തീരുന്നതോടെ തൊട്ടു താഴെ ഈ ഷെയറിടങ്ങളുടെ ലിങ്കുകൾ കാണാം.അതോടൊപ്പം തന്നെ ഉടൻ അഭിപ്രായം തുറന്നെഴുതാനുള്ള കമന്റ് ബോക്സുകളും കിട്ടും.വിഷയവുമായി ബന്ധപ്പെട്ട പ്രസക്തമായവ മാത്രമേ കമന്റുകളായി സ്വീകരിക്കൂ എന്നറിയണം. എന്നാൽ ഷെയറിങ്ങിൽ ഒരു വിലക്കുകളുമില്ല. .ടി.യുടെ നിയമപരമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന്  സർവ സ്വാതന്ത്ര്യത്തോടെയും നമുക്കിത് ചെയ്യാം. മറ്റുള്ളവർ നമ്മുടെ അക്കൌണ്ടിലേക്ക് ഷെയർ ചെയ്തവയും മറ്റു കമന്റുകളും ഒക്കെ ഒന്നോടി നടന്ന് പരിശോധിക്കുന്നതിലൂടെ ആ വിഷയത്തിലുള്ള, വിവിധ തലങ്ങളിൽ നിന്നുള്ള അധിക വായനകൾ സാധ്യമാകുകയാണ് ചെയ്യുന്നത്. തീർച്ചയായും ഇത് നമ്മുടെ വായനയെ വളരെയധികം വളർത്തിയെടുക്കും.നാമറിയാതെ നമ്മെ എഴുത്തുകാരനാക്കി മാറ്റും.
ഇങ്ങനെ വായിച്ചവയുടെ അനുഭവസമഗ്രതയിൽ നമുക്ക് സ്വതന്ത്രമായി, സ്വന്തമായി ഒരു കുറിപ്പ് തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും കഴിയുന്നതാണ് അടുത്തഘട്ടം. അത് സ്വന്തം ബ്ലൊഗറിലോ, വേർഡ്പ്രസ്സിലോ ചെയ്യാം. വായനക്കും എഴുത്തിന്നും പൂർണ്ണമായും കമ്പ്യൂട്ടർ തന്നെയാണിന്ന് മിക്കവരും ഉപയോഗപ്പെടുത്തുന്നത്. ഏതു ഭാഷയും എഴുതാനും വായിക്കാനും നമ്മുടെ കമ്പ്യൂട്ടറുകൾ സജ്ജമാണിന്ന്. മൊബൈൽ ഫോണുകളിൽ പോലും ഈ സംവിധാനം ഒരു പരിധിവരെ വന്നു കഴിഞ്ഞു. എഴുത്തിന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴുള്ള സാധ്യതകൾ പറയേണ്ടതില്ലല്ലോ. ഏറ്റവും മികവാർന്ന കുറിപ്പുകളും ലേഖനങ്ങളും നമുക്ക് നിർമ്മിക്കാൻ കഴിയുന്നു. HTML സാധ്യത ഓരോ വാക്കിനും വരിക്കും ഹൈപ്പർലിങ്കുകൾ നൽകാനും നമ്മുടെ ആശയങ്ങളെ/ ഉള്ളടക്കത്തെ ആധികാരികവും വിശദവും ആക്കിത്തീർക്കാനും സഹായിക്കുന്നു. ചിത്രങ്ങളും വീഡിയോകളും ശബ്ദഫയലുകളും സന്നിവേശിപ്പിക്കാൻ സാധിക്കുന്നു. ചുരുക്കത്തിൽ സാമ്പ്രദായിക എഴുത്തുരൂപങ്ങളിൽ നിന്നൊക്കെ വളരെ ഉയർന്ന നിലവാരത്തിലുള്ള രചനകൾ സാധ്യമാക്കുന്നു. വായന നാമറിയാതെ തന്നെ സർഗ്ഗാത്മക രചനയിലേക്ക് നമ്മെ നയിക്കുന്നു.