Showing posts with label EDUCATION. Show all posts
Showing posts with label EDUCATION. Show all posts

15 August 2020

school notes 07

 

നൈപുണീവികസനം


    നൈപുണി [ skill ] വികസനം ജ്ഞാനാർജ്ജനത്തിൽ പ്രധാനമാണ്. ജ്ഞാനാർജ്ജനത്തിനുള്ള നൈപുണികൾ വികസിച്ചേ മതിയാവൂ, അറിവുൽപ്പാദിപ്പിക്കാൻ അക്കജ്ഞാനം, അക്ഷരജ്ഞാനം , പദബോധം, വിജ്ഞാനകോശം ഉപയോഗിക്കൽ , സംവാദങ്ങളിലേർപ്പെടൽ ,ലാബ് ഉപയോഗം , കമ്പ്യൂട്ടറിൽ ടൈപ്പിങ്ങ് , മൊബൈൽ ഉപയോഗം തുടങ്ങിയവ പ്രധാനമാണ്.

    തൊഴിൽ അടിസ്ഥാനമാക്കിയുള്ള നൈപുണികളും [ vocational skills ] നൈപുണികളാണ് [skill] , എന്നാൽ ഇവയുടെ വികാസം പരമപ്രധാനമായിക്കാണുന്നത് വിജ്ഞനനൈപുണികളെ അപ്രധാനീകരിക്കലാവും. ജീവിതാവശ്യത്തിന്ന് തൊഴിൽ പഠനം പ്രധാനമാണ്. അടിസ്ഥാനപഠനത്തിന്ന് ഒപ്പമോ പകരമോ തൊഴിൽപഠനം മുന്നിൽ വരുന്നത് വിദ്യാഭ്യാസത്തിൽ ദോഷം ചെയ്യും. ഹൈസ്കൂൾ ക്ളാസുവരെ വിജ്ഞാനം തന്നെയാവണം ലക്ഷ്യം. പഠിക്കാൻ പഠിക്കലാണവിടെ നടക്കുന്നത്. സ്കില്ലിന്ന് പ്രധാന്യം വരുന്നതോടെ ജ്ഞാനാർജ്ജനവും അതിന്റെ രീതികളും കൈക്കലാക്കുന്നതിന്ന് തടസ്സം നേരിടും.

    മാത്രമല്ല, ചെറിയക്ളാസിലേ തൊഴിൽപഠനം എന്തിന്റെയൊക്കെ പേരിലായാലും അത് മാതാപിതാക്കളുടെ തൊഴിൽ പരിശീലിക്കുന്ന ഒന്നായി മാറും. സ്കൂളിലും വീട്ടിലും അതാവും കുട്ടിക്ക് മികവ് കാട്ടാൻ എളുപ്പമാക്കുക. മികവാണല്ലോ അളക്കുക. പൂന്തോട്ടനിർമ്മാണം, കളിമൺപാത്ര നിർമ്മാണം ,മരപ്പണി, ഇരുമ്പുപണി ,മണ്ണുപരിശോധന , കോഴിവളർത്തൽ ഒക്കെയാണല്ലോ തൊഴിൽപരിശീലനമെന്ന് മനസ്സിലാക്കുന്നത്. അടിസ്ഥാനവിഷയങ്ങൾ ആഴത്തിൽ പഠിക്കാനുള്ള സമയമാണ് ഇതിനൊക്കെ വേണ്ടി ചെലവാക്കപ്പെടുന്നത്.

    സമഗ്രവികാസത്തിലൂടെ നാളെക്കുള്ള പൗരൻമ്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സങ്കല്പ്പം തൊഴിൽ നൈപുണികൾക്ക് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകുന്നതിലൂടെ പൊളിഞ്ഞുവീഴും. തൊഴില്പരമായ വൈദദ്ധ്യം കൊടുക്കേണ്ട ബാധ്യത തൊഴിൽ നൽകുന്നവർക്കാണ്. അപ്പൊഴെ അത് ആവശ്യാധിഷ്ഠിതമായും മെച്ചപ്പെട്ടതുമാവൂ. കമ്പനികൾക്ക് ഹ്യൂമൻഡവലപ്പ്മെന്റ് സംവിധാനങ്ങൾ അവരുടെ പ്ളാനിൽ ഉൾപ്പെട്ടതാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണിത്. സ്കിൽ മുൻകൂട്ടി പഠിച്ചുവെക്കേണ്ട ഒന്നല്ല പലപ്പോഴും.മാത്രമല്ല, സ്കില്ലൊക്കെ പഠിപ്പിച്ച് തൊഴിൽകമ്പോളത്തിലേക്ക് മനുഷ്യവിഭവം നൽകേണ്ടപണിയല്ല പൊതുവിദ്യാഭ്യാസത്തിന്ന് ഉണ്ടാവേണ്ടത്.

    ഇനി , കോഴിവളർത്തൽ, പൂന്തോട്ടനിർമ്മാണം പോലുള്ള സാമ്പ്രദായിക സ്കില്ലുകൾ പഠിച്ച് കുട്ടി ആഗോളപൗരനാവേണ്ടതിനു പകരം പ്രാദേശികമായി കെട്ടിയിടപ്പെട്ടുപോകും. അവളുടെ 'ഠ' വട്ടം വിട്ടുപോകാൻ കഴിയാതെ വരും. സ്കൂളിങ്ങ് സ്കിൽ ഡവലപ്പ്മെന്റിന്റിൽ ഊന്നിയതുകൊണ്ട് ജ്ഞാനാർജ്ജനത്തിന്റെ അടിസ്ഥാനപാഠങ്ങൾ ഇല്ലാതായി തന്റെചുറ്റുപാടുകളെ മനസ്സിലാക്കാനോ മെച്ചപ്പെടുത്താനോ വിമർശനാത്മകമായി തിരിച്ചറിയാനോ കെൽപ്പില്ലാത്തവളായി ഒറ്റപ്പെടും.

14 August 2020

school notes 06

 

അദ്ധ്യാപന നൈപുണികൾ


തനുമാനസി


നിലവിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള മനശ്ശാസ്ത്രപരവും ദാർശനികവുമായ കാഴ്ചപ്പാടുകളിൽ ഊന്നിനിന്നുകൊണ്ട് പ്രായോഗിക അനുഭവങ്ങളിലൂടെ കടന്നുപോയി നൂതനവും ഗവേഷണാത്മകവുമായ സ്വതന്ത്രമായ അദ്ധ്യാപന ശൈലി വികസിപ്പിക്കാനുള്ള കഴിവ് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. അദ്ധ്യാപികയുടെ തനിമയുടെ മുദ്ര ഇങ്ങനെയാണ് പ്രത്യക്ഷമാകുക.

നാളിതുവരെ രൂപപ്പെട്ടുവന്ന മനശ്ശാസ്ത്ര സിദ്ധാന്തങ്ങളും വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ളദർശനങ്ങളും ഒക്കെ ഇരിക്കെ , ക്ളാസിൽ അദ്ധ്യാപികക്ക് അനുഭവം ഇതിലേതെങ്കിലും ഒരു സിദ്ധാന്തം മാത്രമായി പ്രയോഗവത്ക്കരിക്കുന്നത് മതിയാവുന്നില്ല എന്നാണ്. പരക്കെ അംഗീകരിക്കപ്പെട്ട ഒന്ന് പഠനത്തിന്റെ അടിസ്ഥാനം motivation തന്നെയാണ്. അദ്ധ്യാപികക്ക് എത്രത്തോളം motivate ചെയ്യാനാവുന്നു എന്നാണ് പ്രധാനം. നിലവിലുള്ള ഒരു പരാധീനത പ്രയോഗപദ്ധതികളൊക്കെ ക്ളാസ്‌‌മുറിക്കകത്തും മാനസികപ്രക്രിയകളിൽ ഊന്നിയുമായുള്ളതാണ് എന്നാണ്.

കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ്. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.

ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .


[ പ.ലി: അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്. ]

17 May 2020

school@home

സ്ക്കൂള്‍ @ ഹോം - പ്രൈമറിവിദ്യാഭ്യാസത്തിന് ഒരു ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തന മാതൃക

കോവിഡുകാലത്തെ രോഗാതുരമായ സാമൂഹ്യസാഹചര്യങ്ങൾ ലോകമൊട്ടാകെ സ്കൂളുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു . കേരളത്തിൽ പുതിയൊരു വിദ്യാലയവർഷം ആരംഭിക്കേണ്ട ജൂൺ മാസത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാന്‍ കഴിയുമോ എന്നു തീര്‍ച്ചയായിട്ടില്ല. അടുത്ത ചില മാസങ്ങളിൽ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിഞ്ഞു കൂടേണ്ടി വന്നേയ്ക്കാം . ഈ വീട്ടിലിരിപ്പുകാലത്ത് അവരുടെ പ്രവർത്തന ശേഷിയും സർഗ്ഗാത്മകതയും വറ്റിപ്പോകാതിരിക്കാൻ പുതിയൊരു പഠനസാഹചര്യവും പഠനരീതിയും കണ്ടെത്തിയേ തീരൂ .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുമായി ഒത്തുചേർന്നുകൊണ്ടും കൊറോണക്കാലത്തെ വിദൂരവിദ്യാഭ്യാസവിനിമയ പ്രവർത്തനങ്ങളെ പിന്തുണച്ചുകൊണ്ടുമാണ് ഈ അന്വേഷണം . ഓൺലൈൻ പഠനസാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുകയും തിട്ടപ്പെടുത്തുകയും ചെയ്ത് അതിലൂടെ പൊതുവിദ്യാഭ്യാസമേഖലയെ സുശക്തമാക്കുന്നതിനായുള്ള തനത് പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. .

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രൈമറി തലത്തില്‍

ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന പഠനത്തെയാണ് ഓൺലൈന്‍ വിദ്യാഭ്യാസം  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൂര്‍ണ്ണമായും ഇന്റര്‍നെറ്റിലൂടെയുള്ളതും ഭാഗികമായിട്ടുള്ളതുമായ  വിവിധ രീതികള്‍ പ്രയോഗത്തിലുണ്ട്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഉപരിപഠനത്തിന്റെയും skill development-ന്റെയും മേഖലയില്‍ ഓണ്‍ലൈന്‍ പഠനം ലോകത്തെമ്പാടും വളരെ സ്വീകാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ ഭാഗികമായിട്ടാണെങ്കില്‍പ്പോലും വിദൂരപഠനരീതികള്‍ അവലംബിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രൈമറിതലത്തില്‍ വിദൂരപഠനത്തിന്റെ രീതിശാസ്ത്രം എന്തായിരിക്കണം? ഇന്റര്‍നെറ്റിലൂടെ എന്തൊക്കെയാണ് വിനിമയം ചെയ്യേണ്ടത്? മുന്‍കൂട്ടി തയ്യാറാക്കിയ വിഡിയോ ക്ലാസുകളും  'പവര്‍ പോയിന്റ് ‘(!) പ്രസന്റേഷനുകളും പി.ഡി.എഫ്.വര്‍ക്ക് ഷീറ്റുകളും മുതിര്‍ന്ന പഠിതാക്കള്‍ക്ക്  ഉപയോഗിച്ചിട്ടുണ്ട്  എന്നതുകൊണ്ട് 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ആ രീതി മതിയാകുമെന്നാണോ? ഓണ്‍ലൈന്‍ രീതികളവലംബിക്കുമ്പോള്‍ മൂല്യനിര്‍ണ്ണയത്തിന് പഴയരീതികള്‍ മതിയാകുമോ?

അതേ സമയം സ്ക്കൂളല്ലാത്ത മറ്റുമാര്‍ഗ്ഗങ്ങളിലൂടെയുള്ള പഠനത്തിന്റെ അവസരങ്ങളും സൗകര്യങ്ങളും സന്നദ്ധതയും എല്ലാവര്‍ക്കുമില്ല എന്ന അലട്ടുന്ന അടിസ്ഥാനപ്രശ്നത്തെ അവഗണിക്കാനുമാവില്ല . വീട്ടില്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉണ്ടാകുന്നതു  കൊണ്ടുമാത്രം ഓണ്‍ലൈന്‍ പഠനത്തിനു കുട്ടി തയ്യാറായി എന്നു പരിഗണിക്കാനാവില്ല. സ്കൂളുകളേ ‘സ്മാര്‍ട്ട് ‘ആയിട്ടുള്ളൂ, വീടുകള്‍ ഇപ്പോഴും സാധാരണവീടുകള്‍തന്നെയാണ്.

പ്രൈമറി തലത്തില്‍ എന്തൊക്കെ പരിഗണിക്കണം?

ഓണ്‍ലൈന്‍ പഠനരീതികള്‍ അവലംബിക്കുന്നതിനെപ്പറ്റി പല ചിന്തകളും ഇടപെടലുകളും പല കോണുകളില്‍ നിന്നായി നടക്കുകയും ചിലതൊക്കെ നടപ്പാക്കുന്ന ശ്രമം ആരംഭിക്കുകയും ചെയ്യുന്ന  ഈ അവസരത്തില്‍ നിശ്ചയമായും പരിഗണിച്ചിരിക്കേണ്ട ചില കാര്യങ്ങളെ ആവര്‍ത്തിച്ചു സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രൈമറിതലത്തില്‍ നടപ്പിലാക്കുന്ന ഏതു വിദൂരവിദ്യാഭ്യാസ സംവിധാനവും -
    • നിലവിലെ ശരാശരി ടീച്ചര്‍ക്കും ഇതിലൂടെ മാറാന്‍ സാധിക്കുന്നതരത്തില്‍  രൂപകല്പന ചെയ്തതാവണം .
    • രക്ഷിതാക്കളൂടെ താല്പര്യവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതാകണം.
    • വീട്ടിലിരിക്കുന്ന കുട്ടിയുടെ പഠനത്തിനായി പ്രത്യേകം തയ്യാറാക്കുന്ന  ഇന്ററാക്ടീവ് ആയ പ്രവര്‍ത്തനശൃംഖലക്കായിരിക്കണം പ്രാധാന്യം .
    • ഉത്പന്നങ്ങളേക്കാള്‍ പ്രക്രിയകളെ ലക്ഷ്യം വെക്കുകയും വിലയിരുത്തുകയും  ചെയ്യുന്ന  രീതിയുണ്ടാവുകയും അദ്ധ്യാപകര്‍ പരിശീലിക്കുകയും വേണം.
    • അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്ന രീതിയായിരിക്കണം .
    • കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയും സാമൂഹിക ബന്ധങ്ങളും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുണ്ടായിരിക്കണം .
    • കുട്ടികള്‍ വ്യത്യസ്തരാണ്. ഓരോ കുട്ടിയിലും ജിജ്ഞാസയും താല്പര്യവുമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേണം .
    • അദ്ധ്യാപികയുടെ ഇടപെടലുകളോടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെത്തിക്കാൻ സാധിക്കണം  . അതേസമയം ടീച്ചര്‍ എന്നതില്‍നിന്നും ഒരു മെന്റര്‍ (mentor) എന്ന രീതിയിലേക്കു മാറാന്‍ അദ്ധ്യാപകര്‍ക്കു സൗകര്യമൊരുക്കുകയും വേണം.
    • കുട്ടികള്‍ക്കു പ്രതികരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം .
    • കുട്ടി എപ്പോഴും ചലന സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു . കുട്ടിക്ക് കാണിയായി അല്ലെങ്കില്‍ ശ്രോതാവായി മാത്രം ഇരിക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കേണ്ടതുണ്ട്.
    • ഓരോ രക്ഷിതാവുമായും ആശയ വിനിമയ സാധ്യത ഉണ്ടാകണം.
   
സംഘമായി നടക്കാനും കളിക്കാനും പ്രവർത്തിക്കാനുമുള്ള സ്കൂളിലെ സ്വാതന്ത്ര്യം വീട്ടിലുണ്ടാവില്ല . വീട്ടിൽ സാധ്യമായ ഗ്രൂപ്പ് കുട്ടിയും അമ്മയും അച്ഛനും മറ്റംഗങ്ങളും ഉൾപ്പെടുന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അവരെക്കൂടി കുട്ടിയുടെ പഠന പ്രവർത്തനങ്ങളിൽ കേൾവിക്കാരും നിരീക്ഷകരും പങ്കാളികളുമായി, ചിലപ്പോൾ വിലയിരുത്തുന്നവരുമായി സഹകരിപ്പിക്കണം. ഇത് കുട്ടിയുടെ ആത്മവിശ്വാസവും രക്ഷിതാവിന്റെ സംതൃപ്തിയും വർദ്ധിപ്പിക്കും. ഓൺ ലൈൻ പഠനത്തെ ഇങ്ങനെയും മാറ്റിയെടുക്കേണ്ടതുണ്ട് .

പുതിയ സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുന്നതും  അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ  വികേന്ദ്രീകൃത സംവിധാനങ്ങളുണ്ടാവുകയാണ് വേണ്ടത്.

ഒരു മാതൃക

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രൈമറിതലത്തിലെ അധ്യാപനത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയും വ്യക്തമായ കാഴ്ചപ്പാടോടെ ചില രീതികള്‍ ആവിഷ്കരിക്കുകയും ചെയ്ത ഞങ്ങളുടെ കൂട്ടായ്മ (SSWEET-Society, Seeking the Ways of Effective Educational Trends) മേല്‍സൂചിപ്പിച്ചവയുടെ അടിസ്ഥാനത്തില്‍  ചെറിയ ചില മാതൃകകള്‍ രൂപപ്പെടുത്തി പങ്കിടാന്‍ ശ്രമിക്കുകയാണ് .
നാലാം ക്ലാസിലെ പരിസരപഠനത്തിലെആദ്യപാഠത്തിനുവേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തനനിര്‍ദ്ദേശമാതൃകകള്‍ 'ഋതു' വിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട് . നേരിട്ടുള്ള ലിങ്കുകള്‍ താഴെക്കൊടുക്കുന്നു .

https://rhithu.com/testing/ivevsu1/

സ്വീറ്റ് രൂപപ്പെടുത്തിയ ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലേക്കുള്ള ലേണിംഗ് മാനേജ്മെന്റ് സിസ്റ്റമായ  LEMS പ്രക്രിയാധിഷ്ഠിത ക്ലാസ് റൂം പഠനത്തിന് വളരെ പ്രയോജനകരമായി മാറിയതാണ്. ഓണ്‍ലൈന്‍ പഠനത്തിനു യോജിച്ചരീതിയില്‍ LEMS പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്.
മോഡല്‍ മൊഡ്യൂള്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും പിന്തുണയാവശ്യമുണ്ടെങ്കില്‍ ഈ പോസ്റ്റിനു കമന്റ് ആയിട്ടോ, ഫോണിലൂടെയോ വാട്സ് ആപ്പിലൂടെയോ സ്വീറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.

SSWEET
Society, Seeking the Ways of Effective Educational Trends
പാലക്കാട്.
85478 51061, 94955 72802, 94003 17972, 94951 73035

21 April 2018

അവധിക്കാലത്ത് കളിപ്പാട്ടങ്ങളുടെ പ്രദർശനമൊരുക്കി ലൈബ്രറി സ്വീറ്റ്

2018 ഏപ്രിൽ 19 നു ശ്രീകൃഷ്ണപുരത്ത് ഋതുവിൽ കളിപ്പാട്ടങ്ങളുടെ പ്രദർശനം നടന്നു .LIBRARY SSWEET ആണ് പ്രദർശനം ഒരുക്കിയത്. 40 തിലധികം കുട്ടികൾ ഇവിടെ വന്നു കണ്ടൂ. 35-40 മുതിർന്നവർ പ്രദർശനം കണ്ട് അഭിപ്രായം രേഖപ്പെടുത്തി . 60 തിലധികം കളിപ്പാട്ടങ്ങളാണ് പ്രദർശിപ്പിച്ചത്. ഒന്നോ രണ്ടോ എണ്ണമൊഴിച്ച് എല്ലാം തന്നെ SSWEET കണ്ടെത്തിയതും നിർമ്മിച്ചതുമായിരുന്നു . സ്വാഗതവും ഉദ്ഘാടനവും പ്രസംഗവും ഒന്നുമില്ലാതെ കളിയും കളിപ്പാട്ടവുമായി ഒരു ദിവസം കൂടി.



തന്റെ ചുറ്റുപാടുകളെ പരിചയപ്പെടുന്നതിന്ന് കുട്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും നാം കളി എന്നു വിളിക്കുന്നു. ഇതിനുപയോഗപ്പെടുന്നവയെ എല്ലാം കളിപ്പാട്ടമെന്നും നാം വിളിക്കുന്നു . ചുറ്റുപാടുകളെ പരിചയപ്പെടുന്നതും അറിയുന്നതും കുട്ടി കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തും ആണെന്നതിന്ന് തർക്കമില്ല. അതാകട്ടെ ചുറ്റുമുള്ളവ , കയ്യിൽ കിട്ടിയവ കൊണ്ടുമാണ്. കയ്യിൽ കിട്ടിയവയെ കുട്ടി അതങ്ങനെയായി മാത്രമല്ല , സമയമെടുത്ത് പലമട്ടിൽ മാറ്റിമറിച്ചും അഴിച്ചും കൂട്ടിയും മറ്റുമാണ് മനസ്സിലാക്കുന്നത്. ഇതിനെ പഠനം എന്നല്ല കളി എന്നു നാം പറയും. പക്ഷെ, കുട്ടിക്കത് കളിയല്ല, മനസ്സിലാക്കലാണ്, പഠനമാണ്.

കുട്ടി തന്റെ ചുറ്റുപാടുകളെയാണ് മനസ്സിലാക്കുന്നത്. പഠനത്തിന്റെ ആദ്യ പടവുകൾ ചുറ്റുപാടുകളിൽ നിന്നാണ്. ലഭ്യമായവയെ ഒക്കെ നിരീക്ഷിച്ചും പഞ്ചേന്ദ്രിയങ്ങളിലൂടെ നന്നായി പരിശോധിച്ചും അഴിച്ചും കൂട്ടിയും മാറ്റിമറിച്ചും അനുകരിച്ചും വിവരിച്ച് കൊടുത്തും അത്ഭുതപ്പെട്ടും [ അത്ഭുതപ്പെടുത്തിയും ] ഉല്ലസിച്ചും , ഭാവനചെയ്തും , സ്നേഹിച്ചും , ഭയന്നും, വെറുത്തും, അടക്കിപ്പിടിച്ചും , വിട്ടുപിടിച്ചും, സ്വായത്തമാക്കിയും , പങ്കുവെച്ചും വേണ്ടത്രസമയം ചെലവിടുന്നു. ഓരോ നിമിഷവും പുതിയപുതിയ കാര്യങ്ങൾ മനസ്സിലാക്കുന്നു. ഈ കളി പലവട്ടം ആവർത്തിക്കുകയും - ആവർത്തനം ഉടനടിയും പിന്നീടെപ്പൊഴെങ്കിലുമായും - താരതമ്യത്തിനും ഓർമ്മിക്കാനും വീണ്ടും പരിശോധിക്കാനും നടത്തിക്കൊണ്ടേയിരിക്കുന്നു. കുട്ടിക്കാലത്ത് ശരാശരി , രണ്ടു സുഹൃത്ഭാവമുള്ള കുട്ടികൾ അവരുടെ കളിക്കാലത്ത് മണ്ണപ്പം ചുട്ടുകളിക്കൽ 20-25 പ്രാവശ്യം , വീടുവെച്ച് അച്ചനുമമ്മയുമായി കളിക്കൽ 10- 20 പ്രാവശ്യം, പീടിക വെച്ചു കളിക്കൽ 10 -12 പ്രാവശ്യം , കള്ളനും പോലീസും 25-30 പ്രാവശ്യം കോഴിയും കുറുക്കനും 25-30 , കടലാസ്‌തോണി 15-20 പ്രാവശ്യം എന്നിങ്ങനെ ആവർത്തനം കാണാം. തൊട്ടുമണ്ടിക്കളി , ചക്രം ഉരുട്ടൽ, പന്ത് തുടങ്ങിയ ദിവസേന എന്നപോലെ കളിക്കുന്നു. ഗ്രാമ നഗര വ്യത്യാസങ്ങൾ , സമ്പന്ന ദരിദ്ര ഭേദങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ട്. ഈ കളികൾക്കൊക്കെ ഉപകരണങ്ങൾ വേണ്ടവയും വേണ്ടാത്തവയും ഉണ്ട്. വേണ്ട ഉപകരണങ്ങളൊക്കെ ചുറ്റുപാടുകളിൽ നിന്ന് സ്വയം സൃഷ്ടിച്ചാണ് കളിക്കുക. ഉപകരണ സംഭാരമടക്കം ചെയ്യുന്ന പ്രക്രിയകളും പ്രവർത്തനങ്ങളും ആകെപ്പാടെയാണ് കളി എന്നു പറയുക. ഒരുക്കം - കളി - സമാപനം എന്നീ 3 ഘട്ടങ്ങൾ കളിക്കുണ്ട്. നോക്കൂ : പഠനത്തിന്റെ എല്ലാ രീതിശാസ്ത്രവും ഇക്കളികളിൽ ഉൾപ്പെടുന്നു. ആവർത്തനത്തിലൂടെ , സൃഷ്ടിക്കപ്പെട്ട അറിവൊക്കെയും പ്രബലീകരിക്കപ്പെടുകയും ചെയ്യുന്നു. 


വളരെ സ്വാഭാവികമായി കുട്ടികൾ ഉണ്ടാക്കിയെടുക്കയും കളിക്കുകയും ചെയ്യുന്ന ഏർപ്പാടിൽ നിന്ന് കളി വിലക്കുവാങ്ങാവുന്ന – ചെലവുള്ളതായ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കളിപ്പാട്ടങ്ങളേയും കളികളേയും കുറിച്ചുള്ള ആലോചനകൾ പ്രസക്തമാണ്. സ്വയമുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ വിലക്കുവാങ്ങാവുന്ന കളിപ്പാട്ടങ്ങളുടെ മനോഹാരിതകളിൽ തിരസ്കരിക്കപ്പെടുന്നു. വാങ്ങാവുന്ന കളിപ്പാട്ടങ്ങളൊക്കെ ആവർത്തനച്ചെലവുകൾ ഉള്ളവയാണ്. അതാകട്ടെ നിരന്തരം വിലകൂടിക്കൊണ്ടിരിക്കയും ചെയ്യുന്നു. ആവർത്തനച്ചെലവുകാരണം [ ബാറ്റിരി, കാറ്റടിക്കൽ, പ്രോഗ്രാമുകൾ വാങ്ങൽ …] മിക്കപ്പോഴും വാങ്ങിയവ പെട്ടെന്ന് ഉപേക്ഷിക്കപ്പെടുന്നു. വീടുകളിൽ മൂത്ത കുട്ടിക്ക് വാങ്ങിയവയൊക്കെത്തന്നെ ഇളയകുട്ടിക്ക് വീണ്ടും വാങ്ങേണ്ടിവരുന്നു. ആൺകുട്ടിക്കും പെൺകുട്ടിക്കും കളിപ്പാട്ടം വെവ്വേറേ വാങ്ങണമല്ലോ. . തോക്ക് , സൈക്കീൾ തുടങ്ങി പല കളിപ്പാട്ടങ്ങളും [!!] ഒരു കുട്ടിക്കു തന്നെ പലവട്ടം വാങ്ങേണ്ടിവരുന്നു. കയ്യിലുള്ള സൈക്കിളിനേക്കാൾ മികച്ച ഒരു മോഡൽ വന്നാൽ അതു വാങ്ങുന്നു . കളി ഒരു വലിയ ബിസിനസ് ആയി മാറുന്നു. നാം കളികളുടെ ഉപഭോക്താക്കളായി മാറുന്നു. കളിയുടെ ആത്യന്തിക ലക്ഷ്യം കുട്ടിയുടെ മാനസികോല്ലാസമെന്നത് ഇല്ലാതാവുകയും അസംതൃപ്തിയും കാലുഷ്യവും കളിയുടെ ഫലമായി ത്തീരുകയും ചെയ്യുന്നു. എല്ലാവരും കൂടിയുള്ള കളികളുടെ എണ്ണം കുറയുകയും ഒറ്റക്കൊറ്റക്കുള്ള കളികൾ ഏരിവരികയും ചെയ്യുന്നു. കളിയുടെ സംഘാടനം, നടത്തിപ്പ്, വിലയിരുത്തൽ തുടങ്ങിയ ഘടനാപരമായ അധികാരം കുട്ടിയിൽ നിന്നും എടുത്തുമാറ്റപ്പെടുന്നു. കളിപ്പാട്ടം പോലൊരു ഉപകരണമായി കുട്ടി കളിയിൽ പങ്കെടുക്കുന്നു. കുട്ടികളുടെ കളികൾ മുതിർന്നവർക്ക് മനസ്സിലാവാതെയാവുന്നു. ഒപ്പം കളിക്കാനോ സഹായിക്കാനോ മുതിർന്നവർക്കാവാതെപോകുന്നു. വീട്ടിലെല്ലാവരും പലതലത്തിൽ നിന്ന് പങ്കെടുത്തിരുന്ന കുട്ടിക്കളി നിലവിൽ കുട്ടിയുടെ മാത്രം കാര്യമായി വികലമാക്കപ്പെടുന്നു .


കാലാകാലങ്ങളായുള്ള വിദ്യാഭ്യാസചിന്തകളിൽ , കളിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള താത്വിക ചർച്ചകളിൽ പുതിയകാലത്തെ കളികൾ വളരെ കുറച്ചെണ്ണം മാത്രമേ ഉൾപ്പെടുന്നുണ്ടാവൂ. . കളി പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ്മുറിയിൽ നിന്നും ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു . അംഗനവാടി , പ്രിപ്രൈമറി ക്ലാസുകളിൽപ്പോലും കളി കാര്യമായിട്ടില്ല . കളിയെ കാര്യമാക്കുന്നില്ല . [ പുതിയ കരിക്കുലം കളിയുടെ പ്രാധാന്യം മനസ്സിലാക്കി യെടുക്കുണ്ട് എന്നത് ആശ്വാസമുണ്ടാക്കുന്നു ] ഈയൊരു സമകാലിക ആലോചനകളിലാണ് SSWEET കളിപ്പാട്ടങ്ങൾ പ്രദർശിപ്പിക്കയും ജനം അത് കാണുകയും ചെയ്തത്. കുട്ടികളും മുതിർന്നവരും കളിപ്പാട്ടങ്ങളുപയോഗിച്ച് കളിക്കുകയും അതിൽ ഉൾക്കൊള്ളുന്ന പഠനം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് . ഓരോ കളിപ്പാട്ടങ്ങളുടെയും നിരവധി സാധ്യതകൾ [ പഠനോപകരണങ്ങൾ എന്ന നിലക്ക് ] ചർച ചെയ്യപ്പെട്ടു. ക്ലാസ് , വിഷയം എന്നിവയടെ മാറ്റത്തിനനുസരിച്ച് ഓരോ കളിപ്പാട്ടങ്ങളും വിഭിന്ന രീതികളിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണെന്ന കണ്ടെത്തൽ കളിച്ചവരുടേയും കാഴ്ചക്കാരുടേതുമായിരുന്നു . പ്രദർശിപ്പിച്ചവയുടെ വിലചോദിച്ചറിയുന്നതിനു പകരം എങ്ങനെ ഉണ്ടാക്കാമെന്ന അന്വേഷണമായിരുന്നു അധികം.. നമുക്കെന്തും വിലചോദിച്ചാണല്ലോ പരിചയം എന്ന അവസ്ഥയിൽ ഈ അന്വേഷണം SSWEET ന്റെ ലക്ഷ്യത്തെ സാധൂകരിക്കയായിരുന്നു.

കളിപ്പാട്ടങ്ങളുടെ പ്രദർശനം പോലെ പ്രധാനപ്പെട്ടതാണ് കളികളുടെ പ്രദർശനം എന്നു തോന്നി . വിദ്യാഭ്യാസമൂല്യമുള്ള പല കളികളും ഇന്ന് നമ്മുടെ കുട്ടികൾക്ക് [ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ] അറിയാതെയായിരിക്കുന്നു . LIBRARY SSWEET ൽ ഇന്ത്യയിലെ കളികൾ, കേരളത്തിലെ കളികൾ തുടങ്ങിയ പുസ്തകങ്ങൾ ഉണ്ട്. കളികളെ ലിസ്റ്റ് ചെയ്യൽ , അവയുടെ കളിക്രമം വിശദീകരിക്കൽ എന്നീ ഉള്ളടക്കമുള്ള കളി സമാഹാരങ്ങൾ സൂചിപ്പിക്കുന്നത് നാം നമ്മൂടെ കളികൾ മറന്നുപോയിരിക്കുന്നു എന്നാണല്ലോ.


അനുബന്ധം

കളിപ്പാട്ടങ്ങളുടെ ആഗോളമാർക്കറ്റ് 85 ബില്യൺ അമേരിക്കൻ ഡോളർ .
ഇന്ത്യയിൽ 2750 കോടി രൂപക്കുള്ളത്.ഇതിൽ ഇന്ത്യൻ വിഹിതം 20% വരും . ഇന്ത്യ 2016 ഇൽ വിദ്യാഭ്യാസത്തിന്ന് ആകെ നീക്കിവെച്ചത് 80,000 കോടിക്കടുത്താണ്.

ലോകത്ത് 70 ശതമാനം കളിപ്പാട്ടങ്ങളും ചൈനയുടെ നിർമ്മിതികളാണ്. 40 ബില്യൺ അമേരിക്കൻ ഡോളറിന്ന് തുല്യം.. 

05 October 2015

ടി.ടി.സി. കോർസും ഉപജീവനവും


നമ്മുടെ ടി. ടി.സി കുട്ടികൾ എവിടെപ്പോകുന്നു ? പരീക്ഷ കഴിഞ്ഞ് ജയിച്ച് പ്രതിവർഷം 5000 ത്തോളം കുട്ടികൾ പുറത്തു വരുന്നുണ്ട്. അവരൊക്കെ പിന്നെ എവിടെപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നത് 10-12 ശതമാനം കുട്ടികൾക്ക് മാത്രമാണല്ലോ. അതും അക്കൊല്ലം ആവണമെന്നില്ല. നാലും അഞ്ചും വർഷം കാത്തിരുന്നിട്ട്. 10-15 ശതമാനം കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ ചെന്നു കൂടുന്നു. ബാക്കിവരുന്നവരൊക്കെ എന്തു ചെയ്യുന്നു എന്നാരാലോചിക്കാൻ എന്നാവരുതല്ലോ സ്ഥിതി ?

ടീച്ചർ എഡ്യൂക്കേഷൻ എല്ലാ തലത്തിലും മികച്ച നിലവാരത്തിൽ നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഡയറ്റ് പോലുള്ള സ്ഥാപനങ്ങളുടെ ശക്തമായ മേൽനോട്ടമുള്ള പാലക്കാട് പോലുള്ള ജില്ലകളിൽ ഇക്കാര്യം വളരെ വലിയൊരളവിൽ ശരിയാണ്`. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാമെങ്കിലും സംസ്ഥാനത്തൊട്ടാകെ നിലവാരമുള്ള ടീച്ചർ എഡ്യൂക്കേഷൻ സംവിധാനങ്ങളുണ്ട്. ടി.ടി.സി നിലവിലെ സാഹചര്യത്തിനനുസൃതമായി വളരെയേറെ പുതുക്കിയെടുത്ത് ഡിപ്ളോമാ കോർസാക്കിയിട്ട് ഒരു ബാച്ച് പുറത്തു വന്നു കഴിഞ്ഞു. ക്ളാസ് റൂം പ്രവർത്തനങ്ങൾ, മെന്ററുടെ മേൽനോട്ടത്തിലുള്ള പരിശീലനങ്ങൾ, മികച്ച പ്രാക്ടിക്കൽ പരീക്ഷകൾ , ഉത്തരവാദിത്വപൂർവം ഇടപെടുന്ന അദ്ധ്യാപകർ, പ്രക്രിയാ ബന്ധിതമായ പ്രവർത്തനങ്ങളിലൂടെ പരിശീലനം നേടുന്ന കുട്ടികൾ, സമൂഹ്യ സമ്പർക്ക പരിപാടികൾ, സെമസ്റ്റർ സ്വഭാവം എന്നിങ്ങനെ നവീകരിച്ച ഡി എഡ്ഡ് മികവുറ്റ ഒരു കോർസായി മാറിയിട്ടുണ്ട്. എന്നിട്ടും കോർസ് കഴിഞ്ഞ നമ്മുടെ കുട്ടികൾ പിന്നെ എവിടെ പോകുന്നു എന്നാലോചിക്കുമ്പോൾ ആവേശകരമായി ഒന്നും തന്നെയില്ല.

ഒരു പ്രൊഫഷണൽ കോർസാണ്` എന്നും ടി. ടി.സി . താരതമ്യേന സാധാരണക്കാരന്റെ - അതും പെൺമക്കളുടെ കാര്യത്തിൽ അധികം കരുതലോടെ - തെരരഞ്ഞെടുപ്പായാണ്` ഈ കോർസ് പണ്ടുമുതലേ . ടി. ടി. സി ക്ക് വിട്ടാൽ അവൾക്ക് / അവന്ന് ചോറായി എന്നായിരുന്നു കാരണവന്മാരുടെ ചിന്ത. അന്നത് മിക്കവാറും ശരിയുമായിരുന്നു. പഠിപ്പുകഴിഞ്ഞാൽ പണി ഉറപ്പായിരുന്നു . ജീവിതം വലിയ അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാമായിരുന്നു. പിന്നീട് സ്ഥിതിഗതികൾ മാറുകയും ജോലിക്ക് ഉറപ്പില്ലാതാവുകയും ചെയ്തു വെന്നത് സമകാലിക അവസ്ഥ . അത് ചർച്ച ചെയ്യേണ്ട എന്നല്ല ; അതിനേക്കാളധികം ' ഒരു പ്രൊഫഷണൽ കോർസ് ' എന്ന നിലയിലുള്ള പോരായ്മകളാണ്` ആദ്യം ചർച്ച ചെയ്യേണ്ടത് എന്ന തോന്നലാണ്` ഇവിടെ പങ്കുവെക്കുന്നത് .


പ്രൊഫഷണൽ കോർസ് കഴിഞ്ഞയാൾ പ്രൊഫഷണലാകണം സാധാരണ നിലയ്ക്ക് . അദ്ധ്യാപക പരിശീലനം [ ടി. ടി. സി , ബിഎഡ്ഡും ... ] ഒഴിച്ചുള്ള എല്ലാ കോർസുകളിലും അതങ്ങനെയാണുതാനും. സ്വന്തം താൽപര്യവും ഒരൽപ്പം സംരഭകത്വവും ഉണ്ടായാൽ സ്വയം പ്രൊഫഷണിൽ പ്രവർത്തിക്കാം. അങ്ങനെയാണല്ലോ 70-90 കളിൽ [ തട്ടിക്കൂട്ടിയ ] നിരവധി ടൂട്ടോറിയൽ സ്ഥാപനങ്ങൾ ഉണ്ടായത്. മികച്ചവ അതിൽ അതിജീവിക്കയും ചെയ്തു. എന്നാൽ ഇന്ന് അതിനുള്ള ഇടം ഇല്ല എന്നുതന്നെ പറയാം. ആ വഴിക്കുള്ള പരിഹാര ചിന്ത എവിടെയും എത്തിക്കില്ല. അതും മഹാഭൂരിപക്ഷവും പെൺകുട്ടികൾ മാത്രമുള്ള ഒരു ഒരു പ്രൊഫഷണൽ കോർസിന്റെ കാര്യത്തിൽ . അതുകൊണ്ട് മറ്റുവഴികൾ ആലോചിക്കേണ്ടി വരും.

നാലു സെമസ്റ്റർ സമയം കൊണ്ട് ഇപ്പോൾ കുട്ടിയെ പ്രൊഫഷണലാക്കുക എന്ന കാര്യം നടക്കുന്നുണ്ട് എന്നു കരുതാം. അതാണല്ലോ പരീക്ഷയും വിജയവും തരുന്ന സൂചന. എന്നാൽ അത് സ്കൂളിൽ ജോലി കിട്ടിയാൽ നന്നായി പ്രവർത്തിക്കാനുള്ള പരിശീലനമേ ആകുന്നുള്ളൂ. സ്കൂളിൽ പണി കിട്ടിയില്ലെങ്കിൽ ഈ കഴിവ് നിരുപയോഗമാണ്`. ഉപാധികളോടെയുള്ള [ അതും ഒറ്റ ഉപാധി : സ്കൂളിൽ പണികിട്ടിയാൽ എന്നു മാത്രം ] പ്രൊഫഷണലിസം നിഷ്ഫലമാണ്`. സാമ്പ്രദായികമായ സ്കൂളിന്നു പുറത്തും കുട്ടിക്ക് തന്റെ തൊഴിലെടുത്ത് ജീവിക്കാൻ കഴിയണം. അതിനുള്ള സാധ്യതകൾ തുറന്നിടുന്ന അതോടൊപ്പം സംരംഭകത്വത്തിന്റെ ബാലപാഠങ്ങൾ നൽകുന്ന ഒന്നായി ടി. ടി. സി കോർസുകൾ വികസിപ്പിക്കേണ്ടതുണ്ട്. അപ്പോൾ :
ഒന്ന് - തൊഴിൽ സാധ്യതകൾ രണ്ട് - സംരഭകത്വ പരിശീലനം ഇതു രണ്ടും സിലബസ്സിൽ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. അതിനനുസരിചുള്ള പഠന പരിശീലന പരിപാടികളും ഉൾപ്പെടുന്ന സ്കൂളിങ്ങ് ടി. ടി. സി സ്ഥാപനങ്ങളിൽ വരുന്നതോടെ ഈ കോർസിന്റെ നിലവിലുള്ള പരിതാപകരമായ മുഖം മാറും. ചില നിർദ്ദേശങ്ങൾ ഇങ്ങനെയാണ്`.

ഒന്ന് ] തൊഴിൽ സാധ്യതകൾ
  • കമ്പ്യൂട്ടർ / നെറ്റ് അടിസ്ഥാനമായുള്ള വിദ്യാഭ്യാസ പരിപാടികൾ . അത് കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഉദ്ദേശിച്ചുള്ളത് . വെച്വൽ സ്കൂളുകൾ
  • അവനവന്ന് താൽപര്യമുള്ള വിഷയങ്ങളിൽ മേൽപ്പറഞ്ഞ സഹായങ്ങൾ [ ടീച്ചിങ്ങ് ] നൽകാൻ വേണ്ട അധിക കെൽപ്പ് ഓരോരുത്തർക്കും ഉണ്ടാക്കാനുള്ള ഊന്നലുകൾ [ നിലവിൽ ഒരു ക്ളാസിൽ 25-30 കുട്ടികളേ ഉള്ളൂ ]
  • സൈറ്റ്, ബ്ളോഗ്, സോഷ്യൽ നെറ്റ്‌‌വർക്കുകൾ എന്നിവ തൊഴിൽപരമായി [ അദ്ധ്യാപനം ] ഉപയോഗിക്കാൻ പരിശീലിപ്പിക്കൽ / അതിൽ നിന്ന് ചെറിയെതെങ്കിലും ഒരു വരുമാനം നേടാൻ പ്രാപ്തരാക്കൽ
  • സ്വന്തം നിലയ്ക്കും ചെറിയ ഗ്രൂപ്പുകളായും കോർസിലെ കുട്ടികൾ മുഴുവൻ ചേരുന്ന വലിയ ഗ്രൂപ്പുകൾ എന്ന നിലയിലും പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യാനും നടപ്പാക്കാനും വേണ്ട പരിശീലനങ്ങൾ
  • ഓൺ ലയിൻ ക്ളാസുകൾ, പരീക്ഷകൾ , മത്സരങ്ങൾ – സമ്മാനങ്ങൾ എന്നിവ ക്രിയേറ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും വേണ്ട പരിശീലനങ്ങൾ
  • സ്ഥാപനം എന്ന നിലയിൽ അതിന്ന് തന്റെ കുട്ടികളെ തുടർന്ന് സഹായിക്കാനും മെച്ചപ്പെടുത്താനും ഡയറ്റ് അടക്കമുള്ള മറ്റു സംവിധാനങ്ങളെ ആശ്രയിക്കാനും തയ്യാറാവാൻ വേണ്ട ക്രമീകരണങ്ങളും ഉത്തരവാദിത്തവും [ പ്രതിഫലത്തോടുകൂടി ] ഏൽപ്പിക്കൽ
  • സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരേയും ഇക്കാര്യങ്ങളിൽ ഇടപെടുവിക്കാനുള്ള സർക്കാർ മുൻകയ്യുകൾ
  • കായികപരിശീലനം, പ്രവൃത്തിപരിചയം , പഠിപ്പിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തൽ – നിർമ്മിക്കൽ – നവീകരിക്കൽ - ഓൺ ലയിൻ സ്റ്റോറുകൾ ഉണ്ടാക്കൽ, തുടങ്ങിയ സംഗതികളിൽ പ്രായോഗിക പരിശീലനം
  • സ്വന്തം വീട്ടിനടുത്തുള്ള കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് നെറ്റ് സാക്ഷരത, മൊബൈൽ സാക്ഷരത തുടങ്ങിയവക്ക് സഹായം നൽകാനുള്ള പ്രായോഗിക പരിശീലനങ്ങൾ
  • ഓൺലയിൻ സേവനങ്ങൾ നൽകാൻ പ്രാപ്തരാക്കൽ



രണ്ട് ] സംരഭകത്വ പരിശീലനങ്ങൾ
  • പ്രാഥമിക പാഠങ്ങൾ [ ആവശ്യം, സാധ്യത, ഏതു മേഖല തുടങ്ങിയവ തിരിച്ചറിയാനും സാമ്പത്തികമടക്കമുള്ള സഹായങ്ങൾ കിട്ടാറാക്കാനുമുള്ള പരിശീലനങ്ങൾ ]
  • ടി.ടി.സി സ്ഥാപനങ്ങൾ വെറും പ്രൊഫഷണലുകളെ ഉണ്ടാക്കുന്നതിനപ്പുറം അവരെ സൃഷ്ട്യുന്മുഖമായ - ജീവിതായോധനത്തിനുതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവിക്കാൻ മാർഗനിർദ്ദേശവും സഹായങ്ങളും സ്ഥിരമായി നൽകുന്ന അവസ്ഥയിലേക്ക് മാറ്റൽ
  • ..
    ഇതാണ്` നിലവിൽ സമൂഹവും ഈ കുട്ടികളും ആവശ്യപ്പെടുന്നത്. പഠിപ്പിച്ചുവിടൽ മാത്രമായിരിക്കരുത് ; പഠിപ്പിക്കുന്നത് ജീവിതം കൂടിയായിരിക്കണമല്ലോ.




12 June 2015

സ്പന്ദനം


ലക്ഷ്യം

8-9 ക്ളാസുകളിലെ നിലവാരം മികവുറ്റതാക്കൽ
എല്ലാ കുട്ടിക്കും നിലവാരമുറപ്പാക്കുന്ന ക്ളാസുകൾ
ഓരോ സ്കൂളിനും ഓരോ അദ്ധ്യാപികയ്ക്കും തനതായി വികസിപ്പിക്കാവുന്ന മികവുറ്റ പ്രവർത്തനങ്ങൾ - അവയുടെ ഷെയറിങ്ങ്

ഉയർന്ന നിലവാരം എവിടെയൊക്കെ?

  • പഠനതന്ത്രങ്ങൾ
  • കുട്ടികൾക്കുള്ള പിന്തുണ
  • മൂല്യനിർണ്ണയം
  • ലാബ് - ലൈബ്രറി
  • വിനോദം
  • കളി - കളിസ്ഥലം
  • വിശ്രമം
  • ക്ളാസ്‌‌മുറി
  • പരിസരം
  • പഠന വിഭവങ്ങൾ
  • പഠന ഉൽപ്പന്നങ്ങൾ
  • ഐ.സി.ടി
  • ശാരീരിക - മാനസിക - വൈകാരിക ആരോഗ്യം
  • സ്കൂൾ പരിസരം
  • കെട്ടിടങ്ങൾ
  • പൊതുസ്ഥലങ്ങൾ
  • സാംസ്കാരിക അന്തരീക്ഷം
  • വിഭവങ്ങൾ
  • പരസ്പര ബന്ധങ്ങൾ
  • സ്കൂൾ - കുടുംബം - സമൂഹം
  • കുട്ടികളുടെ സർഗശേഷി - ജീവിത നൈപുണികൾ
  • വിഭവങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയുടെ മാനേജ്‌‌മെന്റ്
  • പിന്തുണാസംവിധാനം കെട്ടിപ്പടുക്കൽ
  • തുടർച്ചയായ അദ്ധ്യാപക ശാക്തീകരണം

വിജയശ്രീ


ലക്ഷ്യം

10, 12 ക്ളാസുകളിൽ ഉയർന്ന വിജയം [ 100%]
10% ഫുൾ എ +
ഡി + നു മുകളിൽ എല്ലാവരും
പ്രവർത്തനങ്ങൾ

  • പിന്നാക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക പ്രവർത്തനങ്ങൾ
  • പരിഹാരബോധനം
  • സാഗ്
  • ശക്തമായ ടാഗ്
  • ഗൃഹസന്ദർശനം
  • സബ്‌‌ജക്‌‌ട് ക്ളിനിക്കുകൾ [ എല്ലാ ശനിയാഴ്ചയും ]
  • കുട്ടികൾക്ക് സ്വയംനിലനിർണ്ണയ ശേഷി നൽകൽ
  • മൂല്യനിർണ്ണയ പരിശീലനം
  • നിലവിൽ സി ഗ്രേഡിനു താഴെയുള്ളവർക്ക് പ്രത്യേക പരിപാടികൾ - വിഷയാടിസ്ഥാനത്തിൽ
  • ഓരോ വിദ്യാർഥിയേയും നിരന്തരം മോണിറ്റർ ചെയ്യൽ
  • കുട്ടികൾക്ക് സ്വയംനിലനിർണ്ണയ ശേഷി നൽകൽ
  • മൂല്യനിർണ്ണയ പരിശീലനം
  • നിലവിൽ സി ഗ്രേഡിനു താഴെയുള്ളവർക്ക് പ്രത്യേക പരിപാടികൾ - വിഷയാടിസ്ഥാനത്തിൽ
  • ഓരോ വിദ്യാർഥിയേയും നിരന്തരം മോണിറ്റർ ചെയ്യൽ
  • മെയ് - ജൂൺ
  • അവ്ധിക്കാല ക്ളാസുകൾ
  • മോട്ടിവേഷൻ പ്രോഗ്രാം
  • കൗൺസലിങ്ങ് - ഒന്നാം ഘട്ടം
  • നിലനിർണ്ണയ പരിശോധന
  • പ്രത്യേകസഹായം വേണ്ട കുട്ടികളെ കണ്ടെത്തൽ
  • ടാഗ് - സാഗ് രൂപീകരണം
  • ആസൂത്രണം - പ്രത്യേക സ്റ്റാഫ് യോഗം [ ശില്പ്പശാല ഒരു ദിവസം - വാർഷികാസൂത്രണം ]
  • തിങ്കൾ - വെള്ളി പ്രഭാത ക്ളാസുകൾ
  • അദ്ധ്യാപകസംഗമം [ ജൂൺ 20]
  • മികച്ചകുട്ടികൾക്കുള്ള നേതൃത്വപരിശീലനം [ ഏകദിനശിൽപശാല ]
  • ഒന്നാം യൂണിറ്റ് - ടെസ്റ്റ് ….......