Showing posts with label Knowledge. Show all posts
Showing posts with label Knowledge. Show all posts

20 August 2020

school notes 13

 

അദ്ധ്യാപന നൈപുണികൾ 13

[വിജ്ഞാനവും ചിന്തയും ]


കുട്ടിയുടെ ഭാഷാവികാസം വൈജ്ഞാനികവികാസവുമായും ചിന്താശേഷിയുടെ വളർച്ചയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ഊഹിക്കുക, ഭാവനയിൽ കാണുക, പ്രവചിക്കുക, വിവരിക്കുക,വർണ്ണിക്കുക എന്നിങ്ങനെ പഠിതാവിന്റെ ചിന്താശേഷി ചടുലമായും സർഗാത്മകമായും ഉപയോഗപ്പെടുത്തുന്നതിന്ന് അവസരം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കണം. [ 303/ പി ഡി എഫ്. പേജ്: 22 ]നാമിതിനെ കാണേണ്ടത് കുട്ടിക്കുള്ള നൈപുണികൾ എന്നനിലയിൽ ചുരുക്കിയല്ല, അദ്ധ്യാപികക്കും എപ്പോഴും കൈവശം വേണ്ടതും സ്ഥിരമായി നവീകരിക്കേണ്ടതുമായവ എന്ന നിലയിലാണ്.

വിജ്ഞാനം ചിന്തയുടെ ഫലവും ചിന്ത വിജ്ഞാനത്തിന്റെ ഫലവുമാണ്. കാര്യകാരണബന്ധത്തിന്റെ പാരസ്പര്യം. ചിന്തയില്ലാതെ അറിവില്ല [ വിവരം / ഡാറ്റ അല്ല ] . അറിവില്ലാതെ ചിന്ത സാധ്യമല്ല. ചിന്താപ്രക്രിയകളാണ് ഊഹിക്കുക, ഭാവനയിൽ കാണുക ... തുടങ്ങിയവ. ഫലം പുതിയ ജ്ഞാനമാണ്. ഈ ജ്ഞാനം പുതിയ ചിന്തകളിലേക്ക് ചടുലമായി പ്രവേശിക്കുന്നു. ഇത് സാധ്യമാക്കലാണ് പഠനം.

അക്കാദമികമായി ഈ പ്രക്രിയകൾ നമുക്കും ബാധകമാണ്. പഠിച്ചു കഴിഞ്ഞല്ല പഠിപ്പിക്കൽ. പഠിപ്പ് കഴിഞ്ഞല്ല പയറ്റ്. പഠിപ്പും പയറ്റും സമകാലത്തിലാണ്. [സഹപഠിതാവെന്ന സങ്കൽപ്പം ]

ക്ളാസിൽ നൽകുന്ന പ്രവർത്തനക്കൂട്ടങ്ങളിലൂടെയാണിത് സാധ്യമാക്കുന്നത്. പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യുന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇത് കാണിക്കുന്നു. ആക്ടിവിറ്റികളുടെ സ്വഭാവത്തെ വിശദീകരിക്കുന്ന ഭാഗത്ത് ഇത് കാണാം. തുടർച്ചയാണ് ആക്ടിവിറ്റികളുടെ പ്രധാന സ്വഭാവം. തുടർച്ച നിശ്ചയിക്കുന്നത് പാഠ / യൂണിറ്റ് ഉള്ളടക്ക ഭാഗവും. അറിവിനെ കേന്ദ്രീകരിച്ചുമാത്രമാണിത്. പരീക്ഷാകേന്ദ്രിതമായി മനസ്സിലാക്കരുത്. അറിവ് ഏതു പരീക്ഷയിലും വിജയം സ്വാഭാവികമാക്കും. മറിച്ചാണെങ്കിൽ പരീക്ഷ കഴിയുന്നതോടെ ജ്ഞാനം ഭാരമായി വരും. ഭാരം ഒഴിവാക്കലാണല്ലോ മനുഷ്യ സ്വഭാവം.


[ പ.ലി : പാഠപുസ്തകം കുട്ടിക്ക് മാത്രമല്ല, നമുക്കുകൂടിയാണ്. പഠിക്കാൻ !! ]

15 August 2020

school notes 07

 

നൈപുണീവികസനം


    നൈപുണി [ skill ] വികസനം ജ്ഞാനാർജ്ജനത്തിൽ പ്രധാനമാണ്. ജ്ഞാനാർജ്ജനത്തിനുള്ള നൈപുണികൾ വികസിച്ചേ മതിയാവൂ, അറിവുൽപ്പാദിപ്പിക്കാൻ അക്കജ്ഞാനം, അക്ഷരജ്ഞാനം , പദബോധം, വിജ്ഞാനകോശം ഉപയോഗിക്കൽ , സംവാദങ്ങളിലേർപ്പെടൽ ,ലാബ് ഉപയോഗം , കമ്പ്യൂട്ടറിൽ ടൈപ്പിങ്ങ് , മൊബൈൽ ഉപയോഗം തുടങ്ങിയവ പ്രധാനമാണ്.

    തൊഴിൽ അടിസ്ഥാനമാക്കിയുള്ള നൈപുണികളും [ vocational skills ] നൈപുണികളാണ് [skill] , എന്നാൽ ഇവയുടെ വികാസം പരമപ്രധാനമായിക്കാണുന്നത് വിജ്ഞനനൈപുണികളെ അപ്രധാനീകരിക്കലാവും. ജീവിതാവശ്യത്തിന്ന് തൊഴിൽ പഠനം പ്രധാനമാണ്. അടിസ്ഥാനപഠനത്തിന്ന് ഒപ്പമോ പകരമോ തൊഴിൽപഠനം മുന്നിൽ വരുന്നത് വിദ്യാഭ്യാസത്തിൽ ദോഷം ചെയ്യും. ഹൈസ്കൂൾ ക്ളാസുവരെ വിജ്ഞാനം തന്നെയാവണം ലക്ഷ്യം. പഠിക്കാൻ പഠിക്കലാണവിടെ നടക്കുന്നത്. സ്കില്ലിന്ന് പ്രധാന്യം വരുന്നതോടെ ജ്ഞാനാർജ്ജനവും അതിന്റെ രീതികളും കൈക്കലാക്കുന്നതിന്ന് തടസ്സം നേരിടും.

    മാത്രമല്ല, ചെറിയക്ളാസിലേ തൊഴിൽപഠനം എന്തിന്റെയൊക്കെ പേരിലായാലും അത് മാതാപിതാക്കളുടെ തൊഴിൽ പരിശീലിക്കുന്ന ഒന്നായി മാറും. സ്കൂളിലും വീട്ടിലും അതാവും കുട്ടിക്ക് മികവ് കാട്ടാൻ എളുപ്പമാക്കുക. മികവാണല്ലോ അളക്കുക. പൂന്തോട്ടനിർമ്മാണം, കളിമൺപാത്ര നിർമ്മാണം ,മരപ്പണി, ഇരുമ്പുപണി ,മണ്ണുപരിശോധന , കോഴിവളർത്തൽ ഒക്കെയാണല്ലോ തൊഴിൽപരിശീലനമെന്ന് മനസ്സിലാക്കുന്നത്. അടിസ്ഥാനവിഷയങ്ങൾ ആഴത്തിൽ പഠിക്കാനുള്ള സമയമാണ് ഇതിനൊക്കെ വേണ്ടി ചെലവാക്കപ്പെടുന്നത്.

    സമഗ്രവികാസത്തിലൂടെ നാളെക്കുള്ള പൗരൻമ്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സങ്കല്പ്പം തൊഴിൽ നൈപുണികൾക്ക് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകുന്നതിലൂടെ പൊളിഞ്ഞുവീഴും. തൊഴില്പരമായ വൈദദ്ധ്യം കൊടുക്കേണ്ട ബാധ്യത തൊഴിൽ നൽകുന്നവർക്കാണ്. അപ്പൊഴെ അത് ആവശ്യാധിഷ്ഠിതമായും മെച്ചപ്പെട്ടതുമാവൂ. കമ്പനികൾക്ക് ഹ്യൂമൻഡവലപ്പ്മെന്റ് സംവിധാനങ്ങൾ അവരുടെ പ്ളാനിൽ ഉൾപ്പെട്ടതാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണിത്. സ്കിൽ മുൻകൂട്ടി പഠിച്ചുവെക്കേണ്ട ഒന്നല്ല പലപ്പോഴും.മാത്രമല്ല, സ്കില്ലൊക്കെ പഠിപ്പിച്ച് തൊഴിൽകമ്പോളത്തിലേക്ക് മനുഷ്യവിഭവം നൽകേണ്ടപണിയല്ല പൊതുവിദ്യാഭ്യാസത്തിന്ന് ഉണ്ടാവേണ്ടത്.

    ഇനി , കോഴിവളർത്തൽ, പൂന്തോട്ടനിർമ്മാണം പോലുള്ള സാമ്പ്രദായിക സ്കില്ലുകൾ പഠിച്ച് കുട്ടി ആഗോളപൗരനാവേണ്ടതിനു പകരം പ്രാദേശികമായി കെട്ടിയിടപ്പെട്ടുപോകും. അവളുടെ 'ഠ' വട്ടം വിട്ടുപോകാൻ കഴിയാതെ വരും. സ്കൂളിങ്ങ് സ്കിൽ ഡവലപ്പ്മെന്റിന്റിൽ ഊന്നിയതുകൊണ്ട് ജ്ഞാനാർജ്ജനത്തിന്റെ അടിസ്ഥാനപാഠങ്ങൾ ഇല്ലാതായി തന്റെചുറ്റുപാടുകളെ മനസ്സിലാക്കാനോ മെച്ചപ്പെടുത്താനോ വിമർശനാത്മകമായി തിരിച്ചറിയാനോ കെൽപ്പില്ലാത്തവളായി ഒറ്റപ്പെടും.

13 August 2020

school notes 05

  അദ്ധ്യാപന നൈപുണികൾ 

 


 

     കുട്ടി അറിവ് നിർമ്മിക്കുകയാണ്. അദ്ധ്യാപിക അറിവ് നിർമ്മാണപ്രക്രിയയിൽ പൂർണ്ണ സഹായിയും സഹപഠിതാവുമാണ്. നിർമ്മിക്കപ്പെടുന്ന അറിവുകൾ കുട്ടികൾക്ക് മാത്രമല്ല വലിയൊരളവോളം അദ്ധ്യാപികക്കും ലഭിക്കുന്നു. ക്ളാസിൽ പങ്കുവെക്കപ്പെടുന്നതോടെ എല്ലാവർക്കും കിട്ടുന്നു.

    അറിവ് , അറിവായി നിലനിൽക്കുന്നില്ല. ചിന്തയായും പ്രവൃത്തിയായും പരിണമിക്കുന്നു. കേവലമായ അറിവ് ഇല്ല. അറിവ് , അറിവായി കുട്ടിക്കും / അദ്ധ്യാപികക്കും പുറത്തല്ല, അകത്താണ്. ചിന്തക്കും പ്രവൃത്തിക്കും പുറത്ത് നിന്ന് സഹായിക്കുന്ന വിശുദ്ധസാന്നിദ്ധ്യമല്ല, ചിന്തയും പ്രവൃത്തിയുമായി മാറുന്നതും പുതിയ അറിവുകളിലേക്ക് കടന്നുചെല്ലുന്നതുമാണ്. നിത്യമായി പരിണാമിക്കുന്നതാണ്.

    ഈ നിർവഹണപ്രക്രിയ ഇല്ലാത്ത അറിവ് അറിവല്ല. വെറും ഡാറ്റ. അറിവ് ചിന്തയിലും പ്രവൃത്തിയിലും നിറയണം. പഠനത്തിന്റെ പ്രധാന ലക്ഷ്യം ഇതാണ്. അതിലേക്ക് നയിക്കാനുള്ള കഴിവ് പ്രധാനപ്പെട്ട ഒരു അദ്ധ്യാപന നൈപുണിയാണ്. ജനാധിപത്യത്തെ , ശാസ്ത്രത്തിന്റെ അടിസ്ഥാനഘടകങ്ങളെ , ഗണിതപ്രക്രിയകളെ, ചരിത്രവികാസരൂപങ്ങളെ, ഭാഷയുടെ ഘടകങ്ങളെ,ഭാഷയുടെ സാധ്യതകളെ, സാമ്പത്തിക പ്രക്രിയകളെ , പൗരബോധത്തെ - കുറിച്ചൊക്കെ ശരിയായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിക്കും ടീച്ചർക്കും ചിന്തയിലും പ്രവൃത്തിയിലും അത് പ്രതിഫലിക്കും.

    പഠിപ്പിക്കുന്നത് പരീക്ഷക്ക് വേണ്ടിമാത്രമാവുന്നതുകൊണ്ട് ഈപരിണാമം                                                                 അറിവ് -> ചിന്ത+ പ്രവൃത്തി ]      കുട്ടിയിലും അദ്ധ്യാപികയിലും സംഭവിക്കുന്നില്ല എന്ന് നമ്മുടെ ക്ളാസ്‌‌മുറിയിൽ കാണാം. നാളത്തെ പൗരനെ രൂപപ്പെടുത്തലാണെങ്കിൽ പരീക്ഷ നിരവധി ലക്ഷ്യങ്ങളിൽ ഒന്നു മാത്രമേ ആവൂ. അപ്രധാനമായഒന്ന്.

[ പ.ലി: പഠിപ്പിച്ചാൽ കുട്ടി മാത്രമല്ല വികസിക്കുന്നത് അദ്ധ്യാപകരും കൂടിയാണ്. തോൽക്കുന്നത് മാഷാണ് ]