Showing posts with label hitech. Show all posts
Showing posts with label hitech. Show all posts

04 February 2018

മാറുന്ന പഠനവഴികൾ - 6

ഹൈടെക്ക് പ്രതീക്ഷകൾ

ക്ലാസ്മുറിയിൽ , ലാബിൽ, ലൈബ്രറിയിൽ, വായനാഇടങ്ങളിൽ, ചുരുക്കത്തിൽ ക്യാമ്പസ്സ് മുഴുവൻ അറിവ് നിർമ്മാണത്തിന്റെ സൂക്ഷ്മയിടങ്ങളായിത്തീരും. കുട്ടിമാത്രമല്ല അദ്ധ്യാപകരും അറിവുമിർമ്മാണത്തിലും പ്രയോഗത്തിലും വ്യാപനത്തിലും പങ്കാളികളാവും. സമൂഹത്തിന്നു മുഴുവൻ നിത്യജീവിതത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ കമ്പ്യൂട്ടർ സാമഗ്രികൾ , ടാബുകൾ, മൊബൈലുകൾ , സോഷ്യമീഡിയകൾ, ലോകമെമ്പാടുമുള്ള ലൈബ്രറി ശൃംഖലകൾ , ഗവേഷണസ്ഥാപനങ്ങൾ .… എന്നിവയൊക്കെ സ്കൾ പ്രവർത്തനങ്ങൾക്ക് 7 X24 സമയവും ശക്തിപകരും . ലോകനിലവാരത്തിലുള്ള സ്കൂളുകൾ സൃഷ്ടിക്കപ്പെടും. ലോകനിലവാരത്തിലുള്ള കുട്ടികളും സമൂഹവും രൂപം കൊള്ളും . സാധാരണനിലക്ക് ഒരധ്യാപകന്റെ പ്രതീക്ഷ ഇങ്ങനെയാവും .

സ്കൂൾ മുഴുവൻ അറിവ് നിർമ്മാണ ഇടങ്ങളായി മാറും. ക്ലാസ് മുറിയിൽ മാത്രം നടന്നിരുന്ന പ്രവർത്തനങ്ങൾ – വായന, എഴുത്ത്, ചർച്ചകൾ, അന്വേഷണങ്ങൾ, റഫറൻസുകൾ, ശാസ്ത്ര പാഠങ്ങൾ, ഭൂമിശാസ്ത്രം, ജീവശാസ്ത്രം പരീക്ഷണങ്ങൾ [ ജൈവോദ്യാനം മുതലായവ കൂടി ] സ്കൂൾ മുഴുവൻ സാധ്യമായ ഒന്നായിത്തീരും. കുട്ടിമാത്രമല്ല, അദ്ധ്യാപകരും ഇതിന്റെ സദ്ഫലങ്ങൾ അനുഭവിക്കും. അറിവ് സൃഷ്ടിക്കുന്നതിൽ കുട്ടിയെപ്പോലെത്തന്നെ അദ്ധ്യാപകർക്കും സൗകര്യങ്ങളുണ്ടാകും. . തന്റെ വിദ്യാഭ്യാസനിലപോലും അപ്പ്ഗ്രേഡ് ചെയ്യാനും പി എഛ് ഡി പോലുള്ള പ്രവർത്തനങ്ങളിലൂടെ ഔപചാരികമായിത്തന്നെ ഉന്നത നിലവാരത്തിൽ എത്താനും കഴിയും . ആരോഗ്യം കൃഷി വികസനപ്രവർത്തനങ്ങൾ മുഴുവൻ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി - അന്വേഷണം, സെമിനാർ, ചർച്ച, പ്രോജക്ട് , ഗവേഷണം - സമൂഹത്തിനു മുഴുവൻ ഉപകാരപ്പെടും. സമൂഹം വിവിധ തുറകളിൽ ആവശ്യമുള്ള അറിവിന്നായി സ്കൂളുകളെ സമീപിക്കുന്ന അവസ്ഥ സംജാതമാകും . മണ്ണിന്റെ പി എഛ് വാല്യു നോക്കാനും ബ്ലഡ് ടെസ്റ്റ് ചെയ്യാനും ജലത്തിന്റെ പരിശുദ്ധി അറിയാനും മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ ഒരുക്കാനും എൽ ഇ ഡി ബൾബുകൾ , സോപ്പ്നിർമ്മാണം , പുസ്തക പ്രസാധനം, എഡിറ്റിങ്ങ് .… തുടങ്ങിയ എണ്ണമറ്റ കാര്യങ്ങൾ സ്കൂൾ സംവിധാനങ്ങൾ – സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, ഭാഷാ ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ സമൂഹത്തിന്ന് സാധ്യമാകും.

സ്കൂൾ ഐ സി ടി സംവിധാനങ്ങൾ നിലവിലുള്ള സ്മാർട്ട് ക്ലാസ്മുറികൾ പോലെ എന്നെങ്കിലും തുറക്കുന്ന ഒന്നല്ലാതായി മാറും . ക്ലാസ് മുറിയിൽ അദ്ധ്യാപകനും കുട്ടിക്കും പഠന ബോധന സന്ദർഭങ്ങളിൽ എപ്പോഴാണോ ആവശ്യം വരുന്നത് അപ്പോൾ ക്ലാസിൽ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടത്. സാധ്യമായ തരത്തിൽ താരതമ്യേന ചെലവുകുറഞ്ഞ സംവിധാനങ്ങൾ വേണം. സ്മാർട്ട് വൈറ്റ് ബോർഡുകൾ തുടങ്ങിയ വമ്പൻ ആലോചനകൾ ആവശ്യമില്ല . നിലവിൽ ലഭ്യമായ ആൻഡ്രോയ്ഡ് ടി വികൾ, റാസ്ബെറിപൈ , ലാപ്പുകൾ , ടാബുകൾ, മൊബൈലുകൾ എന്നിവ ഉപയോഗപ്പെടുത്താം . അദ്ധ്യാപകനും കുട്ടിക്കും ആവശ്യമുള്ളപ്പോഴൊക്കെ കയ്യിൽ കിട്ടുന്ന മാതിരി ഒരുക്കങ്ങൾ ആലോചിക്കണം . അതത് പ്രദേശത്തെ എല്ലാ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തണം . സാമ്പത്തിക സമാഹരണത്തിന്ന് മാത്രമുള്ള ഒരു ഏജൻസിയായി സ്കൂൾ സമൂഹത്തെ കാണരുത് . ശരിയായ മോണിറ്ററിങ്ങിലൂടെ സർക്കാർ സംവിധാനങ്ങൾക്ക് ഇതൊക്കെയും ഉണ്ടാക്കിയെടുക്കാൻ നിലവിൽ കഴിയും .

സ്കൂൾ തലത്തിൽ പ്രാധമികമായി ആവശ്യമുള്ള ഡിജിറ്റൽ റിസോർസ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള സെർവറിൽ സംഭരിക്കണം. രണ്ടുതരത്തിലുള്ള റിസോർസുകൾ പ്രധാനമായും ഇതിൽ ഉണ്ടാവും . ഒന്ന് പുറത്തുനിന്ന് ലഭ്യമാകുന്ന , ക്ലാസിൽ ആവശ്യമായ കുറച്ചു സംഗതികൾ . അതിലും പ്രധാനമായത് സ്കൂളിൽ നിർമ്മിക്കപ്പെടുന്ന വിഭവങ്ങൾ . കുട്ടികൾ , അദ്ധ്യാപകർ, ചുറ്റുമുള്ള സമൂഹം എന്നിവരാൽ ഉണ്ടാക്കപ്പെടുന്നത്. നിരന്തരം പുതുക്കപ്പെടുന്നതും സ്കൂളിന്റെ വിഭവക്കലവറയായി വികസിക്കുന്നതും ഇതാണ് . ഇവിടെയാണ് , ഈയൊരു ശ്രദ്ധയിലാണ് സ്ക്കൂൾ ഇന്റെർനാഷനലാവുന്നത്. പുറം സാമഗ്രികൾ ശേഖരിക്കാനുള്ള ത്വര കുട്ടിയേയും അദ്ധ്യാപകനേയും കാര്യമായി ലോകനിലവാരത്തിലെത്തിക്കുകയില്ല . നമ്മുടെ കുട്ടികളും അദ്ധ്യാപകരും അവസരത്തിനൊത്ത് ഉയരാൻ കെൽപ്പുള്ളവരാണ്. സ്കൂൾ സെർവർ ക്ലാസ്മുറികളിലെ ലാപ്പുമായി , ഡെസ്ക്ടോപ്പുമായി ലാൻ ചെയ്യാം. ഇന്റെർനെറ്റ് വഴിയുള്ള ബന്ധം പലതരത്തിലും ആശാസ്യമല്ല. നെറ്റ്വർക്ക് ലാൻ വഴി ചെലവും കുറവാണ്. പരാശ്രയമില്ലാതെ സ്കൂളുകൾക്ക് പ്രവർത്തിക്കാം. പുറം ബന്ധത്തിന്ന് മാത്രം ഇന്റെർനെറ്റ് ഉപയോഗിക്കുമ്പോൾ ചെലവെത്രയോ കുറവുമാണെന്നാണ് അനുഭവം . ആശ്രയത്വം വർദ്ധിപ്പിക്കുന്ന ഇന്റെർനെറ്റ് കൗമാരക്കാരായ കുട്ടികൾക്ക് വലിയതോതിൽ ഗുണമല്ല ചെയ്യുക.

സ്കൂൾ ലൈബ്രറികൾ, ലാബുകൾ എന്നിവ ഐ സി ടി പ്രയോഗങ്ങളിലൂടെ സജീവമാകും. സ്കൂൾ ലൈബ്രറികളുടെ കാര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടറൈസേഷൻ ചിന്തകൾ പോര . ലൈബ്രറി പുസ്തകവിവരങ്ങൾ , പുസ്തകവിതരണം എന്നിവയിൽ ഒർതുങ്ങുന്ന ലൈബ്രറി ഓട്ടോമേഷനല്ല സ്കൂളുകളിൽ വേണ്ടത്. കുട്ടിക്കു റഫറൻസിന്ന് പറ്റിയ തരത്തിൽ ഐ ടി പ്രയോജനപ്പെടുത്തണം . ഒരു പാഠം പഠിക്കുന്ന സമയത്ത് ഒരു റഫറൻസ് വേണം എന്നു കരുതുക . ഒന്നാം ചേരരാജാക്കന്മാരെ ക്കുറിച്ച് ചില കാര്യങ്ങൾ അറിയണം. തന്റെ കയ്യിലുള്ള മൊബൈൽ ലാപ്പ് ടാബ് വഴി സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെടാൻ കഴിയണം. അപ്പോൾ നിലവിൽ സ്കൂൾ ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളെക്കുറിച്ചുള്ള ഡിജിറ്റൽ റീഡിങ്ങ് കാർഡുകളും അതിൽ കുട്ടിക്കാവശ്യമായ പുസ്തകം ചൂണ്ടിക്കാട്ടുന്ന സംവിധാനവും വേണം. ചൂണ്ടിക്കാണിക്കുന്ന പുസ്തകങ്ങളിൽ ഏതുഭാഗമാണ് കുട്ടി ഉടനെ ഈ അറിവ് കിട്ടാൻ വായിക്കേണ്ടതെന്ന് സൂചിപ്പിക്കാൻ കഴിയണം. 250- 300 പേജുള്ള ഒരു ചരിത്ര പുസ്തകം മുഴുവൻ ഉടനെ വായിച്ച് കുറിപ്പെടുക്കാൻ കുട്ടിക്കെന്ന ല്ല മാഷക്കും എളുപ്പമല്ലല്ലോ. അതല്ലല്ലോ സ്കൂൾ റഫറൻസിന്റെ സ്വഭാവവും. വിപുലമായ വായനയും മറ്റും പിന്നീട് കുട്ടി സ്വതന്ത്രമായി ചെയ്യേണ്ടതാണ് എന്നു കരുതാം .

ഇങ്ങനെയുള്ള ലൈബ്രറി ഡിജിറ്റലൈസേഷൻ നടക്കണം . ഇതാകട്ടെ ഒരു പുറം ഏജൻസി ഉണ്ടാക്കുന്നതുമാകരുത് . അടിസ്ഥാന സംവിധാനം [ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കാൻ വിദഗ്ദ്ധ സഹായം ആവശ്യമായി വരും ] ഉള്ളടക്കം ഉണ്ടാക്കുന്നത് സ്കൂൾ തന്നെയാവണം. 2000 -3000 പുസ്തകങ്ങളുള്ള ഒരു സ്കൂളിന്ന് അവിറ്റെയുള്ള 500-600 കുട്ടികളേയും 25-30 അദ്ധ്യാപകരേയും വെച്ച് ഒന്നോ രണ്ടോ മാസം കൊണ്ട് സാവധാനമായി പുസ്തകഡിജിറ്റലിസേഷൻ പൂർത്തിയാക്കാം. അതോടെ ചെറിയ ഗ്രൂപ്പുകളായി കുട്ടികൾ മുഴുവൻ പുസ്തകങ്ങളിലൂടെയും കടന്നു പോകും. ഒപ്പം അദ്ധ്യാപകരും . ഇതോടുകൂടി ഒരു സ്കൂളിന്ന് അടുത്തുള്ള സ്കൂളുകളുമായി വായനശാകളുമായി ഒക്കെ നെറ്റ് വഴി കണ്ണിചേരാനും എവിടെനിന്നും റഫറൻസിനോ മറ്റുവായനക്കോ ഡിജറ്റലും അല്ലാതെയുമുള്ള പുസ്തകങ്ങൾ , അവ വായിച്ച ആളുകൾ, അവരവരുടെ അഭിപ്രായങ്ങൾ, ആ പുസ്തകത്തെക്കുറിച്ച് പൊതു ഇടങ്ങളിൽ വന്ന വായനാനുഭവങ്ങൾ, വായനക്കുറിപ്പുകൾ എന്നിങ്ങനെ വിപുല സാധ്യതകളിലേക്ക് വായന വളരും. നമ്മുടെ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും സമൂഹവും അന്താരാഷ്ട്രനിലവാരമുള്ള വായനാക്കരും പഠിതാക്കളുമായിത്തീരും . ഇതല്ലാതെ ലൈബ്രറി ഓട്ടോമേഷൻ ഡിജിറ്റലിസേഷൻ എന്നിവ പുസ്തകവിതരണ റജിസ്റ്ററയി നിസ്സാരവത്ക്കരിക്കപ്പെടരുത് .



ലോകനിലവാരത്തിലുള്ള കുട്ടികൾ എന്നത് ലോകനിലവാരത്തിലുള്ള അദ്ധ്യാപകരും സ്കൂളുകളും സമൂഹവും അധികാരസ്ഥാനങ്ങളുടെ ഇഛാശക്തിയും പ്രവർത്തനവും ഒക്കെ കൂടിച്ചേരുമ്പോഴേ ആവുകയുള്ളൂ. . ലാപ്പും പ്രൊജക്ടറും ഇന്റെർനെറ്റ് കണക്ഷനും ഉണ്ടാക്കി കുട്ടികളെ നെറ്റിൽ തെരയാൻ മാത്രം ശക്തരാക്കാൻ ആലോചിച്ചാൽ ഇവർ അന്താരാഷ്ട്രനിലവാരത്തിലുള്ള ഉപഭോക്താക്കൾ മാത്രമായി തരം താഴും. അറിവ് ഉപയോഗിക്കലല്ല , അറിവ് ഉൽപ്പാദിപ്പിക്കലാണ് എന്നും മുങ്കയ്യുള്ള പ്രവർത്തനം

02 January 2018

മാറുന്ന പഠനവഴികൾ

വ്യവഹാരവാദത്തിന്റെ അച്ചടക്കത്തിൽ കഴിഞ്ഞ ക്ലാസ്മുറികൾ സ്വാതന്ത്ര്യത്തിന്റേയും ഭിന്നഭിന്നമായ അനുഭവങ്ങളുടെയും പൊലിമയിൽ ശിശുകേന്ദ്രിതമായ അറിവ്നിർമ്മാണത്തിന്റെ ജ്ഞാനോത്സവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് . ഈ മാറ്റം ഏറ്റവും സാർഥകമായി കേരളത്തിൽ പ്രയോഗിക്കപ്പെട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. തുടരെയുള്ള അന്വേഷണങ്ങളും നവീകരണങ്ങളും എത്തിനിൽക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന് മഹാ യജ്ഞത്തിലാണ്. പുതിയ അധ്യയനവർഷത്തിൽ പുതിയസ്കൂളുകളായി നമുക്കുചുറ്റുമുള്ളവ വികസിക്കുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായതിൽ ഒന്ന് ഹൈടെക്ക് ക്ലാസ് മുറികളാണ്.

പഠനം ഹൈടെക്കിൽ – പ്രതീകഷകൾ

1. നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനാനുഭവങ്ങൾ നൽകാൻ നിലവിൽ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [ Information and communications technology : a diverse set of technological tools and resources used to communicate, and to create, disseminate, store, and manage information.] തന്നെയാണ്. കാഴ്ച, ശബ്ദം , ഒരു പരിധിവരെ സ്പർശം എന്നിവയുടെ കാര്യത്തിൽ ലാപ്പ്ടോപ്പും അനുബന്ധ സംവിധാനങ്ങളും ക്ലാസുകളിൽ വേണ്ടതാണ്. അതാണ് സ്മാർട്ട് ക്ലാസുകളിൽ ആദ്യം ഒരുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ക്ലാസുകളിൽ അതിവേഗം ഇത് വ്യാപിക്കുകയും ചെയ്യും.


2. ഇങ്ങനെയൊരു ക്ലാസ്രൂം വിപുലനം നടക്കുമ്പോൾ അദ്ധ്യാപരും കുട്ടികളും എന്തായിരിക്കും ആഗ്രഹിക്കുക. രക്ഷിതാക്കലുടെ പ്രതീക്ഷയെന്തായിരിക്കും. നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയി ധാരാളം ഐ സി റ്റി ഉപകരണങ്ങൾ സ്കൂളിൽ എത്തും. അവയൊക്കെത്തന്നെ ക്ലാസ്മുറികളിൽ , ലാബിൽ, ലൈബ്രറിയിൽ , സ്റ്റാഫ്രൂമിൽ… ഒക്കെ വിന്യസിക്കും. സമ്പന്നമായ ഐ സി ടി സാധ്യതകൾ പരക്കെ എത്തും. പഠനം വളരെ വളരെ കാര്യക്ഷമവും സമഗ്രവും ആയിത്തീരും. ഇത്രയും സംവിധാനങ്ങൾ വരുന്നതോടെ അതൊക്കെയും കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ അദ്ധ്യാപകർക്കും കുട്ടികൾക്കും ലഭിക്കും
Credit : https://www.apple.com/macbook-pro/


3. നിലവിൽ ബഹുഭൂരിപക്ഷം അദ്ധ്യാപകരും കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള നിപുണത നന്നേ കുറഞ്ഞവരാണ്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടും മിക്കവാറും ഇതാണവസ്ഥ. നമുക്ക് കേരളത്തിൽ ഐ ടി @ സ്കൂളിന്റെ പരിശീലനങ്ങൾ കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ധാരാളമുണ്ട്. അപ്പോൾ പരിശീലനക്കുറവല്ല ഇതിനു കാരണം എന്നു കാണാം. പിന്നെ എന്താവാം എന്ന അന്വേഷണം ആരംഭിക്കും. പ്രശ്നപരിഹാരങ്ങൾ ഉണ്ടാവും.

4. ഐ ടി അധിഷ്ടിതപഠനത്തിന്നനുയോജ്യമായ പാഠപുസ്തകം, ക്ലാസ്രൂം പ്രക്രിയകൾ , മൂല്യനിർണ്ണയന രീതികൾ , ക്ലാസ്രൂം വിന്യാസം, അദ്ധ്യാപക വിദ്യാർഥി അനുപാതം, സമയക്രമീകരണം എന്നിവ പുനരാലോചനക്ക് വിധേയമാകും. പഠനപ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്ക് വിഭവസമാഹരണ ത്തിൽ നിന്ന് കുറേകൂടി ഉയർന്ന് കുട്ടിയുടെ ജ്ഞാനാർജ്ജനത്തിൽ വരെ പ്രയോജനപ്പെടുത്താൻ കഴിയും. സ്കൂളും സമൂഹവും സംസ്ഥാനത്തെ സ്കൂൾസമൂഹം ആക്കെ പരസ്പരബന്ധിതവും പരസ്പര സഹായകവും ആയിത്തീരും. വിപുലമായ ഒരു വിജ്ഞാനസമൂഹം രൂപം കൊള്ളും. സ്കൂളുകളുടെ സമഗ്രമായ ഒരു വിജ്ഞാന ശൃംഖല രൂപപ്പെടും. ഓരോ കുട്ടിയും അറിവിന്റേയും പ്രയോഗത്തിന്റേയും കാര്യത്തിൽ ലോകനിലവാരത്തിലുള്ള കുട്ടിയായിത്തീരും. അതിൽ അദ്ധ്യാപകരുടെ സ്ഥാനവും പങ്കാളിത്തവും ചുമതലയും സുപ്രധാനമായിത്തീരും.

5. ക്ലാസ്മുറിയിൽ , ലാബിൽ, ലൈബ്രറിയിൽ, വായനാഇടങ്ങളിൽ, ചുരുക്കത്തിൽ ക്യാമ്പസ്സ് മുഴുവൻ അറിവ് നിർമ്മാണത്തിന്റെ സൂക്ഷ്മയിടങ്ങളായിത്തീരും. കുട്ടിമാത്രമല്ല അദ്ധ്യാപകരും അറിവുമിർമ്മാണത്തിലും പ്രയോഗത്തിലും വ്യാപനത്തിലും പങ്കാളികളാവും. സമൂഹത്തിന്നു മുഴുവൻ നിത്യജീവിതത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ കമ്പ്യൂട്ടർ സാമഗ്രികൾ , ടാബുകൾ, മൊബൈലുകൾ , സോഷ്യമീഡിയകൾ, ലോകമെമ്പാടുമുള്ള ലൈബ്രറി ശൃംഖലകൾ , ഗവേഷണസ്ഥാപനങ്ങൾ .… എന്നിവയൊക്കെ സ്കൾ പ്രവർത്തനങ്ങൾക്ക് 7 X24 സമയവും ശക്തിപകരും . ലോകനിലവാരത്തിലുള്ള സ്കൂളുകൾ സൃഷ്ടിക്കപ്പെടും. ലോകനിലവാരത്തിലുള്ള കുട്ടികളും സമൂഹവും രൂപം കൊള്ളും.


6. കുട്ടിക്കും അദ്ധ്യാപകനും [ പ്രാഥമികമായി ] ക്ലാസ്സമയത്ത് , ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകൾ, ഓഡിയോകൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് കളികൾ, മൂല്യനിർണ്ണയന പരീക്ഷകൾ, പരിഹാബോധനപരിപാടികൾ, മികച്ച പ്രവർത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ' സമഗ്ര' പോലുള്ള സംവിധാനങ്ങൾ അദ്ധ്യാപകരെ സഹായിക്കാൻ ഇനിയും വളരെയധികം വിപുലപ്പെടും. സർക്കാർ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകൾ കൂടി ഉൾച്ചേരുന്ന സാധ്യതകൾ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉൾച്ചേർക്കലുമാവും ആത്യന്തികമായ സ്കൂൾ രീതിശാസ്ത്രം. .
Credit : https://www.thingbits.net/products/raspberry-pi-3?gclid=CjwKCAiA-KzSBRAnEiwAkmQ1526-gcqS-8QZjbBAvLHooJlneOztNwQecmyiyQzBPUIpCqAOyK8QxRoCIbUQAvD_BwE

പതുക്കെപ്പതുക്കെ ഇത്രയുമൊക്കെ സാധ്യമാവലാണ് പുതിയകാലത്തെ വിദ്യാഭ്യാസം. അത് നിറവേറ്റുന്നതിന്ന് തീർച്ചയായും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞങ്ങൾ പോലുള്ള പരിപാടികൾക്കാവണം എന്ന് സമൂഹം ആഗ്രഹിക്കും.


[ തുടരും ]