Showing posts with label SSLC. Show all posts
Showing posts with label SSLC. Show all posts

26 April 2015

SSLC പരീക്ഷാഫലം എത്തുമ്പോള്‍


ഇപ്പൊഴത്തെ തീരുമാന പ്രകാരം ഏപ്രില്‍ 20 നു എസ്.എസ്.എല്‍.സി.റിസല്‍ട്ട് വരും. നൂറുശതമാനം വിജയം, ഓരോ ജില്ലകളുടെയും നിലവാരം സമ്മാനങ്ങള്‍, അനുമോദനങ്ങള്‍ , പുതിയ പ്രഖ്യാപനങ്ങള്‍, തീരുമാനങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ കുറേ ദിവസം ഇതുതന്നെയായിരിക്കും സ്കൂളുകളിലെ ചര്‍ച്ച.

ഈ ചര്‍ച്ചകളുടെ അടിസ്ഥാനം ഘടകം പത്താം ക്ളാസില്‍ കുട്ടികള്‍ വിജയിച്ചതിന്റെ എണ്ണവും മികവും തന്നെ. അത് ചെറിയ കാര്യമല്ല. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കാതെ പോകുന്ന വലിയ ചില കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.

പത്തുവര്‍ഷമായി കുട്ടി പഠിച്ചകാര്യങ്ങളുടെ ആകെത്തുക ഈ പരീക്ഷാവിജയം മാത്രമായി ചുരുക്കുന്നു നാം. പഠനം എന്നത് ഈ വിജയം മാത്രമാണെന്നലല്ലോ വിദ്യാഭ്യാസ രേഖകള്‍ പറയുന്നത്. കുട്ടിയുടെ സമഗ്രമായ വ്യക്തിവികസനം, നൈപുണികളുടെ വികസനം , പരീക്ഷാവിജയം എന്നിങ്ങനെ മൂന്നു സുപ്രധാന ഘടകങ്ങളില്‍ അവസാനത്തെതു മാത്രം പരിഗണിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടാ . പരീക്ഷാവിജയം മാത്രമേ കണക്കാക്കൂ എന്നാണെങ്കില്‍ അതുണ്ടാക്കിയെടുക്കാന്‍ ഈ വിപുലമായ സ്കൂള്‍ സംവിധാനമൊന്നും വേണ്ട, പകരം റ്റ്യൂഷന്‍ സെന്ററുകള്‍ ഒരുക്കിയെടുത്താല്‍ മതിയല്ലോ - എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവില്ലേ?

പരീക്ഷാവിജയം മാത്രമല്ല ' വിജയം ' എന്നറിവാണ്` സ്കൂള്‍ സങ്കല്‍പ്പത്തില്‍ ആദ്യം ഉണ്ടാവേണ്ടത്. കുട്ടിയുടെ സമഗ്രമായ വികാസം സ്കൂള്‍ ക്ളാസ്മുറികളില്‍നിന്നും സ്കൂള്‍ സംവിധാനത്തില്‍ നിന്നും ഉണ്ടായിവരുന്നതാണ്`. നൈപുണികളുടെ വലിയൊരു ഭാഗം ക്ളാസ്മുറികളില്‍ നിന്നാണ്` ശക്തിപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് ക്ളാസ് മുറി - സ്കൂള്‍ - സബ്ജില്ല- ജില്ല - സംസ്ഥാനം എന്ന വലിയ ഒരു സര്‍ക്കിളില്‍ നിന്നാണ്` കുട്ടി അവളുടെ വികസനം ഉറപ്പുവരുത്തുന്നത്. അതൊക്കെ സാധിച്ചെടുക്കാനാവുന്നതിലൂടെയാണ്` 100 മേനിയുടെ ഉത്തരവാദിത്തപൂര്‍വമായ മികവ് ഉണ്ടാക്കപ്പെടുന്നത്. പക്ഷെ, ഈ നിലയിലൊരു ചര്‍ച്ചയും വിലയിരുത്തലും നമ്മുടെ അക്കാദമിക ലോകത്ത് തീരെ ഉണ്ടാവുന്നില്ലല്ലോ. സ്കൂളിന്റെ ആന്തരികാവസ്ഥ, കുട്ടിയുടെ വിജയം , അതിനുപയോഗിച്ച പ്രക്രിയകള്‍ , തുടര്‍പ്ളാനിങ്ങ് എന്നിവ സൂചകങ്ങള്‍ വെച്ച് വിലയിരുത്തുമ്പൊള്‍ മാത്രമേ 100 മേനി തിരിച്ചറിയാനും അഭിനന്ദിക്കാനും കഴിയൂ.

സ്കൂളിന്റെ ആന്തരികവസ്ഥ
  • കുട്ടികളുടെ സാമൂഹ്യ സാമ്പത്തില നിലകളിലെ ഗ്രാഫുകള്‍ - വിലയിരുത്തലുകള്‍
  • കുട്ടികളുടെ - അദ്ധ്യാപകരുടെ ഹാജര്‍ നില [ ദിവസം, പീരിയേഡ് ]
  • സ്കൂള്‍ സൗകര്യങ്ങള്‍ [ ഭൗതികം , സാംസ്കാരികം, സാമ്പത്തികം ]
  • സബ്ജക്ട് കൗണ്‍സിലുകള്‍, സ്റ്റാഫ് യോഗങ്ങള്‍ , കലാ- കായിക – പ്രവൃത്തിപരിചയ പ്രവര്‍ത്തനങ്ങള്‍ , പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ , അഡാപ്റ്റഡ് ടീച്ചിങ്ങ് മാന്വലുകളുടെ പ്രയോഗം
  • പി.ടി., എസ്.ആര്‍.ജി, പാര്‍ലമെന്റ്, അസംബ്ളി, ക്ളാസ്മുറികളിലെ ജനാധിപത്യസ്വഭാവം
  • ഉച്ചഭക്ഷണം, പ്രാദേശികപഠനകേന്ദ്രങ്ങള്‍, ക്ളാബ്ബുകള്‍, വായനശാലകള്‍, ക്യാമ്പുകള്‍ , അധികസമയ പഠനം, ഗൃഹപാഠങ്ങള്‍, അവധിദിവസ ഉപയോഗം …

കുട്ടിയുടെ വിജയം - അതിനുപയോഗിച്ച പ്രക്രിയകള്‍
  • ക്ളാസ് - പീരിയേഡ് പ്ളാനിങ്ങ് - നടത്തിപ്പ്
  • പഠനപ്രക്രിയകള്‍
  • ലാബ് - ലൈബ്രറി - ക്ളബ്ബ് - പഠയാത്ര, മേളകള്‍ എന്നിവ പ്രയോജനപ്പെടുത്തല്‍
  • ക്ളാസ് പാര്‍ലമെന്റ്, ക്ളാസ് പിടിഎ
  • യൂണിറ്റ് ടെസ്റ്റുകള്‍, ടേം ഇവാലുവേഷന്‍, സി.ഇ പ്രവര്‍വര്‍ത്തനങ്ങള്‍
  • പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍
  • രക്ഷാകത്തൃബോധനം
  • കൗണ്‍സിങ്ങുകള്‍, ഗൃഹസന്ദര്‍ശനം , അദ്ധ്യാപകര്‍ കുട്ടികളെ ഏറ്റെടുക്കുന്ന രീതികള്‍
  • അധികസമയ പഠനം, ഗൃഹപാഠങ്ങളുടെ സ്വഭാവം
  • വിവിധതലങ്ങളില്‍ നടന്ന മോണിറ്ററിങ്ങ് പ്രവര്‍ത്തനങ്ങള്‍
  • സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങളുടെ സാധ്യതകള്‍ - അധികൃതരുടെ ശ്രദ്ധ
  • അദ്ധ്യാപകരുടെയും കുട്ടികളുടേയും രക്ഷിതാക്കളുടേയും [ സ്വന്തം പ്രവര്‍ത്തന തലങ്ങളിലെ ] സന്തോഷവും തൃപ്തിയും
  • സാമൂഹ്യമായ ഇടപെടലുകളും സഹായങ്ങളും ശ്രദ്ധയും

തുടര്‍ പ്ളാനിങ്ങ്
  • വര്‍ഷാവസാന വിലയിരുത്തലുകള്‍ [ അദ്ധ്യാപകര്‍, കുട്ടി, രക്ഷിതാവ്, അധികൃതര്‍ ] അതിനനുസരിച്ചുള്ള തുടര്‍ പരിപാടികള്‍ എല്ലാ തലത്തിലും
  • എല്ലാവര്‍ക്കും സംതൃപ്തമായ ഒരു സ്കൂള്‍വര്‍ഷം എങ്ങനെ ഒരുക്കിയെടുക്കാമെന്ന ചിന്തയും പരിപാടികളും
  • നിശ്ചിത ഇടവേളകളില്‍ ശരിയായ വിലയിരുത്തലുകള്‍ , വേണ്ട മാറ്റങ്ങള്‍ ആലോചിക്കല്‍
  • ഹ്രസ്വകാല [ ഒരു വര്‍ഷം ] ദീര്‍ഘകാല [ 5-6 വര്‍ഷം ] പദ്ധതികള്‍
  • സാമൂഹികമായ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍
  • തനതു മാതൃകകള്‍ സാധ്യമാക്കാനുള്ള ആലോചനകള്‍

പാഠപുസ്തകങ്ങള്‍, അദ്ധ്യാപക സഹായികള്‍, വിവിധ മാന്വലുകള്‍ , ഉത്തരവുകള്‍, രേഖകള്‍ , പരിശീലന സഹായികള്‍ , പരിശീലനങ്ങള്‍ .... എന്നിവയെല്ലാം ഇക്കാര്യങ്ങളിലാണ്` ഊന്നുന്നത്. അതും വളരെ ശാസ്ത്രീയമായിത്തന്നെ. സ്കൂള്‍ മികവ് കാലാകാലങ്ങളില്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത് ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇതൊക്കെ മറന്ന് റിസള്‍ട്ട് വരുന്നതോടെ സുപ്രധാനകാര്യങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?


16 February 2015

എസ്.എസ്.എൽ.സി പരീക്ഷ 2015 മലയാളം പേപ്പർ 2



മലയാളം ഒന്നാം പേപ്പറിൽ വന്ന വ്യവഹാരരൂപങ്ങൾ പൊതുവെ ആവർത്തിക്കാതെ എല്ലാ കുട്ടികളേയും മുന്നിൽ കണ്ട് 10-11 ചോദ്യങ്ങളുമായി മലയാളം രണ്ടാം പേപ്പർ പ്രതീക്ഷിക്കാം. 2/ 4/ 6 സ്കോർ വീതമുള്ള ചോദ്യങ്ങൾ . ഒരു ചോദ്യത്തിന്ന് [ ഉപന്യാസം ] മിക്കവാറും ചോയ്സ് ഉണ്ടാവും.
ചോദ്യരൂപങ്ങൾ
  • എഡിറ്റിങ്ങ് - നല്ല ഭാഷ
  • വാങ്മയചിത്രം കുറിപ്പ്
  • സൂചനകൾ വ്യാഖ്യാനം കുറിപ്പ്
  • പ്രയോഗത്തിന്റെ ഭാവതലം കുറിപ്പ്
  • എഡിറ്റോറിയൽ
  • ജീവിതാവസ്ഥ / ജീവിത വീക്ഷണം കുറിപ്പ്
  • സാമൂഹ്യജീവിതം കുറിപ്പ്
  • പ്രസംഗം - ലഘുപന്യാസം
  • പത്രാധിപർക്ക് കത്ത്
  • കാവ്യബിംബം കുറിപ്പ്
  • മാതൃഭാഷ - ലഘുപന്യാസം
  • പ്രതികരണക്കുറിപ്പ്
  • താരതമ്യക്കുറിപ്പ്
    എന്നിങ്ങനെ വിവിധ മട്ടിലുള്ള ചോദ്യങ്ങളാണ്` ` പതിവ്.
    ഇതിനു പുറമേ കഥാപാത്രനിരൂപണം, അനുഭവക്കുറിപ്പ് തുടങ്ങിയവയും മനസ്സിലാക്കിവെക്കണം.
ചോദ്യങ്ങളുടെ ഉള്ളടക്കം
  • ഭാഷാപരമായ അറിവ് [ എഡിറ്റിങ്ങിൽ ]
  • കവിതാസ്വാദനത്തിന്റെ വിവിധ തലങ്ങൾ [ താരതമ്യം, ജീവിത നിരീക്ഷണം …]
  • കവിതകൾ, കാവ്യാത്മകമായ ഗദ്യം ആസ്വാദനം
  • പാഠങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച അറിവ്
  • വിവിധ വ്യവഹാരരൂപങ്ങൾ കൈകാര്യം ചെയ്യാനുള്ള ധാരണ
  • പാഠപുസ്തകത്തിന്ന് പുറത്തുനിന്നുള്ള ഗദ്യ - പദ്യ ഭാഗങ്ങൾ ആസ്വദിക്കാനുള്ള ശേഷി
ഇങ്ങനെ വിവിധ തലങ്ങളിൽ ചോദ്യ ഉള്ളടക്കം

09 February 2015

എസ്.എസ്.എൽ.സി - 2015 മലയാളം ഒന്നാം പേപ്പർ [ കേരളപാഠാവലി ]


ചോദ്യപേപ്പർ രൂപഘടന 1

മലയാളം ഒന്നാം പേപ്പർ 40 സ്കോറും ഒന്നര മണിക്കൂർ സമയവും ആണ്`. 15 - 16 ചോദ്യങ്ങളിൽ
1 സ്കോറിന്റെ 4 ചോദ്യങ്ങൾ
2 സ്കോറിന്റെ 2-4 ചോദ്യങ്ങൾ
4 സ്കോറിന്റെ 4-5 ചോദ്യങ്ങൾ [ ലഘുപന്യാസം : ചോയ്സ് ഉണ്ടാവാം ]
6 സ്കോറിന്റെ 1 ചോദ്യം [ ഉപന്യാസ രചന : ചോയ്സ് ഉണ്ടാവും ]
6 സ്കോറിന്റെ ആസ്വാദനമെഴുതാനുള്ള ഒരെണ്ണം [ പാഠപുസ്തകത്തിൽ നിന്നു പുറത്തുള്ളത് ]
പൊതുവെ ഇതാണ്` ചോദ്യപേപ്പറിന്റെ ഘടന . അതുകൊണ്ടുതന്നെ സമയം, ഉത്തര ദൈർഘ്യം എന്നിവ കാലേകൂട്ടി ആലോചിക്കാനും തയ്യാറെടുക്കാനും കുട്ടികളെ ക്ളാസിൽ പരിശീലിപ്പിച്ചിരിക്കും.

ചോദ്യപേപ്പർ ഉള്ളടക്ക ഘടന 2

പ്രയോഗത്തിന്റെ അർഥം / സമാനപ്രയോഗം / ശരിപ്രയോഗം ]
ഒറ്റപ്പദം / പദം പിരിക്കൽ

16 August 2014

പരീക്ഷയും പഠനം തന്നെ


ഈ വര്‍ഷത്തെ സ്കീമൊഫ് വര്‍ക്കില്‍ പാദവാര്‍ഷിക പരീക്ഷ എന്നൊരു സങ്കല്പ്പമില്ല എന്നു തോന്നുന്നു. അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം ആദ്യത്തെ 4-5 യൂണിറ്റുകള്‍ കഴിഞ്ഞാല്‍ നിഷ്കര്‍ഷിക്കുന്നുണ്ടുതാനും. ആരൊക്കെ എന്തൊക്കെ മാറ്റം ആഗ്രഹിച്ചാലും നടന്നു പോകുന്ന ചില സമ്പ്രദായങ്ങളില്‍ മാറ്റം വരില്ല എന്നു തോന്നുന്നു. അതാണ് ഈ ഓണാവധിക്കുമുന്പുള്ള പരീക്ഷാ ഒരുക്കം തെളിയിക്കുന്നത് .

ആദ്യപാദപ്പരീക്ഷ. ഒന്നോ രണ്ടോ യൂണിറ്റ് പരീക്ഷകള്‍ക്കുശേഷം വരുന്ന ആദ്യ ടേം പരീക്ഷ എന്ന നിലയില്‍ പൊതുവെ കുട്ടികള്‍ക്ക് എളുപ്പമായിരിക്കും. ആദ്യ ഒന്നോ രണ്ടോ യൂണിറ്റ് എന്ന് ഉറപ്പിച്ചു പറയാന്‍ നിലവില്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഇതുവരെ എടുത്തതൊക്കെ പഠിച്ചുവെക്കുക എന്നു മാത്രമേ വിജയത്തിന്ന് ഉറപ്പുണ്ടാക്കാനാവൂ.

4 സംഗതികളിലാണ്` പഠനവും പരീക്ഷയും ഊന്നുന്നത്
  1. പാഠങ്ങളുടെ ഉള്ളടക്കം
  2. യൂണിറ്റിന്റെ പൊതു ഉള്ളടക്കം
  3. ഉള്ളടക്കം പ്രകടിപ്പിക്കാനുള്ള വ്യവഹാരരൂപങ്ങള്‍
  4. മൂല്യ നിര്‍ണ്ണയ സൂചകങ്ങള്‍

കാലിലാലോലം ചിലമ്പുമായ് എന്ന

05 March 2014

പരീക്ഷ കഴിഞ്ഞാല്‍ .....


പരീക്ഷയെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തല്‍ കൃത്യമായി ശേഖരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഓരോ സ്കൂളിനും ചെയ്യാന്‍ കഴിയണം



പരീക്ഷയെ അദ്ധ്യാപകര്‍ വിലയിരുത്താറുണ്ട്
എളുപ്പമായിരുന്നോ
താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ
മിടുക്കന്മാര്‍ / മിടുക്കികള്‍ ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ
ചോദ്യങ്ങളില്‍ തെറ്റു വല്ലതുമുണ്ടോ
ഔട്ടോഫ് സിലബസ്സ് ഉണ്ടോ
പതിവില്ലാത്തവ ഉണ്ടോ
എന്നിങ്ങനെ. അതു അദ്ധ്യാപകന്റെ ഇത്രയും ദിവസത്തെ അദ്ധ്വാനത്തെ ആശ്വസിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യും. തുടര്‍ വര്‍ഷങ്ങളില്‍ ഇത് അദ്ധ്യാപകന്ന് പ്രയോജനം ചെയ്യും.

ഇതുമാത്രം പോര
എവാലുവേഷന്‍ ടൂള്‍ എന്ന നിലയില്‍

03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

  • ശിശുകേന്ദ്രീകൃതം
  • പ്രവർത്തനാധിഷ്ടിതം
  • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
  • ഭിന്നശേഷികൾ
  • ഭിന്ന നിലവാരക്കാരായ കുട്ടികൾ
  • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി..യും, ടി..യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
  • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
  • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
  • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
  • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
  • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
  • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു

20 February 2013

ചെറുതായില്ല ചെറുപ്പം


പാഠം
ചെറുതായില്ല ചെറുപ്പം
ഉള്ളടക്കം
  • ആട്ടക്കഥ
  • ഉണ്ണായിവാരിയര്‍
  • ഉദ്യാനത്തില്‍ ദമയന്തിയും തോഴിമാരും
  • ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം
  • ഹംസ ദമയന്തീ സംഭാഷണം
ചോദ്യസാധ്യത
  • കഥാപാത്ര നിരൂപണം
  • ശീര്‍ഷത്തിന്റെ ഔചിത്യം
  • ശബ്‌‌ദഭംഗി
  • അലങ്കാരഭംഗി
  • സംഭാഷണ ചതുരത
  • വര്‍ണ്ണന

16 February 2013

ഇനി നല്ലൊരു പരീക്ഷക്ക് ഒരുങ്ങാം

Published in Janayugam-sahapadi
sslc exam help

എസ്.എസ്.എല്‍.സി. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയാവുകയാണ്`. ഇനി പരീക്ഷ. ആദ്യം മലയാളം [പ്രധാന ഭാഷ] തന്നെ. സഹായിക്കാന്‍ എല്ലാവരും ഒപ്പമുണ്ട്. നല്ലൊരു വിജയം ആശംസിക്കാം.


ഇതുവരെ ക്ളാസിലും വീട്ടിലും ഒക്കെ പഠിക്കുകയായിരുന്നു. ആഴത്തിലുള്ള പഠനം. ഒരുക്കത്തില്‍ പരീക്ഷക്ക് പഠിക്കലാണ്`. ഇതുവരെ പഠിച്ചുറപ്പിച്ച സംഗതികള്‍ പരീക്ഷമാത്രം കേന്ദ്രീകരിച്ചായിരുന്നില്ല. അധികം അറിവ്, ആഴത്തിലുള്ള അറിവ്, അറിവ് നിര്‍മ്മിക്കുന്നതിന്റെ ആഹ്ളാദം, പരസ്പര സഹായവും പരസ്പര അംഗീകാരവും പ്രോത്സാഹനവും, ചൂടേറിയ ചര്‍ച്ചകള്‍, മൂര്‍ച്ചയുള്ള ചിന്ത, പുതിയ ഉള്‍ക്കാഴ്‌‌ച്ചകള്‍... അങ്ങനെയൊക്കെയായിരുന്നു. ക്ളാസ്‌‌മുറിയും വീടും കൂട്ടുകാരും എല്ലാം ചേര്‍ന്നുള്ള അറിവിന്റെ ഉത്സവപ്പറമ്പ്. പരീക്ഷ ഇതില്‍നിന്നും അല്പ്പം വ്യത്യ്സതമാണ്` . ആ ധാരണയാണ്` പരീക്ഷക്കുള്ള ഒന്നാമത്തെ പാഠം.

14 February 2013

ചോദ്യരൂപങ്ങള്‍

SSLC HELP


ഭാഷാവിഷയങ്ങളില്‍ നല്ലൊരുഭാഗം ചോദ്യങ്ങളും ഭാഷാവ്യവഹാരരൂപങ്ങളെ ആസ്പദിച്ചാണല്ലോ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരരൂപങ്ങളെ സംബന്ധിച്ചുള്ള ഘടനാപരമായ അറിവ് പ്രധാനമാണ്`. കഴിഞ്ഞകാലങ്ങളിലെ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചിലത് തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.

13 February 2013

സമഗ്രാവലോകം

sslchelp
പരീക്ഷക്കുമുന്പ് പഠിക്കാനുള്ള പാഠങ്ങളും പരീക്ഷക്ക് വരാവുന്ന പ്രവര്‍ത്തനങ്ങളും പൊതുവേ സമഗ്രമായഒരു അവലോകനത്തിന്ന് വിധേയമാക്കാന്‍ സമയമായിട്ടുണ്ട്. മലയാളം കേരളപാഠാവലി [10 ക്ളാസ്] ആദ്യം നോക്കാം.

23 January 2013

ഇനി പരീക്ഷക്കൊരുങ്ങാം

-->

പരീക്ഷകളില്‍ ആദ്യം മലയാളം പരീക്ഷയാണ്`. ആദ്യം മുതല്‍ നടക്കുന്ന പരീക്ഷാപരിശീലനങ്ങളിലും ഇങ്ങനെയാണ്`. ഭാഷാ പരീക്ഷ എന്ന നിലയില്‍ തുടര്‍ന്ന് അല്പ്പം പരിഭ്രമം കൂറയുന്നതിന്ന് ഈ തുടക്കം നല്ലതാണ്`.കുറച്ചൊന്ന് ശ്രദ്ധിച്ച് നല്ല സ്കോറ്
വാങ്ങാന്‍ കഴിയുന്നതോടെ കുട്ടിക്ക് പരീക്ഷാപ്പേടി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ എന്തൊക്കെയാണ്` ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം :

ദ്വിതല സമീപനം

പാഠഭാഗങ്ങള്‍ പഠിക്കുന്നത് ഒന്ന്) പാഠങ്ങളിലെ ഉള്ളടക്കം സ്വാംശീകരിക്കുനതിന്ന് രണ്ട്) പാഠഭാഗങ്ങള്‍ പ്രയോജനപ്പെടുത്തി ഭാഷാശേഷികള്‍ കൈവരിക്കുന്നതിന്ന്
രണ്ടും പ്രധാനപ്പെട്ടവതന്നെ. ഉള്ളടക്കം ഭാഷയുടെ വികാസപരിണാമങ്ങളും തത്തല്‍ സ്ഥിതിയും നല്കുന്നതിനോടൊപ്പം നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചുള്ള അറിവുകളും പ്രദാനം ചെയ്യുന്നു.

ഉള്ളടക്കം വിവരങ്ങളുമായി / അറിവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്`. പ്രധാനപ്പെട്ട എഴുത്തുകാര്‍, പ്രധാനപ്പെട്ട കൃതികള്‍, അവയിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, കാലകാലങ്ങളിലുണ്ടായ തീരുമാനങ്ങള്‍, നിലവിലുള്ള പരിസ്ഥിതിയില്‍ വന്നുചേരുന്ന വികാസങ്ങള്‍ / പരിണതികള്‍ , നാം സ്വയമേവ നടത്തുന്ന കണ്ടെത്തലുകള്‍ , എഴുതുന്ന രീതികളിലുണ്ടായ വളര്‍ച്ചകള്‍/

16 January 2013

പാഠത്തിന്റെ ഉള്ളടക്കം

-->
പത്താംക്ളാസിലെ 'ദേശപ്പെരുമ' എന്ന വിഭാഗത്തിലെ 'പൊന്നാനി' എന്ന പഠവുമായി ചില കുറിപ്പുകള്‍

പൊതുവെ ഭാഷാപാഠങ്ങളിലൊക്കെ ചിത്രങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിത്രങ്ങളൊരിക്കലും പാഠവുമയി ബന്ധപ്പെട്ടതണെന്ന ചിന്ത ക്ളാസില്‍ ചര്‍ച്ചക്കു വരാറില്ല. പരീക്ഷക്ക് ചിത്രങ്ങളെക്കുറിച്ച് ചോദ്യങ്ങളുമില്ല. അതുകൊണ്ടാണല്ലോ 'ചെറുതായില്ലചെറുപ്പം ' എന്ന ആട്ടക്കഥ പാഠത്തില്‍ ചിത്രം കഥകളിയിലെ ദമയന്തിയുടേതായില്ല എന്നത് ശ്രദ്ധിക്കപ്പെടാതെ പോയത്.അത് ഒരു ഉദാഹരണം മാത്രം. എന്നാല്‍ കുട്ടി ചിത്രം പ്രയോജനപ്പെടുത്തുണ്ട്. ഉള്ളടക്കം മനസ്സിലാക്കാന്‍ കുട്ടിക്ക് ആവശ്യമാണ്`. അതു കുട്ടിയുടെ വ്യക്തിപരമായ ഒരു സംഗതിയായിട്ടേ അദ്ധ്യാപകര്‍ കണക്കാക്കൂ. പത്താം ക്ളാസിലെ ഈ പാഠം അതുകൊണ്ടുതന്നെ വ്യത്യസ്തമായി നില്‍ക്കുന്നു. പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയുടെ ഈ പാഠം ചിത്രമൊഴിവാക്കി പഠിപ്പിക്കാനാവില്ല. പാഠത്തിന്റെ ഉള്ളടക്കത്തിന്റെ ഭഗമാണ്` ഇതില്‍ ചിത്രം . എഴുത്തു കുറച്ചും ചിത്രം ധാരാളവും എന്നവസ്ഥയാണ്`. കുറഞ്ഞ എഴുത്തിനെ പൂരിപ്പിക്കുന്നത് ചിത്രമാണ്` എന്നു പറയാം. രണ്ടും കൂടി നല്ലൊരു ഉപന്യാസമാവുകയാണ്` 'പൊന്നാനി' .
എഴുത്തും ചിത്രവും സംഗീതവും ഒക്കെ ഭാഷയണ്`. സാധാരണയായി ഒരാളുടെ ഉള്ളിലുള്ള വികാരവിചാരങ്ങള്‍ അന്യനെ ധരിപ്പിക്കാനുള്ള ഉപകരണമാണല്ലോ ഭാഷ. അതുകൊണ്ടണ്` ചിത്രവും സംഗീതവും ഒരു ഘട്ടത്തില്‍ മൗനമ്പോലും ശക്തമായ 'ഭാഷ'യായി പ്രയോജനപ്പെടുത്തുന്നത്. കൈകാര്യം ചെയ്യാനുള്ള ശേഷി ആദ്യ പരിഗണനയാണ്`. എഴുതാനുള്ള ശേഷി പോലെ വരയ്ക്കാനുള്ള ശേഷി എല്ലാവര്‍ക്കും ഒരുപോലെയവില്ല. തിരിച്ചും അതുതന്നെ ശരി. പറയാനുള്ള ശേഷി വേണ്ടത്ര ഇല്ലാതെ വരുമ്പോഴാണല്ലോ കുട്ടി കരയുന്നത്. കരച്ചില്‍ ഭാഷയാണ്`. തനിക്ക് കൈവശമുള്ള ശേഷി കലാകാരന്‍ പ്രയോജനപ്പെടുത്തുന്നു. നമ്പൂതിരി പ്രാഥമികമായും വരയ്ക്കാനുള്ള ശേഷിയില്‍ മുന്പില്‍ നില്‍ക്കുന്നു. അതുകൊണ്ടാണല്ലോ ഈ ഉപന്യാസം എഴുത്തും വരയും ചേര്‍ന്ന ഘടന കൈക്കൊണ്ടത്.

14 December 2012

ഭാഷയിലെ നാട്ടുവെളിച്ചം

-->
കേരളപാഠാവലി- മലയാളം [ 10] യൂണിറ്റ് 5 ദേശപ്പെരുമ – സഹായക്കുറിപ്പ്

ഉരുളികുന്നത്തെ മനുഷ്യര്‍ എന്നെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും പഠിപ്പിച്ചു. ആടയാഭരണങ്ങളില്ലാത്ത ഒരു ഭാഷ എനിക്കു തന്നു. ആ ഭാഷയുടെ പിന്നില്‍ ഒരു ജീവിതലാളിത്യമുണ്ടായിരുന്നു.” [ സക്കറിയ]
ഈ പ്രസ്താവനയുടെ സാധൂകരണമാണോ പാഠഭാഗം ? പരിശോധിക്കുക. കേരളപാഠാവലി മലയാളം പേജ്: 77

ലുത്തീനിയ: കന്യാമറിയത്തെപ്പോലുള്ള പരിശുദ്ധരെ വിവിധ വിശേഷണങ്ങള്‍കൊണ്ട് നാമം പോലെ ആരാധിക്കുന്ന പ്രാര്‍ഥന. [ ഈ പുസ്തകം പേജ്: 86]

താന്‍ ജനിച്ചുവളര്‍ന്ന നാടിനെ കുറിച്ച് എഴുതുമ്പോള്‍ ചെയ്യുന്ന സത്യപ്രസ്താവനകള്‍ അന്യന് അവിശ്വസിക്കാന്‍ ഇടമുണ്ടാക്കേണ്ടതില്ല. സക്കറിയ തന്റെ എഴുത്തുഭാഷയെ കുറിച്ച് വീണ്ടും ഇങ്ങനെ പറയുന്നു :

ഇന്നും ഞാനുപയോഗിക്കുന്ന ഓരോവാക്കിന്റേയും മാറ്റൊലിക്കുവേണ്ടി ഞാന്‍ ഉരുളികുന്നത്തേക്കാണ്` ചെവിയോര്‍ക്കുന്നത്. ഞാന്‍ വേറൊന്നുമല്ല; ഉരുളികുന്നത്തെ കല്ലിന്റേയും മണ്ണിന്റേയും കാറ്റിന്റേയും മുള്ളിന്റേയും മേഘത്തിന്റേയും വെള്ളത്തിന്റേയും ഒരു പാര്‍ശ്വോത്പന്നം മാത്രമാണ്`. “ [സക്കറിയ]

02 December 2012

ആണ്‍ ഭാഷയും പെണ്‍ഭാഷയും

-->
[സൂചന: കേരളപാഠാവലി മലയാളം- ക്ളാസ് 10- യൂണിറ്റ് ' ഇരു ചിറകുകളൊരുമയിലങ്ങനെ..']

" പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ ഭാര്യയാണ്` സ്ത്രീ. ആ ശബ്ദങ്ങള്‍തന്നെ ജീവിതത്തില്‍ അവരവരുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഭര്‍ത്രിയെന്നും ഭാര്യനെന്നും മറിച്ചിടുവാന്‍ പുരുഷന്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല. “ ലിംഗവിവേചനത്തിന്റെ തെളിവുകള്‍ ഭാഷയില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന് മുണ്ടശ്ശേരി ചൂണ്ടിക്കാണിക്കുകയാണ്`.

ഈ യൂണിറ്റിന്റെ അവസാനഭാഗത്ത് കൊടുത്തിട്ടുള്ള ഒരു പ്രവര്‍ത്തനപാഠം നോക്കൂ:
പദങ്ങളുടെ കൂടിച്ചേരല്‍കൊണ്ടു വരുന്ന അര്‍ഥവ്യത്യാസം കണ്ടെത്തുക.
അവന്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല
ആ പണം കൈച്ചെലവിനുള്ളതാണ്`. .............

ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഭാഷാപ്രയോഗത്തിലുണ്ടോ എന്നു ആരും സംശയിക്കും.

17 November 2012

ഉത്തരങ്ങളിലെ മൗലികത

-->
എഴുത്തുപരീക്ഷകളിലെ മൂല്യനിര്‍ണ്ണയം അദ്ധ്യാപകര്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കുന്ന മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ വെച്ചുകൊണ്ടാണ്`. അവ ചിലതിങ്ങനെയാണ്`:
കുട്ടി
ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
പ്രശ്നം ശരിയായി വിശകലനം ചെയ്തിട്ടുണ്ട്
മൗലികമായ സ്വന്തം നിഗമനങ്ങള്‍ ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
വ്യ്വഹാരരൂപത്തിന്നനുസസരിച്ച ഘടന പാലിച്ചിട്ടുണ്ട്
നല്ല ഭാഷയില്‍ കാര്യങ്ങള്‍ അടുക്കി എഴുതിയിട്ടുണ്ട്
...........
.....
ഇതിനൊക്കെ ആനുപാതികമായുള്ള സ്കോറും നിശ്ചയിക്കും. ഉള്ളടക്കം 2 സ്കോറ്, വിശകലനം 1 സ്കോറ്, മൗലികത 1 സ്കോറ്...... എന്നിങ്ങനെ. ഭാഷാവിഷയങ്ങള്‍ക്കും ശാസ്ത്ര സാമൂഹ്യവിഷയങ്ങള്‍ക്കും ഒക്കെ ഇതുതന്നെയാണ്` രീതി. സൂചകങ്ങളില്‍ വേണ്ടചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നു മാത്രം. ഇതെല്ലാം മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആള്‍ കണ്ടെത്തുന്നത് കുട്ടി എഴുതിവെച്ചിട്ടുള്ള ഉത്തരപാഠത്തില്‍ നിന്നുമാത്രമാണ്`.

സാമാന്യേന എല്ലാ സൂചകസംഘാതങ്ങളിലും ' മൗലികമായ സ്വന്തം നിഗമനങ്ങള്‍

15 October 2012

ഉറക്കത്തിന്റെ സുഖം

[ പത്താം  ക്ളാസില്‍ മലയാളം  അടിസ്ഥാനപാഠാവലിയില്‍ ഒ.എന്‍.വി.കുറുപ്പിന്റെ ' കൊച്ചുദു:ഖങ്ങളുറങ്ങൂ..' എന്ന പ്രസിദ്ധ കവിത പഠിക്കാനായുണ്ട്.  കവിതസ്വാദന ചര്‍ച്ചകള്‍ക്ക് ഒരു കുറിപ്പ് ]

മനോഹരമായ ഒരു ഭാവഗീതമാണ്` ഈ കവിത. നന്‍മകള്‍ നാടുവെടിഞ്ഞുപോകുന്നതിനെ കുറിച്ച് പൈങ്കിളിപ്പൈതല്‍ പാടുമ്പോള്‍ കവിയുടെ കൊച്ചു ദു:ഖങ്ങള്‍ ഉറങ്ങുന്നു. നാടോടി സംസ്കൃതിയുടെ നാശം  ഒരു ഭാഗത്ത് ഭീഷിണിയായി നില്‍ക്കുന്നു. … ഈ പ്രസ്താവനകള്‍ സൂചനകളായി പാഠത്തിന്റെ ചര്‍ച്ചാക്കുറിപ്പുകള്‍ക്കായി നല്കിയിരിക്കുന്നു. ക്ളാസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇങ്ങനെയും  ചില സംഗതികള്‍ പ്രയോജനപ്പെടുത്താനാവുമോ?

നാടുവെടിഞ്ഞുപോം  നന്മകള്‍ തന്‍ കഥ
പാടിയ പൈങ്കിളിപ്പൈതല്‍
എന്ന വരികളില്‍ രാമായണ സന്ദര്‍ഭവും  [ നക്ഷത്രചിന്ഹമിട്ട അടിക്കുറിപ്പുണ്ട്] പൈങ്കിളി തുഞ്ചന്റെ പൈങ്കിളിയെന്ന സൂചനയും  കിട്ടും. രാമായണസൂചനയനുസരിച്ച് നാടുവെടിഞ്ഞുപോകുന്ന നന്മകളും  കവിക്ക് ദു:ഖമുളവാക്കുന്ന ' നാടുവെടിഞ്ഞ നന്മകളും  ' തമ്മിലുള്ള സാജാത്യങ്ങള്‍ എന്തൊക്കെയാണ്` ? നാടോടി സംസ്കൃതിയുടെ നാശമാണ്` ' നാടുവിടുന്ന നന്മകള്‍ ' കവിക്ക് എന്നല്ലേ കവിതയിലെ സൂചന?

നാടോടി സംസ്കൃതിയുടെ നാശം 
നാടോടി സംസ്കൃതിയുടെ നാശമായി കാണാവുന്ന കവിസൂചകള്‍ എന്തെല്ലാം?

04 October 2012

പ്രവാസങ്ങള്‍

-->
പ്രവാസം മനുഷ്യകുലത്തിന്റെ എന്നെന്നുമുണ്ടായിരുന്ന ആകുലതയാണ്`. പത്താം ക്ളാസിലെ 'അലയും മലയും കടന്നവര്‍' എന്ന വിഭാഗത്തിലെ പാഠങ്ങള്‍ പ്രവാസജീവിതത്തിന്റെ ദുരന്തസ്മൃതികളാണ്`. മഹകവി വൈലോപ്പിള്ളിയുടെ 'ആസ്സാം പണിക്കാര്‍ എന്ന കവിതാപഠനത്തിന്ന് സഹായകമാകുന്ന ഒരു കുറിപ്പ് നോക്കൂ:


ജനിച്ചുവള‌‌ര്‍ന്ന സ്വന്തം ഇടം ഉപേക്ഷിച്ചുപോകേണ്ടിവരുന്നതാണ്` മനുഷ്യന്റെ ഏറ്റവും വലിയ സങ്കടം. ഈ അവസ്ഥ ഉണ്ടാക്കുന്ന സംഗതികള്‍ പലതാകാം.
  • നിബ്ബന്ധപൂര്‍വം അധികാരികള്‍ ഒഴിപ്പിക്കുന്നത്
  • ഉപജീവനാ‌‌ര്‍ഥം സ്വന്തം ഇടം ഉപേക്ഷിക്കേണ്ടിവരുന്നത്
  • യുദ്ധം, പ്രകൃതിക്ഷോഭം മുതലായ കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവരുന്നത്
  • ..
  • .
ഭക്ഷണസമ്പാദനത്തിന്നായി നായാട്ടിനേക്കാള്‍ കൃഷിയെ ആശ്രയിക്കുകയും അതുകൊണ്ടുതന്നെ ഒരിടത്ത് ഒതുങ്ങിക്കൂടുകയും ചെയ്യേണ്ടിവന്നതിന്റെ സു:ഖ സൗകര്യങ്ങള്‍ , സുരക്ഷിതത്വം , തുടര്‍ച്ച എന്നിവയാണ്` നാടോടി അലച്ചിലില്‍ നിന്ന് മനുഷ്യ വംശത്തെ സാമൂഹമെന്നനിലയിലല്‍ വികസിക്കാന്‍ സഹായിച്ചത്. സംസ്കാരത്തിന്റെ , കലയുടെ, ദര്‍ശനങ്ങളുടെ ഒക്കെ വികാസം ഉണ്ടായത് ഈ ഒതുങ്ങിക്കൂടലിലാണ്`. ആട്ടിയോടിക്കപ്പെടലില്‍ മനുഷ്യന് നഷ്ടപ്പെടുന്നതും ഇതൊക്കെയാണ്`. സ്വന്തം സൗകര്യങ്ങളും സുരക്ഷിതത്വവും കലയും സംസ്കാരവും ചരിത്രവും നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്? തനിച്ചാവുന്ന പ്രവാസങ്ങളും വേണ്ടപ്പെട്ടവരോടുകൂടിയുള്ള പ്രവാസങ്ങളും ഉണ്ട്. 'ആടുജീവിതത്തില്‍ ' നജീബിന്ന് തനിച്ചുള്ള പ്രവാസമാണ്`. വേണ്ടപ്പെട്ടവരെല്ലാം നാട്ടിലും നജീബ് വിദേശത്തുമാണ്`. 'ആസ്സാം പണിക്കാരില്‍' മിക്കവാറും വേണ്ടപ്പെട്ടവരൊക്കെ കൂടെയുണ്ട് . സ്വാഭാവികമായും തനിച്ചുള്ള വിദേശവാസത്തിന്ന് ദുരിതമേറും.

അതുകൊണ്ടുതന്നെ പ്രവാസിയുടെ മനസ്സ് എപ്പോഴും തന്റെ ഇടത്തെക്കുറിച്ചായിരിക്കും. വിട്ടുപോരേണ്ടിവന്ന ഇടം,പ്രദേശം, നാട്, രാജ്യം, ഭൂഖണ്ഡം... എന്നിങ്ങനെ വേര്‍പാടിന്റെ വേദനയും വ്യാസവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നാടുവിടേണ്ടിവന്ന കാരണം എന്തായാലും അതു മറക്കുകയും തിരിച്ചെത്താനുള്ള വെമ്പലില്‍ നാളുകള്‍ നീക്കുകയും ചെയ്യും. ചെന്നുപെട്ട നാടിന്റെ ക്രൗര്യങ്ങള്‍ ഈ വെമ്പല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും . അസ്സാം പണിക്കാരില്‍ ഈ അവസ്ഥയാണ്` നമുക്ക് കാണാന്‍ കഴിയുക.

പിറന്ന്` വളര്‍ന്ന മണ്ണിനെ ശപിച്ചുകൊണ്ടാണ്` ഇവര്‍ ദൂര ദേശങ്ങളില്‍ പണിതേടിപ്പോകുന്നത്. ജന്മിമാരുടെ ക്രൂരതകള്‍, പട്ടിണി, നിത്യദാരിദ്യം, രോഗം എന്നിവകൊണ്ട് മനം മടുത്താണ്` ഇവര്‍ പോകുന്നത്. ജന്മനാട്ടിന്റെ മനോഹാരിതകളൊന്നും [ പച്ചപ്പാര്‍ന്ന തെങ്ങുകവുങ്ങുകളും പതഞ്ഞൊഴുകുന്ന നദികളും ...... ഒന്നും ] ഇവരെ തടുത്തുനിര്‍ത്താന്‍ മതിയാവുന്നില്ല. പണിക്കാരെന്ന നിലയില്‍ അവരനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ അവരെ തൊഴില്‍ തേടിപ്പോകാന്‍ നിര്‍ബന്ധിക്കുന്നു.
പട്ടാളക്കാര്‍ക്ക് പാത നിര്‍മ്മിക്കുന്ന പണിയുമായി ആസ്സാമില്‍ എത്തിയാലും അവിടം സ്വര്‍ഗമൊന്നുമല്ലെന്ന് അവര്‍ക്കറിയാം. പീഡനങ്ങള്‍ അവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. എങ്കിലും പണിയും കൂലിയും ഭക്ഷണവും കിട്ടുമെന്ന ഉറപ്പിലാണവര്‍. അക്കരെപ്പച്ചകള്‍ മനുഷ്യനെ എന്നും വ്യാമോഹിപ്പിച്ചിട്ടുണ്ട്.

തികച്ചും ഭൗതികമായ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് നാടുവിട്ടുപോയവര്‍ [ നാടിന്റെ സൗന്ദര്യാംശങ്ങളൊന്നും അവരെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായില്ല] നാടുവിട്ടതുമുതല്‍ ഒരു തരം ഗൃഹാതുരത്വം അനുഭവിക്കുന്നു. ഒരു തെങ്ങിന്‍ തലപ്പിനും ഒരു വെള്ളമുണ്ടിനും അവരെ ആഹ്ളാദിപ്പിക്കാനാവുന്നു. ഈ സൗന്ദര്യാനുഭൂതികളില്‍ അവര്‍ തിരിച്ചും വരുന്നു. പ്രവാസത്തിന്റെ ദുരിതം അവര്‍ക്ക് സ്വന്തം നാടിനെ അമലവും മധുരദര്‍ശനവുമായിരിക്കുന്നു. ഈ ബോധമാറ്റം ഉണ്ടാക്കുന്നതാണ്` പ്രവാസം. തിരിച്ചുപോരല്‍ - സ്വന്തം ഇഷ്ടംപോലെ തിരിച്ചുപോരല്‍ എല്ലാ പ്രവാസിക്കും ആവതല്ല. നജീബിന്ന് അങ്ങനെ പോരാന്‍ വയ്യ. ഒരിക്കലും തിരിച്ചുപോരാനാവാത്ത പ്രവാസങ്ങളാണ്` 'ക്രോധത്തിന്റെമുന്തിരിപ്പഴങ്ങളി'ലും [ ജോണ്‍ സ്റ്റീന്‍ ബക്കിന്റെ നോബല്‍ സമ്മാനിതമായ നോവല്‍] മറ്റുമുള്ളത്. അപ്പോള്‍ ഗൃഹാതുരത്വം ജീവിതത്തെ നരകമാക്കുകയും ചെയ്യുന്നു. ഇരട്ടി ദുരിതം - മാനസികവും ഭൗതികവുമായ ദുരിതം ഈ പ്രവാസികള്‍ പേറേണ്ടിവരികയാണ്`.
കവികള്‍ എല്ലാം എന്നും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രവസികളാണ്`. രണ്ടു ലോകങ്ങളാണ്` - നാടുകളാണ്` കവിക്ക്. ഒന്ന് ഭൗതികമായ നാടും ഒന്ന് സാങ്കല്പ്പികമായ – കാവ്യാത്മകമായ നാടും. ഇവതമ്മിലുള്ള വൈരുദ്ധ്യം കവിയെ പ്രവാസിയാക്കുന്നു. സാങ്കല്പ്പികമായ നാട്ടിലെ നന്മകളൊന്നും ഭൗതികമായ നാട്ടിലില്ലല്ലോ. സത്യവും ശിവവും സുന്ദരവും കാവ്യങ്ങളില്‍ ആവിഷ്കരിക്കുന്നതിലൂടെ കവി പ്രവാസത്തിന്റെ ദുരിതങ്ങള്‍ കവിതയാക്കുന്നു. സാധാരണക്കാര്‍ക്ക് അതിനുള്ള സദ്ധികളില്ലെന്ന് മാത്രം.