Showing posts with label NEWWORKS. Show all posts
Showing posts with label NEWWORKS. Show all posts

22 February 2015

യാത്രയയപ്പിന്റെ ആഘോഷങ്ങളിൽ ആലോചിക്കാവുന്ന 'സ്വീകരണങ്ങൾ'


വർഷാവസാനം റിട്ടയർമെന്റുകളുടെ ആഘോഷങ്ങളാണ്`. യാത്രയയക്കപ്പെടുന്നവരുടെ പെരുമകൾ , അവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാക്കപ്പെടുന്ന നികത്താനാവാത്ത വിടവുകൾ , അവർ ചെയ്ത നന്മകൾ ഒക്കെ പലരും പലപാട് ആവർത്തിക്കുന്ന - അനുസ്മരിക്കുന്ന ആഘോഷങ്ങൾ. നല്ലതു തന്നെ . പൂജ്യപൂജ ശ്രേയസ്കരമാണല്ലോ. മാത്രമല്ല, യാത്രയയപ്പുസമ്മേളനങ്ങളിൽ സമൂഹത്തിലെ വിവിധമേഖലകളിൽ നിന്നുള്ളവർ ഇവരുടെ മേന്മകൾ അനുസ്മരിക്കുമ്പോൾ ഇവരിൽ നിന്നു സമൂഹത്തിന്ന് ലഭിച്ച സേവനങ്ങളുടെ കണക്കെടുപ്പായി അതു മാറുന്നു. ചെറിയ / വലിയ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നില്ല. പിരിഞ്ഞുപോകുന്നവരെ വേദനിപ്പിക്കാതിരിക്കുക എന്നത് സാംസ്കാരികമായ ഒരു മൂല്യബോധത്തിൽ നിലകൊള്ളുന്നു.

എന്നാൽ, പുതിയതായി ചേരുന്നവരുടെ കാര്യത്തിൽ ഇതുപോലുള്ള ചടങ്ങുകൾ പൊതുവെ നമ്മുടെ സമൂഹത്തിൽ ഇല്ല. പുതിയതായി ചേർന്നവരെ അവർ ചേർന്നു എന്നുപോലും സമൂഹം തിരിച്ചറിയുന്നത് വളരെ വൈകിയാണ്`. [ ആദ്യശമ്പളം കിട്ടിയാൽ സഹപ്രവർത്തകർക്കിടയിൽ മധുരം വിളമ്പുന്നുണ്ട് എന്നൊക്കെ ശരി ! ] നാട്ടിലെ സ്കൂളിൽ പുതിയ ടീച്ചർ, കൃഷിഭവനിൽ പുതിയ ഓഫീസർ, ഹെൽത്ത് സെന്ററിൽ പുതിയ ഡോക്ടർ, ഗ്രാമപഞ്ചായത്തിൽ പുതിയ സെക്രട്ടറി, പുതിയ വിദ്യാഭ്യാസ ഓഫീസർ, സ്റ്റേഷനിൽ പുതിയ പോലീസുകാർ .... ഇങ്ങനെ വിവിധ ഇടങ്ങളിൽ പുതിയതായി ചേരുന്നവരെ വളരെക്കഴിഞ്ഞേ ജനം അറിയുന്നുള്ളൂ. വന്നു ചേരുന്ന പുതിയവരുടെ കാര്യവും അങ്ങനെത്തന്നെ. നാടിനേയും നാട്ടാരേയും വളരെ ക്കഴിഞ്ഞേ അറിയുന്നുള്ളൂ. യാത്രയയപ്പുവേളയിലെ ചടങ്ങുകൾ ഈ സംഗതിയുമായി കൂട്ടി ആലോചിക്കാൻ തോന്നുകയാണ്`.

യാത്രയയപ്പ് പൊതുവെ സ്ഥാപനം കേന്ദ്രീകരിച്ചാണ്`സംഘടിക്കപ്പെടുന്നത്. എന്നാൽ സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് തലത്തിൽ ആവണം. പഞ്ചായത്തിൽ ആവർഷം പുതുതായി ചേരുന്നവർക്ക് - ജൂൺ -ജൂലായ്... [ സൗകര്യം പോലെ ] ഒരു സ്വീകരണ സമ്മേളനം ഉണ്ടാവണം. പുതിയതായി സർവീസിൽ ചേരുന്നവരെ മുഴുവൻ പങ്കെടുപ്പിക്കണം. സമൂഹത്തിലെ വിവിധ തുറകളിലെ പ്രധാനപ്പെട്ടവരൊക്കെ അവരെ സ്വീകരിക്കാൻ ഉണ്ടാവണം. നാടിനെ കുറിച്ച്, സമൂഹത്തിന്റെ അവസ്ഥയെ കുറിച്ച്, വിവിധ സ്ഥാപനങ്ങളെ കുറിച്ച് നിലവിലുള്ള അവസ്ഥകൾ, സാധ്യതകൾ, നാടിന്റെ വികസനപരമായ ആവശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താൻ പുതിയവർക്ക് ഇവിടെ വെച്ച് ആവണം. എന്തെല്ലാം സഹായസഹകരണങ്ങൾ ലഭ്യമാകുമെന്ന ധാരണ അവർക്ക് ഉണ്ടാവണം. പരസ്പരം നല്ല സേവനം സാധ്യമാക്കാനുള്ള വാതിലുകൾ തിരിച്ചറിയുകയും തുറക്കപ്പെടുകയും വേണം. നല്ല തയ്യാറെടുപ്പോടെ സംഘാടനം ചെയ്താൽ ' സ്വീകരണങ്ങൾ ' കുറേകൂടി നാടിന്ന് ഗുണം ചെയ്യുന്നതാക്കി മാറ്റാൻ ഇതുകൊണ്ട് കഴിയില്ലേ ? അതത് ഗ്രാമപഞ്ചായത്ത് ചുമതലക്കാരുമായി ഇന്നു തന്നെ നമുക്ക് ഇതിനുവേണ്ട ഏർപ്പാടുകൾ ആലോചിക്കാമല്ലോ.

  • ആദ്യ 'സ്വീകരണത്തിൽ 3-4 വർഷം വരെ സർവീസിൽ കയറിയവരെ പങ്കെടുപ്പിക്കാം. തുടക്കമല്ലേ. പിന്നീട് അതത് വർഷം കയറിയവർ മതി. ഒരു ഗ്രാമപഞ്ചായത്തിൽ ആദ്യ യോഗത്തിൽ 40-45 പേർകാണും. തുടർന്ന് 10-15 ഉം. ഒരു മുഴുവൻ ദിവസ പരിപാടിയായി ആലോചിക്കണം .
  • നന്നായി പ്ളാൻ ചെയ്യണം. നാടിന്റെ വികസന സ്വപ്നം വ്യക്തമായി [ വിദ്യാഭ്യാസം, ആരോഗ്യം, നിർമ്മാണപ്രവർത്തനങ്ങൾ, ക്രമസമാധാനം... ] അവതരിപ്പിക്കണം. ഇതൊക്കെയും അതത് ഗ്രാമപഞ്ചായത്തുകളുടെ വികസനപദ്ധതികളുമായി ഒത്തുപോകുന്നതാവണം.
  • പുതിയ ആളുകൾക്ക് അവരവരുടെ സേവന മേഖലയുമായി വേണ്ട ബന്ധം , കാഴ്ചപ്പാട് , കടമകകൾ , നാടിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം... വ്യക്തമായി ബോധ്യപ്പെടുത്തുന്ന രീതിയിൽ വേണം.
  • പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒരു ദിവസം ഇതിനായി നീക്കിവെക്കുന്നത് ഒരിക്കലും നഷ്ടമാവില്ല . വളരെ പുതുമയുള്ള 'സ്വീകരണം ' ഒരുക്കുന്നതോടെ സംസ്ഥാനത്തു തന്നെ മാതൃകയാക്കാം.

വേനൽ

വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.
പഴയൊരു ജൂണിൽ പെരുമഴയിൽ
മുളപൊട്ടി വിരിഞ്ഞ് ഓരില ഈരിലയായി
ചെറുശാഖകൾ വിടർത്തി
പൂവിട്ട് മെല്ലെ പൂത്തുലഞ്ഞ്
കായും കനിയുമായി
തണലും തളിർപ്പും നൽകി
കിളിക്കൂടും ഊഞ്ഞാലും ഒരുക്കി .....
വിളഞ്ഞ വിത്തുകൾ നാടാകെ
പാറ്റിവിതറി പുതുമുളകൾ പ്രാ‌‌ർഥിച്ച് ....

വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.


SV Ramanunni Sujanika

31 January 2015

ക്ളാസും ഗ്രൂപ്പും




ക്ളാസും ഗ്രൂപ്പും

വ്യവഹാരവാദത്തിലധിഷ്ഠിതമായ ക്ളാസുമുറികൾക്കു പകരം ജ്ഞാനനിർമ്മിതിവാദപ്രകാരമുള്ളവ പ്രാവർത്തികമായപ്പോൾ വ്യക്തിപരമായി കുട്ടികൾ പഠിക്കുന്ന രീതി ഗ്രൂപ്പ് പ്രവർത്തനങ്ങളും പഠനവുമായി മാറി. മൊത്തം കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കുകയും അതിനൊക്കെ പ്രവർത്തനങ്ങൾ നൽകുകയും ചെയ്ത് പഠനം ജ്ഞാനനിർമ്മിതിയായി രൂപം കൊണ്ടു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ അറിവ് നിർമ്മിക്കുന്ന രീതി ക്ളാസ്‌‌മുറികളിൽ ബലപ്പെട്ടു. അദ്ധ്യാപിക പറഞ്ഞുകൊടുക്കുന്നത് പഠിക്കുന്നതിനുപകരം കുട്ടികൾ സ്വയം അറിവ് നിർമ്മിക്കാൻ തുടങ്ങി. അദ്ധ്യാപികയുടെ ക്ളാസ്‌‌റൂം രീതികൾ മാറിമറിഞ്ഞു. ഗ്രൂപ്പിൽ കുട്ടികൾ സ്വയം പഠിക്കുന്നു എന്നതുകൊണ്ട് അദ്ധ്യാപികയുടെ ഉത്തരവാദിത്തം കുറഞ്ഞുവെന്ന് പുറമേ തോന്നാമെങ്കിലും യഥാർഥത്തിൽ ചുമതലയും അദ്ധ്വാനവും വർദ്ധിക്കുകയാണ്` ചെയ്തത്.അതുകൊണ്ടുതന്നെ റിസൾട്ടും മെച്ചപ്പെടുന്നു . കാരണം :
  • അന്നന്ന് ചെയ്യാനുള്ള പാഠങ്ങൾ നന്നായി പ്ളാൻ ചെയ്യേണ്ടിവരുന്നു
  • ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ പലതായി തയ്യാറാക്കേണ്ടിവരുന്നു
  • വ്യക്തിപരമായും ഗ്രൂപ്പുകൾ എന്ന രീതിയിൽ കുട്ടികളെ ശ്രദ്ധിക്കേണ്ടിവരുന്നു
  • ഓരോരുത്തർക്കും ആവശ്യമായ സഹായ നിർദ്ദേശങ്ങൾ വേണ്ടിവരുന്നു

03 January 2015

ക്ളാസ് മുറിയിലെ സജീവത


ഒരു അദ്ധ്യാപികയുടെ വിജയം എന്നുപറയുന്നത് ക്ളാസ് മുറികൾ സജീവമായി നിലനിർത്താൻ കഴിയുന്നതോടെയാണ്`. സജീവത ഉണ്ടാക്കുന്നത് പ്രവർത്തനങ്ങളിലൂടെയാണ്`. പ്രസക്തിയുള്ള, നൈരന്തര്യമുള്ള, സക്രിയമായ ,കുട്ടിയിൽ വെല്ലുവിളിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ ക്രമപ്പെടുത്തി ചെയ്യാൻ നൽകുകയും ചെയ്യുമ്പോഴാണ്`. അദ്ധ്യാപികയുടെ സർഗാത്മകത , അർപ്പണഭാവം , അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിർവഹിക്കപ്പെടുന്നത്.

ആവർത്തനവിരസതയല്ലാതെ മറ്റൊന്നും ക്ളാസിന്റെ ജീവസ്സ് കളയുന്നില്ല എന്നതാണു ശരി. ' ശരി , എന്നാൽ നമുക്ക് ഗ്രൂപ്പുകളായി ഇതു ചെയ്യാം ' എന്നു പറയന്നതോടെ കുട്ടികൾക്ക് മടുപ്പു തുടങ്ങുകയായി. ഒന്ന് രണ്ട് മൂന്ന്... എണ്ണി ഗ്രൂപ്പുകളാണെന്നും. ഒരു പുതുമയും ഇല്ലാത്ത ഗ്രൂപ്പിങ്ങ് ആക്ടിവിറ്റി.
ഗ്രൂപ്പിങ്ങ് ഒരു പഠനപ്രവർത്തനമാണെന്നുപോലും മറക്കുന്ന അവസ്ഥ
പഠനപ്രവർത്തനങ്ങൾക്കുള്ള ഒരുക്കം മാത്രമാവരുത് ഗ്രൂപ്പിങ്ങ്. പഠനത്തിനുള്ള മുന്നൊരുക്കം, വിഷയവുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതി ഉണ്ടാക്കൽ, വിവരവിതരണം, പഠനത്തിനായുള്ള മാനസികാവസ്ഥ ക്ളാസിൽ നിർമ്മിക്കൽ തുടങ്ങി നിരവധി സാധ്യതകൾ ഒരു ഗ്രൂപ്പിങ്ങ് ആക്ടിവിറ്റിയിൽ നിന്നുപോലും ഉണ്ടാക്കാൻ കഴിയണം നല്ലൊരു അദ്ധ്യാപികക്ക്. നോക്കൂ:
കേരളപാഠാവലി, മലയാളം , ക്ളാസ് 7 , പേജ് 36 : പ്രവർത്തനം - കവിതയിൽ നിന്ന് കവിയിലേക്ക്
കുമാരനാശാന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക
ഈ പ്രവർത്തനത്തിന്നായി ഗ്രൂപ്പുകളുണ്ടാക്കുമ്പോൾ - സാധ്യതകൾ