Showing posts with label BLOGS. Show all posts
Showing posts with label BLOGS. Show all posts

18 August 2020

school notes 11

 

അദ്ധ്യാപന നൈപുണികൾ

ചില സാമൂഹ്യ മാധ്യമങ്ങൾ പരിചയം [1]


WhatsApp, Telegram ,Facebook, Youtube, Blog, Twitter, Podcast തുടങ്ങിയ ആധുനിക സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് സാമാന്യധാരണയില്ലാത്തവർ ചുരുക്കമാണ്. അദ്ധ്യാപകരെന്ന നിലയ്ക്ക് ഇവകളുടെ സാധ്യത സ്കൂൾ പ്രവർത്തനങ്ങളിൽ നാം ഉപയോഗപ്പെടുത്തിയേ മുന്നോട്ട് പോകാനാവൂ.

വിനിമയമാണ് ക്ളാസ്‌‌മുറിയിൽ നടക്കുന്നത്. വിനിമയത്തിന്ന് മാധ്യമം കൂടാതെ കഴിയില്ല. പാരമ്പര്യമാധ്യമങ്ങൾ കൊണ്ട് നടക്കുന്ന വിനിമയത്തിന്റെ പരിമിതികളെ മറികടക്കാൻ ആധുനിക മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. പലതരത്തിലുള്ള മാധ്യമങ്ങളെ പ്രവർത്തിപ്പിക്കാനുള്ള നൈപുണി അദ്ധ്യാപികക്ക് അനിവാര്യമാണ് ഇക്കാലത്ത്. ഇതിനിയും വികസിക്കുകയുമാണ്.

വിനിമയത്തിനുള്ള അധിക ശേഷിയും അധിക സ്വാതന്ത്ര്യവുമാണ് മാധ്യമങ്ങളുടെ പ്രസക്തി നിശ്ചയിക്കുന്നത്. അദ്ധ്യാപികയുടെ വചനകൗശലത്തിൽ ഈ രണ്ടും നന്നേ പരിമിതമാണ്. ദൃശ്യ ശ്രാവ്യ സംവേദനങ്ങളുടെ ഏറ്റവും പ്രാഥമികമായ തലം മാത്രമാണ് അദ്ധ്യാപികക്ക് ക്ളാസിൽ പ്രയോഗിക്കാനാവുന്നത്. സാങ്കേതികവിദ്യയുടെ പ്രഥമ ഘട്ടത്തിലെ സാധ്യതകളാണ് ഇന്നും ക്ളാസിൽ പയറ്റുന്നത്. കുട്ടിയാകട്ടെ വിനിമയത്തിന്റെ എല്ലാ തരത്തിലുമുള്ള ആധുനിക ബലം ഉൾക്കൊള്ളുന്നവളാണ്. ജ്ഞാനപരമായി കുട്ടി പിന്നിലാണെങ്കിലും വിനിമയപരമായി കുട്ടി അദ്ധ്യാപികയേക്കാൾ മുന്നിലാണ്. കാലപരമായ ഒരു വ്യത്യാസമാണിത്. കുട്ടിയോടൊപ്പമെത്താൻ [ അറിവല്ല, വിനിമയശേഷിയാണ് സുപ്രധാനം. വിനിമയത്തിലൂടെയാണല്ലോ അറിവ് നിർമ്മിക്കപ്പെടുന്നത്. ] അദ്ധ്യാപിക ഇനിയും വളരെ ശ്രമിക്കേണ്ടതുണ്ട്. ഇവിടെയാണ് നവീനമാധ്യമങ്ങളെ ക്കുറിച്ചുള്ള പാഠങ്ങൾ ആവശ്യമായി വരുന്നത്.

ബ്ളോഗിങ്ങിനെ കുറിച്ച് ആദ്യം. ബ്ളോഗർ, വേഡ്പ്രസ്സ് എന്നീ രണ്ടുസൈറ്റുകളാണ് ബ്ളോഗിങ്ങിന്ന് ഇടം തരുന്ന പ്രചാരമുള്ളവ. [ ഇവയുടെ ആപ്പുകൾ നമ്മുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തു വെക്കാം. ഇവരുടെ സൈറ്റുകളിൽ ജി മെയിൽ ഐഡി ഉപയോഗിച്ച് സൈൻ - ഇൻ ചെയ്യാം. 5 ജി ബി സ്പേസ് ഫ്രീയായി നമുക്ക് ഉപയോഗിക്കാൻ കിട്ടും. വളരെ എളുപ്പത്തിൽ ഒരു ബ്ളോഗ് നിർമ്മിക്കാനുള്ള സഹായം സൈറ്റ് നമുക്ക് തരുന്നുണ്ട്. വളരെ വളരെ യൂസർ ഫ്രന്റ്‌‌ലിആണ്. ഒരു സവിശേഷ വൈദഗ്ദ്ധ്യവും ആവശ്യമില്ല. നല്ലചെറിയൊരു പേര് കൊടുത്ത് [ ഇംഗ്ളിഷിലായാൽ ഗൂഗ്ളിൽ സെർച് ചെയ്യാനും മറ്റുള്ളവർക്ക് കിട്ടാനും എളുപ്പമാകും ] പോസ്റ്റുകൾ പബ്ളിഷ് ചെയ്യാൻ തുടങ്ങാം .

ഞങ്ങളുടെ സ്ഥാപനത്തിലെ കുട്ടികളുടെ ചില ബ്ളോഗുകൾ നോക്കൂ:

1] https://sujathaparvathi.wordpress.com/

 2] https://rptdotnetdotin.wordpress.com/

3] https://onlinepahayan.wordpress.com/ 

 4] https://glisterdotblog.wordpress.com/

5] https://gokulonlinebloge.wordpress.com/ 

6] http://niyogam128.wordpress.com

7] http://ideal2care.wordpress.com 

 8] https://harrithagupta.wordpress.com/

9 ] https://ta619.wordpress.com/ 


എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരുബ്ളോഗ് ഉണ്ട്. സാധ്യതകളെപ്പറ്റിയുള്ള ധാരണക്കുറവും മറ്റുപലതും കാരണം അപ്പ്ഡേറ്റ് ചെയ്യുന്നവർ കുറവാണ്.

അവരുടെ സ്കൂളനുഭവങ്ങളാണ് / വായനാനുഭവങ്ങളാണ് ബ്ളോഗിൽ അപ്പ്ഡേറ്റ് ചെയ്യുന്നത്. ആവശ്യങ്ങൾ, പരിഹാരങ്ങൾ, പഠനസംബന്ധമായ ആക്ടിവിറ്റികൾ , സ്വന്തം ജേർണലുകൾ, ലോഗുകൾ, ക്ളാസ്‌‌റൂം ഉല്പന്നങ്ങൾ, നോട്ടുകൾ, സെമിനാർ രേഖകൾ, സൃഷ്ടികൾ തുടങ്ങി എന്തും ബ്ളോഗ് ചെയ്യാം. ഒന്ന്, നെറ്റിൽ അത് കാലാകാലം സൂക്ഷിക്കാം, [ ശരിയായ ടാഗുകൾ , ലേബലുകൾ കൊടുത്ത് വെച്ചാൽ ] പെട്ടെന്ന് തെരഞ്ഞ് പിടിക്കാം, ഷെയർ ചെയ്യാം, അഭിപ്രായങ്ങൾ അറിയാം, ചർച്ചകൾ നടത്താം. മെച്ചപ്പെടുത്താം, സമാനസ്വഭാവമുള്ളവ കണ്ടെത്താം, അഭിനന്ദനങ്ങളും വിമർശനങ്ങളും മനസ്സിലാക്കാം എന്നിങ്ങനെ നിരവധി പ്രയോജനങ്ങളാണ്. ബ്ളൊഗിൽ ചെയ്തവ വാട്ട്സാപ്പ്, ടെലിഗ്രാം, ട്വിറ്റർ , ഫേസ്ബുക്ക് എന്നിവിടങ്ങളിലൊക്കെ ലിങ്കായി ഷെയർ ചെയ്യാം.

ടീച്ചർക്ക് വളരെ പ്രധാനപ്പെട്ട ഒരു വിനിമയസാമഗ്രിയാണിത്. “ കൂടുതലറിയാൻ എന്റെ ബ്ളോഗ് നോക്കണേ "എന്ന് ടീച്ചർക്ക് [ ഏതു വിഷയമയാലും ] ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുട്ടിയോട് പറയാം. അതിനായി കുട്ടി കാത്തിരിക്കുന്നുണ്ട് എന്നറിയണം. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോൾ അനായാസം അത് ബ്ളോഗിലും വരുത്താം .തന്റെ അന്വേഷണങ്ങൾ [ റഫറൻസ് ] ലിങ്ക് ചെയ്യാം. ആധികാരികമാക്കാം. എക്കാലവും സൂക്ഷിക്കാം. അപ്പ്ഡേറ്റ് ചെയ്യാം . ഏത് പരിശോധകനും എവിടെവെച്ചും കാണിച്ച് കൊടുക്കാം . കൂടുതൽ ഉത്തരവാദിത്തത്തോടെ അദ്ധ്യാപികക്ക് തന്റെ പണി ചെയ്യാൻ കഴിയും

സ്വന്തമായി ബ്ളോഗില്ലാത്ത [ സ്വന്തം സൈറ്റുകൾ പരിപാലിക്കുന്നവരാണ് മികച്ച അദ്ധ്യാപകർ പലരും ] അദ്ധ്യാപിക വിനിമയവികാസ രംഗത്ത് ഏറ്റവും താഴത്തെ പടിയിലാണ് പുലരുന്നത്. ജീവിതത്തിൽ എല്ലാരും നവീന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്നവരാണ്. അല്ലെങ്കിൽ അവർക്ക് തൊഴിലെടുത്ത് ജീവിക്കാനാവില്ല. ലോകം മുന്നേറുകയാണ്. ഒപ്പം മാത്രമല്ല , മുമ്പിൽ നടക്കേണ്ടവരാണ് അദ്ധ്യാപകർ. ജനം അദ്ധ്യാപകരിലുള്ള പ്രതീക്ഷ മെല്ലെ കൈവിട്ടുകൊണ്ടിരിക്കയാണോ? അറിയില്ല !

11 June 2011

വായനയിൽ നിന്ന് സർഗ്ഗത്മക രചനയിലേക്ക്

വായനയുടെ പ്രാധാന്യത്തേയും അതിന്റെ സാധ്യതകളേയും പറ്റി നമുക്കൊരുപാടറിയാം. അതുകൊണ്ടുതന്നെ ശരാശരി വായന ഇന്ന് വർദ്ധിച്ചിട്ടുണ്ട്. പ്രിന്റ് മീഡിയ (പത്ര മാസിക പുസ്തകങ്ങൾ) വായനയേക്കാളെത്രയോ അധികം ഇ-വായന (ഇന്റെർനെറ്റ് വായന/ ഇലക്റ്റ്രോണിക്ക് വായന) യാണ് നടക്കുന്നത്.പത്ര മാസികാദികൾ, ബ്ലോഗുകൾ, ഫേസ്ബുക്ക്-റ്റ്വിറ്റർ-ഓർക്കൂട്ട് തുടങ്ങിയ സോഷ്യൽ സൈറ്റുകൾ എന്നിങ്ങനെ വായനയുടെ ഇടങ്ങൾ നിരവധിയാണ്. ചെറിയ കുട്ടികളടക്കം ആധുനിക സമൂഹം (ആൺ-പെൺ വ്യത്യാസമില്ലാതെ) ഇതിൽ സജീവമായി പങ്കെടുക്കുന്നു. ദിനമ്പ്രതി പുതിയ ആളുകൾ ഈ കൂട്ടായ്മകളിലേക്ക് കയറിവരുന്നു. ലോകം മുഴുവൻ ഒരു ലൈബ്രറി ഹാളിലെന്നപോലെ ഒരുപാടുനേരം ചെലവഴിക്കുന്ന പ്രതീതി.കമ്പ്യൂട്ടർ മാത്രമല്ല ഐപാഡുകളും, പാം ടൊപ്പുകളും മൊബൈലുകളും വരെ ഇതിനെ സഹായിക്കുന്നുമുണ്ട്.
ഒരിക്കലും ഇ-സ്പെസിൽ വായന വായനമാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. വായന പങ്കുവെക്കലിലേക്കും എഴുത്തിലേക്കും നിമിഷാർദ്ധം കൊണ്ട് വികസിക്കുകയാണ്. അതിന്നുള്ള സാഹചര്യം നെറ്റ് വായനക്കൊപ്പം ഒരുക്കുന്നുണ്ട്. അധിക വായനയും പ്രതികരണവും അപ്പപ്പൊൾ ചെയ്യാനാവുന്നു.പ്രിന്റ് മീഡിയ ഇക്കാര്യത്തിൽ ഇപ്പോഴും വളരെ പിന്നിലാണെന്ന് കുറ്റപ്പെടുത്തുകയല്ല; മറിച്ച് സാങ്കേതിക സാധ്യതകൾ ചൂണ്ടിക്കാണിക്കുകയാണ്.
ഏതൊരു വായനയുടേയും സ്വാഭാവികമായ തുടർച്ച എഴുത്താണ്. പ്രതികരണമാണിത്. താൻ വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം എവിടെയെങ്കിലും രേഖപ്പെടുത്താതെ വായന സുഖകരമായി അവസാനിക്കുന്നില്ല എന്നതാണ് പ്രശ്നം. നല്ലൊരു കവിത/ കഥ/ ലേഖനം വായിച്ചു കഴിഞ്ഞാൽ അതിനെ കുറിച്ച് വളരെ നല്ലത്/ കുറേകൂടി നന്നാക്കാമായിരുന്നു/ എഴുതിയത് മുഴുവൻ ശരിയല്ല/ സമഗ്രതയില്ല തുടങ്ങി ഒരുപാടഭിപ്രായങ്ങൾ ഏതുവായനക്കാരനും തന്റെ വായനാസംസ്കാരം വെച്ച് പ്രതികരിക്കാനുണ്ടാകും. ഒപ്പം ഇരുന്ന് വായിക്കുന്നവരായി/ കൂട്ടുകാരുമായി / സമൂഹവുമായി വാമൊഴിയായും വരമൊഴിയായും പങ്കിട്ടുകൊണ്ടിരിക്കും.മെല്ലെ മെല്ലെ ഇതൊരു ചർച്ചയുടെ രൂപം പ്രാപിക്കുകയും വായനയുടെ നാനാ തലങ്ങളിലേക്ക് നമ്മെ ആനയിക്കുകയും ചെയ്യുന്നു. ആസ്വാദനത്തിന്റേയും വിമർശനത്തിന്റേയും അധിക ജാലകങ്ങൾ തുറക്കുന്ന ഒരവസ്ഥ നമ്മെ നല്ല വായനക്കാരനും ആസ്വാദകനും എഴുത്തുകാരനുമാക്കുന്നു.ഈ പ്രക്രിയകൂടി സുഗമമായി നടക്കുമ്പോഴേ വായന പൂർത്തിയാവുകയും വായിച്ചത് മനസ്സിലാക്കൽ/ ആസ്വാദനം/ ഉൾക്കൊള്ളൽ അർഥപൂർണ്ണമാവുകയും ചെയ്യുന്നുള്ളൂ. ഇതിന്നുള്ള സുഗമസാധ്യതകളാണ് ഇ-സ്പേസ് നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നത്.
ഇ‌-സ്പ്പെസിൽ  സോഷ്യൽനെറ്റുവർക്കുകൾ ഈ പ്രവർത്തനം സുസാധ്യമാക്കുന്നു. ബ്ലോഗ്, റ്റ്വിറ്റർ, ഫേസ്ബുക്ക്, ഓർകുട്ട്,ഡിസ്കഷൻഗ്രൂപ്പുകൾ,മൈ സ്പെസ്, ചാറ്റ്റൂമുകൾ,ബാങ്ങ്, ബീബൂ,മെയിലുകൾ, വേർഡ്പ്രസ്സ്,ബസ്സ്,ക്ലിക്കസൂ,കമ്മ്യൂണിക്കേറ്റ് തുടങ്ങി നൂറിൽധകം ഷെയറിടങ്ങൾ നിലവിലുണ്ട്.ഇതൊക്കെത്തന്നെയും വളരെ ചെറിയ റജിസ്റ്റ്രേഷൻ പ്രോസസ്സിലൂടെ നമുക്ക് പ്രവേശനം നൽകുന്നുമുണ്ട്. ഒരു നെറ്റ്പേജ് – വാർത്ത/ ലേഖനം/ കഥ/ കവിത/ എന്തുതന്നെയാണെങ്കിലും അതു വായിച്ചു തീരുന്നതോടെ തൊട്ടു താഴെ ഈ ഷെയറിടങ്ങളുടെ ലിങ്കുകൾ കാണാം.അതോടൊപ്പം തന്നെ ഉടൻ അഭിപ്രായം തുറന്നെഴുതാനുള്ള കമന്റ് ബോക്സുകളും കിട്ടും.വിഷയവുമായി ബന്ധപ്പെട്ട പ്രസക്തമായവ മാത്രമേ കമന്റുകളായി സ്വീകരിക്കൂ എന്നറിയണം. എന്നാൽ ഷെയറിങ്ങിൽ ഒരു വിലക്കുകളുമില്ല. ഐ.ടി.യുടെ നിയമപരമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന്  സർവ സ്വാതന്ത്ര്യത്തോടെയും നമുക്കിത് ചെയ്യാം. മറ്റുള്ളവർ നമ്മുടെ അക്കൌണ്ടിലേക്ക് ഷെയർ ചെയ്തവയും മറ്റു കമന്റുകളും ഒക്കെ ഒന്നോടി നടന്ന് പരിശോധിക്കുന്നതിലൂടെ ആ വിഷയത്തിലുള്ള, വിവിധ തലങ്ങളിൽ നിന്നുള്ള അധിക വായനകൾ സാധ്യമാകുകയാണ് ചെയ്യുന്നത്. തീർച്ചയായും ഇത് നമ്മുടെ വായനയെ വളരെയധികം വളർത്തിയെടുക്കും.നാമറിയാതെ നമ്മെ എഴുത്തുകാരനാക്കി മാറ്റും.
ഇങ്ങനെ വായിച്ചവയുടെ അനുഭവസമഗ്രതയിൽ നമുക്ക് സ്വതന്ത്രമായി, സ്വന്തമായി ഒരു കുറിപ്പ് തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും കഴിയുന്നതാണ് അടുത്തഘട്ടം. അത് സ്വന്തം ബ്ലൊഗറിലോ, വേർഡ്പ്രസ്സിലോ ചെയ്യാം. വായനക്കും എഴുത്തിന്നും പൂർണ്ണമായും കമ്പ്യൂട്ടർ തന്നെയാണിന്ന് മിക്കവരും ഉപയോഗപ്പെടുത്തുന്നത്. ഏതു ഭാഷയും എഴുതാനും വായിക്കാനും നമ്മുടെ കമ്പ്യൂട്ടറുകൾ സജ്ജമാണിന്ന്. മൊബൈൽ ഫോണുകളിൽ പോലും ഈ സംവിധാനം ഒരു പരിധിവരെ വന്നു കഴിഞ്ഞു. എഴുത്തിന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴുള്ള സാധ്യതകൾ പറയേണ്ടതില്ലല്ലോ. ഏറ്റവും മികവാർന്ന കുറിപ്പുകളും ലേഖനങ്ങളും നമുക്ക് നിർമ്മിക്കാൻ കഴിയുന്നു. HTML സാധ്യത ഓരോ വാക്കിനും വരിക്കും ഹൈപ്പർലിങ്കുകൾ നൽകാനും നമ്മുടെ ആശയങ്ങളെ/ ഉള്ളടക്കത്തെ ആധികാരികവും വിശദവും ആക്കിത്തീർക്കാനും സഹായിക്കുന്നു. ചിത്രങ്ങളും വീഡിയോകളും ശബ്ദഫയലുകളും സന്നിവേശിപ്പിക്കാൻ സാധിക്കുന്നു. ചുരുക്കത്തിൽ സാമ്പ്രദായിക എഴുത്തുരൂപങ്ങളിൽ നിന്നൊക്കെ വളരെ ഉയർന്ന നിലവാരത്തിലുള്ള രചനകൾ സാധ്യമാക്കുന്നു. വായന നാമറിയാതെ തന്നെ സർഗ്ഗാത്മക രചനയിലേക്ക് നമ്മെ നയിക്കുന്നു.