Showing posts with label LESSON. Show all posts
Showing posts with label LESSON. Show all posts

03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

  • ശിശുകേന്ദ്രീകൃതം
  • പ്രവർത്തനാധിഷ്ടിതം
  • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
  • ഭിന്നശേഷികൾ
  • ഭിന്ന നിലവാരക്കാരായ കുട്ടികൾ
  • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി.ഇ.യും, ടി.ഇ.യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
  • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
  • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
  • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
  • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
  • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
  • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു

20 January 2012

പട്ടാളക്കാരന്റെ കഥ


കഥയായാലും കവിതയായാലും ആസ്വാദനം ഏകമുഖമല്ല. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം യോജിപ്പിലും വിയോജിപ്പിലും ഉണ്ട്. രണ്ടും ആസ്വാദനം തന്നെ. എഴുതിക്കഴിയുന്നതോടെ രചന എഴുത്തുകാരനെ കൈവെടിയുന്നു. അത് സ്വന്തം തനിമയില്‍ വികാസം പ്രാപിക്കുന്നു. ഈ വികാസം വായനക്കാരനിലൂടെയാണ`. കാലങ്ങള്‍ കടന്നും ഇതു സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് രചനകള്‍ കാലാതിവര്‍ത്തിയാകുന്നത്.
പഠിക്കാനുള്ള ഒരു കഥ നമുക്കിവിടെ ഒരു ദാഹരണത്തിന്നായി പരിശോധിക്കാം.

പട്ടാളക്കാരന്റെ കഥ
[ പത്താം ക്ളാസ് മലയാളം കേരളപാഠാവലിയില്‍ 'പട്ടാളക്കാരന്‍' എന്നകഥ അവലംബിച്ച് ]
പാഠപുസ്തകത്തിലെ ഒരു പാഠം എന്ന നിലയില്‍ ഈ കഥ ചര്‍ച്ചചെയ്യുമ്പോള്‍ അധ്യാപകന്ന്
  • യുദ്ധ ഭീകരത അനുഭവിപ്പിക്കുന്ന ഒരു കഥ
  • പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥ - അരക്ഷിതാവസ്ഥ
  • യുദ്ധ വിരുദ്ധ സന്ദേശം ഉല്പ്പാദിപ്പിക്കുന്ന ഒരു കഥ
  • യുദ്ധം മനുഷ്യരെ അനാഥരാക്കുന്ന സന്ദര്‍ഭങ്ങള്‍ - യുദ്ധ പരിണതികള്‍
  • കഥാ ശില്പ്പത്തിന്റെ മനോഹാരിത
  • സാഹിത്യകാരനെ കുറിച്ചും സാഹിത്യരൂപത്തെ കുറിച്ചുമുള്ള അറിവുകള്‍
  • ഭാഷാപരമായ സവിശേഷതകള്‍
തുടങ്ങിയ സംഗതികളില്‍ ഊന്നല്‍ നല്കേണ്ടതുണ്ട്. ഈ ഒരു ഫ്രയിമില്‍ നിന്നേ ക്ളാസില്‍ സ്വാഭാവികമായും ചര്‍ച്ചകള്‍ ഉണ്ടാവൂ.
എന്നാല്‍ കഥ സ്വതന്ത്രമായി ആസ്വദിക്കുന്ന ആള്‍ക്ക് [ കുട്ടിക്ക്] ഇതിനപ്പുറമുള്ള ഒരു ചില വൃത്തങ്ങളിലേക്ക് അറിയാതെ വായിച്ചു കയറേണ്ടതായി വരാം. അവിടെ അത് മൗലികമായ ആസ്വാദനത്തിന്റെ മേഖലകളിലേക്ക് വായനക്കാരനെ ചെന്നെത്തിക്കും.

മറ്റൊരു വായന

സൗജന്യങ്ങള്‍ കുറവെങ്കിലും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമായ ഒരു കാലഘട്ടത്തില്‍ - 1950 കളില്‍- കേരളീയരായ യുവജനങ്ങള്‍ സര്‍ക്കാര്‍ ജോലിമോഹിക്കാന്‍ തുടങ്ങിയിരുന്നു. റയില്‍വേയിലും മിലിട്ടറിയിലും ഇവര്‍ക്ക് ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നു താനും. ഒരു ശരാശരി മലയാളി യുവാവിന്ന് പട്ടാളക്കാരനാവുക എന്നത് വലിയൊരാഗ്രഹമായിരുന്നു. [ വീട്ടില്‍ നിന്ന് 'ചാടിപ്പോയി ' പട്ടാളത്തില്‍ ചേര്‍ന്നവര്‍ എത്രയെന്നോ!] റയില്‍വേ, സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന ജോലികള്‍ എന്നിവയെക്കാളൊക്കെ അധികമായി പട്ടാളക്കാരനാകാന്‍ യുവാക്കള്‍ ആഗ്രഹിച്ചിരുന്നു എന്നു തോന്നും. ജീവിത - കുടുംബ സുരക്ഷ പട്ടാളക്കാരനാവുന്നതോടെ കൈവരുമായിരുന്നു. ചെലവ് കഴിച്ച് ശമ്പളം, പെന്‍ഷന്‍, ചികില്‍സാ സൗജന്യങ്ങള്‍ , യാത്രാ സൗജന്യങ്ങള്‍...തുടങ്ങിയുള്ള സംഗതികള്‍ ഇതു ശരിയെന്നും കാണിച്ചിരുന്നു. പട്ടാളക്കാരന്റെ രണ്ടു മാസത്തെ ലീവ് ജീവിതം ഏതൊരു യുവാവും ഇക്കാലത്ത് സ്വപ്നം കണ്ടിരുന്നു എന്നു പറയാം. പട്ടാളക്കാരന്റെ വീരശൂര കഥകള്‍ അവന്ന് സമൂഹത്തില്‍ വലിയൊരംഗീകാരം നേടിക്കൊടുത്തിരുന്നു. അവന്റെ ദൈനംദിന അനുഭവങ്ങള്‍ ഈ 'ഠ' വട്ടം പ്രദേശത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിസ്തൃതിയിലേക്ക് വളര്‍ത്തിയിരുന്നു. ആസാമും, ലഡാക്കും, ജബല്‍പ്പൂരും, ...... എല്ലാം ഏതു കുഗ്രാമങ്ങള്‍ക്കും പരിചിതവും അയലുമായിരുന്നു. യുദ്ധഭൂമികള്‍ മുഴുവന്‍ പരിചിതങ്ങളായിരുന്നു. യുദ്ധ സാഹസികതകള്‍, വൈകാരിക സന്ദര്‍ഭങ്ങള്‍ , സുഖ ദു:ഖങ്ങള്‍ എല്ലാം ആബാലവൃദ്ധം ജനങ്ങള്‍ക്കും സ്വാനുഭവങ്ങളായിരുന്നു. [ കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റേയും പട്ടാളക്കഥകള്‍ വേറൊരു തലം വരച്ചുകാണിക്കുന്നുണ്ട് - വായിച്ചു നോക്കുമല്ലോ]
ഈയൊരു പശ്ചാത്തലത്തിലാണ്` നാം 'പട്ടാളക്കാരന്' വായിക്കേണ്ടത്. അനാഥനായ , തെണ്ടിയായ ഒരു യുവാവ് പട്ടാളക്കാരനാവുന്നതോടെ അയാള്‍ സനാഥനും ഉത്തരവാദിത്വമുള്ളയാളുമായി രൂപാന്തരം കൊള്ളുകയായിരുന്നു. ആത്മാഭിമാനമുള്ള, സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ തയാറാവുന്ന മനുഷ്യനാവുകയായിരുന്നു. കഥാകാരന്‍ പറയുന്നപോലെ ' ജീവിതത്തിന്ന് പിടിപ്പും കനവും വന്നു' . സ്വന്തമായൊരു മുഴുപ്പേരുപോലും ' രാമന്‍ നായര്‍' പട്ടാളക്കാരനായ ശേഷം കൈവന്നതാണയാള്‍ക്ക്![ അല്‍പ്പം കഴിഞ്ഞ് ജൂനിയര്‍മാര്‍ 'നായര്‍ സാബ്' എന്നു വിളിക്കുന്നതോടെ ഈ സ്ഥിതി വീണ്ടും ഉയരുകയായി!]
ഒരു കഥ എന്ന നിലയില്‍ സ്വാഭാവികമായും രാമന്‍ നായരുടെ ജീവിതം ഉയര്‍ച്ച താഴ്ച്ച കളിലൂടെ മുന്നോട്ട് പോകയാണ്`. ലീവില്‍ നാട്ടിലെത്തല്‍ , വിവാഹം, പട്ടാളത്തിലേക്ക് - യുദ്ധം-മടക്കം, മരണം...... തുടങ്ങിയ സന്ദര്‍ഭങ്ങളിലൂടെ. കഥാകാരന്‍ അതത്രയും ഭാവോജ്വലമാക്കിയിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
പട്ടാളക്കാരന്റെ ജീവിതത്തിന്റെ രണ്ടുമുഖങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു കഥാകാരന്‍.

ഒന്ന് ] യുദ്ധത്തിന്റേയും വേര്‍പാടിന്റേയും അനിശ്ചിതത്വത്തിന്റേയും.
രണ്ട് ] സനാതത്വത്തിന്റേയും സ്വത്വത്തിന്റേയും സുരക്ഷയുടേയും.

ഈ രണ്ടു വഴികളിലൂടെയും ഈ കഥ വായിക്കാനാകും. ഇത് പട്ടാളമെന്ന - യുദ്ധമെന്ന പശ്ചാത്തലത്തിന്റെ സവിശേഷതയാണ്`. റയില്‍വേ, പോസ്റ്റല്‍ [ സെണ്ട്രല്‍ ഗവണ്‍മെന്റ്] തുടങ്ങിയവായിരുന്നു പശ്ചാത്തലമെങ്കില്‍ ഇത്രയും സാധ്യത കൈവരുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ജോലികളായിരുന്നെങ്കില്‍ സാധ്യതകള്‍ ഇനിയും പരിമിതപ്പെട്ടേനേ.
പട്ടള [ യുദ്ധ] സഹചര്യത്തിന്ന് ഇനിയും തലങ്ങളുണ്ട്. യുദ്ധത്തിന്റെ നിഷേധ വശങ്ങള്‍ ഒക്കെത്തന്നെ [ നശീകരണം,ക്രൂരത, മരണം, ജയില്‍, ശിക്ഷ, അനാഥത്വം, ..... ] യാഥാര്‍ഥ്യമെന്നിരിക്കിലും പിന്നൊരു മറുവശവുമുണ്ട്. അതില്‍ പ്രധാനമായവ

പട്ടാളക്കാരന്റെ കുടുംബത്തിലും ചുറ്റുപാടും ഉണ്ടാവുന്ന ആത്മാഭിമാനം
രാജ്യസ്നേഹത്തിന്റെ ഭാഗമായി ഉളവാകുന്ന ജനതയിലെ ഐക്യബോധം
ആരോഗ്യ- വാര്‍ത്താവിനിമയ രംഗത്ത് ഉളവാകുന്ന പുതിയ കണ്ടെത്തലുകള്‍
രാജ്യ സുരക്ഷയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ജന ജാഗ്രതകള്‍
ചെലവ് ചുരുക്കല്‍ ശീലങ്ങള്‍ - ആര്‍ഭാടങ്ങള്‍ മുഴുവന്‍ ഒഴിവാക്കല്‍

എന്നിങ്ങനെയാണല്ലോ. ഇതില്‍ ഏതു മുഖം കഥയില്‍ അവതരിപ്പിക്കണം എന്ന തീരുമാനം തികച്ചും കഥാകാരന്റെ തന്നെയാണ്`. അതിനെ ക്കുറിച്ച് വിമര്‍ശിക്കാനോ അഭിപ്രായം പറയാന്‍ പോലുമോ വായനക്കാരന്ന് അവകാശമില്ല.
എന്നാല്‍ കഥ ഒരു സൃഷ്ടിയായി ത്തീരുന്നതോടെ ആയത് സ്രഷ്ടാവിനെ കൈവെടിയുകയും വായനക്കാരെ പ്രാപിക്കുകയും ചെയ്യുകയാണ്`. വായനക്കാരന്‍ ഉള്ളടക്കത്തെ ഭിന്ന മാനങ്ങളില്‍ , ഭിന്ന കാലങ്ങളില്‍, ഭിന്ന സാഹചര്യങ്ങളില്‍ വായിച്ചുകൊണ്ടേയിരിക്കും. അവിടെവെച്ചെല്ലാം കഥ പുനര്‍രചനക്ക് വിധേയമാവുകയാണ്`. വായനക്കാരന്‍ കഥ മാറ്റിയെഴുതിക്കൊണ്ടേ ഇരിക്കുകയാണ്`. എല്ല്ലാ നല്ല കഥകളുടേയും [ കാലാതിവര്‍ത്തികളായ ] ജീവിതം ഇതാണ്`.
അങ്ങനെയെങ്കില്‍ ' പട്ടാളക്കാരന്‍' ഇനി ഒന്നു കൂടി വായിച്ചു നോക്കൂ. ക്ളാസില്‍ ടീച്ചര്‍ പറഞ്ഞതു മാത്രമാണോ ഈ കഥ?


05 July 2011

കവിത-അകവും പുറവും



‘യാത്രാമൊഴി’ എന്ന പേരിൽ പത്താംക്ലാസിൽ ഈ ഭാഗം കുട്ടികൾക്ക് പഠിക്കാനുണ്ട്. ആസ്വാദനത്തിന്റെ അധികമാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ചില പ്രവർത്തനങ്ങളും ചർച്ചയും ക്ലാസുകളിൽ ഉണ്ടാവട്ടെ.

കവിത വായന-കാവ്യാസ്വാദനം, ഉപരിതലത്തിൽ നിന്നും കുറേകൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ശരിയായ ലാവണ്യാനുഭവം വായനക്കാരന്ന് ലഭിക്കുന്നത് എന്നറിയാമല്ലോ. കവിതക്ക് പഠനസൌകര്യത്തിന്നായി അകവും പുറവും ഉണ്ടെന്നു സങ്കൽ‌പ്പിച്ചാൽ പുറം പദ-വാക്യ ഭംഗികളാണ് . അകം എന്നു പറയുന്നത് അതിലടങ്ങിയ അർഥ-ധ്വനി-രസ ലാവണ്യങ്ങളാണ്.
തൊക്കെക്കൂടി സൃഷ്ടിക്കുന്ന ദാർശനികചിന്തകളും അകം തന്നെ. ഈ തലങ്ങളിൽ കടന്നുചെല്ലാനാവുമ്പോഴാണ് കുട്ടിക്ക് കവിതാ/ കഥാസ്വാദനം അർഥപൂർണ്ണമാകുന്നത്.

പദങ്ങളിൽ നിന്ന് ദർശനത്തിലേക്ക്
ചിന്താവിഷ്ടയായസീത 191 ശ്ലോകങ്ങളാണ്. താരത‌മ്യേന അവസാനഭാഗമാണ് പഠിക്കാനുള്ള ‘യാത്രാമൊഴി’ .
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.
സീതാകാവ്യം തുടങ്ങുന്നത് ഇങ്ങനെയാണ്. സീതയുടെ ‘അതിചിന്ത’കളാണ് ആശാൻ കുറിക്കുന്നത്. അതിയായ=ധാരാളമായ ചിന്ത എന്നതിനേക്കാൾ സാധാരണനിലയിൽ നിന്നും ഉയർന്ന ചിന്ത എന്നർഥമാണ് തുടർന്ന് വായിക്കുമ്പോൾ നമുക്ക് മനസ്സിലാവുക. ചിന്തയുടെ പരപ്പല്ല, ആഴമാണ് . എത്രയധികം ചിന്ത എന്നല്ല, എത്ര ഗൌരവമായ ചിന്ത എന്നാണ് ‘അതി’ യുടെ സൂചന. തപോവനത്തിൽ വ്രതചര്യകളിൽ പഴകിയ, വളരെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള ഒരു സ്ത്രീയുടെ ചിന്ത തീർച്ചയായും ‘അതി’യായിരിക്കും എന്നു കരുതുന്നത് അസ്ഥാനത്തല്ല. സീതയുടെ ഉജ്വലമായ ചിന്തകൾ അവസാനിക്കുകയും വേണ്ടപ്പെട്ടവരോട് യാത്രചോദിച്ച് ജീവിതത്തിൽനിന്ന് വിടവാങ്ങുകയുമാണ് (പാഠഭാഗത്ത്) ചെയ്യുന്നത്.
പ്രിയരാഘവ! എന്ന സംബോധനയോടെയാണ് യാത്രാമൊഴി ആരംഭിക്കുന്നത്. രാഘവൻ-എന്ന പദം ശ്രീരാമനെ മാത്രമല്ല സൂചിപ്പിക്കുന്നത്. രഘുവംശത്തെ മുഴുവനുമാണ്. പതിവ്രതയായ ഭാര്യ ഭർത്താവിനെ മാത്രമല്ല ഭർത്താവിൽ കാണുന്നത് . ആവംശത്തെ മുഴുവനുമാണ്. വ്യക്തിയേക്കാൾ പ്രധാനം വംശംതന്നെ. രഘുവംശത്തിലെ തിളക്കമാർന്ന ഒരു കണ്ണിമാത്രമാണല്ലോ ശ്രീരാമൻ. അതുകൊണ്ടുതന്നെ ‘പ്രിയ‘ എന്നത് വംശത്തോടുള്ള ‘പ്രിയം’കൂടി കാണിക്കാനാണ്. ദിലീപൻ മുതൽ ശ്രീരാമൻ വരെയുള്ള മഹത്തായ ഒരു വംശപരമ്പര സീതയുടെ സംബോധന ശ്രവിക്കുകയാണ്.
‘പ്രിയം’ ആശാന് വളരെ പ്രിയപ്പെട്ട ഒരു പദമാണെന്ന് കാണാം.പ്രിയഭാവം, പ്രിയചേഷ്ട തുടങ്ങി പലയിടങ്ങളിൽ ഈ കാവ്യത്തിൽതന്നെ ആശാൻ ഈ പദം പ്രയോഗിക്കുന്നുണ്ട്. 191 ശ്ലോകങ്ങളിലായി 10 ലധികം തവണ ‘പ്രിയം’ വരുന്നു. ഈ പദത്തോടുള്ള ആശാന്റെ സവിശേഷ’പ്രിയം’ തന്നെ ‘പ്രിയ രാഘവ!‘ യിലും ഉള്ളത്.
സീത കാവ്യത്തിലുടനീളം ശ്രീരാമനെ, പ്രിയൻ, രാഘവൻ, നൃപൻ എന്നൊക്കെയേ വിളിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. വംശപ്രിയം/ വംശത്തോടുള്ള ആദരവ്/ വംശബോധ്യം തുടങ്ങിയ സ്ഥിരതകളാണിത് കാണിക്കുന്നത്. ശ്രീരാമന്റെ പര്യായങ്ങളായി സാധാരണ ഉപയോഗിക്കാറുള്ള മറ്റൊന്നും സീത പരിഗണിക്കുകയും ചെയ്യുന്നില്ല. ഇതു ശ്രദ്ധേയമായ മറ്റൊരു സംഗതിയായി നിരീക്ഷീക്കാം.

…ഉയരുന്നൂ ഭുജശാഖ വിട്ടു ഞാൻ വിടപറയുകയാണ്. അനുവാദം ചോദിക്കലല്ല. തീരുമാനമാണ് (ഉയരുന്നൂ..) സീത അറിയിക്കുന്നത്. പ്രിയമുണ്ടെന്നതുകൊണ്ട് ആരും അനുവാദം കിട്ടേണ്ട അവസ്ഥയിലാവുന്നില്ല / ആവേണ്ടതില്ല എന്നു തന്നെയാണ് സൂചന. ജീവിതാനുഭവങ്ങൾ സീതാദേവിയെ അതിനുപ്രാപ്തയാക്കുന്നു. ഇതിഹാസനായിക തീർച്ചയായും അങ്ങനെയാവണം എന്നും നാം ആഗ്രഹിക്കും.സമൂഹത്തിൽ എന്നും സ്ത്രീക്ക് പുരുഷന്റെ പിന്നിലാണ് സ്ഥനം നൽകാറുള്ളതെങ്കിലും സാഹിത്യത്തിലെ സമൂഹത്തിൽ പുരുഷനോടൊപ്പമോ അതിലധികമോ സ്ഥാനം സ്ത്രീക്കുണ്ടെന്ന് (‘സാഹിത്യത്തിലെ സ്ത്രീ‘ എന്ന പാഠഭാഗം നോക്കുക) മുണ്ടശ്ശേരി നിരീക്ഷിക്കുന്നുണ്ട്. പ്രിയം,അഭിമാനം, സഹായം (ഭുജശാഖ)എന്നിവ സീതയുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്നില്ല. ‘അഭിമാനിനിയാം സ്വകാന്തയിൽ’ എന്നുതന്നെയാണ് സീത നേരത്തേയും പറഞ്ഞിട്ടുള്ളത്. സ്വാഭിമാനം തിരിച്ചറിയുന്നതോടെ സ്ത്രീ അടിമയല്ലാതാവുകയാണ്. സ്വതന്ത്രയാവുകയാണ്. ഈ സ്വാതന്ത്ര്യം നേടലാണ് ജീവിതലക്ഷ്യം. ഇത്രയും കാലം നൽകിയ സംരക്ഷണം (ഭുജശാഖ) മറക്കുന്നില്ല. ഭുജശാഖ ഞാനാണ് വിടുന്നത്. (നേരത്തെ അങ്ങ് ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ ഉപാധികളോടെ തിരികെ വിളിക്കുകയാണ്. സ്വീകരിക്കുകയാണ്.പക്ഷെ, ഞാൻ ഭുജശാഖ കൈവിടുന്നു.) അതിന്നുള്ള ശേഷി കൈവരുമ്പോൾ തീർച്ചയായും ആരും അതു ചെയ്യണം / ചെയ്തിരിക്കും എന്നുകൂടി അറിയിക്കുകയാണ് മഹാകവി.

സ്വയമദ്യോവിലൊരാശ്രയം വിനാ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ സൂചകമാണ് ‘ദ്യോവ്’=ആകാശം. ആകാശത്തിന്നുമപ്പുറം,ആകാശത്തിന്നും മുകളിലുള്ള അതിനേക്കാൾ സ്വതന്ത്രമായ ഒരിടമാകുന്നു ദിവം.ദിവം സ്വർഗ്ഗമാകുന്നു.ഭൂമിയേക്കാൾ സുഖമായ സ്വപ്നഭൂമിയാണ് ഇത്.മാനവസങ്കൽ‌പ്പത്തിലെ ഏറ്റവും വിമലമായ ഇടം. ഈ ദിവത്തിന്റെ വിശദീകരണം ആകുന്നു അടുത്ത ശ്ലോകം. ജീവിതക്ലേശങ്ങളുടെ ‘മണ്ണ്’ ഇവിടെയില്ല. ദിനരാത്രങ്ങളില്ല. ശാന്തമാകുന്നു. അനഘമാകുന്നു.ആദിധാമമാകുന്നു. ഇത്രയും വിശേഷങ്ങളുള്ള ഒരു സ്വപ്നലോകമാകുന്നു സീത എത്തിപ്പെടുമെന്ന് വിശ്വസിക്കുന്ന ആകാശം.ദിനരാത്രങ്ങൾ വെളിച്ചവും ഇരുട്ടും തന്നെ. ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സീതാകാവ്യത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ‘ഇരുളും മെല്ലെ വെളിച്ചമായ് വരാം’ എന്ന പ്രതീക്ഷ ഉടനീളം സീത ജീവിതത്തിൽ കൊണ്ടുനടക്കുന്നുണ്ട്. ഭൂമിയിൽ ഇതു സാധ്യമാകുന്നത് നിത്യപരിചയം കൊണ്ടാണ്. എന്നാൽ ആകാശത്തിൽ-ദിവം-ഇത് സ്വാഭാവികാവസ്ഥയാണ്. ദിനരാത്രികളില്ല എന്നതുകൊണ്ട് ദിനം-വെളിച്ചം മാത്രമേ ഉള്ളൂ എന്നോ രാത്രി-ഇരുട്ട് മാത്രമേ ഉള്ളൂ എന്നോ വിവക്ഷയില്ല. ശാന്തിയാണ്. അവിടെ ദിനവും രാത്രവും ഇല്ല. ശാന്തിയിൽ സുഖ ദുഖ:ങ്ങളില്ല. നിത്യശാന്തി മാത്രം. ഭൂമിയുടെ മറ്റൊരു സ്വഭാവം അല്ല; പുതിയൊരു ലോകം ആണ് ദിവം.അവിടെ ഭൂമിയിലെ മാനദണ്ഡങ്ങൾ ഒന്നും ഇല്ല. തികച്ചും പുതിയ മാനദണ്ഡങ്ങൾ. അതുകൊണ്ടുതന്നെ അത് അനഘവും ആദിധാമവുമാകുന്നു എന്ന് സീത കരുതുന്നു. ഭൂമിയാകട്ടെ അഘപൂർണ്ണവും ആദിധാമത്തിൽ നിന്ന് പിന്നീട് രൂപപ്പെട്ടുവന്നതും.അതുകൊണ്ടുതന്നെയാണു ‘ഭജമാനൈകവിഭാവ്യമിപ്പദം‘ എന്ന കൽ‌പ്പന.ശാശ്വതം, സത്യം തുടങ്ങിയ സംവർഗങ്ങൾ ഏറ്റവും ഇണങ്ങുന്ന ഒരു സ്ഥാനം ആണിത്. ‘പദം’ എന്നാണ് കവി പ്രയോഗിക്കുന്ന പദം. പദം ഒരു ലോകമല്ല. ഒരു അവസ്ഥയാണ്. അതു മനുഷ്യൻ സ്വയം എത്തിപ്പെടേണ്ടതാണ്. ജീവിതാനുഭവങ്ങളാണ് ഇതിന്ന് കളമൊരുക്കുന്നത്. ജീവിതാനുഭവങ്ങളിൽ നിന്നുണ്ടാകുന്ന അറിവാണ് ഇതിന്ന് ശക്തിനൽകുന്നത്. ഒളിച്ചോട്ടവും സാധ്യമല്ല എന്നു സീതക്കറിയാം. അതാണ് ‘രുജയാൽ പരിപക്വസത്വനായ്,നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്‘ എന്ന വാക്യം. ശാന്തിയുടെ ലോകം അനുഭവങ്ങളിലൂടെ നേടേണ്ടതാണ്. അനുഭവവും ചിന്തയും മാത്രമാണിതിന്ന് കൂട്ട്.അനുഭവങ്ങളെ വിശകലനം ചെയ്യലും അതിൽനിന്ന് അറിവുകൾ രൂപീകരിക്കലും തന്നെയാണു ‘ഭജന’.ഭജിക്കുന്നവർക്കുമാത്രം സങ്കൽ‌പ്പിക്കാവുന്നതും എത്തിച്ചേരാവുന്നതുമായ പദം=അവസ്ഥയാണിത്. ഇതു രണ്ടും ഒരു പക്ഷെ, ശ്രീരാമനേക്കാൾ മുൻപേ സീതാദേവിക്കുണ്ടായി എന്നും കരുതാനാണ് ഈ വിടപറയലിന്റെ സൂചനകൾ നമ്മെ അറിയിക്കുന്നത്.

അജപൌത്ര! സീതാദേവി യാത്രാമൊഴി അവസാനിപ്പിക്കുകയാണ്. ഇവിടെ സംബോധന ‘അജപൌത്ര’ എന്നാണ്. ഇനി ഒരിക്കൽകൂടിയേ സീത ശ്രീരാമനെ സംബോധനചെയ്യുന്നുള്ളൂ. അത് ‘അനഘാശയ’ എന്നാണുതാനും.ആദ്യം മുതലുള്ള ഈ സംബോധനകൾ തന്നെ സീതാദേവിയുടെ ദർശനപരമായ വികാസം പ്രകാശിപ്പിക്കുന്നതാണ്. കാവ്യാനുശീലനത്തിൽ ഇതും (‘സംബോധനകളുടെ സൌന്ദര്യം’) നാം പഠിക്കേണ്ടതാണ്.
അജമഹാരാജാവിന്റെ പുത്രൻ ദശരഥൻ, ദശരഥപുത്രൻ ശ്രീരാമൻ. ഇതാണ് വംശാവലി. പ്രിയപ്പെട്ടവളുടെ വിരഹം കഠിനമായി അനുഭവിച്ചവനാണ് അജരാജാവ്. അജപത്നിയായ ഇന്ദുമതി, ഒരിക്കൽ അജനുമൊത്ത് ഉദ്യാനത്തിൽ ഇരിക്കുമ്പോൾ നാരദമഹർഷിയുടെ തംബുരുവിൽനിന്നും അടർന്നുവീണ പൂവിതൾ മാറിൽകൊണ്ട് മരിച്ചുപോകുന്നു. കാളിദാസൻ രഘുവംശമഹാകാവ്യത്തിൽ (എട്ടാം സർഗ്ഗം) ഈ കഥ വിസ്തരിക്കുന്നുണ്ട്. ‘അജവിലാപം’ അതിപ്രശസ്തമായ ഒരു കാവ്യഖണ്ഡമാണ്.
ഭർത്താവിന്ന് ഭാര്യയോടുള്ള അനിതരസാധാരണമായ സ്നേഹത്തിന്റെ കഥയാണ് അജവിലാപം. ആ ‘അജമഹാരാജാവിന്റെ പൌത്രൻ‘ എന്ന സംബോധന സീതവിട്ടുപ്പോകുമ്പോൾ സ്വാഭാവികമായും ശ്രീരാമനുണ്ടാകനിടയുള്ള വിപുലമായ ഖേദത്തെ സൂചിപ്പിക്കുന്നു. സീതക്കതറിയാം. എന്നാലും വിട്ടുപോകാതിരിക്കാൻ ആവില്ലെന്നും സീതക്കറിയാം.(…….പാവയോയിവൾ!/ എൻ മനവും ചേതനയും വഴങ്ങിടാ/ തുടങ്ങിയ വാക്യങ്ങൾ തുടർന്നു വരുന്നുണ്ട്) അജമഹാരാജാവിന്റെ വിലാപത്തിലെ ഒരു വാക്യം ‘കഥമേകപദേ നിരാഗസം, ജനമാഭാഷ്യമിമം മ മന്യസേ- (ഇന്ദുമതി) ഒരക്ഷരം പോലും പറയാതെ പോയതെന്തേ എന്നാണ്. ഇവിടെ സീത കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊണ്ടാണ് വിടപറയുന്നത്.മുത്തച്ഛനുണ്ടായ അനുഭവം അല്ല ശ്രീരമന് എന്നർഥം. ഇന്ദുമതിയുടെ വേർപാടോടെ അജൻ ‘ സ വിവേശപുരീം തയാവിനാ/ ക്ഷണദാപായ ശശാങ്കദർശന:‘ (അമ്പിളി വിട്ടുപോയ രാത്രിപോലായിത്തീർന്നു). എന്നാൽ ശ്രീരാമന്ന് ആ അവസ്ഥയില്ല.
രുജയാൽ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!
എന്ന വ്യക്തതയുണ്ട്. ഇരുൾനീങ്ങിയുള്ള സുപ്രഭാതങ്ങൾ (അല്ലെങ്കിൽ ദിനരാത്രങ്ങളൊഴിഞ്ഞ അവസ്ഥതന്നെ) ഇവിടെ സീത ദീർഘദർശനം ചെയ്യുന്നുണ്ട്.

കുമാരനാശാനൊപ്പവും മുൻപും പിൻപും ഒരുപാട് ‘വിടവാങ്ങൽ‘ കാവ്യഭാഗങ്ങൾ നമ്മുടെ കാവ്യലോകത്തുണ്ട്. വിടപറയൽ ഒരു പക്ഷെ, മനുഷ്യജീവിതത്തിലെ ഏറ്റവും ഉജ്വലമായ ഒരുസന്ദർഭമാകുന്നു. വൈലോപ്പിള്ളിയുടെ ഒരു കവിതയുടെയും കാവ്യസമാഹരത്തിന്റേയും പേർതന്നെ ‘വിട’ എന്നാണ്. നമ്മുടെ ക്ലാസിക്ക്, നിയോക്ലാസിക്ക് കാവ്യങ്ങളിലൊക്കെ വളരെ ഉപരിപ്ലവമായ വിടകൾ കാണാം. ഇടപ്പള്ളിയുടെ കവിതകൾ തൊട്ട് ഇങ്ങോട്ടും ആധുനിക കവികൾവരെ (‘യാത്രാമൊഴി‘ എന്ന പേരിൽ‌പ്പോലും ) ഈ സന്ദർഭം ഭിന്ന മാനങ്ങളിൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിൽനിന്നൊക്കെ വ്യത്യസ്തമായി ആശാൻ‌കവിത വളരെ ഉയർന്ന ദാർശനികമാനങ്ങളോടെയും കാവ്യസൌന്ദര്യത്തോടെയും ഇന്നും നിലനിൽക്കുകയാണ്.




25 May 2011

ആഹാരത്തിന്റെ ഉള്ളടക്കങ്ങൾ

(Published in Mathsblog on 26-05-11)

(പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറും’ എന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ കുറിക്കുന്നു. )

ഉപദംശപദേ തിഷ്ഠൻ
പുരാ യം ശിഗ്രുപല്ലവ:
ഇദാനീ മോദനസ്യാപി
ധുരമുദ്വോഢുമീഹതേ.

യം ശിഗ്രുപല്ലവ പുരാ ഉപദംശപദേ തിഷ്ഠൻ ! ഇദാനീം ഓദനസ്യാ ധുരം ഉദ്വോഢും അപി ഈഹതേ!
യം=യാതൊരു
ശിഗ്രുപല്ലവ:= മുരിങ്ങയില
പുരാ= പണ്ട്
ഉപദംശപദേ= ഉപദംശത്തിന്റെ (തൊട്ടുകൂട്ടാനുള്ളത്)സ്ഥാനത്ത്
തിഷ്ഠൻ= ഇരുന്നു (ന്നിരുന്നു)
ഇദാനീം= ഇപ്പോൾ
ഓദനസ്യാ= ചോറിന്റെ (മേൽ)
ധുരം= നുകം (വെച്ച്)
ഉദ്വോഢും= കയറുന്നു (കയറാൻ)
അപി ഈഹതേ= പരിശ്രമിക്കുന്നു(?)

സന്ദർഭം-കഥ: