Showing posts with label HOBBY. Show all posts
Showing posts with label HOBBY. Show all posts

29 August 2015

വായന ഒഴിവുസമയ വിനോദമല്ല


നിങ്ങൾ ഒഴിവുസമയം ചെലവഴിക്കുന്നതെങ്ങനെ? നിങ്ങളുടെ ഒഴിവുസമയ വിനോദം എന്ത്? എന്താണ് നിങ്ങളുടെ ` ഹോബി [ hobby] ?
ക്ളാസിൽ ഇപ്പോഴും അദ്ധ്യാപിക ചോദിക്കുന്ന ഒരു ചോദ്യമാണിത്.
കുട്ടികള്ക്ക് ഉത്തരം പറയാൻ ഒരു പ്രയാസവുമില്ല ഇന്നേവരെ.
ടി. വി. കാണൽ, സിനിമ, പന്തുകളി, ക്രിക്കറ്റ്, വായന, ചിത്രം വരയ്ക്കൽ , പാചകം , അടുക്കളത്തോട്ടം , ചാറ്റിങ്ങ് , ഇന്റെര്നെറ്റ്, വിക്കിപീഡിയ, സ്റ്റാമ്പ് ശേഖരണം, ...... ഉത്തരം റെഡിയാണ്`.
ഒരാൾ ആഹ്ളാദത്തിനുവേണ്ടി ഒഴിവുസമയങ്ങളിൽ സ്ഥിരമായി ചെയ്യുന്ന പ്രവൃത്തിയാണ്` ഹോബി. മേല്പ്പറഞ്ഞതൊക്കെ 'ഹോബിയാണെങ്കിലും വായന ഇക്കൂട്ടത്തിൽ നിന്ന് മാറ്റേണ്ടകാലം സ്കൂൾ കുട്ടികളുടെ കാര്യത്തിൽ അതിക്രമിച്ചിരിക്കുന്നു എന്നു തീർച്ച .

പ്രവർത്തനാധിഷ്ഠിതമായ ക്ളാസ്‌‌മുറിയിൽ നടക്കുന്ന അറിവ് നിർമ്മാണം കുട്ടിയുടെ മുൻകയ്യിലാണ്` നടക്കുന്നത്. അദ്ധ്യാപിക മെന്ററുടെ [mentor]റോളിൽ ഒപ്പം ഉണ്ട് . ഏതുവിഷയവും ഏതുപാഠവും രൂപീകരിച്ചിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്`. അതുകൊണ്ട് ഓരോ പ്രവർത്തനങ്ങളും പാഠപുസ്തകത്തിനപ്പുറത്തേക്ക് നീളുന്നുണ്ട്. ആ നീളം കുട്ടിയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്`. അനുഭവങ്ങളാകട്ടെ നേരനുഭവങ്ങൾ മാത്രമല്ല. നേരനുഭവങ്ങളേക്കാൾ കുട്ടിക്കും [ മുതിർന്നവർക്കും ] വായനാനുഭവങ്ങളാണ്` അധികം എപ്പോഴും.

പാഠപുസ്തകത്തിനപ്പുറത്തേക്ക് അവശ്യം നീളുന്ന പ്രവർത്തനമാണ്` വായന. അധികവായനയല്ല ; അവശ്യവായനയാണ്`. പാഠപുസ്തകങ്ങൾ ഇതിനെ ' അധികവായനക്ക് ' എന്നു കുറിയ്ക്കും. അധികവായനക്ക് എന്നു സൂചിപ്പിച്ചവകൂടി വായിച്ചാലേ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണരൂപത്തിൽ ചെയ്യാനാവൂ. കഥാപാത്രനിരൂപണം, ആസ്വാദനക്കുറിപ്പ്, താരതമ്യക്കുറിപ്പ്, കവിയുടെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് മനസ്സിലാക്കിയെഴുതൽ തുടങ്ങി സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവക്കും , എല്ലാ വിഷയങ്ങൾക്കും ഈ 'അധികവായന ' ആവശ്യമാണ്`.
വായന , ജ്ഞാനവൃത്തിയാണ്`, ഉള്ളടക്കം സംഗ്രഹിക്കലാണ്`, ഭാഷ ഉൾക്കൊള്ളലാന്`, വിവരങ്ങളും ആശയങ്ങളും പങ്കുവെക്കലാണ്`.

അപ്പോൾ ഇത് കാണിക്കുന്നത് വായന പഠനപ്രവർത്തനമാണ്` എന്നാണ്`. ഒഴിവുസമയ വിനോദമോ അധികവായനയോ അല്ല. വേണമെങ്കിൽ വായിക്കാമെന്ന സൗജന്യം ഇല്ല. വായിച്ചേ തീരൂ. കഥകൾ, കവിതകൾ, നോവലുകൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ, ശാസ്ത്രലേഖനങ്ങൾ, ചരിത്രകൃതികൾ, ദാർശനിക ഗ്രൻഥങ്ങൾ , നിരവധി വിഭാഗത്തിൽ പെട്ട ഉപന്യാസങ്ങൾ, ദിനപത്രങ്ങൾ, വാരികകൾ .... അങ്ങനെ. അതാണ്` പഠനം. ക്ളാസിൽ നിന്നു കിട്ടുന്നതും ഇങ്ങനെവായിച്ചുകിട്ടുന്നതും ഒക്കെ ക്ളാസിൽ പങ്കുവെക്കാനും വികസിപ്പിക്കാനും വ്യക്തത വരുത്താനും ക്ളാസിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.

അറിവ് സൃഷ്ടിക്കുന്നതിലെ പ്രക്രിയയാണ്` വായന. ഒഴിവുസമയ വിനോദമല്ല അറിവ് നിർമ്മാണം. കുട്ടിയുടെ നിത്യജീവിതത്തിന്റെ സുപ്രധാനമായ ഘടകമാണിത്. ക്ളാസ്റൂം പ്രവർത്തനങ്ങളുമായി ഒട്ടിച്ചേർന്നതാണ്`. പഠനമികവിന്ന് അവശ്യമാണ്`. പഠനപ്രക്രിയയുടെ ഭാഗമാണ്`. ഒഴിവുസമയത്തല്ലാത്തപ്പോഴൊക്കെ നടക്കുന്ന പഠനപ്രക്രിയകളിൽ വായന ഉണ്ട്. കുട്ടിയുടെ / മുതിർന്നവരുടേയും ജീവിതം ഒരിക്കലും ഹോബിയല്ലല്ലോ.