11 March 2020

ആനന്ദവർദ്ധനനുള്ള പ്രണയാലോകം



പ്രണയം  എത്ര ഞൊറിയെടുത്താലും തീരാത്ത പുടവയാണ്. പ്രണയം  മനസ്സിൽ നിന്നോ  ശരീരത്തിൽ നിന്നോ അഴിച്ചെടുക്കും തോറും വർദ്ധിതമായി ബാക്കിനില്ക്കുന്ന സൂക്ഷമാവരണവുംതുടക്കം പോലെത്തന്നെ അവസാനവും ഇല്ല. പ്രപഞ്ചം പോലെ അവ്യാകൃതം. അസാന്നിദ്ധ്യമെന്ന അവസ്ഥ ഇല്ലാത്തത്സാന്നിധ്യൈകമാത്രം . ആരോ പറഞ്ഞുകേട്ടപോലെ Nothing is mysterious , no human relation – Except LOVE .  ഇവിടെ നാമരൂപങ്ങളും  ക്രിയാരൂപങ്ങളും  എല്ലാം  വ്യവസ്ഥകൾക്ക് പുറത്ത്. അഥവാ, പുതുവ്യവസ്ഥകൾ  തീർത്ത്  നവീകരിച്ചത് . അറ്റുപോകുന്ന തന്നെത്തന്നെ  സ്വയം  പുനരാവിഷ്ക്കരിക്കുന്നത്. സ്വയമേ കവിതയായി നിശ്ശബ്ദമായ മന്ത്രോച്ചാരണം പോലെ ഇരുപേർ ലോകത്ത് മാത്രം നടക്കുന്ന വിനിമയം . ഇരുവരേയും  അകൈതവത്തോടെ പ്രബുദ്ധരാക്കുന്ന മന്ത്രസംഹിത . മാനുഷികമായ ഏതൊരു വിനിമയത്തിന്റേയും  ലക്ഷ്യം . അവനവനിലേക്കുള്ള അടയാത്ത വാതിൽ.  

ഇരുപേർ ലോക വിനിമയമാണ് സുഷമ ബിന്ദുവിന്റെ കവിതകളിൽ  [ ആൺകോന്തി സമാഹാരം ] നമുക്ക്  മനസ്സിലാക്കാനാവുക. മുപ്പതോളം  കവിതകളാണിതിൽ . കവിതകൾ എന്നതിനേക്കാൾ  തോറ്റങ്ങൾ  , മന്ത്രങ്ങൾ  എന്നൊക്കെപറയവുന്ന വാങ്മയം. നിശ്ശബ്ദമായ ഉച്ചാരണം. പുറത്ത് കേൾക്കാവുന്ന മൂല മന്ത്രത്തോടുകൂടിയ ആരാധന

നിശബ്ദമായ ആദ്യ ഭാഗം  

''  പേരുപറഞ്ഞാൽ ഔഷധഗുണം കുറയുന്ന ഇലകളെക്കുറിച്ച് നീ കേട്ടിട്ടില്ലേ ? മിണ്ടിയാൽ കയ്ക്കുന്ന മിണ്ടാമിണ്ടിക്കയകളെ കുറിച്ച്നിന്നോടുള്ള ഇഷ്ടം ഒരിക്കലും ഞാൻ പറയില്ല. നീയതൊട്ടറിയുകയുമില്ല. ഇനിയും ആവിഷ്ക്കരിക്കാത്ത ഒരൊറ്റവാക്കിൽ  ജീവിതം മധുരിച്ചുകൊണ്ടേയിരിക്കും... മിണ്ടാമിണ്ടിക്കായകളും  അവയുടെ വംശപരമ്പരകളും ഇനിയുമുണ്ടാകട്ടെ

അടിവരയിട്ട് മാറ്റിവെക്കുന്നു 
പരിഹാരമില്ലാത്ത സങ്കടങ്ങളുടെ 
പട്ടികയിലെഴുതിച്ചേർത്ത് 
നിന്നെയും.   '' 

[ ഒടുവിൽ നേരുപറയുന്നപോലൊരു കഥ
ആൺകോന്തി / പേജ് 39 
അടിവരയിട്ട് മാറ്റിവെക്കുന്നു എന്ന ഭാഗം സശബ്ദമായ മൂലമന്ത്രമാണ്. മിക്ക കവിതകളിലും രചനാസൂത്രം  പ്രവർത്തിക്കുന്നുണ്ട്. അതാണ് കഥ, കവിത, കുറിപ്പ് തുടങ്ങി നിലവിലുള്ള ഒരു ഭാഷാവ്യവഹാര സങ്കല്പങ്ങളിലും  നിൽക്കാതെ സ്വയം  ഒരു വ്യവഹാരവ്യവസ്ഥയായി   പരിണമിച്ച വാങ്മയം. പ്രണയോദീരണങ്ങളുടെ അൾട്ടിമേറ്റ് ഫോം .  

' ജലവിതാനങ്ങൾ ' തൊട്ടാണ് സമാഹാരം ആരംഭിക്കുന്നത്. ജലവിതാനത്തിന്റെ രൂപസ്വഭാവം  സമനിരപ്പാണ്. ആഴത്തിൽ വിഭിന്ന അളവെങ്കിലും  മുകളിൽ   , പ്രത്യക്ഷത്തിൽ  സമനിരപ്പാണ്. ഇളക്കം, തിരശ്ചീനത , ലംബമാനത , കാലം  എന്നിവയിലൊക്കെ എന്തെന്ത് മാറ്റങ്ങൾ വന്നാലും ജലവിതാനം  സമത്തിലാണ്. സമത നിലനിർത്തുന്ന ഏതോ ചാരുതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സുഷമബിന്ദു സമാഹാരം  തുടങ്ങുന്നത്. ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു സത്യപ്രസ്താവനയാണത്. വായിക്കും തോറും ചാരുത നിരുപാധികമായ പ്രണയം  / അന്യോന്യം  [ പ്രണയത്തിനു പകരം വെക്കാവുന്ന ഏറ്റവും നല്ല പദം  അന്യോന്യം ആണ്തന്നെയാണെന്ന്  ബോധ്യപ്പെടും. ചാരുതക്ക് അകമ്പടിയായി സർവസന്നാഹങ്ങളോടെ പ്രപഞ്ചം  ഒപ്പം ഉണ്ടാവും  [ അന്ധയായൊരു പെൺകുട്ടി പുഴ കടക്കുമ്പോൾ ] പ്രണത്തിന്റെ ലാവണ്യം  പൊലിപ്പിക്കും. നിരവധി പുഴകൾ  കടക്കാനുണ്ടെന്നും പലപുഴകൾ  കടന്നാണ് പ്രണയതീരത്തെത്തുന്നതെന്നും  പണ്ടെ പറഞ്ഞുകേട്ടതാണ്. അതൊക്കെ ചേർത്ത് വായിക്കുന്നതോടെ  കവിതയുടെ ജലവിതാനം ഇനിയും ഉയരും.  

പ്രണയം എല്ലാം പുതുക്കുന്നു എന്ന കാല്പ്പനിക സങ്കല്പ്പം ആധുനികകാലത്തും  പ്രവർത്തിക്കുന്നതായി കാണാം. പ്രണയം തന്നെ ചരിത്രപരമായി കാല്പ്പനിക സന്ദർഭങ്ങളിൽ ഉടലെടുത്ത അനുഭൂതികളിൽ ഒന്നായി മനസ്സിലാക്കാം. കാല്പനികാദ്യകാലത്ത് രതിക്കപ്പുറം  പ്രണയമില്ലകാല്പനികാനന്തരകാലത്തും  പ്രണയമില്ല.  ' കായിൻപേരിൽ പൂമതിക്കുവോർ ...' ആണ്. ചരിത്രപരമായി റൊമാന്റിക്ക് പീരിയേഡിലേ പ്രണയം നിലനിൽക്കു. മനോഘടന ആധുനികകവിതയിൽ സന്നിവേശിപ്പിക്കുകയാണ് സുഷമ ബിന്ദു. അതുകൊണ്ടുതന്നെ പുഴ ' അവൾ ഇറങ്ങുമ്പോൾ പുഴ  ഒരിക്കൽ മാത്രം   നനയാവുന്ന പ്രണയമാകുന്നു. കവിതക്കകത്ത് നിൽക്കുമ്പോൾ  നമുക്കത് മനസ്സിലാവുംകവിതക്ക് പുറത്ത് കടന്നാൽ ആധുനിക ജീവിത യുക്തികൾ  നമ്മെ ഭരിക്കും. അതുകൊണ്ടാവാം  കവിത കവിതക്കകത്തുനിന്ന്  വായിക്കണം എന്ന്  ഇതിലെ കവിതകൾ  നിർദ്ദേശിക്കുന്നുണ്ട്. ഉറവിടത്തിൽ ചെന്ന് ആസ്വദിക്കുക എന്നാണ് സമകാലപ്രമാണം. ഇതിന്റെ സങ്കീർണ്ണതയും  വേവലാതിയും  

'' പൂക്കുവാനാകുന്നില്ല 
അത്രമേലിന്നും നീയെൻ 
ഓർമ്മതൻ ഋതുക്കളിൽ  
ഗ്രീഷ്മമായ് ജ്വലിക്കുമ്പോൾ

എന്നെഴുതുമ്പോൾ  ഉണ്ടാവുംകവിതയിൽ നിന്നും  കവിതക്കാധാരമായ പ്രണയാനുഭൂതിയിൽ നിന്നും  പ്രണയഭാവത്തിന്റെ ചരിത്ര സ്ഥലിയിൽ നിന്നും  പുറത്ത് കടക്കാനാവുന്നില്ല . അപ്പൊഴെ  നല്ല പ്രണയ വാങ്മയം  ഉറവെടുക്കൂ.


ത്രികാലങ്ങളിൽ  മാറിമാറി സഞ്ചരിക്കുന്ന പ്രണയാനുഭവങ്ങൾ  സന്നിവേശിപ്പിച്ചിരിക്കുന്ന രണ്ടുകവിതകൾ  ''ഇതേകാലത്ത് '' സഹയാത്ര'' എന്നിവ പ്രത്യേകം  ശ്രദ്ധിക്കപ്പെടും. കാലബന്ധങ്ങളില്ലാത്ത പ്രണയാനുഭൂതികൾ  മലയാള കവിതയിൽ  ഇതുപോലെഒന്ന് ഇതേവരെ  ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരേ അനുഭവം  കാലാതിർത്തികളില്ലാതെ വേണമെന്ന ആഗ്രഹം  ജീവിതത്തിൽ സ്വാഭാവികമാണ്. അല്ലെങ്കിൽ  ഇന്നു അനുഭവിക്കുന്നവ ഇതേപോലെ നേരത്തേ അനുഭവിച്ചതാണെന്ന തോന്നൽ. ജന്മാന്തരാനുഭവങ്ങൾ  [ ജനനാന്തര സൗഹൃദാനി - കാളിദാസൻ ] എന്നൊക്കെ പറയാവുന്നവ. പ്രണയത്തിലാണിത് ഏറ്റവും  സ്വാഭാവികമായി കടന്നുവരിക. മുജ്ജന്മത്തിലും  ദമ്പതികളായിരുന്നുവെന്ന ജ്യോതിഷിവാക്യം  വിവാഹം, ദാമ്പത്യം എന്നിവക്ക് ബലം  വർദ്ധിപ്പിക്കുന്നുണ്ട്. അടുത്തജന്മത്തിലും ഇതേപോലെ .... എന്ന ആഗ്രഹം. ഇവിടെ  ഗാർഹസ്ഥ്യം [ ഇതേകാലത്ത് ]  , വാനപ്രസ്ഥം [ സഹയാത്ര ] എന്നീ രണ്ടവസ്ഥകളെയും  ജന്മാന്തരാനുഭവങ്ങളാക്കുന്നുണ്ട്. ആവർത്തിക്കാനുള്ള ആഗ്രഹം എന്ന നിലയിൽ എഴുതുന്നത്  എത്രയോ ആവർത്തിച്ചതാണല്ലോ എന്ന ഉറപ്പിൽ ആവാമല്ലോ. അതാണ് രണ്ടു കവിതകളെ   സവിശേഷതയുള്ളവയാക്കുന്നത്

ഭാഷ കെട്ടിയുറപ്പിക്കലാണ് എഴുത്ത്. ' വാരിധിയിലെ തിരമാല ' എന്ന രൂപകം  ഭാഷയുടെ അവ്യവസ്ഥയേയും  കെട്ടുറപ്പില്ലായ്മേയും നിർലോഭതയേയും   സൂചിപ്പിക്കുംഅയഞ്ഞതാണ് സ്വതവേ ഭാഷ. ഏതു ഭാഷയും  .അയവാർന്ന ഭാഷയെ തന്റെ രചനയിൽ  കെട്ടുറപ്പുള്ള വിനിമയമാക്കുകയാണ് ചെയ്യുന്നത്. അപ്പോഴാണ് ഭാഷാശില്പ്പത്തിൽ നിന്ന് ഒരു വാക്കുപോലും  മാറ്റിവെക്കാനാവില്ലെന്ന ഉറപ്പ് ഉണ്ടാവുന്നത്. പദാവലികൊണ്ടുള്ള ദൃഢശില്പ്പം. അർഥമായും  ധ്വനിയായും  നാനാർഥമായും  രൂപകമായും  ഒക്കെ വാക്കിനെ പ്രയോജനപ്പെടുത്തുകയാണ്

'' അകത്തുള്ള സമുദ്രങ്ങൾ  
മുഴുക്കെ ഞാൻ കടന്നിട്ടും 
പുറത്തുള്ള കയങ്ങളിൽ 
പിടഞ്ഞെന്നും മരിക്കുന്നു "

നല്ല കവിതയുടെ ഊർജ്ജം  വിരുദ്ധബലങ്ങളുടെ ഒരുമയാണെന്ന്  പറയാം. കറുപ്പും വെളുപ്പും വെവ്വേറെയായിട്ടല്ല ഇടകലർന്നും  പോരടിച്ചും  ഇണചേർന്നും  പൊട്ടിപ്പിരിഞ്ഞും  തന്നെയാണ് ഏതു ചെറിയ / വലിയ ജീവിതത്തിലുംജീവന്റെ മഹാസാധ്യതയാണിതെന്ന് കാണാംവിരുദ്ധബലങ്ങളിൽ  പ്രതി പ്രവർത്തിച്ച് ബലിഷ്ഠമായി മുന്നേറുന്ന ജീവൻ. കറുപ്പും വെളുപ്പും  / സത്യവും അസത്യവും  / യാഥാർഥ്യവും മിഥ്യയും  / നമയും തിന്മയും  ഒക്കെ ഒറ്റക്കൊറ്റക്കായിരുന്നെങ്കിൽ  മനുഷ്യജീവിതം  സർഗവ്യാപാരങ്ങൾക്ക്  പുറത്തായേനെ. സ്വർഗത്തിൽ നിന്നു പുറത്തുകടന്ന ആദിമാതാപിതാക്കൾ , നിലയ്ക്ക് മാനവസംസ്കൃതിക്ക് നൽകിയ വലിയൊരു സംഭാവനയാണ് കല

അവനവനുവേണ്ടിയല്ല നല്ലെഴുത്തൊന്നും. ആരെഴുതിയതും  നമുക്കുവേണ്ടിയാണെന്ന്  തോന്നും. അങ്ങനെ തോന്നിപ്പിക്കുന്നതാണ് പൊതുവെ നല്ലെഴുത്ത്. നമുക്കുവേണ്ടിയെന്ന് തോന്നിപ്പിക്കുന്ന നിർമ്മാണകൗശലമാണ്  സർഗാത്മകത.  ' ആർക്കോ വേണ്ടിയെഴുതിയത് എനിക്കെന്നപോലെ വായിച്ചെ' ടുക്കലാണ്. വികാരങ്ങളുടെ / അനുഭൂതികളുടെ സംക്രമണം മാത്രമല്ല; സർഗാത്മകതയുടെ പകർച്ച  കൂടിയാണത്. സുഷമബിന്ദു ഇത് കണ്ടെത്തുന്നത്  

പ്രണയത്തിൽ 
കവിതയേക്കാൾ  നേർത്ത 
സന്ദേശങ്ങളില്ലാത്തതുപോലെ 
മറ്റാരാധനാലയങ്ങളുമില്ല

എന്നെഴുതിയ കവിതയിലാണ്. കവിതയിൽ ഇതെഴുതിയെന്നേ ഉണ്ടാവൂ. എല്ലാ കവിതയും  ഇതുതന്നെയാണല്ലോ. അവനവനായുള്ള കവിത ഇല്ല. അഥവാ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താനാവാത്ത വാങ്മയമായിരിക്കും. ഉള്ളടക്കത്തിന്റെ രഹസ്യാത്മകതയല്ല  , പ്രകാശനത്തിന്റെ അസാധ്യതകൊണ്ട്. അസാധ്യമായ ഒരു പ്രകാശനാത്മകത . അതാരെങ്കിലും പ്രകാശിപ്പിക്കുന്നതുവരെ / പ്രകാശിപ്പിച്ചത് കണ്ടെത്തുന്നതുവരെ കാത്തിരിക്കയേ തരമുള്ളൂ
സടയൊതുക്കിയിരിക്കുകയാണൊരു 
ദമിതസാഗരം  കോളുകൊണ്ടുള്ളിൽ 


വായനാനുഭവം  കുറിപ്പ് 

ആൺകോന്തി