17 June 2021

വായനാദിനം - വാരം

 

വായനാദിനം - വാരം

പി.എൻ. പണിക്കർ

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം - പുസ്തകദിനം ആചരിക്കുന്നുണ്ട്. ലോകവായനാദിനം ഏപ്രിൽ 23 [ UNESCO]ആണ്. [ wiki mal]


വായന ഒഴിവുസമയ വിനോദമല്ല


നിങ്ങൾ ഒഴിവുസമയം ചെലവഴിക്കുന്നതെങ്ങനെ? നിങ്ങളുടെ ഒഴിവുസമയ വിനോദം എന്ത്? എന്താണ് നിങ്ങളുടെ ` ഹോബി [ hobby] ?

30 May 2021

കോവിഡ് സാഹചര്യത്തിൽ സ്കൂൾ -02

 

ശരീരവും മനസ്സും

    പൊതുവെ നമ്മുടെ ക്ളാസ് മുറികൾ സമ്മതിക്കാത്ത ഒരു സംഗതി - കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ് എന്നസത്യമാണ്. പഠനത്തിന്റെ ആദ്യാവസാന കർമ്മഭാഗം മനസ്സ് മാത്രമാണെന്നാണ് എന്നേ ശ്രദ്ധിച്ചിട്ടുള്ളൂ. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.

    ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .

    അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്.

    ആയതിനാൽ കുട്ടി ക്ളാസ് മുറിയിൽ നിന്നു മാത്രമല്ല അറിവ് ഉൽപ്പാദിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം. ക്ളാസ് മുറിയിൽ അപ്രധാനവും കെട്ടിയിട്ടതുമായശരീരം ക്ളാസിന്ന് പുറത്ത് പ്രധാനവും കെട്ടഴിച്ച് വിടപ്പെട്ടതുമായി മാറുന്നു. നിരവധി കാര്യങ്ങൾ കുട്ടി ചെത് പഠിക്കുന്നു. മാത്രമല്ല, ക്ളാസിൽനിന്ന് പഠിച്ച് കാര്യങ്ങൾ സ്വയം ചെയ്തുനോക്കി ലഭിച്ച അറിവിനെ പൂർണ്ണമാക്കുന്നു, അല്ലെങ്കിൽ നവീകരിക്കുന്നു. ഇപ്പോൾ കുട്ടികൾ ക്ളാസിന്ന് പുറത്താണ്. അതുകൊണ്ടുതന്നെ ശരീരവും മനസ്സും ഒന്നിച്ച് പ്രവർത്തിപ്പിക്കുന്ന പഠനപ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ട്.

    പലപ്രായത്തിലും പലക്ളാസിലും പല സ്കൂളിലും പഠിക്കുന്ന ഒരു ചുറ്റുവട്ടത്തെ കുട്ടികൾ [ 10-15 പേർ ] ആഴ്ചയിൽ 2-3 ദിവസം 2-3 മണിക്കൂർ നേരം ചുറ്റുവട്ടത്തുള്ള അദ്ധ്യാപകർ, വിവിധ മേഖലകളിൽ അറിവുള്ള ആളുകൾ [ അക്കാദമിക് ലോക്കൽ റിസോർസ് ] തികച്ചും സുരക്ഷിതമായി ഒന്നിച്ച് കൂടുകയും നന്നായി പ്ളാൻ ചെയ്ത പഠനപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്താൽ ഇക്കാലത്തെ പഠനസ്തംഭനം കുറേയൊക്കെ ഒഴിവാക്കാം. പ്രാദേശിക ഭരണകൂടം, സ്കൂളുകൾ , രക്ഷിതാക്കൾ എന്നിവരുടെ മേൽനോട്ടത്തിലും മുൻകയ്യിലും ഇത് - ലോക്കൽ റിസോർസ് സെന്റർ - നന്നായി ചെയ്യാം.

    സ്കൂളുകൾ സാധാരണപോലെ തുറന്നാലും ഈ സാധ്യത കുറേയൊക്കെ നിലനിർത്താൻ ഈ സെന്റർ ശ്രമിക്കുകയും ചെയ്യും. സ്കൂളിനകത്തും പുറത്തും പഠനാന്തരീക്ഷം നിലനിൽക്കും. അത് സമൂഹത്തിന്ന് വലിയ ഗുണം ചെയ്യും എന്നുറപ്പല്ലേ


ചിത്രം : ലൈബ്ററി സ്വീറ്റിന്റെ ബ്ളോഗിൽ നിന്ന്

തുടരും .......

26 May 2021

കോവിഡ് സാഹചര്യത്തിൽ സ്കൂൾ -01

 

    കോവിഡ് കാലം ശമിച്ചിട്ടില്ല. സ്കൂളുകൾ തുറക്കുന്നു. ഇനിയും തുറക്കാതെ വയ്യ. കുട്ടികൾ പൂർണ്ണമായും മടുപ്പിലാണ്. എത്ര കാലമായി സ്കൂൾ തുറക്കൻ കാത്തിരിക്കുന്നു. വീട്ടുകാർക്കും മടുത്തു. കുട്ടികളുടെ പഠനം ആകെ അലങ്കോലമായി. പഠിക്കാനുള്ള താൽപ്പര്യം പിന്നെ പിന്നെകുറയുകയാണ്. ഓൺലയിൻ ചെറിയൊരു വഴി മാത്രം തുറക്കുന്നു. സർക്കാർ/ അദ്ധ്യാപികമാർ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാലും ആവുന്നില്ല.

    സ്കൂൾ തുറക്കുമ്പൊഴെ സ്കൂൾ അനുഭവം കുട്ടിക്ക് കിട്ടൂ. മറ്റൊന്നും അതിനു പകരമല്ല. സ്കൂളിന്റെ പ്രാഥമികസ്വഭവം കുട്ടായ്മയാണ്. എല്ലാരും ഒന്നിച്ച് ഒപ്പം ചെയ്യുക. പഠനമായാലും കളിയായാലും ഭക്ഷണമായാലും. ഇത് സാധ്യമാകാൻ എന്തുചെയ്യാം എന്നാവണം ആലോചന. ഓൺലയിനായാലും ഒന്നിച്ച് ആവണം. എല്ലാരും ഇല്ലെങ്കിലും കുറച്ചെങ്കിലും. എപ്പൊഴുമില്ലെങ്കിലും ഇടക്കെങ്കിലും. ടീച്ചറും കൂടെക്കൂടി. നിലവിൽ ഓൺലയിൻ കുട്ടികളെഒറ്റപ്പെടുത്തി വെച്ചിരിക്കുന്നു. പാഠത്തിൽ നിന്നും, അദ്ധ്യാപികയിൽ നിന്നും

    സാങ്കേതികവിദ്യ സാമൂഹികത വർദ്ധിപ്പിക്കേണ്ടതിന്ന് പകരം തിരിച്ചാവുന്നത് പ്രയോഗത്തിലെ പോരായ്മയായിട്ടേ കാണാനാവൂ. നമ്മുടെ ഓൺലയിൻ പഠനം [ ഫസ്റ്റ് ബെല്ല് ] കുട്ടിയെ ശ്രദ്ധിക്കുന്നതിന്ന് പകരം സാങ്കേതികവൈദഗ്ദ്ധ്യത്തേയും അതിന്റെ പൊലിമകളേയും ശ്രദ്ധിക്കാൻ തിടുക്കപ്പെട്ടു എന്നു പറഞ്ഞാൽ തെറ്റാവില്ല

 

ചിത്രം  : ലൈബ്രറി സ്വീറ്റിന്റെ ബ്ളോഗിൽനിന്ന്

    കഴിഞ്ഞ വർഷവും ഇപ്പൊഴും ഈ വിഷയത്തിൽ [ കുട്ടികളുടെ വിദ്യാഭ്യാസം ] ധാരാളം ആലോചനകൾ നടക്കുന്നുണ്ട്. പത്രമാധ്യമങ്ങളിലും ഓൺലയിൻ തലത്തിലും പൊതുവിദ്യാഭ്യാസ താൽപരരായ ആളുകൾ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. പലതരത്തിലുള്ള പരിഹാരനിർദ്ദേശങ്ങളും മാതൃകകളും ശ്രമിക്കുണ്ട്. ഇവയിലൊക്കെ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് പ്രാദേശികമായി സംഘാടനം ചെയ്യപ്പെടുന്ന സ്കൂൾ മാതൃകകളാണ്. ഗ്രാമപഞ്ചായത്തുകൾ / നഗരസഭ കേന്ദ്രീകരിച്ചുകൊണ്ടാണിത് നടപ്പാക്കുന്നത്. അല്ലെങ്കിലും ഹൈസ്കൂൾ തലം വരെയെങ്കിലും വിദ്യാഭ്യാസത്തിന്റെ ചുമതല പ്രാദേശികതലത്തിലായിരിക്കണം. അത് നേരിട്ട് ചെയ്യാനാവണം.

    ഒരു ഗ്രാമപഞ്ചായത്ത് - അവിടെയുള്ള സ്കൂളുകൾ , അദ്ധ്യാപകർ, കുട്ടികൾ , വിഭവങ്ങൾ എന്നിവയുടെ സമഗ്രതയിലാവണം വിദ്യാഭ്യാസം. 10-15 കുട്ടികളുടെ ഗ്രൂപ്പുകൾ, അദ്ധ്യാപകർ , രക്ഷിതാക്കൾ, ത്രിതലപഞ്ചായത്ത് സംവിധാനങ്ങൾ , ഔദ്യോഗിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാദേശിക പഠന കേന്ദ്രങ്ങൾ സജീവമാകുകയാണ് നല്ലൊരു പോംവഴി. 10-15 കുട്ടികളുള്ള ചെറുപഠനഗ്രൂപ്പുകൾ [ എൽ.പി, യു.പി, ഹൈസ്കൂൾ എന്നിവ വെവ്വേറെയും പലപ്പോഴും ഒന്നിച്ചും ഇരുന്നുള്ള പഠനപ്രവർത്തനങ്ങൾ ] നന്നായി പ്ളാൻചെയ്ത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. പുതിയ കാലത്ത്പുതിയ സ്കൂൾ എന്നായിരിക്കണം ചർച്ചയുടെ കാതൽ .

ചർച്ച തുടരും .....