08 May 2013

പ്രവേശനോത്സവം കുറിപ്പ്


വിദ്യാലയവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സ്നേഹപൂര്‍ണ്ണമായ വാക്കുകളും അലങ്കാരങ്ങളും സമ്മാനങ്ങളും മധുരവും തന്നെയാണ് ഉചിതമായ സ്വീകരണം. അദ്ധ്യാപകരും രക്ഷിതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും ഒക്കെ ചേര്‍ന്നുള്ള സ്വീകരണം. ഏതൊരുകുട്ടിക്കും അത്രമാത്രം അവിസ്മരണീയമായിരിക്കും തീര്‍ച്ച .

എന്നാല്‍ ഈ മധുരം ആദ്യ ദിവസത്തോടെ മിക്കയിടത്തും അസ്തമിക്കുന്നു. സ്കൂള്‍ ദൈനം ദിന കാര്യങ്ങളില്‍ ആദ്യ ദിവസ മധുരം പലപ്പോഴും നിലനിര്‍ത്താനാവാറില്ല. അങ്ങനെ വരുമ്പോള്‍ പ്രവേശനോത്സവം വെറും ചടങ്ങായി മാറുന്നു. കുട്ടികളുടെ കാര്യത്തില്‍ 'ആന കൊടുത്താലും ആശകൊടുക്കരുത് ' എന്നാണല്ലോ പഴമൊഴി.
അതുകൊണ്ടുതന്നെ സാധ്യമാക്കാവുന്ന 'ആശയും ആവേശവും ' കൊടുക്കാനും സാധിതമാക്കാനും പ്രവേശനോത്സവങ്ങളില്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന തീരുമാനത്തിലെത്തണം . അതിന്നായി സ്കൂളിന്റെ തനത് നിലയും സാധ്യതകളും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിപാടികളും പ്രവേശനോത്സവത്തില്‍ ഉണ്ടാവണം . അതാവും മികച്ച 'മധുരം ' - കുട്ടിക്കും നാടിന്നും.

അതുകൊണ്ട്
മെയ് അവസാനത്തോടെ
പി.ടി.എ മുതലായവ വിളിച്ചു ചേര്‍ത്ത് നന്നായി ആസൂത്രണം ചെയ്യണം . പ്രവേശനോത്സവം ഒരു വെറും ചടങ്ങല്ല. തുടര്‍ച്ചയും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പരിപാടികളും ഉള്ളതാവണം. നല്ലരീതിയില്‍ ഡോക്യുമെന്റേഷനും ആയത് ഹരിശ്രീ പത്രത്തിലേക്കും മറ്റും നല്‍കുകയും വേണം .

അങ്ങനെ
ആദ്യദിവസം അരനേരം ഇതിന്നായി മാറ്റിവെക്കണം. തുടര്‍ന്ന് 4-5 ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 2 മണിക്കൂര്‍ പ്രവേശനോത്സവ പരിപാടികള്‍ തുടരണം. അവ

  1. സ്കൂളിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നവ
  2. സ്കൂളിന്റെ മികവുകള്‍ പരിചയപ്പെടുത്തുന്നവ
  3. ഈ വര്‍ഷത്തെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നവ
  4. കുട്ടികളുടെ മികവുകള്‍ / പോരായ്മകള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നവ
എന്നിങ്ങനെയാവണം .

അതിന്ന്

  • സ്വാഗതഗാനം, അലങ്കാരങ്ങള്‍ , പ്രത്യേക അസംബ്ളി , മധുരം...
  • കഴിഞ്ഞകാലങ്ങളില്‍ സ്കൂളില്‍ നടന്ന പ്രധാന പരിപാടികളുടെ ഫോട്ടോ - വീഡിയോ - പ്രിന്റ് - ചുമര്‍ മാസിക - പോസ്റ്റര്‍ പ്രദര്‍ശനം [എന്റെ സ്കൂള്‍ ഏറ്റവും മികച്ചത് ]
  • പഠനോപകരണ വിതരണം
  • അദ്ധ്യാപകര്‍ കുട്ടികള്‍ക്കു മുന്നില്‍ സ്വയം പരിചയപ്പെടുത്തുന്നു [ താല്പര്യമുള്ള മേഖലകള്‍, സന്നദ്ധതകള്‍ , ഈ വര്‍ഷം ചെയ്യാനാഗ്രഹിക്കുന്ന സവിശേഷ പരിപാടി … ]
  • ലാബ് -ലൈബ്രറി -ഓഫീസ് -സ്റ്റാഫ്റൂം പരിചയം
  • രക്ഷിതാക്കള്‍ , അദ്ധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ കലാപരിപാടികള്‍ [ വളരെ ചുരുക്കി]
  • ശാസ്ത്ര- സാഹിത്യ- ചരിത്ര -ഗണിത മേഖലകളിലെ പുതിയ ആകാശങ്ങള്‍ പരിചയപ്പെടുത്തല്‍ [ പഠന മോഹം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ]
  • മുന്‍വര്‍ഷത്തെ വിജയികളെ അനുമോദിക്കല്‍
  • ഈ വര്‍ഷത്തെ വിജയലക്ഷ്യപ്രഖ്യാപനം
  • പരിസര ദിനാചരണം [ വൃക്ഷം , പരിസരം, ജാഥ... ..... ]
  • സ്കൂള്‍ വിഭവ രേഖ - എല്ലാ കുട്ടികളുടേയും ശേഷികള്‍ , ആഗ്രഹങ്ങള്‍ [ കല- കായികം- തൊഴില്‍- സാഹിത്യം -ശാസ്ത്രം -ചരിത്രം - ചിത്രം ] എന്നിവയുടെ മാപ്പിങ്ങ്. [ക്ലാസ് തല രേഖകള്‍ തയ്യാറാക്കല്‍ ] സ്കൂള്‍ തല ക്രോഡീകരണം. ഇതൊക്കെ ഉപയോഗപ്പെടുത്തി സ്കൂള്‍ വാര്‍ഷിക പദ്ധതികളുടെ രൂപീകരണം - പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ കലണ്ടര്‍ - പൊതു അവതരണം. ജൂണ്‍ ആദ്യ ദിവസം മുതല്‍ തന്നെ കുട്ടികള്‍ക്ക് അവരവരുടെ മേഖലയില്‍ മികവ് വരുത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് അവസരം നല്‍കാം. ഓരോ പരിപാടിക്കും അപ്പപ്പോള്‍ കുട്ടിയെ വിളിക്കുകയല്ല ; മറിച്ച് നേരത്തേ തയ്യാറാക്കി വെക്കല്‍ സാധിക്കണം
  • അമ്മമാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സദ്യ [ സാധ്യതയനുസരിച്ച്]

2 comments:

drkaladharantp said...

സ്കൂള്‍ വിഭവ രേഖ - എല്ലാ കുട്ടികളുടേയും ശേഷികള്‍ , ആഗ്രഹങ്ങള്‍ [ കല- കായികം- തൊഴില്‍- സാഹിത്യം -ശാസ്ത്രം -ചരിത്രം - ചിത്രം ] എന്നിവയുടെ മാപ്പിങ്ങ്. [ക്ലാസ് തല രേഖകള്‍ തയ്യാറാക്കല്‍ ] സ്കൂള്‍ തല ക്രോഡീകരണം. ഇതൊക്കെ ഉപയോഗപ്പെടുത്തി സ്കൂള്‍ വാര്‍ഷിക പദ്ധതികളുടെ രൂപീകരണം -
ഈ നിര്‍ദ്ദേശം ഇഷ്ടമായി

ali said...

വളരെ ഇഷ്ടമായി മാഷ്.
നാളെ സ്റ്റാഫ് മീറ്റിംഗ് കൂടുമ്പോള്‍ ചര്‍ച്ചചെയ്യാന്‍ കുറെയധികം ആശയങ്ങള്‍ കിട്ടി