28 January 2013

കലോത്സവമാന്വല്‍ പരിഷ്കരിക്കുമ്പോള്‍ [1]....[3]

-->
കലോത്സവമാന്വലിന്റെ മുഖവുരയില്‍ : പഠിതാവിന്റെ ധൈഷണികവും കലാപരവും കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം ചെയ്യുന്നത് .
അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും സംയോജിതമായ രീതിശാസ്ത്രവും തദനുസൃതമായ നിയമാവലിയും രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
ഇതോടൊപ്പം അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ സംഗതികളില്‍ പരിഹാരങ്ങളും സൂചിപ്പിക്കുന്നുണ്ട്.

പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പാഠ്യപ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും നിയമാവലിയും - എന്നു പറയുന്നത് ഈ മാന്വലില്‍ വിവരിക്കുന്നപോലെയാണെന്നാണോ നാം മനസ്സിലാക്കേണ്ടതു? തീര്‍ച്ചയായും ഈ രംഗത്തെ വിദഗ്ദ്ധര്‍ പരിശോധിക്കാന്‍ ഇനിയും വൈകിക്കൂടാ എന്നു തോന്നുന്നു.

പ്രക്രിയയില്‍ അധിഷ്ഠിതവും പ്രശ്നപരിഹാരങ്ങളില്‍ ഊന്നിനില്‍ക്കുന്നതും ശിശുകേന്ദ്രീകൃതവുമായ പാഠപ്രവര്‍ത്തനങ്ങളാണ്` ഇന്ന് നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം പ്രക്രിയാധിഷ്ഠിതമായ ജ്ഞനനിര്‍മ്മിതിയാണ്`. അതാകട്ടെ സമൂഹവുമായി ഇടപെട്ടുകൊണ്ടുള്ള , അനുഭവങ്ങളില്‍ അടിയുറപ്പിച്ച പ്രക്രിയകളില്‍ അടിയുറച്ചു നിലനില്‍ക്കുന്നതും.
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളും [ വിവിധ ക്ളബ്ബുകള്‍,ദിനാചരണങ്ങള്‍ , ലാബ്-ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പ്- പഠനയാത്രകള്‍, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ ] സ്കൂളുകളില്‍ സജീവമാണ്`. ഇവയുടെ ഒരു തുടര്‍ച്ചയോ വിപുലീകരിച്ച പ്രവര്‍ത്തനമോ ആയി കലോത്സവങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 14-15 വയ: പരിധിയില്‍പെട്ട കുട്ടികളുടെ കലോത്സവങ്ങള്‍ മുതിര്‍ന്നവരുടെ കലാമത്സരങ്ങളെപ്പോലെ സംവിധാനം ചെയ്ത ഭാവന മാന്വലിന്റെ മുഖവുരയില്‍ പറയുന്ന ലക്ഷ്യങ്ങളെ 'ഏട്ടിലെ പശു'വാക്കുന്നു. മുതിര്‍ന്ന മനുഷ്യന്റെ ചെറുപതിപ്പല്ലല്ലോ കുട്ടി.

കലോത്സവങ്ങള്‍ ക്ളാസുകളിലും തുടര്‍ന്ന് സ്കൂള്‍ ഒന്നിച്ചുമാണ്` പ്രാഥമികമായി നടത്തപ്പെടേണ്ടത്. തുടര്‍ന്നത് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ കൂടി ആവാം. അത്രത്തോളമേ കുട്ടിക്ക് എത്തിപ്പെടാനാവൂ. ഇത് പറയുന്നത് മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെയൊക്കെ അനുഭവം അവരുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കണം എന്നതുകൊണ്ടാണ്`. ഇന്നത് അവരുടെ അവകാശവുമാണല്ലോ.

പ്രക്രിയാധിഷ്ഠിതമായ കലോത്സവം

കുട്ടി മുന്‍കൂട്ടി പഠിച്ചുവന്ന ഒരു കലാരൂപത്തിന്റെ അവതരണമല്ല കലോത്സവത്തില്‍ ഉണ്ടാകേണ്ടത്. മലയാളപദ്യം ചൊല്ലല്‍ മത്സരം നടത്തുന്നത് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഒന്നിച്ചിരുത്തി കുറേ നല്ല കവിതകള്‍ നല്കി അതില്‍ ചിലത് നന്നായി ചൊല്ലിക്കൊണ്ടായിരിക്കണം.കവിതകള്‍ തെരെഞ്ഞെടുക്കുന്നതിലും, അനുയോജ്യമായ ഈണം നല്കുന്നതിലും , അവതരണക്രമം തൊട്ടുള്ള സംഘാടനപരിപാടികളിലും കുട്ടികളുടെ മുന്‍കയ്യു വേണം. കവിതയെ കഥയാക്കുക, കഥാപ്രസംഗമാക്കുക, തിരക്കഥയാക്കുക , നൃത്തരൂപമാക്കുക, നാടകമാക്കുക തുടങ്ങിയ സാധ്യതകളും കുട്ടികള്‍ കണ്ടെത്തും. കഥാ രചയിലോ ഉപന്യാസരചനയിലോ ഏര്‍പ്പെടുന്ന കുട്ടികള്‍ അവരുടെ അരങ്ങില്‍ ഇതുപോലുള്ള സാധ്യതകള്‍ ആലോചിക്കും. തീര്‍ച്ചയായും അതില്‍ സഹായിക്കാനായി അദ്ധ്യാപകരുടെ സാന്നിധ്യവും വേണം. ഓരോ അവതരണത്തിനും മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം. കുട്ടികള്‍ തന്നെ കഴിയുന്നത്ര വിധികര്‍ത്താക്കളുമാവണം. കുട്ടികള്‍ തന്നെ ഇതൊക്കെയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയയോ അധികപ്രവര്‍ത്തനമായോ ഇതു രൂപംകൊള്ളും. ഉപന്യാസം, കഥ, കവിത, കഥപറയല്‍, മോണൊആക്ട്, ദേശഭക്തിഗാനം, സമസ്യാപൂരണം... തുടങ്ങി ആവശ്യമുള്ള ഇനങ്ങളൊക്കെ ഇങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ക്ളാസിലും സ്കൂള്‍ പൊതുവേയും അല്പ്പം കൂടി ഒരുക്കങ്ങളോടെ പഞ്ചായത്ത് തലത്തിലും ഇതു നടക്കും. മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ 'മത്സരങ്ങള്‍' ഒരിക്കലും പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, പഠനദിവസങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാക്കുകയാണുതാനും. മികച്ച ഇടപെടല്‍ നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും ഗ്രേസ് മാര്‍ക്കും ഒക്കെ വേണം. സര്‍ക്കാര്‍ ഇന്ന് ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരുഭാഗം ഇതിനൊക്കെയായി നീക്കിവെക്കുകയുമവാം.

മത്രമല്ല, ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് പ്രിന്റ് ചെയ്യുക, ബ്ളോഗുക, സ്കൂള്വിക്കിപോലുള്ള ഇടങ്ങളില്‍ സംഭരിക്കുക തുടര്‍ന്നും അതൊക്കെ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും വേണം. ഈ വര്‍ഷം പാലക്കാട് ജില്ലാ ഡയറ്റ് കുട്ടികളുടെ കലോത്സവ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് 'ഇളനീര്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും അതുമായി ബന്ധപ്പെട്ട ഒരു ദിവസ പഠക്യാമ്പ് അദ്ധ്യാപകര്‍ക്കായി നടത്തിയതും മികച്ച മാതൃകയാണല്ലോ.
ഇങ്ങനെ ചെയ്യുമ്പോള്‍ കലോത്സവങ്ങള്‍ 'മത്സരങ്ങളില്‍' നിന്ന് വിടുതിനേടുകയും പങ്കുവെക്കലിന്റേയും അറിവ് നിര്‍മ്മിതിയുടേയും മനോഹര സന്ദര്‍ഭങ്ങളിലേക്ക് കുതിച്ചുയരുകയും ചെയ്യും. ജ്ഞാനാര്‍ജ്ജനത്തിന്റേയും ജ്ഞാനപ്രകടനത്തിന്റേയും മഹോത്സവങ്ങള്‍ കൊടികയറും. മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തമുണ്ടാകും. രക്ഷിതാക്കളും മുഴുവന്‍ സമൂഹവും ഇതിനെ നല്ലത് എന്ന് തിരിച്ചറിയും . ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസപ്രവര്‍ത്തനമായി മാറും.

വലിയ കലകളെസംബന്ധിച്ച്

ശാസ്ത്രീയനൃത്തങ്ങള്‍, കഥകളി, കൂടിയാട്ടം തുടങ്ങിയ വലിയ കലകള്‍ [ ദീര്‍ഘകാല പരിശീലനവും പണച്ചെലവും ഉള്ളവ ] കുട്ടികള്‍ ആസ്വദിക്കാന്‍ പരിശീലിക്കുന്നത് ഇന്നത്തേതുപോലെ മത്സരങ്ങളില്‍ അവതരിപ്പിച്ചല്ല. കുട്ടികള്‍ അവരവരുടെ സാധ്യതകളും അഭിലാഷങ്ങളും വെച്ച് ഇതുകളെല്ലാം പഠിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പാഠ്യാനുബന്ധപ്രവര്‍ത്തനമെന്നനിലയില്‍ എല്ലാ കുട്ടികള്‍ക്കും ഇതിന്റെ അനുഭവങ്ങളും ആസ്വാദനഘടകങ്ങളും കിട്ടണം. അതിനുള്ള അവതരണങ്ങളും ചര്‍ച്ചകളും കലോത്സവങ്ങളില്‍ നടക്കണം. പ്രക്രിയാധിഷ്ടിതമായ , ആസ്വാദനത്തിലും പഠനത്തിലും വിമര്‍ശനത്തിലും ഊന്നിയ പഠനപ്രവര്‍ത്തനമായി ഇതൊക്കെയും നടക്കണം. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന കലോത്സവങ്ങളില്‍ ഇതിനൊക്കെയുള്ള സമയവും ഒരുക്കങ്ങളുമാണ്` വേണ്ടത്. ഇപ്പോള്‍ നടക്കുന്ന പോലുള്ള കലോത്സവങ്ങളിലെ കൂടിയാട്ടം കലാകരനെ , മോഹിനിയാട്ടം കലാകാരനെ - ഒന്നാം സ്ഥാനത്തെത്തിയവരെ നമ്മുടെ സാധാരണകുട്ടികള്‍ക്ക് അടുത്തുനിന്ന് കാണാനോ അനുമോദിക്കാനോ ആവതല്ല. സ്റ്റേജില്‍ നിന്ന് നക്ഷത്രങ്ങളായി അവര്‍ ഉയരുകയാണ്`. കുറ്റപ്പെടുത്തലല്ല ഇത്. ഇന്നത്തെ ശൈലി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം.

ലഭ്യമായ വലിയകലാകാരന്മാരെ സംഘടിപ്പിച്ച് അവരുടെ പ്രകടനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കണം. അവതരണത്തിനു മുന്പും പിന്പും കുട്ടികള്‍ അവരുമായി ഇന്ററാക്ഷന്‍സ് വേണം. മുന്‍ കൂട്ടിയുള്ള ഒരുക്കങ്ങള്‍ വേണം. സ്ളൈഡുകള്‍, വീഡിയോ, ഓഡിയോ, പ്രസ്ന്റേഷന്‍ സാധ്യതകള്‍ ഒരുക്കണം. നല്ലൊരു അവതരണം നന്നായി മനസ്സിലായി കണ്ടു - അനുഭവിച്ചു എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാവണം. കല മനുഷ്യജീവിതത്തെ സുന്ദരമാക്കാനുള്ള ഉപാധിയാണെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാവണം. മത്സരങ്ങളേക്കാള്‍ സൗഹൃദത്തിന്നും പങ്കുവെക്കലിനും പഠനോത്സാഹം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകണം. അതിനാവട്ടെ വരും വര്‍ഷങ്ങളില്‍ നമ്മുടെ കലോത്സവങ്ങള്‍.No comments: