മുതിര്‍ന്ന
ക്ളാസുകളില്‍ ഭാഷാപഠനപ്രവര്‍ത്തനങ്ങളിലൊന്ന്
കഥാപാത്രത്തിന്റെ സ്വഭാവം
മനസ്സിലാക്കുക എന്നതാണ്`.
മന:ശ്ശാസ്ത്രത്തിന്റെ
ഘടകങ്ങള്‍ ഉള്ള ഈ ആക്ടിവിറ്റി
പൊതുവേ രസകരമായാണ്` കുട്ടികള്‍
കാണുന്നത്.
കഥ,
കവിത, നോവല്‍
പഠനങ്ങളില്‍ പലപ്പോഴും
ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലൊന്ന്
കഥാപാത്രസ്വഭാവം എഴുതുക
എന്നതാണ്`. ഭാഷാ
വിഷയങ്ങളില്‍ പരീക്ഷകളിലും
ഇതു കുറച്ചധികം സ്കോര്‍
നല്കാറുണ്ട്. ഈ
കുറിപ്പ് നോക്കൂ:
പത്താം
ക്ളാസില്‍ മലയാളം പാഠങ്ങളില്‍
പഠിക്കനുള്ള 'എന്തൊക്കെയോ
നഷ്ടപ്പെട്ട ഒരാള്‍' എന്ന
കഥയിലെ നായകന്റെ സ്വഭാവം
എന്താണ്`? കഥ
ആരംഭിക്കുന്ന നിമിഷത്തിലെ
മനുഷ്യനാണോ ഇയാള്‍ കഥ
അവസാനിക്കുന്നിടത്തും?
അയാളിന്റെ എന്തെന്ത്
സ്വഭാവ സവിശേഷതകള്‍ നമുക്ക്
മനസ്സിലാക്കാന്‍ കഴിയുന്നു?
ഇതുപോലുള്ള ആലോചനകള്‍
കഥ വായിച്ചുകഴിഞ്ഞ ആസ്വാദകന്‍
സ്വയമേവ ചെയ്യുന്നുണ്ടോ?
കാവ്യാസ്വാദനത്തിന്റെ
ഒരംശം തന്നെയാണോ ഇതും?
ഒറ്റവരിയില്‍
എഴുതിയാല്‍ ഈ കഥയിലെ കഥാനായകന്റെ
[ അയാള്‍] സ്വഭാവം
: അനാഥരെ കുറിച്ച്
കാരുണ്യപൂര്‍വമായ മനോഭാവം
പുലര്‍ത്തുന്നയാളാണെന്ന്
തന്നെയാണ്`. കുട്ടിക്കാലത്തെ
പൂച്ചക്കുട്ടി സംഭവം മുതല്‍
ഇതുവരെയുള്ള കാര്യങ്ങള്‍
വെച്ച് നമുക്ക് മനസ്സിലാക്കന്‍
കഴിയും. ഒരല്പ്പം
വിശദീകരിച്ചാല്‍ കാരുണ്യപൂര്‍വമായ
മനോഭാവമുണ്ടെങ്കിലും
അയാള്‍ക്കത് നിര്‍വഹിക്കാനാവുന്നില്ല.
സാഹചര്യങ്ങള്‍
പലതും കാരണമാവുന്നു.
കുട്ടിക്കാലത്ത്
[പൂച്ചക്കുട്ടി]
വീട്ടുകാരുടെ
സമ്മതമില്ലാതെ അയാള്‍ക്ക്
ചെയ്യാനാവുന്നില്ല.
മുതിര്‍ന്ന്
വലുതായപ്പോഴും കുടുംബസാഹചര്യങ്ങള്‍
വിലക്കുന്നു. തെരുവില്‍
വെച്ചു കണ്ട കുട്ടിയെ കൂടെ
കൊണ്ടുപോന്ന് സംരക്ഷിക്കണമെന്നുണ്ട്.
ഭാര്യ അത് സമ്മതിക്കുന്നില്ല
എന്നത് നിസ്സാരമല്ല.
എന്നിട്ടും അയാള്‍
തിരിച്ചു ചെന്ന് കുട്ടിയെ
അന്വേഷിക്കുന്നുണ്ട്.
കുട്ടിയെ മറ്റൊരുത്തര്‍
സംരക്ഷിക്കാനായി കൊണ്ടുപോകുന്നതുകണ്ട്
മന:സ്സമാധനപ്പെടുകയും
ചെയ്യുന്നു.
ഇതിങ്ങനെയാണോ
ചെയ്യേണ്ടിയിരുന്നത്?
അയാള്‍ ശരിക്കും
'അനാഥരോട്
കാരുണ്യമുള്ളവനാണെങ്കില്‍
കുട്ടിയെ അപ്പോഴേ
കൂട്ടിക്കൊണ്ടുവരേണ്ടതല്ലേ
തുടങ്ങിയ നൂറു ചോദ്യങ്ങള്‍
നമുക്ക് ചോദിക്കാം. എന്നാല്‍
ഇതൊന്നും ഒരാളിന്റെ സ്വഭാവത്തെ
ക്കുറിച്ചുള്ള ചോദ്യങ്ങളല്ല.
മറിച്ച് ജീവിതത്തിന്റെ
നൈതികതയേയും ധാര്‍മ്മികതയേയും
കുറിച്ചുള്ളവയാണ്`. അയാള്‍ക്കു
പകരം നിങ്ങളായാല്‍ എന്തുചെയ്യും
എന്ന ചോദ്യവും പ്രസക്തമല്ല.
സ്വഭാവത്തില്‍
അയാള്‍ 'അയാളും
' നിങ്ങള്‍ 'നിങ്ങളു'
മാണ്` എപ്പോഴും
എവിടേയും. അയാള്‍
കഥക്കുള്ളിലും നിങ്ങള്‍
കഥക്ക് പുറത്തുമാണ്`. അയാള്‍
സംഭവത്തിനകത്തെ യാഥാര്‍ഥ്യത്തിലും
നിങ്ങള്‍ സംഭവത്തിന്നുപുറത്ത്
ഭാവനയിലും ആണല്ലോ. വായനക്കാരനയ
'നിങ്ങള്‍'
വായന പൂര്‍ത്തിയാക്കുമ്പോള്‍
കഥാ സന്ദര്‍ഭങ്ങളിലൂടെ
'ജീവിക്കുകയും
' അനാഥരോട്
കാരുണ്യമുള്ള ആളായി മാറുകയും
ചെയ്യുന്നു എന്നത്
മറ്റൊരുകാര്യമാണ്`. അത്
കഥ ഉല്‍പ്പാദിപ്പിക്കുന്ന
ഒരു മാറ്റമാണ്`. അതുപോലെതന്നെയാണ്`
കഥയുടെ വായനാവസാനം
' ഇതൊക്കെയാണല്ലോ
നമ്മുടെ ജീവിതപരിസരം '
എന്ന ചിന്ത-
തിരിച്ചറിവ് ,
അതും വൈകാരികമായി
വായനക്കാരില്‍ ഉല്‍പ്പാദിപ്പിക്കുന്നു
എന്നതും. മാത്രമല്ല.,
വായനക്കാരില്‍
ചിലരെങ്കിലും ഇതുമായി
ബന്ധപ്പെട്ട [അഗതി
സംരക്ഷണം, സേവാസദനം.
....]പ്രവര്‍ത്തനങ്ങള്‍
ജീവിതത്തില്‍ ആരംഭിക്കുന്നു
എന്നതു തികച്ചും [നല്ല]
മറ്റൊരു സംഗതിയുമാണ്`.
ചുരുക്കത്തില്‍
ഇതെല്ലാം കഥാ ബാഹ്യമായ സംഗതികളേ
ആവുന്നുള്ളൂ.
കഥക്കകത്തുള്ള
ആളും കഥക്ക് പുറത്തുള്ള ആളും
എന്ന വേര്‍തിരിവ് തിരിച്ചറിയണം.
കഥക്കകത്തുള്ള ആള്‍
കഥക്കകത്ത് [നായകന്‍,
ഭാര്യ, കുട്ടി]
കഥക്കകത്തേ ഉള്ളൂ.
അവര്‍ക്ക് കഥക്കുപുറത്തുള്ള
നമ്മളെപ്പോലെ ഭൂതവും ഭാവിയും
ഇല്ല. വര്‍ത്തമാനകാലത്തില്‍
മാത്രമാണ്` കഥ.
അതുകൊണ്ടുതന്നെ
ഇവര്‍ക്കൊക്കെ 'മുന്പെന്തുണ്ടായി?'
'പിന്നെന്തുണ്ടായി?
' എന്നള്ള ചോദ്യങ്ങള്‍
കഥയിലില്ല. കഥ
ഒരു പൂര്‍ണ്ണജീവിതം ആലേഖനം
ചെയ്യുകയാണ്`. കഥക്ക്
പുറത്തുള്ള നമുക്ക് ഭൂതവും
വര്‍ത്തമാനവും ഭാവിയും
ഉണ്ട്. ത്രികാലങ്ങളില്‍
നാം ജീവിക്കുന്നു. കഥാപാത്രം
ഏകകാലജീവിയാണ്`. അയാളുടെ
ഭൂത ഭാവികള്‍ കൂടി വര്‍ത്തമാനത്തില്‍
അലിഞ്ഞു കിടക്കുന്നു.
കഥ
ആരംഭിച്ച സന്ദര്‍ഭത്തിലെ
ആളല്ല കഥ അവസാനിക്കുന്നതോടെ
കാണുന്ന നായകന്‍ എന്നു വ്യക്തം.
ഭാര്യയുടെ സാരിവാങ്ങാനുള്ള
വെപ്രാളം, അനാഥബാലികയുടെ
പിന്‍തുടരല്‍ തുടങ്ങിയ
സംഭവങ്ങള്‍ - സന്ദര്‍ഭങ്ങള്‍
അയാളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നുണ്ട്.
ഈ മാറ്റങ്ങള്‍
അയാളുടെ ചലനങ്ങളിലൂടെയും
ചിന്തകളിലൂടെയും കഥാകാരന്‍
പ്രത്യക്ഷപ്പെടുത്തുന്നു.
സാരിവാങ്ങുന്ന
പരിപാടിയില്‍ നിന്നു തല്‍ക്കാലം
വിട്ടുപോന്ന് [ 'നീ
നോക്കിയെടുക്ക്. അയാള്‍
പറഞ്ഞു. ഞാനൊന്ന്
പുറത്തിറങ്ങി നില്‍ക്കട്ടെ.']
'അയാള്‍ തിരിഞ്ഞുനോക്കി.
ആ പെണ്‍കുട്ടി
തന്നെത്തന്നെ നോക്കി ചിരിക്കുന്നു.
ദൈവമേ, എന്താണവളുടെ
ഉദ്ദേശ്യം?' എന്ന
വിഷയം അപഗ്രഥിക്കാനാണ്`
അയാള്‍ പുറത്തിറങ്ങുന്നത്.
കടയിലെ ചൂടോ
സാരിവാങ്ങുന്നതിലെ ഉത്സാഹമില്ലായ്കയോ
ഒന്നുമല്ല. ഒരു
സസ്‌പെന്‍സ് [ എന്നു
പറയാം ] ചുരുളഴിക്കാനാണ്`.
കുട്ടിയുമായി
സംസാരിച്ചതിനുശേഷം അയാള്‍
പ്രശ്നപരിഹാരത്തിലെത്തുകയല്ല
മറിച്ച്, കൂടുതല്‍
സങ്കീര്‍ണ്ണമായ ഒരവസ്ഥയിലെത്തുകയാണ്`.
അതിന്റെ അടിസ്ഥനം
അയാളിലുള്ള കാരുണ്യമാണ്`.
പ്രകടിപ്പിക്കാനാവാതെയുള്ള
കാരുണ്യം അയാളെ മുറിപ്പെടുത്തുന്നു.
തനിക്കുതാന്‍
പോന്നവനും സ്വയം ഒരുപാട്
തീരുമാനങ്ങളെടുക്കുന്ന്വനും
[ ഈ അറുപതാം
വയസ്സിലും മാസം പന്തീരായിരം
രൂപ ഉണ്ടാക്കുന്നു ]
ഒക്കെയാണെങ്കിലും
പെണ്‍കുട്ടിയോട് കരുണകാണിക്കാന്‍
അയാളെ എന്തൊക്കെയോ
അനുവദിക്കുന്നില്ല. ചിന്തയെ
ക്രിയയുമായി യോജിപ്പിക്കാനാവുന്നില്ല.
കാരുണ്യചിന്തയുണ്ട്.
എന്നാല്‍ അതു
പ്രാവര്‍ത്തികമാക്കുന്നില്ല.
ചിന്തയും
പ്രവൃത്തിയും ഒരുമിപ്പിക്കാനാവുന്നവര്‍
ഏതു സമൂഹത്തിലും വളരെ വളരെ
കുറച്ചേ ഉള്ളൂ. ശ്രീ
ബുദ്ധന്‍ തൊട്ടുള്ള മഹാമതികളുടെ
പട്ടിക എത്ര ചെറുതാണ്`?
ജീവിതാനുഭവങ്ങളിലൂടെ
നമ്മില്‍ സദ് വികാരങ്ങള്‍
രൂപംകൊള്ളുന്നുണ്ട്.
എന്നാല്‍ അതിനെ
പ്രവൃത്തിപഥത്തിലെത്തിക്കാനാവുന്നില്ല.
ഈ വൈരുദ്ധ്യം
മനുഷ്യമനസ്സില്‍ വലിയ
മുറിവുകളായി മാറുന്നു.
അതെന്നും
പൊട്ടിയൊലിക്കുന്നു. ഈ
മുറിവുകളുടെ ശക്തി ഒരവസ്ഥയില്‍
നമ്മെ കുറേശ്ശയായി
പ്രവൃത്തിപഥത്തിലെത്തിക്കുകയും
ചെയ്യുന്നു. ഇതിനാക്കംകൂട്ടുന്നത്
കഥകളും കവിതകളുമാണ്`.
സാഹിത്യ്വവും
കലകളും വലിയൊരളവില്‍
മനുഷ്യമനസ്സില്‍ നിര്‍മ്മിക്കുന്നത്
ഇത്തരം സദ്ഭാവങ്ങളെയാണ്`.
ഹൃദയസമാനത കൈവരുത്തുകയാണ്`.
ഇത്
കഥാപാത്രങ്ങളെ നല്ലതും
ചീത്തയുമാക്കുന്നു. നായകനും
വില്ലനുമാക്കുന്നു. നാം
നായകനെ കൈക്കൊള്ളുകയും
വില്ലനെ പരിത്യജിക്കയും
ചെയ്യുന്നു. സദ്ഭാവങ്ങളെ
നമുക്കും സ്വീകാര്യങ്ങളാക്കുകയാണ്`
നായകന്‍. കഥാ
/ കവിതാസ്വാദനത്തില്‍
ഇതാണ്` സ്വഭാവപരമായ
ഉള്ളടക്കം. കഥാപാത്രത്തിന്റെ
മുറിവുകള്‍ നമ്മുടെകൂടി
മുറിവുകളാവുകയാണ്`. അവ
നിരന്തരം പൊട്ടിയൊലിക്കുകയും
ചെയ്യുന്നു. പരിഹാരം
ഒന്നേയുള്ളൂ. ചിന്തയും
പ്രവൃത്തിയും ആവുന്നത്ര
യോജിപ്പിക്കുക എന്നുതന്നെ.
സാഹിത്യത്തിന്റെ/
കലയുടെ ലക്ഷ്യബിന്ദുക്കളില്‍
ഒന്നിതാണ്`. സമകാലിക
സാമൂഹ്യാവസ്ഥയില്‍ ഏറ്റവും
പ്രധാനപ്പെട്ടതും. ഫലം
തീര്‍ച്ചയായും ഇന്നത്തേക്കാള്‍
മികച്ച ഒരു ലോകവും.
No comments:
Post a Comment