16 February 2013

ഇനി നല്ലൊരു പരീക്ഷക്ക് ഒരുങ്ങാം

Published in Janayugam-sahapadi
sslc exam help

എസ്.എസ്.എല്‍.സി. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയാവുകയാണ്`. ഇനി പരീക്ഷ. ആദ്യം മലയാളം [പ്രധാന ഭാഷ] തന്നെ. സഹായിക്കാന്‍ എല്ലാവരും ഒപ്പമുണ്ട്. നല്ലൊരു വിജയം ആശംസിക്കാം.


ഇതുവരെ ക്ളാസിലും വീട്ടിലും ഒക്കെ പഠിക്കുകയായിരുന്നു. ആഴത്തിലുള്ള പഠനം. ഒരുക്കത്തില്‍ പരീക്ഷക്ക് പഠിക്കലാണ്`. ഇതുവരെ പഠിച്ചുറപ്പിച്ച സംഗതികള്‍ പരീക്ഷമാത്രം കേന്ദ്രീകരിച്ചായിരുന്നില്ല. അധികം അറിവ്, ആഴത്തിലുള്ള അറിവ്, അറിവ് നിര്‍മ്മിക്കുന്നതിന്റെ ആഹ്ളാദം, പരസ്പര സഹായവും പരസ്പര അംഗീകാരവും പ്രോത്സാഹനവും, ചൂടേറിയ ചര്‍ച്ചകള്‍, മൂര്‍ച്ചയുള്ള ചിന്ത, പുതിയ ഉള്‍ക്കാഴ്‌‌ച്ചകള്‍... അങ്ങനെയൊക്കെയായിരുന്നു. ക്ളാസ്‌‌മുറിയും വീടും കൂട്ടുകാരും എല്ലാം ചേര്‍ന്നുള്ള അറിവിന്റെ ഉത്സവപ്പറമ്പ്. പരീക്ഷ ഇതില്‍നിന്നും അല്പ്പം വ്യത്യ്സതമാണ്` . ആ ധാരണയാണ്` പരീക്ഷക്കുള്ള ഒന്നാമത്തെ പാഠം.


ഒന്നര മണിക്കൂര്‍ / രണ്ടരമണിക്കൂര്‍ മാത്രം ലഭിക്കുന്ന , കര്‍ക്കശമായ സമയ നിബന്ധനയുള്ള ഒരു പ്രവര്‍ത്തനപരിപാടിയാണ്` പരീക്ഷ. ക്ളാസ്‌‌മുറിയിലുണ്ടായ പഠനപ്രവര്‍ത്തനങ്ങളുടെ ആത്മാവ് പ്രക്രിയകളായിരുന്നു. പ്രക്രിയാധിഷ്ടിതമായിരുന്നു. പരീക്ഷയുടെ ആത്മാവ് പ്രക്രിയയല്ല; മറിച്ച്, ഉല്പ്പന്നമാണ്`. ഉത്തരമെന്ന ഉല്പ്പന്നം.ശാസ്ത്രവിഷയങ്ങളില്‍ 'സ്റ്റെപ്പ്സ്' എന്നത് ഉത്തരത്തിലെത്തിയ വഴി മാത്രമാണ്`. പ്രിക്രിയാസൂചകങ്ങളാവുന്നില്ല. ഉത്തരം നോക്കിയാണ്` കുട്ടിയെ വിലയിരുത്തുക. ഉത്തരത്തിന്റെ മികവ് മാത്രമാണ്` കുട്ടിയുടെ മികവായി പരിഗണിക്കുക. മികച്ച ഉത്തരത്തില്‍, നേരത്തെ ക്ളാസ്‌‌മുറിയിലും വീട്ടിലും ചെയ്ത പഠനപ്രക്രിയകളുടെ ഗുണഫലം തന്നെയാണ്` എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഉത്തരങ്ങള്‍ തെറ്റുന്നത് വിജയത്തിളക്കത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് പരീക്ഷയില്‍ കുട്ടിക്കുള്ള പരവര്‍ത്തനം നല്ല ഉത്തരങ്ങള്‍ എഴുതിവെക്കുക എന്നതുമാത്രമാണ്`.

നല്ല ഉത്തരങ്ങള്‍ക്ക് പാഠങ്ങളിലെ ഉള്ളടക്കം തന്നെയാണ്` ആധാരം. മലയാളം കേരളപാഠാവലി യിലെ 17 പാഠങ്ങളിലെ ഉള്ളടക്കം. ഉള്ളടക്കം മൂന്നു തലങ്ങളില്‍ പരന്ന് കിടക്കുന്നു. ഒന്ന്, ആശയപരമായ ഉള്ളടക്കം. രണ്ട്, ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ ക്ളാസ് മുറിയില്‍ ചെയ്ത നൂറുകണക്കിന്ന് പ്രവര്‍ത്തനങ്ങളിലൂടെ പരിചയിച്ച് കത്ത്, കുറിപ്പ്, പ്രസംഗം, ഉപന്യാസം തുടങ്ങിയ ഭാഷാവ്യവഹാരങ്ങള്‍. മൂന്ന്, പാഠാശയങ്ങളുമായി സാമൂഹ്യാപരിതോവസ്ഥക്കുള്ള നേര്‍ബന്ധം. മാറുന്ന കാലവും കലയും, സ്ത്രീപ്രശ്നങ്ങള്‍, പരിസ്ഥിതി, യുദ്ധവിപത്ത് തുടങ്ങിയ സാമൂഹ്യ പ്രശ്‌‌നങ്ങള്‍. ഇത്രയും സംഗതികള്‍ പാഠങ്ങളില്‍ നിറഞ്ഞുകിടപ്പുണ്ട്. ഇതുകളെ സംബന്ധിച്ച അടിസ്ഥാനപരമായ അറിവുകള്‍ നാം ക്ളാസില്‍ വെച്ചും അധികവായനയിലൂടേയും ഒക്കെ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയും നേടാനുള്ള അവകാശം കുട്ടിയുടെ . നിയമപരമായി ലഭിച്ചിട്ടും ഉണ്ട്.

നല്ല ഉത്തരങ്ങള്‍ക്കുള്ള രണ്ടാമത്തെ സാധ്യത – സ്വായത്തമാക്കിയ ആശയങ്ങള്‍ നന്നായി എഴുതിഫലിപ്പിക്കാന്‍ കഴിയുക എന്നതാണ്`. ഭാഷാശേഷികളില്‍ എഴുത്താണ്` പരീക്ഷകളിലെ ഏക ശേഷി. എഴുതിഫലിപ്പിക്കാന്‍ ആദ്യമായി വേണ്ടത് ചോദ്യങ്ങളുടെ മര്‍മ്മം തിരിച്ചറിയാലാണ്`.


ഒരുദാഹരണം നോക്കൂ:
പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
ഹേ മനുഷ്യാ, പേനയ്ക്ക് ശക്തിവേണമെങ്കിലേ ഇറച്ചിയും മീനും തിന്നണം.”
ആധുനികകാലത്തെ കുറേ മനുഷ്യരുടെ ചിന്തയാണിത്. മാനുഷികതയുടെ സ്ഥാനത്ത് പ്രൊഫഷണിലിസം കടന്നുവന്നപ്പോള്‍ ചിന്താഗതിയിലും മാറ്റം വന്നു. ഇത്തരം കാഴ്‌‌ച്ചപ്പാടിനോട് എങ്ങനെ പ്രതികരിക്കും?


ചോദ്യപാഠത്തിലെ ഊന്നല്‍ - തൊഴിലെ/ ജീവിതത്തിലെ പ്രൊഫസണലിസം മനുഷ്യന്റെ നിത്യജീവിതത്തിന്റെ അടിസ്ഥാന രീതികളില്‍പ്പോലും മാറ്റം [യുക്തിക്ക് നിരക്കുന്നതോ അല്ലാത്തതോ ] വരുത്താന്‍ കെല്പ്പുള്ളതാണ്`- എന്ന ഭാഗമാണ്`. ഈ പോയിന്റ് ആയിരിക്കണം വിശദീകരിക്കേണ്ടത്.

എഴുതിഫലിപ്പിക്കാന്‍ രണ്ടാമതായി വേണ്ടത് - പ്രധാനപോയിന്റ് [മര്‍മ്മം ] യുക്തിപൂര്‍വം വിശദീകരിക്കാനും ഉദാഹരണങ്ങളും ഉദ്ധരണികളും ഒക്കെ വെച്ച് സമര്‍ഥിക്കാനും കഴിയണം.ക്ളാസ് മുറികളില്‍ നിന്നും മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച് അനുഭവങ്ങളുടെ സഹായം ഇവിടെ കൂടിയേ തീരൂ.

എഴുതിഫലിപ്പിക്കാന്‍ മൂന്നാമതായി വേണ്ടത്- എഴുതേണ്ട ഉത്തരത്തിന്റെ ഫോര്‍മാറ്റ് അറിയലാണ്`. കുറിപ്പ്, പ്രസംഗം, ഉപന്യാസം, ആസ്വാദനം, ...എന്നിങ്ങനെ നിരവധി ഫോര്‍മാറ്റുകള്‍ നാം നേരത്തേ പരിചയപ്പെട്ടവയാണ്`.

എഴുതിഫലിപ്പിക്കാന്‍ നാലാമതായി വേണ്ടത് - നല്കിയിരിക്കുന്ന സ്കോറിന്റെ അളവാണ്`. ചോദ്യനിര്‍ദ്ദേശങ്ങള്‍ പാലിച്ചേ ഇത് സാധ്യമാകൂ. ഒരു വാക്കിലോ, ഒരു വാക്യത്തിലോ , ഒരു ഖണ്ഡികയിലോ, ഒരു പേജിലോ ഒതുങ്ങുന്ന ഉത്തരവും അതിനനുസരിച്ച് 1,2,4,6,8,10 സ്കോറുമാവും. 2 സ്കോറിന്റെ ഉത്തരം ഒരു ഉപന്യാസവലിപ്പം ആവരുത്.

എഴുതിഫലിപ്പിക്കാന്‍ അഞ്ചാമതായി വേണ്ടത് - ലഭ്യമായ സമയത്തിനുള്ളില്‍ ക്രമീകരിച്ച് ഉത്തരങ്ങള്‍ എഴുതിയിരിക്കണം. എത്ര മിടുക്കിയായ കുട്ടിയും ഇന്നേവരേ പറഞ്ഞവസാനിപ്പിക്കാറ് ' സമയം തികഞ്ഞില്ല' എന്ന പരാതിയാണ്`. സമയക്രമീകരണം/ ശാസ്ത്രീയമായ സമയ വിനിയോഗം സംബന്ധിച്ച പാഠങ്ങളൊന്നും നമ്മുടെ സാധാരണ ക്ളാസുകളില്‍ കിട്ടുന്നില്ല എന്ന കാര്യം മറക്കരുത്.

എഴുതിഫലിപ്പിക്കാന്‍ ആറാമതായി വേണ്ടത് - പരീക്ഷയും ഒരു പഠനവേളയാണെന്ന അറിവാണ്`. ചോദ്യങ്ങളിലൂടെ ചിന്ത പായുമ്പോള്‍ , മുന്‍ അനുഭവങ്ങളെ വെച്ച് കുട്ടിക്ക് പുതിയ ബോധോദയങ്ങള്‍ ഉണ്ടാവും വേറിട്ട കാഴ്‌‌ചകള്‍ ഉണ്ടവും. അതെല്ലാം കുട്ടിയുടെ സ്വന്തമാണ്`. മൗലികമാണ്`. ഇതിനും ഉത്തരത്തില്‍ സ്ഥനമുണ്ട്. നിലവിലുള്ള ചില ധാരണകളെ യുക്തിപൂര്‍വം മാറ്റിമറിക്കുന്നതാണെങ്കില്‍ കൂടി അവയ്ക്ക് സ്ഥാനമുണ്ട്. കുട്ടിയുടെ മൗലികതക്ക് നല്‍കുന്ന സ്കോറ് ഇതിലൊക്കെയാവും. + കിട്ടുന്നത് ഇങ്ങനെയും കൂടിയാണ്`. +കള്‍ ഒക്കെയും ഒരുതരത്തില്‍ പറഞ്ഞാല്‍ പരീക്ഷയില്‍ നിന്നു ലഭിക്കുന്ന അറിവുതന്നെയാണ്`. ആദ്യം പറഞ്ഞപോലെ പരീക്ഷയും പഠനവേളതന്നെയാണ്`.കുട്ടിയുടെ സര്‍ഗാത്മകതയാണിത്.

നല്ല ഉത്തരങ്ങള്‍ക്കുള്ള മൂന്നാമത്തെ സാധ്യത- അടുക്കും ചിട്ടയുമാണ്`. കുറിപ്പുകളിലും ഉപന്യാസങ്ങളിലും ഒക്കെ ഖണ്ഡികാകരണം, ചിന്ഹനം, ഭാഷാശുദ്ധി, ശൈലികള്‍, പ്രയോഗങ്ങള്‍, വാക്യശുദ്ധി, വ്യാകരണശുദ്ധി എന്നിവ പ്രധാനമാണ്`. ഇതൊക്കെയും ശ്രദ്ധാപൂര്‍വം / പ്രസ്ക്തമായ തരത്തില്‍ ഉത്തരങ്ങളില്‍ സന്നിവേശിപ്പിക്കണം. എഴുതിയവ ഒന്നുകൂടെ ഓടിച്ച് വായിച്ചുനോക്കുക, പ്രധാനപോയിന്റുകളില്‍ അടിവരയിടുക തുടങ്ങിയവയും വേണം.

ഭാഷാപരീക്ഷകള്‍ ഉന്നം വെച്ചാണ്` മേലേഴുതിയതൊക്കെയും എങ്കിലും എല്ലാ വിഷയങ്ങള്‍ക്കും മിക്കതും ഇതൊക്കെയും ബാധകമാണ്`. നന്നായി ശ്രമിച്ചാല്‍ നല്ല വിജയം ഉറപ്പ്. തീര്‍ച്ചയായും ഓരോ വിജയത്തിനു പിന്നിലും ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതുപോലെ ശ്രമകരമായ / യുക്തിപൂര്‍വമായ മുന്നൊരുക്കങ്ങളുണ്ട്. എല്ലാവര്‍ക്കും മികച്ച വിജയം നേരുന്നു.

No comments: