28 January 2013

കലോത്സവമാന്വല്‍ പരിഷ്കരിക്കുമ്പോള്‍ [1].... [2]

-->
1957ല്‍ 400 കുട്ടികളും വളരെ കുറച്ച് അദ്ധ്യാപകരും വളരെ ചെറിയ സംഘാടനസമിതിയും കൊണ്ടുതുടങ്ങിയ സ്കൂള്‍ കലോത്സവം ഇന്ന് 13000ത്തിലധികം കുട്ടികളും ആയിരക്കണക്കിന്ന് അധ്യാപകരും അത്രതന്നെ സംഘാടകരുമായി 6-7 ദിവസം രാപ്പകല്‍ നിറഞ്ഞുകവിയുന്ന മഹോത്സവമായി സ്കൂള്‍ കലോത്സവം പരിണമിച്ചിരിക്കുകയാണ്`. വലിപ്പം കൊണ്ട് ഏഷ്യയിലെ യുവജന‌‌ഉത്സവങ്ങളില്‍ ഒന്നാമതെന്ന പെരുമയും നേടിയിട്ടുണ്ട് ഇത്.
ഇത്രയുമല്ല ശരിക്കും കലോത്സവവലിപ്പം. സര്‍ക്കാര്‍ അംഗീകാരമുള്ള 12600 ലധികം സ്കൂളുകളില്‍ 50 ലക്ഷത്തോളം കുട്ടികളാണ്` സംസ്ഥാനത്ത് ഇന്നുള്ളത്.നവംബര്‍ മാസം തൊട്ട് കലോത്സവങ്ങള്‍ തുടങ്ങുന്നു. എല്ലാ സ്കൂളിലും കലോത്സവം നടക്കുന്നുണ്ട്. കലമേനിക്ക് നോക്കിയാല്‍ 200 കുട്ടികള്‍ ഈ മത്സരങ്ങളില്‍ നേരിട്ട് പങ്കെടുത്ത് അവതരണം ചെയ്യുന്നുണ്ട്. അതായത് 25,00000 കുട്ടികള്‍. അദ്ധ്യാപകരോ മിക്കവാറും [125000] മുഴുവന്‍ പേരും സജീവമായി ഇടപെടുന്നു. ഒരു സ്കൂളില്‍ 2 ദിവസം കണക്കാക്കിയാല്‍ ഏകദേശം 201600 മണിക്കൂര്‍. ചെലവോ ഒരു കുട്ടിക്ക് കലാവതരണത്തിന്നു മാത്രം ശരാശരി 10 രൂപ കണക്കാക്കിയാല്‍ 2.5 കോടിരൂപ. മറ്റു ചെലവുകളും പിരിവുകളും സ്പോണ്‍സറിങ്ങുമൊക്കെ വേറെ നിന്നോട്ടെ.
ഇനി തൊട്ടുമുകളില്‍ സബ്‌‌ജില്ലാ തലത്തില്‍. അതും ഏറിയോ കുറഞ്ഞോ സംസ്ഥാമൊട്ടാകെ നോക്കുമ്പോള്‍ ഇത്രയും അളവുതന്നെ. തുടര്‍ന്ന് ജില്ലാതലം. ഇത്രയും അളവ് അവിടെയും വരും. മൊത്തം

പട്ടിക 1
ഇനം
സ്കൂള്‍തലം
സബ്‌‌ജില്ലാ
തലം
ജില്ലാതലം
സംസ്ഥാനതലം
ആകെ
കുട്ടികള്‍
25,00000
150000
90000
13000
2753000
സമയം [മണിക്കൂര്‍]
201600
1800
672
84
23 വര്‍ഷം
പണം
2,50,00000
1,50,00000
1,00,00000
1.30,00000
6,30,00000

ചെലവ് ഇതിനേക്കാളൊക്കെ വരും എന്ന് നമുക്കറിയാം.
വലിപ്പം കൂടും തോറും ചെലവ് കൂടും എന്നതു സാധാരണ നിയമം . എന്നാല്‍ ഇത്ര വലിപ്പം എന്തിനുവേണ്ടിയെന്ന ചിന്ത തുടങ്ങാറായെന്നു തോന്നുന്നു. .

കലോത്സവമാന്വലിന്റെ മുഖവുരയില്‍ :

പഠിതാവിന്റെ ധൈഷണികവും കലാപരവും കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം ചെയ്യുന്നത് .
അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും സംയോജിതമായ രീതിശാസ്ത്രവും തദനുസൃതമായ നിയമാവലിയും രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
ഇതോടൊപ്പം അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ സംഗതികളില്‍ പരിഹാരങ്ങളും സൂചിപ്പിക്കുന്നുണ്ട്.

ഇവിടെ കലോത്സവത്തെ പഠ്യാനുബന്ധപ്രവര്‍ത്തനം [Co-curricular activity] എന്ന നിലയിലാണ്` കാണുന്നത്. അതെത്രയും ശരിയുമാണ്`. എന്നാല്‍ അതു ഇന്നത്തെ നിലയില്‍ ഉത്സവമാകുമ്പോള്‍ പാഠ്യപ്രവര്‍ത്തനത്തേക്കാള്‍ വലിയ ഒന്നായി - പ്രാധാന്യമുള്ള ഒന്നായി മാറുകയാണ്`.

പാഠ്യപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന ഒന്നല്ല പാഠ്യാനുബന്ധപ്രവര്‍ത്തനം എന്നു നമുക്കറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ പഠിക്കുന്ന കുട്ടി ഭാഷാക്ളബ്ബില്‍ ബഷീര്‍ ദിനാചരണത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കുന്നത് ക്ളബ്ബ് പ്രവര്‍ത്തനമാണ്`. ക്ളബ്ബ് പ്രവര്‍ത്തനം പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ചാക്യാര്‍ കൂത്തിലെ ഒരു ഭാഗം [പാഠപുസ്തകത്തിലുള്ളത് ]പഠിക്കുന്ന കുട്ടികള്‍ അവരുടെ ആര്‍ട്ട്സ് ക്ളബ്ബില്‍ ചാക്യാര്‍കൂത്ത് അവതരണം സംഘടിപ്പിക്കുന്നതോ / പഠിച്ച്സ്വയം ചെയ്യുന്നതോ പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ഇതൊക്കെ എങ്ങനെയാണ്` ഇന്നത്തെ ഈ കലോത്സവം പോലെ ഇത്ര വലിപ്പം വയ്ക്കുന്നത്?

പഠനപ്രവര്‍ത്തനം ക്ളാസ് മുറിയിലാണ്`. പഠനാനുബന്ധപ്രവര്‍ത്തനവും ക്ളാസ് മുറിയിലോ അതിന്റെ ചുറ്റുവട്ടത്തോ ആകണം. കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്`/ സഹായിക്കാനുള്ളതാണ്` [ കലപരിപാടികള്‍, ക്ളബ്ബ് പ്രവര്‍ത്തനം, വിനോദയാത്ര] പഠനാനുബന്ധപ്രവര്‍ത്തനം. അത് ആത്യന്തികമായി ക്ളാസിലോ സ്കൂളിലെങ്കിലുമോ ആയിരിക്കണം. എന്നാലേ അതിന്റെ ഗുണം [ വിദ്യാഭ്യാസപരമായ ഗുണം ] എല്ലാ കുട്ടിക്കും ലഭിക്കൂ. എല്ലാ കുട്ടിക്കും ലഭിക്കുന്നതായിരിക്കണം എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും. അതാണല്ലോ മികച്ച വിദ്യാഭ്യാസത്തിന്നായുള്ള കുട്ടിയുടെ അവകാശം.

അതുകൊണ്ടുതന്നെ
  1. കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളൊക്കെ നല്ല നിലവാരത്തില്‍ നടത്തപ്പെടുകയും ആയത് ക്ളസിലും സ്കൂളിലും ഒരല്പ്പം കൂടി വലിയ രീതിയില്‍ സബ്‌‌ജില്ല തലത്തിലോ ഗ്രാമ പഞ്ചായത്ത് തലത്തിലോ നിര്‍വഹിക്കപ്പെടുകയും വേണം. മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാനും ഇടപെടാനും അതിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ മികവ് ഉണ്ടാക്കാനും കഴിയണം. മത്സരമല്ല, പങ്കുവെക്കലായിരിക്കണം അവിടെ നടക്കേണ്ടത്. കുട്ടിയുടെ ഇടപെടല്‍ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കണം.
  2. 13 മത്സര ഇനങ്ങളില്‍ തുടങ്ങി കാലാകാലങ്ങളില്‍ വികസിച്ച് 213 ഇനങ്ങളില്‍ കലോത്സവം ഇന്നു നടക്കുന്നു. ഈ വൈപുല്യം ഉത്സവപരമായി നന്നെങ്കിലും പഠ്യാനുബന്ധപ്രവര്‍ത്തനം എന്ന നിലയില്‍ കുട്ടിക്ക് എത്രമാത്രം ആവശ്യമുണ്ട് എന്ന് പരിശോധിക്കണം.
    ഏതിനമാണെങ്കിലും അത് ആവശ്യമുള്ളതോ എന്ന് തീരുമാനിക്കുന്നത് - കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചായിരിക്കണം. അതില്‍ത്തന്നെ മുന്‍ഗണന ഉണ്ടാവണം. ഇന്നത്തെ മുന്‍ഗണന ശാസ്ത്രീയ നൃത്തങ്ങള്‍ക്കും മറ്റു നൃത്തരൂപങ്ങള്‍ക്കുമാണ്`. ഉപന്യാസം, പ്രസംഗം, കാവ്യാലാപനം, കഥ/കവിത രചന, ചിത്രം, കത്ത്, നിവേദനം, അടിക്കുറിപ്പ്, എന്നിവയുടെ മുന്‍ഗണനാനില വളരെ പിന്നിലും. പാഠപുസ്തകങ്ങളുടെ ഉള്ളടക്കവുമായി വെച്ച് പരിശോധിച്ച് വേണം ഈ പ്രാധാന്യം നിശ്ചയിക്കാന്‍. കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാം.
    ജനറല്‍, സംകൃതം, അറബിക്ക്, സാഹിത്യവേദി.. എന്നിങ്ങനെ വിവിധ തട്ടുകള്‍ പരിശോധിച്ച് പുന:ക്രമീകരിക്കണം. പദ്യം ചൊല്ലല്‍, രചനകള്‍, അഭിനയപ്രാധാന്യമുള്ള ഇനങ്ങള്‍... എന്നിവ ശാസ്ത്രീയമായി ഒന്നിപ്പിക്കണം. സംസ്കൃതം പ്രധാനഭാഷയായി പഠിക്കുന്നില്ല എന്നതുകൊണ്ട് സമസ്യാപൂരണത്തില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് കഴിയാതെ വരുന്നതുപോലുള്ള സംഗതികള്‍ ഉണ്ടാവരുത്. പഞ്ചവാദ്യം ക്ളാസില്‍ പഠിക്കുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കൂ എന്നില്ലല്ലോ. കലയുടേയും പഠ്യാനുബന്ധപ്രവര്‍ത്തനമെന്ന പരിഗണനയുടേയും അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍.
    വിവിധ ഇനങ്ങളുടെ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഒരേപോലെയാണ്`. ഒരിനത്തിന്റെ സ്വത്വം നിശ്ചയിക്കപ്പെടുന്നത് മൂല്യനിര്‍ണ്ണയസൂചകം വെച്ചാണല്ലോ.

പട്ടിക 2
ഇനം / മൂല്യനിര്‍ണ്ണയ സൂചകം
ശാസ്ത്രീയ സംഗീതം / സ്കോറ്
ലളിതഗാനം /സ്കോറ്
കഥകളി സംഗീതം / സ്കോറ്
ശാരീരം
15
20
20
ശ്രുതിലയം
15
20
20
ജ്ഞാനഭാവം
20
20
20
താളം
20
20
20
സാഹിത്യശുദ്ധി
15
15
15
മനോധര്‍മ്മം
15


പട്ടിക 3

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി
ആകാരസുഷമ
15
വേഷം
15
ഭാവപ്രകടനം
20
മുദ്ര
15
താളം
20
ചുവടുവെയ്പ്പ്
15

ഈ പട്ടിക രണ്ടു നോക്കിയാല്‍ വിവിധ ഗാനരൂപങ്ങള്‍, നൃത്തരൂപങ്ങള്‍ എന്നിവയുടെ വേര്‍തിരിവിന്റെ അടിസ്ഥാനം എന്താണെന്നാണ്` മനസ്സിലാവുക.? ലളിതഗാനത്തിനും കഥകളി സംഗീതത്തിനും മനോധര്‍മ്മം സൂചകമല്ല, ശാസ്ത്രീയ സംഗീതത്തേക്കാള്‍ ലളിതഗാനത്തിനും കഥകളി സംഗീതത്തിനും ശാരീരം , ശ്രുതിലയം എന്നീ സൂചകങ്ങള്‍ക്ക് ഒരല്പ്പം സ്കോറ് കൂടുകയും ചെയ്യും. ഇതൊന്നും നമ്മുടെ കളാസുകളില്‍ കുട്ടിയുടെ പഠനവിഷയങ്ങളോ പ്രവര്‍ത്തനങ്ങളോ ആയി വിദൂരബന്ധമ്പോലുമില്ലതാനും.
ചുരുക്കത്തില്‍ ഇത് വളരെ സാങ്കേതികമാണെന്ന് മാത്രമേ വ്യത്യാസമായി നമുക്ക് കാണാനാവൂ. സംഗീതത്തിന്റെ ഭിന്ന വഴികള്‍ എന്ന നിലയിലുള്ള വേര്‍തിരിവില്‍ സൂചകങ്ങളില്‍ മാറ്റമില്ല. അതാകട്ടെ കുട്ടി ക്ളാസില്‍ ഒരിക്കലും ബന്ധപ്പെടുന്നതുമല്ല. കല എന്ന നിലയില്‍ കുട്ടിക്ക് സംഗീതരൂപങ്ങളില്‍ പരിചയമുണ്ടാക്കുക എന്നതിനേക്കാള്‍ ഊന്നല്‍ 'പാഠ്യേതരമായ ' സംഗതികളാവുകയാണ്`.

പട്ടിക 3 ഇല്‍ ആദ്യത്തെ 30 സ്കോറ് പഠനവുമായി ബന്ധപ്പെട്ടതല്ല. ആകാരസുഷമ , വേഷം എന്നിവ കുട്ടിയുടെ വരുതിയിലല്ല. കുട്ടിക്ക് ഇവ പഠനപ്രവര്‍ത്തനങ്ങളുമല്ല. ചുരുക്കത്തില്‍ സാങ്കേതികസങ്കീര്‍ണ്ണതകള്‍ കൊണ്ട് പെരുപ്പിച്ചെടുക്കുന്ന ഇനവൈപുല്യം ചുരുക്കിയേ മതിയാവൂ.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസുകളില്‍ ഉള്ള കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്ത്തന്നെ കലോത്സവങ്ങളെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അങ്ങനെ അത് ഏഷ്യയിലെ ഏറ്റവും വലിയ പഠനമേളയായി രൂപം പ്രാപിക്കും. അതല്ലാതെ ഇന്നത്തെ നിലയില്‍ തുടരുന്നത് കലോത്സവമാന്വലില്‍ ആമുഖത്തില്‍ വിവരിക്കുന്ന ഒരു കാര്യവും നിറവേറ്റപ്പെടാന്‍ സാധ്യതനല്കുന്നതാവില്ല.


No comments: