23 January 2013

ഇനി പരീക്ഷക്കൊരുങ്ങാം

-->

പരീക്ഷകളില്‍ ആദ്യം മലയാളം പരീക്ഷയാണ്`. ആദ്യം മുതല്‍ നടക്കുന്ന പരീക്ഷാപരിശീലനങ്ങളിലും ഇങ്ങനെയാണ്`. ഭാഷാ പരീക്ഷ എന്ന നിലയില്‍ തുടര്‍ന്ന് അല്പ്പം പരിഭ്രമം കൂറയുന്നതിന്ന് ഈ തുടക്കം നല്ലതാണ്`.കുറച്ചൊന്ന് ശ്രദ്ധിച്ച് നല്ല സ്കോറ്
വാങ്ങാന്‍ കഴിയുന്നതോടെ കുട്ടിക്ക് പരീക്ഷാപ്പേടി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ എന്തൊക്കെയാണ്` ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം :

ദ്വിതല സമീപനം

പാഠഭാഗങ്ങള്‍ പഠിക്കുന്നത് ഒന്ന്) പാഠങ്ങളിലെ ഉള്ളടക്കം സ്വാംശീകരിക്കുനതിന്ന് രണ്ട്) പാഠഭാഗങ്ങള്‍ പ്രയോജനപ്പെടുത്തി ഭാഷാശേഷികള്‍ കൈവരിക്കുന്നതിന്ന്
രണ്ടും പ്രധാനപ്പെട്ടവതന്നെ. ഉള്ളടക്കം ഭാഷയുടെ വികാസപരിണാമങ്ങളും തത്തല്‍ സ്ഥിതിയും നല്കുന്നതിനോടൊപ്പം നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചുള്ള അറിവുകളും പ്രദാനം ചെയ്യുന്നു.

ഉള്ളടക്കം വിവരങ്ങളുമായി / അറിവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്`. പ്രധാനപ്പെട്ട എഴുത്തുകാര്‍, പ്രധാനപ്പെട്ട കൃതികള്‍, അവയിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, കാലകാലങ്ങളിലുണ്ടായ തീരുമാനങ്ങള്‍, നിലവിലുള്ള പരിസ്ഥിതിയില്‍ വന്നുചേരുന്ന വികാസങ്ങള്‍ / പരിണതികള്‍ , നാം സ്വയമേവ നടത്തുന്ന കണ്ടെത്തലുകള്‍ , എഴുതുന്ന രീതികളിലുണ്ടായ വളര്‍ച്ചകള്‍/
വികാസപരിണാമങ്ങള്‍, പരമ്പരാഗതവും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ആസ്വാദനരീതികള്‍ / ഭാവുകത്വം , നവീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യപ്പെടുന്ന രൂപഘടനകള്‍....വ്യാകരണം, കാവ്യാലങ്കാരങ്ങള്‍, വൃത്തം എന്നിങ്ങനെ ഉള്ളടക്ക മേഖല അഴിച്ചു പരിശോധിക്കുമ്പോള്‍ വിപുലമാണ്`. ആസൂത്രിതമായ ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലൂടെ അദ്ധ്യാപകര്‍ ഈ ദിശകളിലൊക്കെ കുട്ടിയെ സഞ്ചരിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള വിഭിന്നങ്ങളായ വഴികളിലൂടെയുള്ള [ ഭാഷ- സാഹിത്യ ] യാത്രകളില്‍ കുട്ടിക്ക് അറിഞ്ഞും അറിയാതെയും ലഭിക്കുന്ന അനുഭവങ്ങളാണ്` പഠനത്തിന്റെ പ്രധാനപ്പെട്ട ഉള്ളടക്കം / ഉല്പ്പന്നവും. ഇതുപോലുള്ള സംഗതികള്‍ കൈവശമാക്കുന്ന കുട്ടി ഭാഷ- സാഹിത്യവിഷയങ്ങളില്‍ എന്ത് / എങ്ങനെ/ എവിടെ/ ആര്`/എപ്പോള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള സാമര്‍ഥ്യം നേടിയെടുക്കുകയാണ്`. മൗലികമായ ചിന്തയും നിരീക്ഷണവും ഉള്ളവര്‍ക്കാകട്ടെ 'എന്തുകൊണ്ട് ' അങ്ങനെ/ അങ്ങനെയല്ല എന്നതരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഉത്തരമറിയാന്‍ കഴിയുന്നു.

ഈ അറിവാണ്`, പരീക്ഷക്ക് ചോദിക്കാവുന്ന ഒരു ചോദ്യം
യുദ്ധത്തിന്റെ ദുരന്തങ്ങളില്‍ ഏറിയപങ്കും അനുഭവിക്കേണ്ടിവരുന്നത് എക്കാലത്തും സ്ത്രീകളും കുട്ടികളുമാണ്`. ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? നിങ്ങളുടെ അഭിപ്രായങ്ങള്‍ യുക്തിസഹമായി സമര്‍ത്ഥിച്ചുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക "
എന്നാണെങ്കില്‍ നിഷ്പ്രയാസം കുട്ടിക്ക് എഴുതാന്‍ കഴിയുന്നത്.
പാഠത്തിന്നകത്തുനിന്നുള്ള അനുഭവങ്ങളും സ്വജീവിതചുറ്റുപാടുകളില്‍ കുട്ടി കണ്ടും കേട്ടും അനുഭവിച്ചും ഉള്ള ജ്ഞാനങ്ങളും [ എന്ത്?/ എങ്ങനെ? /എവിടെ? / ആര്`? /എപ്പോള്‍ ?/ എന്തുകൊണ്ട്? ] സമാഹരിച്ചുള്ളവയായിരിക്കും മികച്ച ഉത്തരം. അത് ഒരു 'കുറിപ്പി' ന്റെ രൂപത്തിലാവുകയും ചെയ്യും.

'കുറിപ്പ്' എന്നാവും ചിലപ്പോള്‍ ഉത്തരത്തിന്റെ രൂപം. ചിലപ്പോള്‍ അത് ഉപന്യാസം, കത്ത്, വിശകലന / ആസ്വാദന / ക്കുറിപ്പ് , എഡിറ്റോറിയല്‍, ആമുഖ / സ്വാഗത /പരിചപ്പെടുത്തുന്ന പ്രഭാഷണം എന്നിങ്ങനെയൊക്കെയാവാം. ഇത് മുകളില്‍ പറഞ്ഞ - പാഠഭാഗം പഠിക്കുന്നതിലൂടെ കൈവരുന്ന ഭാഷാശേഷി എന്ന ഘടകമാണ്`. ആശയങ്ങള്‍ ഏറ്റവും നല്ല രൂപത്തില്‍ എഴുതുക/ പറയുക എന്നതാണ്` പ്രധാനമായും ഭഷാശേഷി. അടുക്കും ചിട്ടയുമാണിത്. വ്യവഹാരരൂപങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി. ഭാഷയുടെ പ്രകാശനതലത്തില്‍ ഇത് സുപ്രധാനമാണ്`. എന്നാല്‍ ഇത് കേവലമായി വ്യവഹാര രൂപങ്ങളുടെ ഘടന പാലിക്കുക എന്ന കൃത്രിമമായ ഒന്നല്ല. സാമ്പ്രദായിക ഘടനകള്‍ സര്‍ഗ്ഗവൈഭവംകൊണ്ട് പുതുക്കിയെടുക്കല്‍ കൂടി ഇവിടെ സാധ്യമാകുന്നുണ്ട്. കവിതയുടേയും നോവലിന്റേയും കഥയുടേയും ഒക്കെ പുതുഘടനകള്‍ നമുക്കുമുന്നിലുണ്ട്. അതും ഭാഷാപഠനത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമായി മാറുകയാണ്`. ക്ളാസ്‌‌മുറികളില്‍ രൂപഘടന ബാഹ്യമായ ചിട്ടകളില്‍ ഒതുങ്ങിനില്‍ക്കാതെ ഭാവപരമായ ഘടനയായി മാറുകയാണ്`. ഭാവപരമായ ഘടനയില്‍ കൂടി ശ്രദ്ധിച്ചുകൊണ്ട് ഒരു ഉപന്യാസമോ കുറിപ്പോ തയ്യാറാക്കാന്‍ ആശയതലത്തിലുള്ള അറിവും വൈകാരികമായി അതുള്‍ക്കൊള്ളാനുള്ള / പ്രകാശിപ്പിക്കാനുള്ള ശേഷിയും കൂട്ടുവേണം. മുദ്രാവാക്യം. ഉപന്യാസം, കത്ത്, പ്രതികരണക്കുറിപ്പ്, അടിക്കുറിപ്പ്, ആമുഖപ്രഭാഷണം... എന്നിങ്ങനെ എല്ലാ വ്യവഹാരരൂപങ്ങള്‍ക്കും ഇതു ബാധകമാണന്ന് പറയേണ്ടതില്ല. ഭാവതലം സൃഷ്ടിക്കുന്നത് അനുയോജ്യമായ പദാവലി, ബിംബങ്ങള്‍, കല്പ്പനകള്‍, ഉദ്ധരണികള്‍, ബന്ധപ്പെടുത്തല്‍, താരതമ്യങ്ങള്‍, ചിത്രീകരണങ്ങള്‍, അലങ്കാരഭംഗികള്‍ , താളം എന്നിവ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്`. ഇതെല്ലാം പൂര്‍ണ്ണമായും കുട്ടിയുടെ മൗലികമായ ചിന്തയില്‍ നിന്ന് രൂപം കൊള്ളുന്നതുമായിരിക്കും. മികച്ച ചിന്താശേഷി വളര്‍ത്തിയെടുക്കലാണല്ലോ ഏതു വിദ്യാഭ്യാസത്തിന്റേയും ആത്യന്തിക ലക്ഷ്യം.

വര്‍ഷാദ്യം മുതല്‍ പഠനം ഇതിലൊക്കെ ഊന്നിയുള്ളതായിരുന്നു. ആശയവും വ്യവഹാരവും ഊന്നിയുള്ള ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലൂട്യാണ്` കുട്ടി കടന്നുപോന്നത്. അതുകൊണ്ടുതന്നെ പരീക്ഷയും ഇതിനൊക്കെ പ്രാധാന്യം നല്‍കിക്കൊണ്ടും അതിലൂടെ കുട്ടിയുടെ മികവുകളെ അളക്കുന്നതുമായിരിക്കും. പാഠങ്ങളില്‍ നിറഞ്ഞുകിടക്കുന്ന ആശയങ്ങളും ആശയങ്ങളെ ആവിഷക്കരിക്കാനുള്ള [രൂപപരമായ] വ്യവഹാരശില്പ്പവും പരീക്ഷിക്കപ്പെടുന്നുണ്ട്. ഉത്തരങ്ങളില്‍ ഇതിന്റെയൊക്കെ സൂചനകള്‍ ഉണ്ടാവും. അതു തിരിച്ചറിയലാണ്` മൂല്യനിര്‍ണ്ണയത്തില്‍ ചെയ്യുന്നത്. മികച്ച ചിന്തക്കാണ്` എല്ലായ്‌‌പ്പോഴും ഉയര്‍ന്ന സ്കോറ് നല്കുന്നത്.

ചുരുക്കത്തില്‍ പാഠങ്ങളുടെ ഉള്ളടക്കം + [ കണ്ടും കേട്ടും, വായിച്ചും നേരില്‍ അനുഭവിച്ചും ഉള്ള] ജീവിതാനുഭവങ്ങള്‍+ മൗലികമായ് ചിന്താശീലം+ നന്നായി പ്രകാശിപ്പിക്കാനുള്ള കഴിവ് എന്നിവയൊക്കെയാണ്` പരീക്ഷയായി വരുന്നത്. സമയബന്ധിതമായി [ 1.5 മണിക്കൂര്‍] അതു നിര്‍വഹിക്കാന്‍ കഴിയുമോ എന്നാണ്` കുട്ടി നേരീടുന്ന വെല്ലുവിളി.

എല്ലാ കൂട്ടുകാര്‍ക്കും നല്ലൊരു വിജയം ആശംസിക്കുന്നു
article to Janayugam 'sahapadi' 




No comments: