25 January 2013

കലോത്സവമാന്വല്‍ പരിഷ്കരിക്കുമ്പോള്‍ [1]....

-->

പത്തുമുപ്പതുവര്‍ഷം അദ്ധ്യാപകനായി, സ്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവങ്ങളില്‍ കാണിയായും വിവിധ ഇനങ്ങളില്‍ ഗുരുവായും നടത്തിപ്പുകാരനായും വിധികര്‍ത്താവായും പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളില്‍ നിന്ന് ഒരു വിചാരം.
മത്സരം , ഗ്രേസ്‌‌മാര്‍ക്ക് എന്നീ വിഷയങ്ങളില്‍ മാത്രം ഊന്നിയത്
.
53-മത് കേരള സ്കൂള്‍ കലോത്സവം 20-)ംതീയതി ഗംഭീരമായി സമാപിച്ചു. 1957 മുതല്‍ ആരംഭിച്ച ഈ ഉത്സവം ഓരോ വര്‍ഷവും പുതുമകളോടെയും മികവുകളോടെയും തന്നെയാണ്` സമാപിക്കാറുള്ളത്. 20 ഓളം ഇനങ്ങളും 400 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 232 ഇനങ്ങളും 13000 ത്തോളം കുട്ടികളുമായി വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഏഷയയിലെത്തന്നെ ഏറ്റവും വലിയ യുജനമേള എന്ന ഖ്യാതി ഒരിക്കലും വെറും വാക്കാവുന്നില്ല. പ്രതിവര്‍ഷം നടക്കുന്ന വിലയിരുത്തലുകളും മാന്വല്‍ പുതുക്കലുകളും ഇതിനു കാരണമാവുന്നുണ്ട്. മത്സരഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം പ്രശംസനീയമായ നവീകരണം ഉണ്ടാവുന്നുണ്ട്.
എന്നാല്‍ പിന്നെപ്പിന്നെ കലോത്സവം 'ഉത്സവ' മെന്ന അവസ്ഥ കൈവെടിഞ്ഞ് 'മത്സര' മാവുന്നത് കാണാതിരിക്കുന്നു എല്ലാവരും എന്നത് ദു:ഖകരവും പൂര്‍വസൂരികള്‍ വിഭാവനം ചെയ്ത കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരവുമാകുന്നു. മത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം നാം ഇക്കൊല്ലം കണ്ടത് 40-45 % മത്സരാര്‍ത്ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്`. മത്സരശേഷവും ഇത്രത്തോളം അപ്പീലുകള്‍ തീര്‍പ്പാക്കാനായി കിട്ടിയിട്ടുണ്ടാവും. കലാപ്രതിഭ, കലാതിലകം , ഒന്നാംസ്ഥാനം തുടങ്ങിയവ ഇല്ലാതാക്കീട്ടും 'മത്സരം' കടുകിട കുറയുകയല്ല.
ഉത്സവം മത്സരാധിഷ്ടിതമാവുന്നത് പൊതുവെയുള്ള നമ്മുടെ സാമൂഹ്യാവസ്ഥയുടെതന്നെ പ്രതിഫലനമെന്ന് സമാധിനിക്കാനാവില്ല. കലയും ഉത്സവവുമൊക്കെ ഈ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കുന്ന ഒരു ചുറ്റുപാടില്‍ പ്രത്യേകിച്ചും. അതു സ്കൂള്‍ കുട്ടികളുടെതാവുമ്പോള്‍ പറയാനുമില്ല. സ്കൂളിനകത്തും പുറത്തും മത്സരമുക്തമായ ജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്.
മത്സരത്തിനകത്തേക്ക് കുട്ടിയെ തള്ളിവിടുന്ന കാര്യങ്ങളില്‍ ഒന്ന് കലാകാരന്`/ കലാകാരിക്ക് ലഭിക്കുന്ന പ്രശസ്തിയാണ്`. പ്രശസ്തി ഒരു മോശം സംഗതിയാണെന്നല്ല. യുക്തിരഹിതമായ പ്രശസ്തിയാണ്` പ്രശ്‌‌നങ്ങള്‍ ഉണ്ടാക്കുന്നത്. കലോത്സവത്തില്‍ [പണ്ട്] ജയിച്ച യേശുദാസിന്റെയും ജയചന്ദ്രന്റെയും പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെയും പേരുകള്‍ കൊല്ലാകൊല്ലം ആവര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്`. അന്നത്തെ ആ ജയമാണ്` അവരെ സിനിമാരംഗത്തെത്തിച്ചതെന്ന / പ്രശസ്തരക്കിയതെന്ന/ മഹാഗായകരാക്കിയതെന്ന ഭോഷ്ക് പ്രചരിപ്പിക്കുകയാണല്ലോ. അതിനു ശേഷം ഉണ്ടായ അവരുടെ പഠനവും പ്രയത്നങ്ങളും ഒക്കെ മറപ്പിക്കുന്നപോലെയാണ്` കലോത്സവമഹിമയുടെ ചരിത്രരേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത്. . വിനീതിന്റെയും മഞ്ജുവാരിയരുടെയും ഒക്കെ കാര്യത്തിലും ഇങ്ങനെത്തന്നെ. ഇത് പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥമോഹങ്ങള്‍ ഉല്പ്പാദിപ്പിക്കുകയും കല- അതിമത്സരമാവുകയും ചെയ്യുന്നു. പ്രശസ്തിയും തുടര്‍ന്നുള്ള സിനിമാപ്രവേശനവും മാത്രം അരങ്ങില്‍ പ്രകാശിക്കുകയാണ്`. നൃത്തമത്സരത്തില്‍ പങ്കെടുത്ത ഒരു [ നിഷ്കളങ്കയായ] കുട്ടി ഇനിയുള്ള ആഗ്രഹമെന്ന നിലയ്ക്ക് പറഞ്ഞത് മോഹന്‍ലാലിന്റെ [ ലാല്‍ സാര്‍ , ലാലേട്ടന്‍ എന്നൊന്നുമല്ല ]കൂടെ അഭിനയിക്കണമെന്നാണ്`. പങ്കെടുത്ത ബഹുഭൂരിപക്ഷം കുട്ടികളുടെയും ആഗ്രഹം ഇതുപോലൊക്കെത്തന്നെയാവും. ഇതാകട്ടെ രക്ഷിതാക്കളുടെയും ഗുരുക്കന്‍മാരുടെയും ആഗ്രഹങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്തതുമാവും.
മത്സരത്തിലേക്ക് കുട്ടിയെ [ രക്ഷിതാവ് / ഗുരു] കടത്തിവിടുന്ന മറ്റൊരു സംഗതി ഗ്രേസ് മാര്‍ക്കുമായി ഇടകലരുന്നതാണ്`. 'അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006 ല്‍ ഗ്രേഡിങ്ങ് സമ്പ്രദായം കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. ' പക്ഷെ, അരങ്ങില്‍ നിന്നു മാറി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും സമ്മാനത്തുകയും ഒക്കെ നിലനിര്‍ത്തി. ഗ്രേഡുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നലകാന്‍ തുടങ്ങി. പിന്നെ കുട്ടികളുടെ ആഗ്രഹം എ ഗ്രേഡും 5% ഗ്രേസ് മാര്‍ക്കുമായി. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ+ കിട്ടാന്‍ ഇതുവേണമെന്നായി അതു ലഭിക്കാനായി പിന്നെ മത്സരം. അപ്പീലുകളുടെ പ്രവാഹം ഈ ഫുള്‍ എ+നായി സ്വാഭാവികമായിത്തീര്‍ന്നു. ആര്‍ക്കും തടയാനാവാത്തതായി.

നിര്‍ദ്ദേശങ്ങള്‍
  1. 13000ത്തോളം കുട്ടികള്‍, ആയിരക്കണക്കിന് ഗുരുക്കന്മാര്‍, അത്രയും പക്കമേളക്കാര്‍, അത്രയും സഹായികളായി അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, ആയിരക്കണക്കിന് ജഡ്ജിമാര്‍, പതിനായിരക്കണക്കിന് സംഘാടകര്‍, സദ്യക്കാര്‍, പണിക്കാര്‍, മനുഷ്യാദ്ധ്വാനത്തിന്റെ ആയിരക്കണക്കിന്` മണിക്കൂറുകള്‍ , പ്രത്യക്ഷവും പരോക്ഷവുമായി കോടിക്കണക്കിന്ന് രൂപ....പൊടിയും ചെളിയും നിറഞ്ഞ അനാരോഗ്യകരമായ ചുറ്റുപാടുകള്‍.... വിശ്രമമില്ലാത്ത ദിവസങ്ങള്‍.... അവസാനം ബഹുഭൂരിപക്ഷത്തിനും അതൃപ്തി..... ഇതാണ്` മഹാമേളയുടെ നീക്കിബാക്കി. സാംസ്കാരിക കേരളത്തിന്` [ ഒരു നാടിനും] ന്യായീകരിക്കാവുന്നതല്ലല്ലോ ഇതൊന്നും. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു മേള ഇല്ലാതിരിക്കുന്നതും ഈ യുക്തികൊണ്ടായിരിക്കും!
  2. വികേന്ദ്രീകരിച്ചുള്ള ചെറിയ മേളകളാണ് ഏക പരിഹാരം. സ്കൂള്‍ തലത്തില്‍ തുടങ്ങി ജില്ലാതലത്തില്‍ സമാപിക്കണം. ഏതു യുക്തിവെച്ചു നോക്കിയാലും അതാണ്` നല്ലത്. എല്ലാ ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടുന്ന [ അല്ലാതുള്ളവ അപ്പീല്‍ വഴിയും ] വ ഒന്നിച്ച് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുന്നതുകൊണ്ടും അതില്‍ ഒന്നാം സ്ഥാന കിട്ടുന്നവയും... എന്നൊക്കെയുള്ള ന്യായം വെറും ഭോഷ്കാണ്`. ജഡ്ജല്ലാതെ [ അവര്‍ക്കത് ഏല്‍പ്പിച്ച പണിയാണല്ലോ ] ആരും തന്നെ സ്വന്തം കുട്ടിയുടെ അവതരണമല്ലാതെ മറ്റൊന്നും കാണുകയോ ആസ്വദിക്കയോ വിലയിരുത്തുകയോ അനുമോദിക്കുകയോ ചെയ്യുന്നില്ല. ജില്ലാതലത്തില്‍ നിന്നു മികച്ചവയാണ്` വരുന്നത് എന്നതുകൊണ്ട് എത്ര മിടുക്കനും/ മിടുക്കിക്കും നിഷ്കൃഷ്ടമായി അങ്ങനെ വിലയിരുത്താനും കഴിയില്ല. മാത്രമല്ല , അങ്ങനെ വിലയിരുത്തിയിട്ടൊരാവശ്യവും ഇല്ലതാനും. 80-85% കുട്ടികള്‍ക്കും എ ഗ്രേഡ് തന്നെയാണ്` സംസ്ഥാനതലത്തില്‍ ലഭിക്കുന്നത്.
    മനുഷ്യാദ്ധ്വാനപരമായും സാമ്പത്തികമായും ജില്ലാതലം കൊണ്ട് മേള സമാപിക്കുന്നെങ്കില്‍ എത്രയോ ഗുണമുണ്ട്. കുട്ടികളുടെയും അദ്ധ്യപകരുടെയും വിദ്യാഭ്യാസരംഗത്തെ അധികാരികളുടെയും വിലപ്പെട്ട സമയവും അദ്ധ്വാനവും മേളയ്ക്കുവേണ്ടി ചെലവാക്കുന്നത് ചുരുക്കാന്‍ നമുക്കു കഴിയും. അത്രയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കന്‍ കഴിയും.
    ജില്ലയില്‍ അവതരിപ്പിച്ച് സമ്മാനാര്‍ഹമായ അവതരണങ്ങളില്‍ വളരെ ചെറിയൊരു അധികമിനുക്കുപണി മാത്രമാണ്` കലാപരമായി സംസ്ഥാനതലത്തിലേക്കുവേണ്ടി നിര്‍വഹിക്കുന്നത്. പലതും വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന അവതരണങ്ങളുമാണല്ലോ. അതുകൊണ്ട് കലാപരമായി അധിക മേന്മ സംസ്ഥാനാവതരണങ്ങളില്‍ ഉണ്ടാവുന്നില്ല. ഏറ്റവും മികവാര്‍ന്ന അവതരണം ജില്ലയില്‍ അവസാനിക്കുന്നു. ഇനി സംസ്ഥനതലത്തില്‍ അവതരിപ്പിച്ച് എ ഗ്രേഡ് ഉറപ്പാക്കുക തദ്വാര ഗ്രേസ്‌‌മാര്‍ക്ക് വാങ്ങുക എന്ന ചെറിയ [?] ലക്ഷ്യത്തിലേക്ക് മത്സരാര്‍ഥികളെ പരിവര്‍ത്തിപ്പിക്കുന്നു.
    ശരിക്കാലോചിച്ചാല്‍ കുട്ടിക്ക് കുറേകൂടി ഗുണം ചെയ്യുക സബ്‌‌ജില്ലാ തലത്തില്‍ മേളകള്‍ അവസാനിപ്പിക്കുന്നതിലാണ്`. അതായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ യുവജനമേള. നോക്കു: എല്ലാ സബ്ജില്ലകളിലും ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ വിപുലമായ വിദ്യാഭ്യാസമേളകള്‍ - കല, ശാസ്ത്ര, കായിക, പ്രവൃത്തിപരിചയ മേളകള്‍ ഒന്നിച്ചങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി നടത്തിയാലത്തെ ഉത്സവാന്തരീക്ഷം. സംസ്ഥാനം മുഴുവന്‍ .... ശരാശരി ഓരോ പത്തുകിലോമീറ്റര്‍ ചുറ്റളവിലും വിദ്യാഭ്യാസമേള. വിദ്യാഭ്യാസരംഗം മുഴുവന്‍ ഇന്നത്തേക്കാള്‍ നൂറിരട്ടി സര്‍ഗ്ഗത്മകമാക്കന്‍ നന്നായി പ്ളാന്‍ ചെയ്താല്‍ ഇതു മതിയാവും. അതല്ലേ മഹോത്സവങ്ങളുടെ ഗുണപരമായ നീക്കിബാക്കി?
  3. ഇനി ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലോ. സ്കൂള്‍ തലത്തില്‍ മുതല്‍ പങ്കെടുക്കുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്കണം. അതിനേക്കാള്‍ ഒരല്പ്പം അധികം സബ്-ജില്ലാ തല പങ്കാളിത്തത്തിനും ഒരല്പ്പം കൂടി [ പരമാവധി 5% എന്നൊക്കെ യുക്തിയുക്തം തീരുമാനിക്കാം] ജില്ലാതല പങ്കാളിത്തത്തിനും കുട്ടിക്ക് നല്‍കണം. ഒരവതരണത്തിന്ന് കുട്ടി തയ്യാറവുന്നതിന്റെ പിന്നില്‍ വളരെ ശുഷ്കാന്തിയോടെയുള്ള, ദീര്‍ഘകാലമായുള്ള , സമര്‍പ്പണസ്വഭാവമുള്ള പഠനവും പരിശീലനവുമുണ്ട്. അതു സ്കൂള്‍ തലം മുതല്‍ ഉണ്ട്. സാമൂഹ്യ – സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെയാണിതെല്ലാം എന്നും അദ്ധ്യാപകര്‍ക്കറിയാം. സംസ്ഥാനതലത്തിലേ ഗ്രേസ്മാര്‍ക്ക് നല്‍കാവൂ എന്ന വാശിക്ക് ഒരു യുക്തിയുമില്ല. പഠിച്ച് നന്നായി ചെയ്യുന്ന കുട്ടി ഏതു തലത്തിലാണെങ്കിലും അധിക പരിഗണനക്കര്‍ഹനാണ്` എന്നതായിരിക്കണം യുക്തി. ഒരുപാട് കടമ്പകള്‍ [ അതും എല്ലാവര്‍ക്കും ഒരുപോലെ തരണം ചെയ്യാനുള്ള സാമൂഹ്യാവസ്ഥ നിലവിലില്ലാത്ത ചുറ്റുപാടില്‍ ] കടക്കുന്ന കുട്ടിക്കേ അധികപരിഗണ [ഗ്രേസ് മാര്‍ക്ക് ] ഉള്ളൂ എന്നുവരുന്നത് സാമൂഹ്യമായി നീതീകരിക്കാവുന്നതല്ലല്ലോ. കല- കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തൊക്കെ ഇതു വേണം. അതിലാകട്ടെ തുല്യപരിഗണനയും വേണം.
കലോത്സവമാന്വല്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇക്കാര്യങ്ങള്‍കൂടി പരിഗണിക്കപ്പെടണമെന്ന ആഗ്രഹത്തോടെ ഇതിവിടെ സമര്‍പ്പിക്കുന്നു.

No comments: