02 December 2012

ആണ്‍ ഭാഷയും പെണ്‍ഭാഷയും

-->
[സൂചന: കേരളപാഠാവലി മലയാളം- ക്ളാസ് 10- യൂണിറ്റ് ' ഇരു ചിറകുകളൊരുമയിലങ്ങനെ..']

" പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ ഭാര്യയാണ്` സ്ത്രീ. ആ ശബ്ദങ്ങള്‍തന്നെ ജീവിതത്തില്‍ അവരവരുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഭര്‍ത്രിയെന്നും ഭാര്യനെന്നും മറിച്ചിടുവാന്‍ പുരുഷന്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല. “ ലിംഗവിവേചനത്തിന്റെ തെളിവുകള്‍ ഭാഷയില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന് മുണ്ടശ്ശേരി ചൂണ്ടിക്കാണിക്കുകയാണ്`.

ഈ യൂണിറ്റിന്റെ അവസാനഭാഗത്ത് കൊടുത്തിട്ടുള്ള ഒരു പ്രവര്‍ത്തനപാഠം നോക്കൂ:
പദങ്ങളുടെ കൂടിച്ചേരല്‍കൊണ്ടു വരുന്ന അര്‍ഥവ്യത്യാസം കണ്ടെത്തുക.
അവന്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല
ആ പണം കൈച്ചെലവിനുള്ളതാണ്`. .............

ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഭാഷാപ്രയോഗത്തിലുണ്ടോ എന്നു ആരും സംശയിക്കും.
ആശയവിനിമയത്തിനാണല്ലോ ഭാഷ. ആശയങ്ങളായി വികാരങ്ങളും വിചാരങ്ങളും ഉണ്ട്. വികാരങ്ങളിലും വിചാരങ്ങളിലും ഉള്ളതേ ഭാഷയില്‍ വരൂ. ഉള്ളതെല്ലാം വരികയും ചെയ്യും. പൊതുവേ എവിടെയും മനുഷ്യസമൂഹത്തില്‍ ആണും പെണ്ണും സമസ്ഥിതിയിലല്ല. സമൂഹവ്യവസ്ഥയില്‍ ആണ്‍ ഉയര്‍ന്ന നിലയിലും പെണ്ണ് അതില്‍ താഴ്ന്ന നിലയിലുമാണ്` . കാലാകാലങ്ങളായി അങ്ങനെയാണ്`. ഇതു സ്ത്രീ സമൂഹം തിരിച്ചറിയുകയും പ്രതികരിക്കയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പ്രതികരണത്തിന്റെ ഒരു ഘടകമാണ്` ലിംഗപരമായ അസമാവസ്ഥയെ കുറിച്ചുള്ള അന്വേഷണങ്ങള്‍. ജീവിതത്തിന്റെ എല്ലാ മേഖലകളിലും - ഭാഷോപയോഗത്തിലടക്കം - ഉണ്ടാവുകയാണ്`. അപ്പോഴാണ്` ' അവന്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല ' എന്നതിനു പകരം 'അവള്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല 'എന്നായാലും മതിയല്ലോ എന്നു നമുക്ക് തോന്നുക. അല്ലെങ്കില്‍ എന്താണിങ്ങനെ അവന്‍ എന്നുതന്നെ ആരും എഴുതിപ്പോകുന്നത് എന്ന് ചിന്തിക്കുക. ലിംഗപരമായ അസമസ്ഥിതിയെ കുറിച്ചുള്ള ബോധമുള്ളവരാണിങ്ങനെ ആലോചിക്കുക എന്നും കാണണം.

അവന്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല
അവള്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല

ഭാഷയിലെ വ്യാകരണപരമായ ഒരു സംഗതിയില്‍ വൈദഗ്ദ്ധ്യം കുട്ടിയിലുണ്ടാക്കാനാണല്ലോ ഈ പ്രവര്‍ത്തനം കൊടുത്തിരിക്കുന്നത്. ഏതെങ്കിലും ഒരു 'അവന്റെ' സവിശേഷമായ സംഗതി പറയാനായിരുന്നെങ്കില്‍ 'അവന്‍' എന്നുതന്നെ വേണം. അതില്‍ സംശയമില്ല. അത്തരമൊരു ഉദ്ദേശ്യം ഈ പ്രവര്‍ത്തനത്തിലില്ല. അപ്പോള്‍ ' അവള്‍' എന്നായാലും കുഴപ്പമില്ലായിരുന്നു. എന്നിട്ടും എഴുതി വന്നപ്പോള്‍ 'അവന്‍' എന്നായത് -ബോധപൂര്‍വമാണെന്നല്ല – ഭാഷാശീലമതായിത്തീര്‍ന്നിരിക്കുന്നു പൊതു സമൂഹത്തില്‍ എന്നേ കാണാനാവൂ.

സംഭാഷണത്തിലെന്നപോലെ സാഹിത്യസാഹചര്യങ്ങളിലും പുല്ലിംഗ പ്രയോഗങ്ങള്‍ക്ക് ഭാഷയില്‍ അറിഞ്ഞോ അറിയാതെയോ പ്രാധാന്യം ലഭിക്കുന്നുണ്ട്. 'അവളൊരു ആങ്കുട്ട്യാ' എന്നു പറയുന്നത് 'അവള്‍ക്കൊരു പ്രശംസയാവുകയാണ്` സാധാരണ സംഭാഷണത്തില്‍. സ്നേഹസൂചകമായി ആണ്കുട്ടിയെ 'ഉണ്ണി' എന്നും പെണ്കുട്ടിയെ 'പെണ്ണ്' എന്നുമാണ്` പറയുക.ഭാഷാരൂപപരമായി 'ഉണ്ണി' പെണ്ണിനും ആണിന്ന് 'ഉണ്ണന്‍' എന്നുമല്ലേ ചേരുക? ഉണ്ണന്‍ എന്ന പദത്തിന്ന് എന്തോ ചന്തം പോരായ്ക തോന്നി പെണ്ണിന്റെ പദമായ ഉണ്ണി [ ഉണ്ണിമായ, ഉണ്ണിനങ്ങ, ഉണ്ണിമോള്‍..] ആണിന്` ചാര്‍ത്തിക്കൊടുക്കുകയുമല്ലേ നാം ചെയ്തത്? സാഹിത്യകൃതികളില്‍ കഥാപാത്ര സൂചനകള്‍ ഒഴിച്ചുള്ള അവന്‍ / അവള്‍ പ്രയോഗങ്ങളൊക്കെ ബഹുഭൂരിപക്ഷവും 'അവന്‍' എന്നേ എഴുതാറുള്ളൂ. ഉപന്യാസങ്ങളില്‍ ഈ അതിപ്രസരം വളരെ പെട്ടെന്ന് ബോധ്യപ്പെടും.
' ലോകമെമ്പാടും സിനിമ സംവിധായകന്റെ കലയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. '

ലോകമെമ്പാടും സിനിമയില്‍ സംവിധായികമാരും ഒട്ടും കുറവല്ലെന്നിരിക്കെ സിനിമയുമായി ബന്ധപ്പെട്ട ഒരു ഉപന്യാസത്തില്‍ സംവിധായികയുടെ കലയാണെന്നതില്‍... എന്നെഴുതാന്‍ സാധാരണനിലയില്‍ എഴുത്തുകാരന്ന് ആവുന്നില്ല. ഈയ്യിടെ എഴുതുന്ന പല ഉപന്യാസങ്ങളിലും ' ലോകമെമ്പാടും സിനിമ സംവിധായകന്റെ / സംവിധായികയുടെ കലയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ' ഭാഷയില്‍ / [സ്ളാഷ്] ചിന്ഹം നന്നായി ഉപയോഗിക്കുന്ന ഒരു കാലഘട്ടമാണ്` ഇത്. സ്കൂള്‍ സംബന്ധമായ ഉപന്യാസങ്ങളില്‍ ' അദ്ധ്യാപകന്‍ / അവന്‍ / ആണ്‍ കുട്ടികളുടെ നാമങ്ങള്‍/ അദ്ദേഹം / ചെയര്‍മാന്‍/ തുടങ്ങിയ പുല്ലിംഗ പദങ്ങളേ കാണാനാവൂ. സ്കൂളുകളുമായി ബന്ധപ്പെട്ട് പുരുഷന്‍മാരേക്കാളധികം [ അദ്ധ്യാപകരും ജീവനക്കാരും കുട്ടികളും ] സ്ത്രീകളാണെങ്കിലും ഉപന്യസിക്കുമ്പോള്‍ മേല്‍പ്പറഞ്ഞപോലെയായിരിക്കും എഴുതുക. മുണ്ടശ്ശേരി ചൂണ്ടിക്കാട്ടിയ 'ഭര്‍ത്രി, ഭാര്യന്‍ ' പോലെ 'അദ്ദേഹം' ഒരു ഒറ്റപ്പദമാണ്`. സ്ത്രീയെ ഒരിക്കലും 'അദ്ദേഹം ' എന്നു സംബോധനചെയ്യില്ലല്ലോ. സ്ത്രീകുള്ള ബഹുമാനസൂചകപദം ' അവര്‍' എന്നുവരെ മാത്രമേ ഉള്ളൂ. 'അവര്‍' ഒരിക്കലും ' അദ്ദേഹത്തിന്ന് തുല്യമാകുന്നില്ല താനും.

ഭാഷയിലെ ശൈലികള്‍, പഴംചൊല്ലുകള്‍ എന്നിവയിലും ലിംഗപരമായ വൈരുദ്ധ്യങ്ങള്‍ കാണാം. പഴംചൊല്ലുകളിലേയും ശൈലികളീലേയും ആശയതലത്തിലുള്ള വിരുദ്ധത വളരെ വലുതാണ്`. ' പെണ്ണിന്റെ കോട്ടം പൊന്നില്‍ തീരും ', പെണ്ണും കടവും നിര്‍ത്തി താമസിപ്പിക്കരുത്' തുടങ്ങി നൂറുനൂറു ചൊല്ലുകള്‍ എന്നും സ്ത്രീ വിരുദ്ധമാണ്`. നാട്ടുകഥകളില്‍ മിക്കതും സ്ത്രീയുടെ മിടുക്കിനെ, ബുദ്ധിയെ, തന്റേടത്തെ, ത്യാഗത്തെ, അദ്ധ്വാനത്തെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നവയാണ്`. പുരുഷന്റെ കഴിവില്ലായ്മ, തോല്‍വി, ജീവിതപരാജയം, ക്രിമിനാലിറ്റി എന്നിവക്കൊക്കെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സ്ത്രീയെയാണ്`. 'ഏതു പുരുഷന്റെ വിജയത്തിന്ന് പിന്നിലും ഒരു സ്ത്രീയുണ്ട്' എന്ന സര്‍ട്ടിഫിക്കറ്റ് പതിവുണ്ടെങ്കിലും ആയത് ഒരു വിപരീത / ആക്ഷേപാര്‍ഥത്തിലാവുകയാണല്ലോ?

ഇക്കാര്യങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടാന്‍ പഠിക്കാനുള്ള ഉപന്യാസങ്ങളിലൊന്ന് വിശകലനം ചെയ്താല്‍ മതി . അതിലെ പദങ്ങള്‍ പട്ടികപ്പെടുത്തിനോക്കു.

ആണ്‍പദങ്ങള്‍
പെണ്‍പദങ്ങള്‍
ആകെ നാമ പദങ്ങള്‍
ഉള്ളടക്കപരമായി മാറ്റം വരാതെ പെണ്‍പദങ്ങളാക്കാവുന്ന ആണ്‍പദങ്ങള്‍
പകരം വെക്കാനില്ലാത്ത ആണ്‍പദങ്ങള്‍


പട്ടികപ്പെടുത്തുമ്പോഴാണ് കാര്യങ്ങലുടെ കിടപ്പ് മനസ്സിലാവുക. ഭാഷപോലും ലിംഗ വ്യത്യാസങ്ങള്‍ക്ക് വഴിപ്പെട്ടുപോകുന്ന സാമൂഹ്യാവസ്ഥ നമ്മളെ നന്നായി ചിന്തിപ്പിക്കും.

Published in Janayugom 'Sahapadi' Dec 2012

4 comments:

Kalavallabhan said...

"ഭാഷപോലും ലിംഗ വ്യത്യാസങ്ങള്‍ക്ക് വഴിപ്പെട്ടുപോകുന്ന സാമൂഹ്യാവസ്ഥ നമ്മളെ നന്നായി ചിന്തിപ്പിക്കും. "

ഹിന്ദി സംസാരിക്കുന്ന പല മലയാളികളും ആണിനെ പെണ്ണും പെണ്ണിനെ ആണാക്കിയും സംസാരിക്കാറുണ്ട്‌. മാത്രാ വ്യത്യാസം മനസ്സിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടും.

Kalavallabhan said...

"ഭാഷപോലും ലിംഗ വ്യത്യാസങ്ങള്‍ക്ക് വഴിപ്പെട്ടുപോകുന്ന സാമൂഹ്യാവസ്ഥ നമ്മളെ നന്നായി ചിന്തിപ്പിക്കും. "

ഹിന്ദി സംസാരിക്കുന്ന പല മലയാളികളും ആണിനെ പെണ്ണും പെണ്ണിനെ ആണാക്കിയും സംസാരിക്കാറുണ്ട്‌. മാത്രാ വ്യത്യാസം മനസ്സിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടും.

എതിരന്‍ കതിരവന്‍ said...

സമൂഹത്തിന്റെ പൊതുചിന്ത തന്നെ ഭാഷയിലും പ്രകടമാകുന്നത്. അല്ലെങ്കിൽ ഭാഷ നിർമ്മിച്ചെടുക്കുന്നത്. എല്ലാ വാക്കും ആൺ-പെൺ വേർതിരിവിലൂടെ കാണുന്ന ഹിന്ദി പോലത്തെ ഭാഷകൾ ചില കുഴപ്പത്തിലുമെത്തുന്നു. “മീശ’ ഹിന്ദിയിൽ സ്ത്രീലിംഗമാണ്.

p m mohamadali said...

ആണ്‍ ,പെണ്‍ വ്യത്യാസം പ്രകൃതി പ്രതിഭാസം ,മനുഷ്യ പ്രകൃതി
ഭാഷയിലും പ്രതിപലിക്കില്ലേ? അല്ലെങ്കിഅതു പ്രകൃതി വിരുദ്ധമല്ലേ ?
വേഷ ഭൂഷാധികളിലും ,വ്യത്യാസം പ്രകടമല്ലേ?
ഹാവ ഭാവാതികളിലും സ്വഭാവത്തിലും പ്രത്യക്ഷമല്ലേ?
ഉടയോൻ ,ഏകൻ ദൈവവും അവനല്ലേ ? അവളാണോ ?