14 December 2012

ഭാഷയിലെ നാട്ടുവെളിച്ചം

-->
കേരളപാഠാവലി- മലയാളം [ 10] യൂണിറ്റ് 5 ദേശപ്പെരുമ – സഹായക്കുറിപ്പ്

ഉരുളികുന്നത്തെ മനുഷ്യര്‍ എന്നെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും പഠിപ്പിച്ചു. ആടയാഭരണങ്ങളില്ലാത്ത ഒരു ഭാഷ എനിക്കു തന്നു. ആ ഭാഷയുടെ പിന്നില്‍ ഒരു ജീവിതലാളിത്യമുണ്ടായിരുന്നു.” [ സക്കറിയ]
ഈ പ്രസ്താവനയുടെ സാധൂകരണമാണോ പാഠഭാഗം ? പരിശോധിക്കുക. കേരളപാഠാവലി മലയാളം പേജ്: 77

ലുത്തീനിയ: കന്യാമറിയത്തെപ്പോലുള്ള പരിശുദ്ധരെ വിവിധ വിശേഷണങ്ങള്‍കൊണ്ട് നാമം പോലെ ആരാധിക്കുന്ന പ്രാര്‍ഥന. [ ഈ പുസ്തകം പേജ്: 86]

താന്‍ ജനിച്ചുവളര്‍ന്ന നാടിനെ കുറിച്ച് എഴുതുമ്പോള്‍ ചെയ്യുന്ന സത്യപ്രസ്താവനകള്‍ അന്യന് അവിശ്വസിക്കാന്‍ ഇടമുണ്ടാക്കേണ്ടതില്ല. സക്കറിയ തന്റെ എഴുത്തുഭാഷയെ കുറിച്ച് വീണ്ടും ഇങ്ങനെ പറയുന്നു :

ഇന്നും ഞാനുപയോഗിക്കുന്ന ഓരോവാക്കിന്റേയും മാറ്റൊലിക്കുവേണ്ടി ഞാന്‍ ഉരുളികുന്നത്തേക്കാണ്` ചെവിയോര്‍ക്കുന്നത്. ഞാന്‍ വേറൊന്നുമല്ല; ഉരുളികുന്നത്തെ കല്ലിന്റേയും മണ്ണിന്റേയും കാറ്റിന്റേയും മുള്ളിന്റേയും മേഘത്തിന്റേയും വെള്ളത്തിന്റേയും ഒരു പാര്‍ശ്വോത്പന്നം മാത്രമാണ്`. “ [സക്കറിയ]

എഴുത്തിലെ ഭാഷാരീതി തീരുമാനിക്കുന്നത് ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്`. സാഹിത്യത്തിന്റെ ഉള്ളടക്കം എന്നത് ആശയങ്ങളോ പ്രമേയങ്ങളോ മാത്രമല്ല; ഉപയോഗിച്ച ഭാഷാകൂടിയാണ്`. ഭാഷാശില്പ്പമാണ്` കൃതി. ഉചിതമായ ഭാഷ പ്രയോഗിക്കാനുള്ള ശേഷിയാണ്` എഴുത്തുകാരനെ സംബന്ധിച്ച ഭാഷാശേഷി. വ്യവഹാരത്തിന്നനുസരിച്ചും ഭാഷ മാറും. ഒരേ എഴുത്തുകാരന്റെ കഥയുടേയും കവിതയുടേയും ഉപന്യാസത്തിന്റേയും ഭാഷ ഒരേപോലായിരിക്കില്ല. എഴുത്തിന്റെ ഉള്ളടക്കം എന്നത് അതുകൊണ്ടുതന്നെ വ്യവഹാര രൂപം കൂടിയാവുകയാണ്`. നിറങ്ങളും ശൈലിയും ആശയവും സ്ഥലകാലങ്ങളും സാമൂഹ്യാവസ്ഥയും ഒക്കെകൂടി ചേരുന്നതാണല്ലോ നല്ലൊരു ചിത്രം. അതുപോലെതന്നെ.

ഈ ലേഖനത്തിന്റെ [ ഉരുളികുന്നത്തിന്റെ ലുത്തീനിയ] ഭാഷാപരമായ സവിശേഷത അതിന്റെ അനാര്‍ഭാടത്വമാണ്`. സ്വതവേ എല്ലാ ഭാഷാപ്രയോഗവും ആര്‍ഭാടപൂര്‍ണ്ണമാണ്`. കുമാരനാശാന്‍ ' ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ' എന്നാണ്` പറഞ്ഞത്. ഭാഷ അപൂര്‍ണ്ണമാകുന്നത് ഈ ആര്‍ഭാടത്തിന്റെ ലക്ഷണമാണ്`. മനസ്സിലുള്ളത് അതേ അളവിലും തീവ്രതയിലും പ്രകാശിപ്പിക്കാനാവുന്നില്ല എന്ന ഖേദമാണത്. ഒന്നുകില്‍ അധികം പറയേണ്ടിവരുന്നു; അല്ലെങ്കില്‍ മുഴുവന്‍ പറയാനാവുന്നില്ല. ഇതാണ്`പ്രയോഗതലത്തില്‍ ഭാഷയുടെ അവസ്ഥ. ഒന്നുകില്‍ അധിക ആര്‍ഭാടം ; അല്ലെങ്കില്‍ ആര്‍ഭാടത്തില്‍കുറവ്. ഈ ഒരു വിഷയത്തില്‍ സക്കറിയ ചെയ്യുന്ന അനാര്‍ഭാടഭാഷ എഴുത്തുകാരനെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്`. ഈ അനുഗ്രഹം സക്കറിയക്ക് കൈവന്നത് നാടിന്റെ തനിമ ഇപ്പോഴും ജീവിതത്തില്‍ നിലനിര്‍ത്താനാവുന്നതുകൊണ്ടും. ഈ തനിമ ഭാഷയില്‍ ഉണ്ടാവുന്നത് ചിന്തയിലും വികാരങ്ങളിലും നാട്ടുതനിമ നിലനിര്‍ത്താനാവുന്നു എന്നതുകൊണ്ടുകൂടിയാണല്ലോ.

പാല- പൊന്‍കുന്നം റോഡിലാണ്` മടുക്കക്കുന്ന് പാലം. അവിടെ ഒരു പഴയ ഗേറ്റിലൂടെ പടിഞ്ഞാറേക്ക് പോകുന്ന ഒരു മണ്‍പാതയുണ്ട്..... “ ഇങ്ങനെ പോകുന്ന വിവരണങ്ങള്‍ ഉപന്യാസത്തിന്റെ സമഗ്രതയില്‍ ഉണ്ടാക്കുന്ന നാട്ടുതനിമ ഏതെഴുത്തുകാരനേയും പ്രലോഭിപ്പിക്കും. 'നടുമധ്യം, മനുഷ്യപ്രാണി, കയ്യാല, കുത്തുകല്ല്, ' തുടങ്ങിയ നിരവധി പദങ്ങള്‍ പകരുന്ന നാടന്‍ രുചി ധാരാളമായുണ്ട്. ഇങ്ങനെയുള്ള പദങ്ങളും ചെറുചെറുവാക്യങ്ങളും ഉരുളികുന്നിലെ മനുഷ്യരെപ്പോലെ തന്നെയാണെന്ന് മനസ്സിലാക്കാം. സക്കറിയ ഉരുളികുന്നത്തെ മനുഷ്യരെ 3 തരമായി തിരിച്ചിരിക്കുകയാണ്`. 1. നടക്കുന്നവര്‍ 2. പണിചെയ്യുന്നവര്‍ 3. കുളിക്കുന്നവര്‍. [ ഉപന്യാസത്തിലെ ഈ വിവരണങ്ങള്‍ നമ്മുടെ സവിശേഷ ശ്രദ്ധയിലെത്തുന്നവയാണ്`] മൂന്നു തരം ആള്‍ക്കാര്‍ക്കും ഉള്ള പൊതുസവിശേഷത സജീവതയാണ്`. അതുകൊണ്ടുതന്നെ ഈയാളുകളുടെ പ്രവൃത്തിക്കനുസൃതമായ വാക്കും സജീവമാണ്`. ചെറുചെറുവാക്യങ്ങളിലൂടെ ഭാഷാപമായ സജീവതയാണ്` സക്കറിയയുടെ എഴുത്തിലും കാണുന്നത്. നടത്തയും പണിയെടുക്കലും കുളിയും എല്ലാം ഭാഷയെ സംബന്ധിച്ചും നല്ല സൂചനകളാണ്`. ചലനാത്മകതയും നിര്‍മ്മിക്കലും പുതുക്കലും ശുദ്ധീകരിക്കലും നിശബ്ദതയും വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയിലേക്കുള്ള നീക്കവും എല്ലാമാണല്ലോ മേല്‍ ക്രിയകള്‍ നിര്‍വഹിക്കുന്നത്. അതുതന്നെ ഏറ്റവും ലളിതമായവയും.

ഭാഷയുടെ ഒഴുക്കിന്ന് ഉപന്യാസത്തിലെ ഏതു ഭാഗവും തെളിവ് തരുന്നു. നാട്ടുകൂട്ടത്തിന്ന് തട്ടും തടവുമില്ല. ഒഴുക്കും അതിലുള്‍ച്ചേരുന്ന സരതയും നാട്ടുഭാഷയുടെ ജന്മഗുണമാണ്`. ഇതേഭാഷ നഗരത്തിലെത്തിയാല്‍ ആടയാഭരണങ്ങളണിഞ്ഞ് ഒഴുക്ക് കുറയുന്നതായി കാണാം. മാത്രമല്ല; ഒഴുക്ക് നിലച്ച് ഭാഷ തളം കെട്ടുന്നതുപോലും കാണാനാവും. ടി.വി.അവതാരകരുടെ സംഭാഷണങ്ങള്‍, പത്രറിപ്പോര്‍ട്ടിന്റെ ഭാഷ, ' തീര്‍ച്ചയായും' എന്ന അര്‍ഥശൂന്യമായ ആവര്‍ത്തനങ്ങള്‍, മനസ്സിനെ തൊടാതെ ശരീരമാത്രമായ വിനിമയങ്ങള്‍ [ ഹലോ...ഹായ് … ] എന്നിങ്ങനെ തളംകെട്ടിനില്ക്കുന്ന ഭാഷ . ആവര്‍ത്തനങ്ങളില്‍ അല്ലാതെ പുതുക്കലില്‍ നഗരഭാഷ ഇടപെടുന്നില്ല. ഒരിക്കലും പുതിയ പദാവലി പുതിയ ഭാഷ ആവുന്നില്ല!

അധിക പഠനപ്രവര്‍ത്തനം

'ആടയാഭരണങ്ങളില്ലാത്ത ഭാഷ ' , 'ഭാഷയുടെ പിന്നിലെ ജീവിതലാളിത്യം' - ഇതു രണ്ടും കുട്ടികള്‍ക്ക് വളരെ പുതുമയുള്ള സങ്കല്പ്പങ്ങളാണ്`. സാഹിത്യാസ്വാദനവുമായി ബന്ധപ്പെട്ടതാണ്` ഈ സങ്കല്‍പ്പങ്ങള്‍. സാഹിത്യത്തിന്റെ ഉള്ളടക്കം ആശയങ്ങള്‍ മാത്രമല്ല; ഭാഷകൂടിയാണെന്ന് മനസ്സിലാവുകയാണ്`. ആത്യന്തികമായി സാഹിത്യം ഭാഷയില്‍ നിര്‍മ്മിക്കുന്ന ശില്പ്പമാണെന്ന് മനസ്സിലാവുകയാണ്`.

അതിനാല്‍
  1. സക്കറിയയുടെ തന്നെ മറ്റു കഥകള്‍ [ ഒരിടത്ത്, ഭാസ്കര പട്ടേലരും ഞാനും, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും എന്നിങ്ങനെയുള്ള കഥകള്‍ വായിക്കുക] നോക്കി അതിലെ ഭാഷാശൈലി മനസ്സിലാക്കാന്‍ / ആസ്വദിക്കാന്‍ ശ്രമിക്കുക.
  2. സക്കറിയയുടെ അതേ കാലത്ത് കഥ/ നോവല്‍ എഴുതിയ ഒ.വി.വിജയന്‍ [ ഖസാക്കിന്റെ ഇതിഹാസം, അരിമ്പാറ, യുദ്ധത്തിന്റെ അവസാനം....] വി.കെ.എന്‍ [ പിതാമഹന്‍, മാനാചിറ ടെസ്റ്റ്.......] യു..ഖാദര്‍ [ തൃക്കോട്ടൂര്‍ പെരുമ, ചന്തയില്‍ ചൂടിവില്‍ക്കുന്ന പെണ്ണ് ] എന്നിവരുടെ രചനകള്‍ നോക്കി അതിലെ ഭാഷാശൈലികള്‍ ആസ്വദിക്കുക.
  3. ഭാഷാശൈലി മാറ്റിയെഴുതിക്കളിക്കുക.
    [സക്കറിയ] ' പാല- പൊന്‍കുന്നം റോഡിലാണ്` മടക്കക്കുന്ന് പാലം.
    മാറ്റിയെഴുതിയാല്‍: പാലായില്‍നിന്ന് പൊന്‍കുന്നത്തേക്ക് കരിവണ്ടികള്‍ നിരങ്ങിനീങ്ങിപ്പോകുന്ന അതിവിശാലമായ റോഡിലാണ്` പാതക്ക് പുതുമനല്‍കുന്ന മടക്കക്കുന്ന് പാലം

    published in Madhyamam- velicham




No comments: