01 August 2011

കൌൺസലിങ്ങിൽ ഒതുങ്ങാത്ത ആധികൾ


ചോ:  എത്രപണം മുടക്കിയാലും എത്ര പരിഷ്കാരം വരുത്തിയാലും അധ്യാപകരാണല്ലോ ഏതു മാറ്റവും പ്രാവർത്തികമാക്കേണ്ടത്. അതിന് പ്രാപ്തരാണോ നമ്മുടെ അധ്യാപകർ?”

:   അധ്യാപകരുടെ ഉത്തരവാദിത്തം എങ്ങനെ ഉറപ്പാക്കാം എന്നത് ലോകത്തെവിടെയും ഉള്ള പ്രശ്നമാണ്. ഇന്ന് ഇവിടെ ഏറ്റവും സുഖകരമായ ജോലിയാണ് അധ്യാപനം. മുഴുവൻ പേരും തോറ്റാലും അധ്യാപകരോട് ആരും ഒന്നും ചോദിക്കില്ല. അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുക, പണിയെടുപ്പിക്കുക, പണിയെടുക്കാത്തവരെ ഒഴിവാക്കുക- ഇതിന്നുള്ള സംവിധാനം ഉണ്ടായേ തീരൂ
(ഡോ.ആർ.വി.ജി.മേനോനുമായുള്ള അഭിമുഖം: മാതൃഭൂമി വാരിക-പു 89/ 21)


പുതിയ അധ്യയനവർഷം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോൾഹെൽപ്പ് ഡസ്ക്കൾ പ്രാവർത്തികമാക്കാനുള്ള കഠിനശ്രമം ആരംഭിച്ചു. സർവശിക്ഷാ അഭിയാനും കേരള മഹിളാസമഖ്യയും 5 മുതൽ 8 കൂടി ക്ലാസുകളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന മാനസികാരോഗ്യ പരിപാടിയാണ്ഹെൽപ്പ് ഡസ്ക്’. എല്ലാ സ്കൂളുകളിൽനിന്നും ഒരു അധ്യാപകന്ന് ഇതിനു വേണ്ട പരിശീലനം നൽകിക്കഴിഞ്ഞിട്ടുണ്ടാകും. ഇനി പഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ തുടർ പരിപാടികൾ സമയബന്ധിതമായി ചെയ്യാൻ തുടങ്ങും.

ഹെൽപ്പ് ഡസ്ക് പരിശീലനത്തിന്നായി തയ്യാറാക്കിയ കൈപ്പുസ്തകം വളരെ സമഗ്രമായി ഇതിനുവേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ- നാം അറിയേണ്ടത് എന്ന ഭാഗം
·         ബാലപീഡനത്തിന്റെ പരിധിയിൽ വരുന്ന പ്രവൃത്തികൾ
·         എന്താണ് ബാലലൈംഗികപീഡനം?
·         ലൈംഗികപീഡനത്തിന്നിരയാവുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം?
·         ലൈംഗികപീഡനത്തിന്നിരയായ കുട്ടികളോടുള്ള അധ്യാപകൻ/ അധ്യാപികയുടെ സമീപനം എങ്ങനെയാവണം/
·         പീഡനത്തിന്ന് വിധേയമായ കുട്ടികളെ എങ്ങനെ സഹായിക്കും?
ഇങ്ങനെ വിഭജിച്ച് വിശദമാക്കുന്നുണ്ട്. അധ്യാപകർക്ക് വേണ്ടത്ര പരിശീലനവും ഉണ്ട്.

            ഇനി സ്കൂളുകളിൽ വരും നാളുകളിൽ കൌൺസലിങ്ങ് ക്ലാസുകളാണ്. കഴിഞ്ഞ വർഷങ്ങളിൽ എസ്.എസ്.എൽ.സി വിജയശതമാനം ഉയർത്തുന്നതിന്റെ ഭാഗമായി മിക്ക സ്കൂളുകളിലും എസ്.എസ്.എൽ.സി ക്കാർക്ക് കൌൺസലിങ്ങ് ക്ലാസുകൾ ഉണ്ടായിരുന്നു. വിദഗ്ദ്ധരും അൽപ്പവിദഗ്ദ്ധരും (പ്രാദേശികമായുള്ള ലഭ്യത കണക്കിലെടുത്ത്) സ്കൂളുകളിൽ നിത്യസാന്നിധ്യമായിരുന്നു. അതിന്റെ സംഘാടനമാകട്ടെ പലപ്പോഴും കുട്ടിയെ മാനസികസമ്മർദ്ദത്തിലാഴ്ത്തുന്നതായിരുന്നു തുടങ്ങിയ കാര്യങ്ങൾ മറ്റൊരുകാര്യം.ഹെൽപ്പ്ഡസ്ക് ഈവിദഗ്ദ്ധന്മാർക്ക്  വീണ്ടും തിരക്ക് വർദ്ധിപ്പിക്കും. ഇപ്പൊഴെ നമ്മുടെ ടീച്ചർമാർ ……മാഷിനെ (കൌൺസിലിങ്ങ് എക്സ്പെർട്ട് )വിളിക്കാം എന്ന ആശ്വാസത്തിലാണ്.

             അതെല്ലാം മാറ്റിവെക്കാം. എന്നാൽ ഇവിടെ ചർച്ച ചെയ്യേണ്ട പല പ്രധാനപ്പെട്ട സംഗതികളും കൈപ്പുസ്തകത്തിൽ -കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളുടെ കണക്കിൽ പെടുത്തുന്നില്ല എന്നാണ്. അതിലേറ്റവും പ്രധാനം ക്ലാസ് മുറിയിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ തന്നെ. ഇതിന്ന് അടിവരയിടുന്നതാണ് ഡോ.ആർ.വി.ജി മേനോന്റെ നിരീക്ഷണം.ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചാണ് ആർ.വി.ജി പ്രതികരിക്കുന്നതെങ്കിലും സാധാരണ സ്കൂളുകളിലും ഇതൊരു സജീവ പ്രശ്നം തന്നെയാണ്.

            ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും പരിശീലനങ്ങളുടെ കുറവല്ല.  PTA, MPTA, LSG, ക്ലസ്റ്റർ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാത്തതുമല്ല. എന്നിട്ടും നമ്മുടെ അധ്യാപകർ ഇപ്പൊഴും പഴയജമ്മിമാഷമ്മാരാവുന്നത് എന്തുകൊണ്ട്? ജമ്മിസ്വഭാവമാണ് ക്ലാസ്മുറിയിലെ സജീവ അക്രമം.ക്ലാസ്മുറികൾ ജനാധിപത്യസംസ്കാരത്തിൽ പ്രവർത്തിക്കണമെന്ന് എത്രയൊക്കെ ബോധവത്ക്കരിച്ചാലും നമ്മുടെ ബഹുഭൂരിപക്ഷം അധ്യാപകരുടെയും ഫ്യൂഡൽ ശൈലി നിലനിൽക്കുകയാണ്.   DPEP കാലം മുതൽ കേട്ട അതിമനോഹരമായ ഒരു നിരീക്ഷണം: ടീച്ചർ പറയുന്നത് കുട്ടിക്ക് മനസ്സിലാകുന്നില്ലെങ്കിൽ കുട്ടിക്ക് മനസ്സിലാകുന്നപോലെ ടീച്ചർ പറയാത്തതെന്ത്? എന്നർഥം വരുന്ന ഒരു ചോദ്യമാണ്.  ഇതു സൂചിപ്പിക്കുന്നത് കുട്ടിക്കെതിരെയുള്ള ശക്തമായ ഒരക്രമംകുട്ടിക്ക് മനസ്സിലാകുന്നപോലെ ടീച്ചർ പറയുന്നില്ലഎന്നതുതന്നെയാണ്. ജനാധിപത്യ സംസ്കാരവും ഫ്യൂഡൽ മനസ്ഥിതിയും തമ്മിലുള്ള വൈരുധ്യം തന്നെയല്ലേ ഏറ്റവും വലിയ അസ്വാസ്ഥ്യം നിർമ്മിക്കുന്നത്? കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സ്കൂളുകളിൽ നടന്ന ഒരുകൌൺസലിങ്ങിലും ഈ പ്രശ്നം ചർച്ച ചെയ്യപ്പെട്ടില്ല. കുട്ടിയെ നന്നാക്കാനായിരുന്നു ക്രിയാപദ്ധതി. മാഷെ നന്നാക്കാൻ ഒരു കൌൺസലിങ്ങും ഇന്നുവരെ നാം നടത്തിയതുമില്ല.

            എങ്ങനെ നന്നായി പഠിപ്പിക്കണംഎന്ന പരിശീലനം എല്ലാ അധ്യാപകർക്കും ഉണ്ട്. എന്നാൽഎങ്ങനെ നന്നായി പഠിക്കണംഎന്ന കാര്യം കുട്ടിക്ക് ഇന്നേവരെ പരിശീലിപ്പിച്ചിട്ടില്ല. മാറിയ പാഠ്യപദ്ധതിയുടേയും പഠനരീതികളുടെയും സത്ത കുട്ടിക്ക് ബോധ്യപ്പെടാൻ ഈ യൊരു പരിശീലനം അവശ്യമെന്ന് ഇന്നേവരെ ആർക്കും തോന്നിയില്ല. ഇതിന്റെ ഫലംമാഷ് നിർദ്ദേശിക്കുന്നപോലെ പഠിക്കുകഎന്ന ഫ്യൂഡൽ നിയമമാണ്. പാഠപുസ്തകങ്ങൾ ഇതുവരേയും , എത്ര പരിഷ്കരിച്ചിട്ടും കുട്ടിക്കായിട്ടില്ല. കുട്ടി വാങ്ങുന്നു എന്നത് ശരി. പക്ഷെ, പുസ്തകം തുറക്കുന്നത് അധ്യാപകന്റെ മുന്നിൽ വെച്ചാണ്. കുട്ടി വാങ്ങിയ പാഠപുസ്തകം സ്വയം കുട്ടിക്ക് അഭിഗമ്യയിട്ടില്ല. അതുകൊണ്ടുതന്നെഈ പുസ്തകത്തിൽനിന്ന് എന്തെല്ലാം പഠിക്കണംഎന്നകാര്യം കുട്ടിയോട് ആരും പറഞ്ഞിട്ടില്ല. അധ്യാപകൻ പറയുന്നതൊക്കെ പഠിക്കണം എന്നേ അറിയൂ. അതെല്ലാം പരീക്ഷക്കു വരും എന്നാണ് വിശ്വാസം. മാഷ് പഠിപ്പിക്കാത്തതൊന്നും പരീക്ഷക്ക് വരില്ല എന്നത് അനുക്തസിദ്ധം.എന്നാൽ പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടി പലപ്പോഴും ആവലാതിപ്പെടുന്നത്മാഷ് ഇതു പഠിപ്പിച്ചിട്ടില്ലഎന്നുമാണ്. സർക്കാർ ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും ഏൽപ്പിച്ചതൊക്കെ (ഹാൻഡ് ബുക്കിലും മറ്റും) അധ്യാപകൻ ചെയ്തിരിക്കും എന്നു തന്നെയാണ്. അധ്യാപകരുടെ ഉത്തരവാദിത്തത്തിൽ സർക്കാരിന്ന് ആശങ്കയില്ല. രക്ഷിതാവും വിശ്വസിക്കുന്നത് സർക്കാർ ഏൽപ്പിച്ചതൊക്കെ മാഷ് ചെയ്തിരിക്കും എന്നുതന്നെ. എന്നാൽ പിന്നെഇതു പറഞ്ഞുതന്നിട്ടില്ല- പഠിപ്പിച്ചില്ലഎന്ന ആവലാതി എങ്ങനെ?

            ഇതാണ് അധ്യാപകൻ കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. കൃത്യാന്തരബാഹുല്യം കൊണ്ട് എന്നു പറഞ്ഞ് ഒഴിവാകാനാവുമോ? ഒരു ഉദാഹരണം നോക്കാം: പത്താം ക്ലാസിൽ ജൂൺ മാസത്തിൽ ഗണിതശാസ്ത്രത്തിൽ ചെയ്തുതീർക്കാനുള്ള പാഠഭാഗങ്ങൾ വിദ്യാഭ്യാസവകുപ്പ് എല്ലാ കണക്ക് മാഷമ്മാർക്കും നൽകിയിട്ടുണ്ട്. സമാന്തരശ്രേണികൾ എന്ന അധ്യായം. ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിലൊന്ന് ഒരു പ്രോജക്റ്റ് ആണ്. (മൊത്തം ജൂണ്മാസത്തിൽ ഈ അധ്യായത്തിൽ രണ്ടു പ്രോജക്റ്റുകൾ ഉണ്ട്.) ഒന്ന്, സമാന്തരശ്രേണികളുടെ ബീജഗണിതരൂപങ്ങളുടേയും അവയുടെ തുകയുടെ ബീജഗണിതരൂപത്തിന്റേയും പ്രത്യേകതകൾ കണ്ടെത്തൽ-പ്രോജക്ട് ആണ്. സംസ്ഥാനത്തെ എല്ലാ കണക്ക് ക്ലാസിലും ഈ പ്രോജക്ട് ചെയ്തിരിക്കുമെന്ന്  തീർച്ചയായും സർക്കാർ വിശ്വസിക്കും. കൃത്യാന്തര ബാഹുല്യം കൊണ്ടോ, അധ്യാപകന്ന് ഇതു ചെയ്യിക്കാൻ വേണ്ട പ്രാപ്തിയില്ലാത്തതുകൊണ്ടോ മറ്റെന്തെങ്കിലും ന്യായമായ കാരണം കൊണ്ടോ ഇതു ക്ലാസിൽ ചെയ്യിക്കാനായില്ലെന്ന് വെക്കുക. അല്ലെങ്കിൽ ചെയ്യിക്കേണ്ടതില്ലെന്ന് അധ്യാപകൻ തീരുമാനിക്കുന്നു എന്നു വെക്കുക. ഇതുകൊണ്ട് സർക്കാർ ആഗ്രഹിച്ച ശേഷി കുട്ടിക്ക് കിട്ടാതെ പോകുന്നു. ഇങ്ങനെയൊരു പ്രവർത്തനം താൻ ക്ലാസിൽ ചെയ്യേണ്ടതാണെന്ന അറിവ് ഇതുവരെ കുട്ടിക്ക് ഇല്ലതാനും . ഈ ഒരു അവസ്ഥയേക്കാൾ ക്രൂരമായ അക്രമം മറ്റെന്തുണ്ട്? ഭാഷാക്ലാസുകളിൽ ഇതു വിവിധ വ്യവഹാരരൂപങ്ങളും, സെമിനാർ പോലുള്ള പ്രവർത്തനങ്ങളും ആവാം. മറ്റുക്ലാസുകളിൽ ഫീൽഡ് ട്രിപ്പ്, അഭിമുഖം, ലാബ് പ്രവർത്തനം എന്നിവയാകാം. ക്ലാസിൽ ചെയ്യാതെപോകുന്ന ഇതിന്റെയൊക്കെ നഷ്ടം അനുഭവിക്കേണ്ടിവരുന്നത് കുട്ടിയാണ്. അതുകൊണ്ടാണല്ലോ 5 ലക്ഷം കുട്ടികൾ പരീക്ഷയെഴുതിയാൽ 5000 പേർക്ക്മാത്രം മുഴുവൻ എ+ ലഭിക്കുന്നത്.

            മറ്റൊന്ന്, ക്ലാസിലെ കമ്യൂണിക്കേഷൻ തന്നെയാണ്. പഠിക്കാൻ നല്ല ഉത്സാഹത്തോടെ ക്ലാസിലിരിക്കുന്ന കുട്ടിയെ നിഷ്ക്രിയനാക്കുന്ന ഒരു ഘടകംമാഷ് പറഞ്ഞ കാര്യം കുട്ടിക്ക് മനസ്സിലാകുന്നില്ലഎന്നതു തന്നെ.മാഷ്വ്യക്തമായി പറയുംഎന്നത് ശരി തന്നെ. എന്നാൽ കുട്ടിക്ക്വ്യക്തമായോഎന്ന കാര്യം ബാക്കി കിടക്കുന്നു.  പലപ്പോഴും മാഷ് ക്ലാസ് വിട്ട് പോയ്ക്കഴിഞ്ഞാൽ കുട്ടികൾ ചർച്ച ചെയ്യുന്നത്മാഷ് എന്തേ പറഞ്ഞത്എന്നതുതന്നെയാണ്. കൊടുക്കുന്ന മിക്ക അസൈന്മെന്റുകളുംനാളെക്ക് ചെയ്തു വരണംഎന്നാണ്. ഏഴു പീരിയേഡിലും മാറിമാറിവരുന്ന വിഷയക്കാർ വെവ്വേറെഗൃഹപാഠങ്ങൾനൽകും. ഈ ഭാരം കുട്ടിക്ക് താങ്ങാനാവുന്നുണ്ടോ എന്ന കാര്യം ആരാലോചിക്കാൻ?

            കുട്ടികൾക്ക് നൽകുന്നഹെൽപ്പിൽഇതെല്ലാം ഉള്ളടങ്ങണം.  ഹെൽപ്പ് ഡസ്കിൽ ചർച്ചചെയ്യുന്ന മറ്റു വിഷയങ്ങൾ പോലെ ഇതും പ്രധാനപ്പെട്ടതാണ് . വിദ്യാഭ്യാസരംഗം നിരന്തരം മികവിലേക്ക് പരിണമിക്കുകയാണ്. സമൂഹവും രക്ഷിതാവും കുട്ടിയും അധ്യാപകനും ക്രിയാത്മകമായി ഇടപെടുകയാണ്. കുട്ടിക്കും രക്ഷിതാവിനും കൌൺസലിങ്ങ് ഉണ്ട്. കുട്ടിയുടെ പ്രശ്നങ്ങൾക്ക് കാരണമായി നാം കണ്ടെത്തുന്ന സംഗതികളിൽ മേൽപ്പറഞ്ഞതുപോലുള്ളവ ഉൾപ്പെടണം.അല്ലാതുള്ളഹെൽപ്പുകൾകൌൺസലിങ്ങിന്ന് .മാഷെ വിളിക്കാം എന്ന ആശ്വാസമായി നിലനിൽക്കും.

3 comments:

Chandravally U P said...

കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മിക്കവാറും ഒരദ്ധ്യാപകന്
കഴിയും അതിന് സ്വയം തയ്യാറാവുക എന്നതാണ് ചെയ്യേണ്ടത്.

drkaladharantp said...

മാഷ്‌,
ഹെല്പ് ടെസ്കിന്റെ മാനം മാനം പോകുന്ന പെണ്‍കുട്ടികളില്‍ ആണ്.ആത്മാവിസ്വാസമെങ്കിലും കൊടുക്കുമോ
പെണ്‍കുട്ടികള്‍ക്ക് കറുത്തു പകരുന്നതും വിദ്യാഭ്യാസമാണ്
പെണ്‍ കുട്ടികളുടെ പരിഗണന പലവിധത്തില്‍ വേണം.
സ്കൂളുകള്‍ വേണ്ടത്ര ജാഗ്രത കാണിക്കാതെ പോകുന്നെങ്കില്‍ അതിനുള്ള ഇടപെടല്‍ ആലോചിക്കണം
അതിനെ കുറച്ചു കാണരുത്.ഹെല്‍പ്ടെസ്ക് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ അല്ലെ പരിശോധിക്കേണ്ടത്.മാര്‍ഗങ്ങളും.
അങ്ങയുടെ കുറിപ്പ് തെറ്റിദ്ധാരണ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു

സുജനിക said...

1.ഹെൽ‌പ്പ് ഡസ്ക് ലക്ഷ്യം കുറേകൂടി വിപുലമായാലേ യാഥാർഥ്യങ്ങൾ മുഴുവൻ പരിഗണിച്ചൂ എന്നു കരുതാനാകൂ
2. ലക്ഷ്യങ്ങളിൽ ക്ലാസ് മുറികൾ ഊന്നുന്നില്ല
3. പഠിപ്പിക്കുന്നതിലെ അശാസ്ത്രീയതകൾ കാണുന്നില്ല
4. പരീക്ഷയിലെ അശാസ്ത്രീയതകൾ കാണുന്നില്ല(പരീക്ഷകളിൽ പെൺകുട്ടികൾക്ക് ഒരു പരിഗണനയുമില്ല-ആൺകുട്ടിക്കും മാസമുറ വയറുവേദനക്കാരിക്കും ഒരേദിവസം പരീക്ഷ തുടങ്ങി...)
5. ഇനി മാർഗ്ഗം: (അ?)വിദഗ്ദ്ധ കൌൺസിലമാരെ ആശ്രയിക്കുന്നു. അവരുടെ രീതികൾ പലപ്പോഴും ഏകപക്ഷീയം/ രഹസ്യാത്മകം/ കച്ചവടപരം
6. അധ്യാപകർക്ക് ഒരു കൌൺസലിങ്ങുമില്ല
[ലക്ഷ്യത്തേയോ മാർഗ്ഗത്തേയോ കുറ്റപ്പെടുത്തുകയല്ല...അപാകങ്ങൾ സൂചിപ്പിക്കുകയാണ്. ]ക‌മന്റിന്ന് നന്ദി.