27 October 2008

ദീപാവലി

വെക്കുക, നിറദീപം സന്ധ്യയിൽ
പുതുവര്‍ഷം ചോക്കുനൊരാകാശത്തിൽ
സൂര്യനസ്തമിച്ചൊരു കുന്നിൻനെറ്റിയിൽ
ചേക്കേറുന്ന പക്ഷികൾ താണ്ടും വയല്‍പ്പള്ളയിൽ
വഴിപോക്കർ തോണികാത്തീടും നദിക്കരയിൽ
ദൂരദേശങ്ങൾ താണ്ടും യാത്രികൻ തേടും സമുദ്രാതിര്‍ത്തിയിൽ
പഥികൻ വിരിവെച്ച പടിപ്പുരത്തിണ്ടിൽ
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലിൽ
ഉണ്ണിതൻ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികിൽ
പൂത്തതുളസിച്ചോട്ടിൽ
ഉമ്മറപ്പടിയിന്മേൽ
അകത്തും പുറത്തുംഈ തളത്തിൽ
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക പുതുവര്‍ഷത്തെ
രം.ദീപം നമ:

3 comments:

Anonymous said...

കവിത നന്നായി.രം എന്ന അഗ്നിബീജത്തോടെ ദീപത്തിനു നമസ്കാരം പറയുമ്പോൾ, രം ദീപായ നമ: എന്നായാലാണു കൂടുതൽ ശരി.
രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”

അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
സുജനികക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!

സുജനിക said...

സുഹൃത്തേ
കമന്റ് ഉചിതം.
രം ദീപം നമ: ഒരു മന്ത്ര ഭാഗമാണു.അതു അങ്ങനെത്തന്നെ ഉപയോഗിച്ചു.കുട്ടിക്കാലത്തു അതു ചൊല്ലിയപ്പോള്‍ തോന്നിയ മമത ഇന്നും തോന്നുന്നു. സവിശേഷമായും താങ്കളുടെ കമന്റ് കിട്ടിയപ്പോള്‍.ഇതൊക്കെ ശ്രദ്ധിക്കുന്നവരുണ്ടല്ലോ എന്നു.നന്ദി.

Jayasree Lakshmy Kumar said...

നിറദീപസമം ഈ വരികൾ

നന്നായിരിക്കുന്നു