20 January 2018

മാറുന്ന പഠനവഴികൾ 4




ഇങ്ങനെയൊരു ക്ലാസ്രൂം വിപുലനം നടക്കുമ്പോൾ അദ്ധ്യാപരും കുട്ടികളും എന്തായിരിക്കും ആഗ്രഹിക്കുക. രക്ഷിതാക്കളുടെ പ്രതീക്ഷയെന്തായിരിക്കും. . നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയി ധാരാളം ഐ സി റ്റി ഉപകരണങ്ങൾ സ്കൂളിൽ എത്തും. അവയൊക്കെത്തന്നെ ക്ലാസ്മുറികളിൽ , ലാബിൽ, ലൈബ്രറിയിൽ , സ്റ്റാഫ്രൂമിൽ… ഒക്കെ വിന്യസിക്കും. സമ്പന്നമായ ഐ സി ടി സാധ്യതകൾ പരക്കെ എത്തും. പഠനം വളരെ വളരെ കാര്യക്ഷമവും സമഗ്രവും ആയിത്തീരും. ഇത്രയും സംവിധാനങ്ങൾ വരുന്നതോടെ അതൊക്കെയും കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ അദ്ധ്യാപകർക്കും കുട്ടികൾക്കും ലഭിക്കും. .

നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയ ഐ സി ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളേയും അദ്ധ്യാപകരേയും പരിശീലിപ്പിച്ചെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. നിലവിൽ അധ്യാപകർക്കുമാത്രമുള്ള ഐ സി ടി പരിശീലനം എല്ലാ കുട്ടികൾക്കും ലഭിക്കണം. കുട്ടി ഉപഭോക്താവുമാത്രമല്ല, ഉൽപ്പാദകനുമാവണം. ഒരു പക്ഷെ, അദ്ധ്യാപകരേക്കാൾ പരിശീലനഗുണം ലഭിക്കുക കുട്ടികൾക്കാവും. മേലധികാരികളോ മഷൊ നിർബന്ധിക്കുമ്പോൾ പ്രയോജനപ്പെടുത്താനുള്ള ഒന്നായിക്കൂടാ ഇവയൊക്കെ. കുട്ടികൾക്ക് ക്ലാസ്മുറികളിൽ നിർബാധം ഉപയോഗപ്പെടുത്താൻ കഴിയണം. നെറ്റ്, വിവിധ സൈറ്റുകൾ , പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിങ്ങനെ ഓരോ കുട്ടിക്കും അധ്യാപകനും ആവശ്യമുള്ളതൊക്കെ ആവശ്യമായ സമയത്ത് കണ്ടെത്താനും എടുക്കാനും കഴിയണം. അറിവിന്റെ ജനാധിപത്യപരമായ , തേജസ്സാർന്ന മുഖം ക്ലാസ്മുറികളിൽ തെളിഞ്ഞുവരണം. അദ്ധ്യാപകന്ന് പഠിക്കാനും പഠിപ്പിക്കാനും കുട്ടിക്ക് പഠക്കാനും വളരാനും ഈ സംവിധാനം പ്രയോജനപ്പെടണം. നാളിതുവരെ കമ്പ്യൂട്ടർ ലാബുകളിൽ – അത് ചുമതലപ്പെട്ട മാഷ് തുറക്കുന്നതും നോക്കി - മാത്രം ഉണ്ടായിരുന്നവ ക്ലാസ്മുറികളിൽ 24 X7 സമയവും ഉണ്ടാവുന്ന അവസ്ഥ നിസ്സാരമല്ല. ജ്ഞാനവികാസസാധ്യതയിൽ കുട്ടി മാത്രമല്ല അധ്യാപകരും ലോകനിലവാരത്തിലേക്ക് ഉയരും. ഉയരണം. പുത്തനറിവുകൾ തിളച്ചുമറിയുന്ന ഇടമാവണം ക്ലാസ്രൂം. ജനാധിപത്യപരമായ സംവാദങ്ങൾ, ചർച്ചകൾ, സെമിനാറുകൾ , റിപ്പോർട്ടുകൾ എന്നിവ – തീർച്ചയായും ക്ലാസ് പഠനാവശ്യങ്ങൾക്കായിയുള്ളവ – ഉണ്ടാവണം.

ലോകനിലവാരത്തിലുള്ള ഒരു വിദ്യാഭ്യാസം നമ്മുടെ ക്ലാസ്‌മുറികളിൽ സ്വപ്നം കാണാൻ നമുക്കു കഴിയുന്നുണ്ട്. . നമ്മുടേതുപോലുള്ള ഒരു സംസ്ഥാനത്ത് നിസ്സാരമായ ഒരു പരികൽപ്പനയല്ല അത്. എന്നാൽ ക്ലാസ് മുറി മാത്രമാവരുത് പഠന സ്ഥലം. ലാബ് ലൈബ്രറി പൊതുഇടങ്ങൾ കളിസ്ഥലം വരെ പഠിക്കാനിരിക്കാനുള്ള സ്ഥലങ്ങളാണ് എന്നു കാണണം. പ്രാഥമികമായും സ്റ്റാപ്ഫ് റൂമാവും ആധ്യാപകന്റെ പഠന ഇടം. ഇവിടങ്ങളിലൊക്കെ ഐ സി ടി യുടെ സഹായം കിട്ടണം. ലാപ്പ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ തുടങ്ങിയവയിടെ വിന്യാസം ഇവിടങ്ങളിലൊക്കെ ഉണ്ടാവണം. പലരും ഭയപ്പെടുന്നതുപോലെ / ആശ്വസിക്കുന്നതുപോലെ ലാബും ലൈബ്രറിയും വായനയും ക്ലാസിലെ ഐ സി ടി പ്രയോഗങ്ങളിൽ ഒതുങ്ങരുത്. ലാബിന്ന് പകരമല്ല, ലൈബ്രറിക്ക് പകരമല്ല , കളിസ്ഥലത്തിന്ന് പകരമല്ല ഇതൊന്നും . പാശ്ചാത്യരാജ്യങ്ങൾ കമ്പ്യൂട്ടർ വിട്ട് പാടത്തേക്കും പറമ്പിലേക്കും കുട്ടികളെ വിട്ടയക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ജീവിതാനുഭവങ്ങൾ ഡിജിറ്റലല്ല. എന്നാൽ ലാബ് പ്രവർത്തനങ്ങൾക്കും ലൈബ്രറി പ്രവർത്തനങ്ങൾക്കും ഐ സി ടി വേണം താനും. കുട്ടികൾക്കുള്ള പൊതു വായനാസാമഗ്രികൾ, വായനാകാർഡുകൾ, പുസ്തകപരിചയങ്ങൾ, ഓഡിയോ പുസ്തകങ്ങൾ , അഭിമുഖങ്ങൾ – പ്രകടനങ്ങൾ തൊട്ടുള്ള വീഡിയോകൾ , എല്ലാം നിറയെ വേണം. ലാബിൽ അധികപഠനത്തിന്നായുള്ള വീഡിയോകൾ, സ്വന്തം പരീക്ഷണ നിരീക്ഷണങ്ങലുടെ റെക്കോഡുകൾ എന്നിങ്ങനെ നിരവധി ആവശ്യങ്ങളൂണ്ടാകും. സ്റ്റാഫ് റൂമുകളിൽ ആവശ്യമുള്ള ഐ സി ടി ഉപകരണങ്ങൾ ഉണ്ടാവണം. സമഗ്രപോലുള്ളവയുടെ പ്രയോജനം സ്റ്റാപ്ഫ് റൂമിലാണ് പ്രധാനമായും. എസ് ആർ ജി യോഗങ്ങൾക്ക് ഇതൊക്കെ ഉടനെയുടനെ ആവശ്യമാണ്. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോഴാണ് - അതിന്റെ എസ് ആർ ജി ചർച്ചകളിലാണ്, വിവിധ വിഷയങ്ങളുമായി തന്റെ വിഷയം ഇന്റഗ്രേറ്റ് ചെയ്യേണ്ടി വരുന്ന ചർച്ചകളിൽ നെറ്റും ലാപ്പും മൊബൈലും ഒന്നും ഒഴിവാക്കാൻ പറ്റില്ല. . ഇതിനൊന്നും പ്രത്യേക പരിശീലനമൊന്നും ഇനി വേണമെന്നില്ല. . ഉപയോഗപ്പെടുത്താനുള്ള ആവേശം ഉണ്ടാക്കൽ മാത്രം മതി. നന്നായി ഉപയോഗിക്കുന്നവരെ അംഗീകരിക്കലും അനുമോദിക്കലും കൂടി പ്രധാനമാണ്. ഓരോ അദ്ധ്യാപകനും ആവശ്യമായ ഡിജിറ്റൽ കണ്ടന്റ് സ്വയം ഉണ്ടാക്കലും ശേഖരിക്കലും ക്ലാസിൽ ഉപയോഗപ്പെടുത്തലും വേണമല്ലോ.

ഡിജിറ്റൽ കണ്ടന്റ് വികസിപ്പിക്കാനുള്ള പരിശീലനം അദ്ധ്യാപകർക്ക് നൽകണം. നിലവിൽ അദ്ധ്യാപകർ ഉപഭോക്താക്കൾ മാത്രമാണ്. അപൂർവം പേർ സ്വയം വികസിപ്പിക്കുന്നില്ല എന്നല്ല. സമഗ്രയിൽ നിന്നുപോലും എടുത്ത് പ്രയോഗിക്കലേ ഉള്ളൂ. ഇതിലേ വലിയ അപകടവും അധാർമ്മികതയും യു ട്യൂബ് പോലുള്ളവയിൽ നിന്ന് ആവശ്യാനുസരനം എടുക്കാമെന്ന ചിന്തയും അതിനു നമ്മുടെ പരിശീലനങ്ങളിൽ നൽകുന്ന പ്രോത്സാഹനവുമാണ്. എടുത്ത് ഉപയോഗിക്കുന്നവക്ക് പ്രധാനമായും രണ്ടു പ്രശ്നങ്ങൾ ഉണ്ട്. 1 . അതങ്ങനെ എടുക്കാൻ അനുവാദമുള്ളവയല്ല മിക്കതും. കവർച്ചയാണ്. കുറ്റകരമാണ്. ഓപ്പൺ ലൈസൻസുള്ളവ ഉണ്ട്. അത് കണ്ടെത്തണം. അങ്ങനെയുള്ള സംഗതികൾ പരിശീലനങ്ങളിൽ പൊതുവെ പരിഗണിക്കപ്പെടാറില്ല. 2. ആരോ ഉണ്ടാക്കിയിട്ടവ നമ്മുടെ ക്ലാസിലേക്ക് -ലോക്കലായി - അനുയോജ്യമാണോ എന്നന്വേഷണം ഒട്ടും ഇല്ല. നമ്മുടെ കുട്ടിക്കും അദ്ധ്യാപകർക്കും ദഹിക്കുന്നതും വഴങ്ങുന്നതുമാണോ ഈ റിസോർസുകൾ എന്ന ചിന്ത ഒട്ടും ഇല്ല. അതുകൊണ്ടുതന്നെ ഇ- റിസോർസുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഇല്ലാതാവുന്നു. ഏതൊക്കെയോ നാട്ടിലെ വിദഗ്ദ്ധർ അവരുടെ നാട്ടിലേക്കും കുട്ടികൾക്കും വേണ്ടിയുണ്ടാക്കിയവ മറ്റുള്ളവർക്ക് കാണാനായി ഇട്ടവയാണിവ. നാമും നമുക്കനുയോജ്യമായവ ഉണ്ടാക്കിയെടുത്തേ മതിയാവൂ. അതാണെറ്റവും എളുപ്പവും പ്രയോജനപ്രദവും. അതറിയണം. അത് പരിശീലങ്ങളുടെ ഭാഗമാവണം. ഒരു വീഡിയോ, ഓഡിയോ , പ്രസന്റേഷൻ, ഇന്ററാക്ടീവ് ഗെയിം, വർക്ക്ഷീറ്റ് , ഗൂഗ്ഗിൽ ഷീറ്റ് .… എന്തും നമ്മുടെ അദ്ധ്യാപകർക്കും കുട്ടികൾക്കും നിഷ്പ്രയാസം ഉണ്ടാക്കിയെടുക്കാൻ കഴിയണം. ക്ലാസ്മുറിയിലെ ചോരണം ഇല്ലാതാവണം. പുതിയ പുതിയ റിസോർസുകൾ സൃഷ്ടിക്കപ്പെടണം.

പലഘട്ടങ്ങളിലായി അദ്ധ്യാപകരെ പല ടൂളുകളും ആപ്ലിക്കേഷനുകളും പരിശീലങ്ങളിൽ പരിചയപ്പെടുത്തിയിട്ടും പഠിപ്പിച്ചിട്ടുമുണ്ടാവാം. എന്നാൽ അവയുടെ തുടർ പ്രയോഗം വളരെ വളരെ കുറവാണ്. ഭാഷയിൽ, ഗണിതത്തിൽ ഒരു ചെറിയ ഇന്ററാക്ടീവ് ഗെയിം , ഒരു വീഡിയോ , ഒരു ഓഡിയോ … ചെയ്യുന്നില്ല . ജിയോജിബ്ര ഉപയോഗിക്കുന്ന കണക്ക് അദ്ധ്യാപകർ എത്രയുണ്ടാവും ? ക്ലാസിൽ ജിമ്പ് ഉപയോഗിക്കുന്ന ഡ്രോയിങ്ങ് മാഷമ്മാരെ പരിചയമുള്ളവർ എത്രയുണ്ട്? പ്രസന്റേഷൻ പോലും അത്രയധികം സ്വയം ആരും ഉണ്ടാക്കുന്നില്ല . അവയുടെ ഒരു ശേഖരം സ്കൂളുകളിൽ സൂക്ഷിക്കപ്പെടുന്നില്ല. വായനാകാർഡുകൾ, കളികൾ, വർക്ക്ഷീറ്റുകൾ, പ്രസന്റേഷനുകൾ , വീഡിയോകൾ, ഓഡിയോകൾ, ചിത്രങ്ങൾ എന്നിവയുടെ നല്ലൊരു ശേഖരം ഓരോ സ്കൂളിലും ഹൈടെക്കാവുന്നതിലൂടെ വികസിപ്പിക്കണം. നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യലല്ല പഠനപ്രവർത്തനം എന്ന പ്രാഥമിക തത്വം വ്യാപിക്കണം. തമാശയായിപ്പറഞ്ഞാൽ സ്കൂൾ റിപ്പോസിറ്ററിയിലേക്ക് അപ്പ്ലോഡ് ചെയ്യലാവണം പഠനപ്രവർത്തനങ്ങളുടെ ഒരു ഘട്ടം. അപ്പോൾ ഇന്നുപയോഗിക്കുന്ന ഈ ഇന്റെർനെറ്റ് ചെലവ് എത്രയോ കുറയ്ക്കാം. അത്യാവശ്യം നമ്മുടെ ക്ലാസുപയോഗത്തിനുള്ള ഒരു സാധനം നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ എത്ര നെറ്റുപയോഗം ഉണ്ടന്ന് ആരും ആലോചിക്കുന്നില്ല. നെറ്റ് ഫ്രീയാണെന്നാണ് പൊതുധാരണ. സർക്കാർപണം അട്യ്ക്കുമ്പോഴാണല്ലോ സ്കൂളിൽ നെറ്റ് ഫ്രീയായി കിട്ടുന്നത്. സർക്കാർപണം നമ്മുടെയൊക്കെ പണമല്ലേ. അങ്ങനെയല്ല സാധാരണ അദ്ധ്യാപകന്റെ ആലോചന പോകുന്നത് .


RHITHU : SSWEET LEMS Slide


ക്ലാസ്മുറികൾ, സ്റ്റാഫ് റൂമുകൾ, ലാബ് , ലൈബ്രറി, വരാന്ത – ഇടനാഴി- മുറ്റം - മരച്ചുവടുകൾ വരെ മുഴുവൻ ഹൈടെക്കാവണം. എത്രത്തോളം കഴിയുമോ അത്രയും നല്ലത്. മാവിൻ ചുവട്ടിൽ ഒരു ചെറുസംഘം കുട്ടികൾ / അദ്ധ്യാപകർ ടാബിലോ കിന്റിലിലോ മൊബൈലിലോ ഒരു മാസിക / പത്രം / പുസ്തകം വായിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. കുട്ടികളും അധ്യാപകരും പഠിക്കാനും പഠിപ്പിക്കാനുമുള്ള സഹായകസംവിധാനങ്ങൾ – ഇ റിസോർസ് ഉണ്ടാക്കുന്ന ഇടമാവണം സ്കൂൾ. സ്കൂൾ ഒരു ഡൗൺലോഡ് കേന്ദ്രമല്ല. ഇന്റർനാഷണൽ തലത്തിലേക്ക് നമ്മുട കുട്ടിയും മാഷും വളരുന്നത് ഡൗൺലോഡിലൂടെയാവരുത്. കഴിയുന്നത്ര അപ്പ്‌ലോഡ് ചെയ്യാൻ കഴിയണം. നമുക്കത് കഴിയും. അതിനുവേണ്ട പരിശീലനവും പ്രോത്സാഹനവും അദ്ധ്യാപകർക്കും കുട്ടിക്കും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉണ്ടാവണം. മണ്ണും മരവും വെള്ളവും വെയിലും പൂവും പൂമ്പാറ്റയും അനുഭവിക്കുന്നപോലെ ഐ ടി യും കുട്ടി അനുഭവിക്കുകയാവണം. അനുഭവങ്ങൾ അറിവായി ലോകനിലവാരത്തിലെത്തുകയും ചെയ്യും. .


പ്രാഥമികമായും പുറമേനിന്നുള്ള എല്ലാ അറിവും ക്ലാസിലേക്ക് കയറിവരാനുള്ള ജനാലയല്ല ഹൈടെക്ക് ; ക്ലാസിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അറിവുകൾ പുറം ലോകത്തേക്ക് കടന്നുപോകാനുള്ള ജാലകമാണ് എന്നുറപ്പാക്കണം.  

No comments: