14 January 2018

മാറുന്ന പഠനവഴികൾ 3

ഹൈടെക്ക് പ്രതീക്ഷകൾ 3


നിലവിൽ ബഹുഭൂരിപക്ഷം അദ്ധ്യാപകരും കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള നിപുണത നന്നേ കുറഞ്ഞവരാണ്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടും മിക്കവാറും ഇതാണവസ്ഥ. നമുക്ക് കേരളത്തിൽ ഐ ടി @ സ്കൂളിന്റെ പരിശീലനങ്ങൾ കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ധാരാളമുണ്ട്. അപ്പോൾ പരിശീലനക്കുറവല്ല ഇതിനു കാരണം എന്നു കാണാം. പിന്നെ എന്താവാം എന്ന അന്വേഷണം ആരംഭിക്കും. പ്രശ്നപരിഹാരങ്ങൾ ഉണ്ടാവും. സാധാരണക്കാരനായ അദ്ധ്യാപകന്റെ പ്രതീക്ഷ ഇങ്ങനെയാവും .

പൊതുവെ എല്ലായിടത്തും ഐ സി ടി പ്രയോജനപ്പെടുത്തിയിട്ടുള്ള ക്ലാസ്മുറികളിലൊക്കെത്തന്നെ അതു ഫലപ്രദമാക്കാൻ അദ്ധ്യാപകർക്കാവുന്നില്ല . എന്നാൽ കുട്ടികൾക്ക് വലിയ പ്രയാസവുമില്ല. അമേരിക്കയിൽ പോലും ഈ പ്രശ്നം - അദ്ധ്യാപകർ പുതിയ ജ്ഞാനവിദ്യകൾ പ്രയോഗിക്കാൻ വിമുഖരും അജ്ഞരുമാണ് - എന്ന കാര്യം പഠനഗ്ങളിൽ കാണാം. കമ്പ്യൂട്ടർ ഇന്റെർനെറ്റ് എന്നീ സംവിധാനങ്ങളുടെ പ്രയോഗങ്ങളിൽ മുത്ർന്നവരേക്കാൾ കുട്ടികളാണ് മുന്നിൽ. . ഇന്നത്തെ കുട്ടികളുടെ തലമുറയിൽ സഹജമായി സന്നിഹിതമായ ഒന്നാണ് ഐ ടി . അദ്ധ്യാപകരുടെ തലമുറ പുതിയ ഒന്നിനെ പഠിച്ചെടുക്കുകയാണ്. ഈ ഒരു വിടവ് ക്ലാസ്മുറിയിൽ ഉണ്ട്. അവനവന്റെ തലമുറ ഉപകരണങ്ങൾ [ എന്തുമാവട്ടെ ] കൈകാര്യം ചെയ്യാനാണ് സാധാരണ മികവ് ഉണ്ടാവുക. ഇത് ഒരു ബയോളജിക്കൽ വിഷയമായാണ് പരിഗണിക്കേണ്ടത് എന്നു തോന്നുന്നുണ്ട് . അമ്മക്ക് ചക്കപ്പുഴുക്കും മകൾക്ക് വെജ് സാൻവിച്ചും പ്രിയപ്പെട്ടതാവുന്നത് സ്വാഭാവികമാണ്.

നിലവിലുള്ള നാനാതരം പരിശീലനങ്ങൾ അദ്ധ്യാപകരെ കുറച്ചൊക്കെ ആധുനിക വിദ്യകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് സമ്മതിക്കാം. എന്നാൽ അത് ക്ലാസ്മുറിയിൽ നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്ന് ഒരു നിഷ്കർഷയും ഇതുവരെ ഇല്ലാത്തതുകൊണ്ട് പഴയ ലക്ച്ചർ ഫോമുകളാണ് അധികവും എന്നത് പരസ്യമാണ്. പഠനം ഇന്നും നമ്മുടെ ക്ലാസുകളിൽ പരീക്ഷ കേന്ദ്രിതമാണ്. ശിശുകേന്ദ്രീകൃതമെന്നതിനേക്കാൾ learning out come , exam , result എന്നിവയിൽ ഊന്നുന്നു. പഠിക്കുന്ന രീതി ഒന്നും പരീക്ഷിക്കുന്ന രീതി മറ്റൊന്നുമാവുന്നു. നിലവിൽ ഇതുവരെ അതിലെ മാറ്റത്തെക്കുറിച്ചും പഠനം പോലെ പരീക്ഷ ഹൈട്ടെക്കാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നില്ല. . ഹൈടെക്ക് ക്ലാസ്മുറിയാണെങ്കിൽ പരീക്ഷയും അതിനനുയോജ്യമായ രീതിയിലാവണമല്ലോ. നമ്മുടെ ക്ലാസ്മുറികൾ ഇന്നും പരീക്ഷക്ക് വേണ്ടി ഒരുക്കുന്ന പണിശാലകളാണ് എന്ന നില വിട്ടിട്ടില്ല.

അദ്ധ്യാപകരുടെ മാറനുള്ള വിസമ്മതം നിസ്സാരമല്ല. തങ്ങൾ പഠിച്ചുപോന്ന മഹത്തായൊരു പാരമ്പര്യം ഉപേക്ഷിക്കാനാവുന്നില്ല. ഇരുത്തിപ്പഠിപ്പിച്ചത് മറക്കാനാവുന്നില്ല. കുട്ടിക്കാവട്ടെ അവർ പഠിക്കുന്ന രീതി ക്ലാസിൽ പോറ്റാനുമാവുന്നില്ല. കുട്ടി ഇന്റെർനെറ്റും ലാപ്പും ടാബും നിത്യമുപയോഗിച്ച് പഠിക്കുകയും കളിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുന്നവരാണ്. ഇത് അത്രത്തോളം ക്ലാസിൽ അനുവദനീയമാകുന്നില്ല. വാക്കാർഥം, പദപ്രയോഗം, ഗൂഗിൾ മാപ്പ്, ഗണിത പസിലുകൾ , ശാസ്ത്ര ഗവേഷണഫലങ്ങൾ, രാഷ്ട്രീയ ബോധം.… തുടങ്ങിയവ നിമിഷനേരം കൊണ്ട് കുട്ടിയുടെ കൈപ്പിടിയിലുണ്ട്. . മിക്ക അധ്യാപകരും ഈ ലവലിലല്ല. അവർ മാറാനും പെട്ടെന്ന് തയ്യാറില്ല. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ഇപ്പൊഴും പഠിച്ചുകൊണ്ടിരിക്കുന്നത്.

സാമ്പ്രദായിക ക്ലാസു മുറികളോടുള്ള വിശ്വാസം സമൂഹത്തിൽത്തന്നെ പ്രബലമാണ്. എന്തൊക്കെ ഐ സി ടി ഉണ്ടെങ്കിലും കുട്ടിയെ ഇരുത്തി തല്ലിപ്പഠിപ്പിക്കണം എന്നുതന്നെയാണ് കേരളത്തിന്റെ ഫ്യൂഡൽ ജീവിതമുള്ള കുടുംബം. പുറം ലോകമല്ല അകം ലോകം വീട്ടിലെങ്കിലും. സാമ്പ്രദായിക ക്ലാസ്മുറി സർക്കാരും വിട്ടിട്ടില്ല. ക്ലാസ്മുറി നവീകരണം എന്നത് പി ഡബ്ലിയു രീതികളിൽ നിന്ന് പുറത്ത് വന്നിട്ടില്ല. തീർച്ചയായും നിരവധി സ്കൂളുകൾ നാട്ടുകാരുടേയും അദ്ധ്യാപകരുടേയും [ കഠിന ] ശ്രമഫലമായി പഠനപരിസരപരമായ നവീനതകൾ സ്വായത്തമാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം സ്കൂളുകളിലും , ഇന്റർനാഷണൽ എന്നുപേരിടുന്ന സ്കൂളുകളിലും പഴയ ഡസ്കും ബഞ്ചും ക്ലാസ്മുറികൾ തന്നെ . [ ഉള്ള ] കുട്ടികളുടെ സ്വന്തമായ ടാബ്, ലാപ്പ് , മൊബൈൽ എന്നിവ ഉപയോഗിക്കാനുള്ള ബോധനശാസ്ത്രപരമായ ഒരുക്കങ്ങൾ തീരെ ഇല്ല.

പഠനം ബോധനം എന്നിവ പേർസണലൈസ് ചെയ്യാനുള്ള സാധ്യതകൾ എത്രത്തോളമുണ്ട് . ടെക്നോളജിയുടെ പ്രധാനപ്പെട്ട ഒരു വശം അതിനെ യൂസർക്കാവ ശ്യമുള്ള രീതിയിലേക്ക് അതിനെ പരുവപ്പെടുത്താം [ പേർസണലൈസ് ] ചെയ്യാം എന്നാണല്ലോ. മുങ്കൂട്ടി നിശ്ചയിച്ച പഠനപ്രവർത്തനങ്ങൾ സമഗ്രയായാലും യൂട്യൂബ് തുടങ്ങിയവയായാലും കളികളായാലും കുട്ടിക്കും അദ്ധ്യാപകനും അതിൽ ഒന്നും ചെയ്യാനില്ല. അതങ്ങനെ ഉപയോഗിക്കൽ മാത്രമാണ്. പഠനത്തിന്റെ കാര്യത്തിൽ ഓരോകുട്ടിക്കുമുള്ള തനത് ശീലങ്ങളേയും അഭിലാഷങ്ങളേയും നിലവിൽ ഐ സി ടി ഒരുക്കങ്ങൾ അവഗണിക്കുന്നു. വിഭവങ്ങൾ ഉപയോഗിക്കലല്ല , ഉണ്ടാക്കലാവണം ക്ലാസ്മുറിയിലെ ആദ്യാവസാന പ്രവർത്തനം.

ബോധനവും ഉപകരണങ്ങളുടെ തനത് സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താൻ നമുക്കെത്രത്തോളം ആവുന്നുണ്ട്. മൊബൈലിലെ കാൽക്കുലേറ്റർ, കലണ്ടർ , റിമൈൻഡറുകൾ , സോഷ്യൽ നെറ്റ്വർക്കുകൾ എന്നിങ്ങനെ കയ്യിലുള്ള ഉപകരണങ്ങലിൽ സ്വയമേവ ഉള്ളതും കൂട്ടിച്ചേർക്കാവുന്നതും പഠന ബോധനപ്രവർത്തനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്. ? തനത് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള എന്തെന്ത് പരിപാടികൾ ഇതുവരെ നാം ആലോചിച്ചിട്ടുണ്ട് ? ഇത് ചൂണ്ടിക്കാണിക്കുന്നത് ഐ സി ടി ഇതൊക്കെ പരിഗണിക്കാതെയുള്ള മറ്റെന്തൊക്കെയോ ആണെന്ന ധാരണയിലേക്കാവും. പഠിക്കുമ്പോഴും പിന്നെ പരീക്ഷക്കും കാൽക്കുലേറ്ററും കലണ്ടറും ഡാറ്റകളും മൊബൈലിലുള്ളത് കുട്ടിക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടോ ?

മൂല്ല്യനിർണ്ണയനത്തിൽ ഐ സി ടിയുടെ പങ്ക് നിലവിൽ ഇല്ല എന്നുതന്നെ പറയാം. ബോധനത്തിന്റെ തുടർച്ചയാണല്ലോ മൂല്യനിർണ്ണയം . നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം സാധ്യമാക്കാൻ ഐ സി ടി ക്ക് എത്രയോ കഴിവുണ്ടല്ലോ . അവിടേക്ക് നമ്മുടെ ഹൈടെക്ക് ക്ലാസുകൾ വളരാൻ ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിൽ മുങ്കൂട്ടി തയ്യാറാക്കിയ ചില കണ്ടന്റ് ക്ലാസിലെത്തിക്കലാവുകയാണോ ഹൈ ടെക്ക് ? മിക്കപ്പോഴും പഠനം കൺസ്റ്റർക്ടീവ് ഭാവത്തിലും പരീക്ഷ ബിഹേവിയറിസ്റ്റ് രൂപത്തിലും തന്നെയാണല്ലോ.

നിരന്തരം മാറുന്ന – നവീകരിക്കപ്പെടുന്ന ടെക്നോളജി ലോകം ഹൈടെക്ക് ക്ലാസ്മുറികൾക്ക് വലിയ വല്ലുവിളിയാണ്. ഹാർഡ്വെയറും സോഫ്ട്വെയറും നിരന്തരം പുതുക്കപ്പെടുന്നു. ഈ മാസം ഉപയോഗിച്ച ഒരു സോഫ്ട്വെയർ അടുത്തമാസം അപ്പ്ഡേറ്റ് ചെയ്തോ പുതിയതെടുത്തോ ഉപയോഗിക്കേണ്ടിവരുന്നു. സ്കൂൾ ലിനക്സ് പോലും നിരന്തരം പുതുക്കുകയും അതെല്ലാം അപ്പപ്പോൾ ഇൻസ്റ്റാൽ ചെയ്ത് സജ്ജീകരിക്കയും വേണ്ടിവരുന്നു. പുതിയ സോഫ്ട്വെയറിന്ന് പലപ്പോഴും പുതിയ ഹാർഡ് വെയർ വേണ്ടിവരുന്നു. മൂഡിൽ , പി ഛ് പി 5 എന്നിങ്ങനെ പുതിയവ പുതിയവ.

ക്ലാസ്മുറിയും അതിന്റെ ഘടനയും ഐ സി ടി യും തമ്മിലുള്ള പൊരുത്തമില്ലായ്മ ചെറുതല്ല. . ടൈൽസ് , എ സി എന്നിവയിൽ പരിഹരിക്കാവുന്നതല്ല ഈ പൊരുത്തക്കേട്. തിക്കും തെരക്കുമുള്ള ചെറിയ ക്ലാസുകൾ , സ്കൂൾ ടയിം ടേബിൾ തുടങ്ങി പലതും ഐ സി ടി പ്രയോജനപ്പെടുത്തലിനെ തടയുന്നു. ഒരു വീഡിയോ സൂക്ഷ്മായി കാണൽ, ഒരു ആർട്ടിക്കിൾ – പുസ്തകം വായിക്കൽ , ഒരു ഗെയിം മനസ്സിലാക്കൽ തുടങ്ങി സമയമെടുത്ത് ചെയ്യേണ്ട പലതും ക്ലാസിനകത്ത് സാധ്യമല്ല ഇന്ന്. ആരൊക്കെയോ മുങ്കൂട്ടി തയ്യാക്കി വെച്ചതും അത് ബോധനസമയത്ത് അദ്ധ്യാപകർ കാണിച്ചുതരുന്നതുമായ ചില യൂട്യൂബ് വീഡിയോ , ഓഡിയോ മാത്രമല്ലല്ലോ ഹൈടെക്ക് ക്ലാസ്മുറിയിൽ ഉണ്ടാവേണ്ടത്. അദ്ധ്യാപകന്റെയും കുട്ടിയുടേയും സർഗാത്മകതയും പഠനസന്നദ്ധതയും ഒക്കെ പരമാവധി പ്രകാശിതമാവേണ്ട ഇടങ്ങളാവണം ഹൈടെക്ക് ക്ലാസ് മുറികൾ. നേരത്തെ ഒരിക്കൽ പറഞ്ഞപോലെ വെളിയിൽനിന്നുള്ള വിവരങ്ങൾ കടന്നുവരാനുള്ള ജാലകമെന്നതിനേക്കാൾ ക്ലാസിലുണ്ടാവുന്ന വിവരങ്ങൾ പുറത്തേക്ക് പ്രകാശനം ചെയ്യാനുള്ള ജാലകങ്ങളായിരിക്കണം നമ്മുട ക്ലാസ്മുറികളിൽ ഹൈറ്റെക്ക് വഴി സജ്ജമാകേണ്ടത്.
RHITHU : SSWEET LEMS Slide 


മനമോടാത്ത കുമാർഗമില്ലെടോ [ ഡിസ്റ്റ്രാക്ഷൻസ് ] എന്നു പറയും പോലെ കുട്ടിയും അദ്ധ്യാപകനും അറിഞ്ഞും അറിയാതെയും ചെന്നുകേറുന്ന ചതിക്കുന്നുകൾ ഇന്റെർനെറ്റിൽ സുലഭമാണ്. . നമ്മളെത്ര സൂക്ഷിച്ചാലും നിയന്ത്രിച്ചാലും ചതിക്കുന്നുകൾ സജീവമാണ്. ഇതൊക്കെ തിരിച്ചറിയാൻ തന്നെ ഒരുപാട് സമയമെടുക്കും.


ടെക്ക്നോളജി നഷ്ടപ്പെടുത്തുന്ന ക്രിയേറ്റിവിറ്റി തലം ചെറുതല്ല. . സജീവമായ ജീവിതം കുട്ടിക്ക് വലിയൊരളവോളം നഷ്ടപ്പെടുന്നു. പാടവും കുന്നും പുഴയും നെല്ലും കയ്പ്പയും കിളിക്കൂടും മാലിന്യപ്രശ്നവും കുട്ടി ഹൈടെക്കിൽ അനുഭവിച്ചാൽ പോരല്ലോ . അനുഭവം സജീവമായി റിയലായി മുന്നിലുള്ളപ്പോൾ അത് ശ്രദ്ധിക്കാതെ വെർച്വൽ റിയാലിറ്റിയിൽ കുട്ടി അനുഭവം അവസാനിപ്പിക്കുന്നു. മണ്ണും വെള്ളവും ആകാശവും നഷത്രവും കുട്ടിക്ക് റിയലായി ലഭിക്കണം. കവിത കുട്ടിക്ക് സ്വയം പാടാനും ആസ്വദിക്കാനും കഴിയണം. അക്ഷരം സ്വന്തം നോട്ട് ബുക്കിൽ എഴുതാൻ കഴിയണം. . വെർച്വൽ ടൂറുകളേക്കാൽ സ്വന്തം പരിസരസരങ്ങളിൽ റിയൽ ടൂറുകൾ , ഫീൾഡ് ട്രിപ്പുകൾ ഒരുക്കിയെടുക്കണം. ടെക്ക്നോളജി ഇത്തരം അനുഭവങ്ങളെ നഷ്ടപ്പെടുത്താനോ രണ്ടാംതരം അനുഭവമെന്ന് കരുതാനോ പ്രേരിപ്പിക്കുന്നുണ്ട്. യഥാർഥ ലോകമല്ല ആരൊക്കെയോ എഡിറ്റ് ചെയ്ത ലോകമാണ് ഇന്ന് ഹൈടെക്കിലൂടെ കുട്ടിയുടെ മുന്നിലത്തുന്നത്

No comments: