04 January 2018

മാറുന്ന പഠനവഴികൾ 2


[ ഹൈടെക്ക് പ്രതീക്ഷകൾ 1 ]




നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനാനുഭവങ്ങൾ നൽകാൻ നിലവിൽ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [ Information and communications technology : a diverse set of technological tools and resources used to communicate, and to create, disseminate, store, and manage information.] തന്നെയാണ്. കാഴ്ച, ശബ്ദം , ഒരു പരിധിവരെ സ്പർശം എന്നിവയുടെ കാര്യത്തിൽ ലാപ്പ്ടോപ്പും അനുബന്ധ സംവിധാനങ്ങളും ക്ലാസുകളിൽ വേണ്ടതാണ്. അതാണ് സ്മാർട്ട് ക്ലാസുകളിൽ ആദ്യം ഒരുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ക്ലാസുകളിൽ അതിവേഗം ഇത് വ്യാപിക്കുകയും ചെയ്യും. .

ഐ സി ടി യുടെ ആദ്യഭാഗം ഉപകരണങ്ങ [ ഹാർഡ്വെയർ ] ളാണ്. ഇതാകട്ടെ ഡസ്ക്ടോപ്പ് , ലാപ്പ്ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സ്ക്രീൻ – വെറും സ്ക്രീനും ചിലയിടത്ത് ഇന്ററാക്ടീവ് വൈറ്റ് ബോർഡും , ടാബ്ലറ്റ്, പ്രിന്റർ, യു പി എസ് , ഇന്റെർനെറ്റ് കണക്ഷൻ , വൈഫൈ , തുടങ്ങി പലതാണ്. ഏറ്റവും ചുരുങ്ങിയതോതിലാണെങ്കിൽ പോലും ലാപ്പ്ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സ്ക്രീൻ , വൈഫൈ കണക്ഷൻ എന്നിവ വേണം. ലാപ്പ്ടോപ്പിൽ ലിനക്സ് - ഐടി അറ്റ് സ്കൂൾ കസ്റ്റമൈസ് ചെയ്ത ഉബുണ്ടു വേർഷൻ ഓപ്പറേഷൻ സിസിറ്റം [ ഒ എസ്] വേണം. ഇത്രയും ഹാർഡ്‌വെയർ – സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഒരുക്കി അദ്ധ്യാപകർക്ക് ഇതെല്ലാം ഉപയോഗിക്കാനുള്ള പരിശീലനവും വേണം. കഴിഞ്ഞകാലങ്ങളിൽ ഡിപ്പാർട്ട്മെന്റ് നടത്തിയിട്ടുള്ള നിരവധി പരിശീലനങ്ങളിലൂടെ സാമാന്യം മുഴുവൻ അദ്ധ്യാപകരും ഇക്കാര്യങ്ങളിൽ നിപുണത് കൈവരിച്ചിട്ടുണ്ടാകുമെന്ന് നമുക്കാഗ്രഹിക്കാം.

ലോകം മുഴുവനുള്ള അദ്ധ്യാപകസമൂഹത്തിന്റെ സുപ്രധാനമായ ഒരു പരിമിതിയായി കാണുന്നത് താരതമ്യേന പുതിയതായ ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യമാണ്. പഠനം ഹൈടെക്കാക്കുന്നതിനുള്ള പ്രധാന തടസ്സം ഈ പരിമിതിയാണെന്ന് നിരവധി അന്വേഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. സോഫ്ട്വെയർ പരിശീലനം പോലെ അത്രയധികം പരിചയം ഹാർഡ്‌വെയർ കാര്യങ്ങളിൽ ഇല്ല. നിസ്സാരമായ തകരാറുകൾ പോലും പരിഹരിക്കാൻ സാധാരണ അദ്ധ്യാപകർക്കാവാറില്ല. തകരാർ പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ സമയബന്ധിതമായി പരിഹരിച്ചുകൊടുക്കാറുമില്ല. അതുകൊണ്ടുകൂടിയാണ് ഓരോ സ്കൂളിലും കിലോക്കണക്കിൽ ഹാർഡ്‌വെയർ ഉപയോഗശൂന്യമായിപ്പോയതും അതൊക്കെയും ഇ-മാലിന്യമെന്ന പേരിൽ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്. -മാലിന്യ സംഭരണം തന്നെ ഈയിടെ വലിയസംഭവമായിട്ടാണ് നടന്നത്. എല്ലാം കൂടി ഒരു മണിക്കൂർപോലും പഠനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്ത 1000 കണക്കിനു കിലോ ഇ - മാലിന്യം ഒഴിവാക്കിയിട്ടുണ്ടാവും. ഐ ടി അറ്റ് സ്കൂൾ ഐ സി ടി ആരംഭിച്ചകാലത്ത് ലോഗ്ബുക്കുകൾ നിർദ്ദേശിച്ചുവെങ്കിലും അതൊന്നും വ്യാപകമായി സൂക്ഷിക്കപ്പെടുകയുണ്ടായില്ലല്ലോ.


പദ്ധതിയുടെ വലിയൊരുഭാഗം ചെലവഴിക്കപ്പെടുന്നത് ഹാർഡ്‌വെയർ സംവിധാനങ്ങൾക്കാണ് . പല തല തീരുമാനങ്ങൾക്കുശേഷം മാർക്കറ്റ് വിലയേക്കാൾ അധികപണം സ്കൂളിലെത്തുന്നതോടെ ലാപ്പിനും പ്രൊജക്ടറിനും പ്രിന്ററിനും സംഭവിക്കാറുണ്ട് . ഒഴിച്ചുകൂടാനാവാത്ത ബാധ്യതകളാണിവ എന്നതിൽ തർക്കമില്ല. മിക്കവാറും അതുതന്നെയാണ് തുടരുന്നത്. മറ്റു സാധ്യതകൾ ആലോചിക്കാവുന്നതാണ്. ക്ലാസ്മുറിയിൽ പഠനാവശ്യങ്ങൾക്കായി ലാപ്പിനുപകരം Raspberry Pi പോലുള്ള സാധനങ്ങൾ കുട്ടികൾക്കും അദ്ധ്യാപകർക്കും പരിചയമില്ലാത്തതല്ല. Raspberry Pi പരിശീലനങ്ങൾ കുറേ നടന്നുകഴിഞ്ഞതാണ്. ഒരു ലാപ്പിന്റെ വിലക്ക് 8-10 Raspberry Pi വാങ്ങാം. വാങ്ങാം എന്നുമാത്രമല്ല കുട്ടികൾക്കും അദ്ധ്യാപകർക്കും അത് പരിചയിക്കാനും പ്രയോജനപ്പെടുത്താനും റിപ്പയറിനും എളുപ്പമാണ്. അതിനെ പ്രവർത്തനക്ഷമമാക്കാൻ ഓരോ ക്ലാസിനും സാധ്യമാക്കാം . ലാപ്പ് പോലല്ല; അഴിക്കാനും തുറക്കാനും വേണ്ടതുപോലെ മാറ്റാനും ഒക്കെ കുട്ടിക്ക് സാധിക്കാം. ഓപ്പൻസോർസ് സങ്കൽപ്പം ഹാർഡ്വെയറിലേക്കുകൂടി വ്യാപിക്കുന്നതിലൂടെ ഒരു പാട് പണം ആ വഴിക്ക് സൂക്ഷിക്കാനാകും. നേരത്തെ ഇ- മാലിന്യമെന്ന് പറഞ്ഞു ഉപേക്ഷിച്ചവ ലോക്കലായി - സ്കൂൾ കേന്ദ്രീകരിച്ച് നവിക്കരിച്ചെടുക്കുന്നതിനെപ്പറ്റി ഒരാലോചനയും നമുക്ക് സാധ്യമായില്ല. സാങ്കേതികവിദ്യയും തൊഴിലും നമ്മുടെ കുട്ടികൾക്ക് പഠനസമയത്തിനപ്പുറമും ലഭിക്കുമായിരുന്നു. ഉപേക്ഷക്കപ്പെട്ടവയിൽ കാബിനെറ്റുകൾ, കേബിളുകൾ തുടങ്ങി ഹാർഡ് ഡിസ്ക്, ഡി വി ഡി … തുടങ്ങി പലതും നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നോ എന്നു പോലും ആരും ആലോചിച്ചില്ല. ഉപജില്ലാതലത്തിലെങ്കിലും പുനരുപയോഗസാധ്യത തിരിച്ചറിയാനും നന്നാക്കിയെടുക്കാനുമുള്ള ക്ല്നിക്കുകൾ ഉണ്ടായിരുന്നെങ്കിൽ എത്ര പണം ലാഭിക്കാമായിരുന്ന്വെന്ന് ആലോചിക്കാം.

അദ്ധ്യാപകരുടെ കയ്യിലുള്ള ലാപ്പുകൾ, ടാബുകൾ, മൊബൈലുകൾ ഒക്കെത്തന്നെ സാധ്യമായതിന്റെ 10% പോലും മിക്കവരും പ്രയോജനപ്പെടുത്തുന്നില്ല. അതിനെക്കുറിച്ചുള്ള അറിവില്ല അവർക്ക്. ഇതൊക്കെത്തന്നെ ശാസ്ത്രീയമായ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നല്ല വാടകക്കായിപ്പോലും എടുത്ത് ഉപയോഗപ്പെടുത്തിയാൽ ഇ- വേസ്റ്റ്, റിപ്പയർ കാര്യങ്ങളിൽ ധാരാളം പണം സ്ഥാപനങ്ങൾക്ക് ലാഭിക്കാമായിരുന്നു. സ്വന്തം സാധനമാകുമ്പോൾ കേടാവലും സ്വാഭാവികമായി കുറയും ! കാട്ടിലെതടി തേവരുടെ ആന എന്ന ഭാവം കുറയും !


സ്കൂളിൽ എന്താണാവശ്യം എന്താണ് നിലവില അവസ്ഥ, സാധ്യത എന്നൊന്നും ആലോചിക്കാൻ പറ്റാത്തതല്ല. ഈ രംഗത്തെ ഡയറ്റ് പോലുള്ള നേതൃസ്ഥാപനങ്ങൾ പോലും ഇന്ററാക്ടീവ് വൈറ്റ് ബോർഡുകൾ 100 % പ്രയോജനപ്പെടുത്തുന്നില്ല. വൈറ്റ് ബോർഡ് മാത്രമല്ല ഐ സി ടി സംവിധാനം മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്. അതിനു പ്രാപ്തിയുള്ളവരുടെ എണ്ണം കുറവാണ്. വേർഡ് , പ്രസന്റേഷൻ , വീഡിയോ എന്നീ സാധ്യതകൾക്കപ്പുറം പോകുന്നവരില്ല. ഇന്ററാക്ടീവ് ഗെയിംസ്, പഠനൊപകരങ്ങൾ, ഇന്ററാക്ടീവ് വർക്ക് ഷീറ്റുകൾ എന്നിവയിൽ ആരും കൈവെക്കുന്നില്ല. പ്രസന്റേഷനാണ് വ്യാപകം. അതുതന്നെ പി ഡി എഫ് ആക്കാൻ നോക്കില്ല. അതുകൊണ്ടുതന്നെ ഫോണ്ട് പ്രശ്നം കുട്ടികളുടെ സമയം കളയും ! എത്ര ഇന്റർനാഷണൽ സങ്കൽപ്പത്തിലായാലും സാധാരണ സ്കൂളുകളിൽ പതിനായിരങ്ങൾ വിലയുള്ള ഈ സംഗതികൾ എത്രത്തോളം ആവശ്യമാണെന്ന് ആലോചിക്കാൻ കഴിയുന്നില്ല എന്നാണോ ? ഓരോ സ്കൂളിലും വ്യത്യസ്ത ആവശ്യങ്ങളും വ്യത്യസ്ത സാധ്യതകളുമാണ്. . എല്ലാ സ്കൂളിലേക്കും ഒരേപോലുള്ള കോൺഫിഗറേഷൻ അതെത്ര താഴ്ന്നതാണെങ്കിലും ഉയർന്നതാണെങ്കിലും ആവശ്യമില്ല. പാഠപുസ്തകം പോലയല്ലല്ലോ ഐ സി ടി ഹാർഡ്‌വെയർ. ചെലവാക്കുന്ന പണത്തിന്റെ മൂല്യം കുട്ടിക്കും അദ്ധ്യാപകനും സമൂഹത്തിനും കിട്ടണം. ശരാശരിയായിട്ടല്ല ; വ്യക്തിപരമായി ഒരോരുത്തർക്കും അവകാശപ്പെട്ട / ആവശ്യമുള്ള അളവിൽ. സ്കൂൾ ബസ്സ് മറ്റൊരുദാഹരണമാണ്. എല്ലാകുട്ടിക്കും ആവശ്യമായത്ര പ്രയോജനം കിട്ടും. എല്ലാ സ്കൂളിലും ഒരേപോലുള്ള കോൺഫിഗറേഷനിലുമല്ല ബസ്സ്.ലൈബ്രറി ലാബ് കളിസ്ഥലം കുടിവെള്ള ലഭ്യത ഒന്നും ഒരേ കോൺഫിഗറേഷനിലല്ല. ആവേണ്ടതുമില്ല. ഇതിനേക്കാളൊക്കെ പ്രാധാന്യം ഐ സി ടി സാംഗ്രികൾക്ക് കൽപ്പിക്കുന്നുണ്ടെങ്കിൽ അത് അശാസ്ത്രീയമാണെന്ന് ജനം പറയും. സാധ്യതയാണ് പ്രധാനം. ആവശ്യകതയും. ഇതാവണമല്ലോ ഹൈടെക്കാക്കുമ്പോൾ സംഭവിക്കേണ്ടത്. അതാണ് അദ്ധ്യാപകരുടെ കുട്ടികളുടെ പ്രതീക്ഷയും

No comments: