02 September 2012

'ആര്‍ട്ടറ്റാക്ക് ഉണ്ടാവുന്നതെങ്ങനെ?

'ആര്‍ട്ടറ്റാക്ക് ഉണ്ടാവുന്നതെങ്ങനെ?
[ ആര്‍ട്ടറ്റാക്ക്' എന്ന കഥയുടെ ആസ്വാദനവുമായി - പത്താം  ക്ളാസിലെ മലയാളം  പാഠം  - ബന്ധപ്പെടുത്താവുന്ന ഒരു കുറിപ്പ് ]


എം. മുകുന്ദന്‍ മലയാളത്തിലെ ഏറ്റവും  മികച്ച കഥാകാരന്മാരില്‍ മുമ്പനാണ്`. കഥയിലെ ഓരോ വാക്കും  വരിയും  അത്ര ശ്രദ്ധയോടെ മാത്രമേ അദ്ദേഹം  പ്രയോഗിക്കൂ. കഥാ ശില്‍പ്പം  മികവുറ്റതാക്കാനുള്ള മിടുക്ക് മുകുന്ദന്‍ എപ്പോഴും  കാണിക്കുന്നുണ്ട്.

കലക്ക് നേരേയുണ്ടാകുന്ന ഒരാക്രമണം 
കലാനിരൂപകന്ന് നേരേയുണ്ടാകുന്ന ഒരാക്രമണം

എന്നിങ്ങനെ പ്രധാനമായും  രണ്ടുതരത്തില്‍ ഈ ശീര്‍ഷകം    [ ഉള്ളടക്കവും] വായനക്കാരന്‍ ആസ്വദിക്കുന്നുണ്ട്.
ഹാര്‍ട്ട് അറ്റാക്ക് - ഹൃദയാഘാതം  എന്ന അര്‍ഥത്തില്‍ വായിക്കപ്പെടാന്‍ തന്നെയാണല്ലോ 'ആര്‍ട്ട് അറ്റാക്ക്' എന്ന ശീര്‍ഷകം  വെച്ചിരിക്കുന്നത്. ജീവനു നേരേയുള്ള ആക്രമണമാണ്` ഹൃദയാഘാതം. ആഘാതം  ഏല്പ്പിക്കുന്നത് സ്വയമോ മറ്റുള്ളവരോ ആകാം. സ്വയം  ഏല്പ്പിക്കുന്നതാണ്` ബഹുഭൂരിപക്ഷവും.

സ്വയം  ഏല്പ്പിക്കുന്ന ഹൃദയാഘാതം 
ഭക്ഷണമടക്കമുള്ള ജീവിതരീതികള്‍ , ചിന്താരീതികള്‍ എന്നിവയില്‍ നിന്നുളവാകുന്നതാണ്``. ഹൃദയത്തിന്ന് സ്വയം  ടെന്‍ഷന്‍ നല്കുന്ന ഈ രണ്ടും  ജീവനുനേരേയുള്ള ആക്രമണമായി കലാശിക്കുന്നു. കഥയില്‍ കലാനിരൂപകനായ കെ.എസ്.ശിവരാമനുനേരേയുള്ള ജീവാപായിയായ അക്രമമായി പ്രമേയം  വികസിക്കുന്നു. ഹൃദയാരോഗ്യത്തിന്നുള്ള പരിശോധനകള്‍ ,  ചികില്സകള്‍ , മരുന്നുകള്‍ എന്നിവക്കൊപ്പം / പലപ്പോഴും  അതിലധികം പ്രാധാന്യത്തോടെ   ഏതൊരു വൈദ്യനും  നിര്‍ദ്ദേശിക്കുന്ന ഒന്നാണ്` മുറയ്ക്കുള്ള വ്യായാമവും. ദിനചര്യയുടെ ഭാഗമാവണം  വ്യായാമം.വ്യായമം  ശരീരത്തേയും  മനസ്സിനേയും  നവീകരിക്കുകയും  പുനര്‍നിര്‍മ്മിക്കയും  ചെയ്യുന്നു എന്നാണല്ലോ പറയാറ്`.

കെ.എസ്.ശിവരമന്റെ കാര്യത്തില്‍ ഹൃദയാഘാതം  ആലങ്കാരികമായി വ്യപദേശിക്കുന്നതാണ്`. അപ്പോള്‍ ചികില്സയും  ആലങ്കാരിക വ്യവഹാരമാകുന്നു. കലാനിരൂപകന്റെ ഹൃദയ പരിശോധനയും  ചികില്സയും  മരുന്നും  വ്യായമവും  'ആലങ്കാരികമായി' ത്തന്നെ നിരീക്ഷിക്കാവുന്നതുമാണ്`. കഥാസ്വാദനം  വൈദ്യ പരികല്പ്പനകള്‍ക്കകത്തു നിന്നുമാവാമല്ലോ / ആവണമല്ലോ.

സ്വതവേയുള്ള ദാരിദ്ര്യം, കുടുംബപരമായ പ്രശ്നങ്ങള്‍ - ഭാര്യയുടെ ചികില്സ, മകള്‍ടെ പഠനം , ഓഫീസിലെ സമ്മര്‍ദ്ദങ്ങള്‍ എന്നിവമൂലം  ഹൃദയപരിശോധനയും [ സ്വന്തം  കലാനിരൂപണ മനാനദണ്ഡങ്ങളെ നിത്യമായി വിലയിരുത്തല്‍ , പുതുക്കല്‍...]  മരുന്നും  ചികില്സയും [ കലാവിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്ക്കൊക്കെ എന്താവില?...ശിവരാമന്റെ ആത്മഗതം   ]  ഒക്കെ ഇല്ല എന്നുതന്നെ പറയാവുന്ന അവസ്ഥയിലാണ്` ശിവരാമന്റെ കാര്യത്തില്‍.
സാമ്പത്തികച്ചെലവില്ലാത്ത സ്വയം  പരിശോധനകള്‍, ചികില്സകള്‍, വ്യായാമ, മരുന്ന് എന്നീ കാര്യങ്ങളിലും  ശിവരാമന്‍ അനാസ്ഥ കാണിക്കുകയാണ്`. വീട്ടിലേക്കുള്ള വഴി മുഴുവന്‍ നടക്കുന്നു എന്ന്ത് വ്യായാമപരമായി നല്ലൊരു കാര്യം  തന്നെ. പക്ഷെ, ആ നടത്തയും  ഓഫീസിലെ കാര്യങ്ങള്‍  , വീട്ടിലെ കാര്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചിന്തകള്‍കൊണ്ട് അസ്വസ്ഥമാണ്`. അസ്വസ്ഥമായ മനസ്സോടെയുള്ള നടത്തവും ഓട്ടവും   ഒന്നും  നല്ല വ്യായമാവുന്നില്ല.

ആധുനിക കാലത്ത് പഴഞ്ചന്‍ [ ബൂര്‍ഷ്വാ ചിന്തകള്‍ എന്നാണ്` കഥാകൃത്ത് സൂചിപ്പിക്കുന്നത്] ചിന്തകള്‍ കൊണ്ടുനടക്കുന്നു എന്നതാണ്` ശിവരാമന്ന് ഹൃദയാഘാതത്തിനുള്ള മറ്റൊരു കാരണമായി പറയാവുന്നത്. ശിവരാമന്റെ കലാനിരൂപണവുമായി ബന്ധപ്പെട്ട ചിന്തകള്‍ ബൂര്‍ഷ്വാ ചിന്തകളാണോ എന്നതല്ല ആലോചിക്കുന്നത്. ജനാധിപത്യലോകത്ത് ബൂര്‍ഷ്വാ ചിന്തകള്‍ 'അണ്‍ഫിറ്റ്' തന്നെ.ജനപ്രിയ കലയോടുള്ള ശിവരാമന്റെ കാഴ്ച്ചപ്പാടാണ്` ജീവിതത്തെ ആക്രമിക്കുന്നത്. ജനപ്രിയകല നല്ലതോ ചീത്തയോ എന്നതല്ല  കാര്യം. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ ഒരു ഘടകം  ജനപ്രിയത്വം  തന്നെയാണ്`. ജനപ്രിയമല്ലാത്ത പത്രം  നിലനിന്നുപോകാന്‍ പ്രയാസപ്പെടും. പത്ര നിലനില്പ്പ് - വളര്‍ച്ച എന്നിവ 'പത്രത്തിന്ന് പ്രധാനപ്പെട്ട വിഷയങ്ങളാണ്`. അവിടെയാണ്` ശിവരാമന്‍ 'അണ്‍ഫിറ്റ് ' ആകുന്നത്. ഇത് 'കാലത്തിനനുസരിച്ച് കോലം  കെട്ടുക ' എന്ന പ്രശ്നമല്ല.    നിലനില്‍പ്പും  വളര്‍ച്ചയുമാണ്` പത്രസ്ഥാപനത്തിന്റെ  വിഷയം. സ്ഥാപനത്തിന്റെ മൂല്യങ്ങളും  വ്യക്തിയുടെ [ ശിവരാമന്റെ ] മൂല്യങ്ങളും  സങ്കല്പ്പത്തില്‍ ഒരുപോലെയാവണമെന്നില്ല. ഇതുകള്‍ തമ്മില്‍ ഉണ്ടാകുന്ന വിപരീതങ്ങള്‍ 'അണ്‍ഫിറ്റ്' ആക്കുകയാണ്`.

കഥാകാരന്‍ പ്രയോഗിക്കുന്ന ഒരു ശൈലിയാണ്`  ' കാലത്തിനനുസരിച്ച് കോലം  കെട്ടുക ' എന്നത്. ഈ ശൈലി ശിവരാനുനേരെയുളവാകുന്ന അക്രമത്തിന്ന് സാധുതനല്കുന്നില്ല. ആര്‍ക്കും    കാലത്തിനനുസരിച്ച് കോലം  കെട്ടുകയോ കെട്ടാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. കാലത്തിനനുസരിച്ച് കോലം  കെട്ടേണ്ടിവരുന്ന / കെട്ടുന്ന  പത്രസ്ഥാപനവും ഏതുകാലത്തും  തന്റെ കോലം  മാറ്റാനാവില്ല എന്ന ആശയവുമായി ജീവിക്കുന്ന വ്യക്തിയും  - അതും  ആവ്യക്തികൂടി ഉള്‍പ്പെടുന്ന സ്ഥാപനത്തില്‍  'ആഘാതങ്ങള്‍  '  രൂപം  കൊള്ളുന്നതില്‍ ആരേയും  കുറ്റപ്പെടുത്താനോ പിന്താങ്ങാനോ ആര്‍ക്കും  ആവുകയില്ല.

ജീവന്റെ പരിണാമത്തില്‍ 'കാലത്തിനനുസരിച്ച് മാറുന്ന കോലങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. പരിണാമത്തിന്റേയും  അതിജീവനത്തിന്റേയും  നിലവിലുള്ള സത്യമാണത്.  കാലദേശങ്ങള്‍ക്കനുസരിച് ആരും  സ്വയം  കോലത്തിലുണ്ടാക്കേണ്ട മാറ്റം  ശിവരാമനെ ആര്‍ക്കു മനസ്സിലാക്കിക്കൊടുക്കാനാവും? മകള്‍ രചിച്ച ' എന്റെ അഛന്‍ ' എന്ന ചിത്രം   'ചിത്രഭാഷയറിയാവുന്ന  ശിവരാമന്ന് മനസ്സിലാകാതിരിക്കുന്നിടത്തോളം  കാര്യങ്ങള്‍ കോലം  കെട്ടുപോയിരിക്കയാണ്`എന്നു കൂടി കഥാകാരന്‍ സൂചിപ്പിക്കുന്നു. സ്വയം  രൂപപ്പെടുത്തിയ വൃത്തങ്ങളും  ചതുരങ്ങളും  മാത്രമായ , അതില്‍നിന്നും  പുറത്തേക്കുള്ള വഴികളൊന്നും    അറിയാന്‍ ശ്രമിക്കാത്ത ശിവരാമന്‍ സ്വയം  വരിക്കുന്ന നിസ്സഹായത നമുക്ക് കാണാം. ഇടയ്ക്കിടക്ക് വീട്ടിലേക്കുള്ള വഴികള്‍ മാറാറുണ്ടെങ്കിലും  [ വാടക വീടായതുകൊണ്ട് ] ആ വഴികളൊന്നും  സ്ഥായിയായ വഴികളാവുന്നില്ല. ഉള്ള വഴികളിലെത്തന്നെ  ' വെളിച്ചം  കുറഞ്ഞ അരുകിലൂടെ' യാണ്` കഥാനായകന്റെ യാത്രകളും.

നമുക്ക് ചുറ്റും  ഇങ്ങനെ ചില ശിവരാമന്‍മാര്‍ ഉണ്ട് . വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും  അവരില്‍ ചിലര്‍ക്ക് ആഘാതങ്ങള്‍ ഏല്ക്കേണ്ടിവരുന്നുമുണ്ട്. മിക്കവരും  ആദ്യആഘാതം   ഗൗരമായി എടുക്കുകയും  തുടര്‍ന്ന് ജീവിതത്തില്‍ മാറ്റം  വരുത്തുകയും  ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ജീവിതം  കുറേകൂടി നീട്ടിക്കിട്ടുന്നു. മറ്റു ചിലര്‍ ആഘാതങ്ങളെ കൂസാതെ മുന്നോട്ടുതന്നെ പോകുകയും  ചെയ്യുന്നു. 

1 comment:

S.V.Ramanunni SUJANIKA said...

നമുക്ക് ചുറ്റും ഇങ്ങനെ ചില ശിവരാമന്‍മാര്‍ ഉണ്ട് . വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും അവരില്‍ ചിലര്‍ക്ക് ആഘാതങ്ങള്‍ ഏല്ക്കേണ്ടിവരുന്നുമുണ്ട്. മിക്കവരും ആദ്യആഘാതം ഗൗരമായി എടുക്കുകയും തുടര്‍ന്ന് ജീവിതത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ജീവിതം കുറേകൂടി നീട്ടിക്കിട്ടുന്നു. മറ്റു ചിലര്‍ ആഘാതങ്ങളെ കൂസാതെ മുന്നോട്ടുതന്നെ പോകുകയും ചെയ്യുന്നു.