28 September 2012

ദിനാചരണങ്ങളെക്കുറിച്ചുതന്നെ...

ഫേസ്ബുക്കില്‍ കവി ശിവപ്രസാദ് പാലോടിന്റെ ഒരു സ്റ്റാറ്റസ് ഇങ്ങനെ: അല്ഷിമേര്‍സ് ദിനവും  ശ്രീനാരായണ ഗുരുജയന്തിയും  ഒരേദിവസമായത് - മഹാന്മാരുടെ ചിന്തകള്‍ നാം  എത്രവേഗം  മറക്കുന്നു എന്നതിന്റെ സൂചനയായിരിക്കുമോ!
ഫേസ്ബുക്കില്‍ ഒരു ലൈക്കടിച്ച് മാറിയപ്പോള്‍

നമ്മുടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം  നാട് - വൃത്തിയുള്ള നാട് എന്ന പേരില്‍ ഒരു ശുചിത്വ വാരാചരണ......
ഈ സര്‍ക്കുലര്‍ എല്ലാ സ്കൂളിലും  എത്തിയിരിക്കും. [ അടിവര ഞാനിട്ടത്]

ഗാന്ധിജയന്തിയും  ശുചിത്വവാരാചരണവും  തുടങ്ങിയിട്ട് കൊല്ലമേറെയായി. ആ വാരം  മുഴുവന്‍ നമ്മുടെ  കുട്ടികള്‍ വ്യക്തിപരമായി ഏറ്റവും  അശുചികരമായി ഒരു വാരം കൊണ്ടുനടക്കുന്നു. കൂടെ മേല്‍നോട്ടത്തിന്ന് അദ്ധ്യാപകരും. സ്കൂള്‍ ക്ളാസ്‌‌മുറികള്‍, മുറ്റം, തൊടി, മുന്നിലെ റോഡ്, ചന്ത, ആശുപത്രിപരിസരം.... തുടങ്ങിയുള്ള സ്ഥലങ്ങളൊക്കെ വൃത്തിയക്കലാണ്` പരിപാടി. കുട്ടികള്‍ ഉഷാറാണ്`. [ ആ ദിവസങ്ങളില്‍ ക്ളാസ്മുറികളില്‍ നിന്ന് പുറത്തുകടക്കാമല്ലോ]  പക്ഷെ, ഉച്ചയാകുമമ്പോഴേക്കും  കുട്ടികള്‍ പരമാവധി
മലിനീകരിക്കപ്പെട്ടിരിക്കും. അങ്ങനെത്തന്നെ പൊതിച്ചൊറ്` സദ്യ. വീണ്ടും  വൃത്തിയാക്കല്‍. അതിനാകട്ടെ വേണ്ടത്ര ഉപകരണങ്ങളില്ല, സുരക്ഷിതത്വ സംവിധാനങ്ങളില്ല, പരിശീലനമില്ല., പ്ളാനിങ്ങില്ല. മുറിവോ മറ്റോ പറ്റിയാല്‍ ' സാരല്യടാ...' എന്ന നല്ലവാക്കു മാത്രം. ഒക്ടോബര്‍ 2 മുതല്‍ ഒരാഴ്ച്ച ഈ പരിപാടി എല്ലാ സ്കൂള്‍ പരിസരങ്ങളിലും  കാണാം.    [ മിടുക്കന്മാരും  മിടുക്കികളുമൊക്കെ   ഈ ദിവസങ്ങളില്‍ അവധിയിലായിരിക്കും  എന്നും  അനുഭവം  ]

ഇതാണോ കുട്ടികളില്‍ ഉണര്‍ത്തിയെടുക്കേണ്ട ഗാന്ധി സ്മരണ? ശുചീകരണവും  ഗാന്ധിജയന്തിയുമായി ബന്ധപ്പെടുത്തി അതു സ്കൂള്‍കുട്ടികളുടെ പരിപാടിയാക്കി ആലോചിച്ച ഗാന്ധിയന്‍ ആരാവും? പരിസര മലിനീകരണം  നാട്ടിലെ വലിയൊരു പ്രശ്നം  തന്നെയെന്നതില്‍ തര്‍ക്കമില്ല. അതു സ്കൂള്‍കുട്ടികള്‍ [ കോളേജ് കുട്ടികള്‍ ഈ പരിപാടികളില്‍ ഇല്ലല്ലോ!] പരിഹരിക്കേണ്ടഒന്നാണെന്ന രീതിയില്‍ കാര്യങ്ങള്‍ വളര്‍ന്നിരിക്കയാണോ? കുട്ടികളെ ബോധവല്‍ക്കരിക്കലാണ്` ലക്ഷ്യമെങ്കില്‍ ഇങ്ങനെ സ്കൂള്‍ , ആശുപത്രി, ചന്ത പരിസങ്ങള്‍ താല്‍ക്കാലികമായി വൃത്തിയാക്കലാണോ പരിപാടിയായി കാണേണ്ടത്?

ദിനാചരണങ്ങളില്‍ കുട്ടികള്‍ക്ക് ആ ദിനവും  അതില്‍ ഉന്നയിക്കുന്ന ആശയവും  കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള , ആചരിക്കാനുള്ള അറിവും  അനുഭവവും  നല്കലാണല്ലോ അക്കാദമിക്കായി ചെയ്യേണ്ടത്? ഗാന്ധി ജയന്തി ദിനത്തിലാകട്ടെ അതു കൂടുതല്‍ ശരിയായ രീതിയില്‍ തന്നെയും  ചെയ്യാന്‍ സ്കൂളുകള്‍ക്കാവില്ലേ?

ഗാന്ധിജിയെ കൂടുതല്‍ അറിയാനുള്ള പരിപാടികള്‍ [ പ്രഭാഷണം, സിനിമ, ചിത്രങ്ങള്‍, അനുഭവവിവരണങ്ങള്‍.....]
ഗാന്ധിയന്‍ ആശയങ്ങള്‍ അറിയാനും  അതിന്റെ കാലിക പ്രസക്തി - പ്രാദേശികമായ അനുഭവങ്ങളിലൂടെ കൂടി - തിരിച്ചറിയാനും  ഉള്ള പരിപാടികള്‍ [ പ്രാദേശിക വികസനം, വികസന സങ്കല്പ്പങ്ങള്‍, പ്ളാനിങ്ങ്... ]
സ്വാശ്രയത, സ്വാതന്ത്ര്യം, ജീവിതത്തിലെ ലാളിത്യം, അഹിംസ, തൊഴിലിന്റെ പ്രാധാന്യം... തുടങ്ങിയ ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങള്‍ ചെറിയതോതിലെങ്കിലും  സ്വന്തം  ജീവിതത്തില്‍ അനുസരിക്കാനുള്ള തായ്യാറെടുപ്പുകള്‍ , പരിശീലങ്ങള്‍ ....
ഗാന്ധിയന്‍ പഠനരീതികള്‍, ജീവിതക്രമങ്ങള്‍ , ഭക്ഷണശീലങ്ങള്‍, സത്യാന്വേഷണം, നിശ്ചയദാര്‍ഢ്യം...  തുടങ്ങിയ ചിലവ ക്ളാസ്‌‌മുറികളില്‍ത്തന്നെ പ്രായോഗികമാക്കാനുള്ള തീരുമാനങ്ങളും  തുടക്കങ്ങളും ....
ഉപവാസം, ചികില്സ , സ്വയം  തൊഴില്‍ ചെയ്യല്‍... തുടങ്ങിയവ കുട്ടികള്‍ക്ക് ഏറ്റെടുക്കാനുള്ള മനോഭാവം  ഉളവാക്കുക...തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സ്വയം  സന്നദ്ധരാക്കുക....

ശുചീകരണവാരം  പോലെ തുടര്‍ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ട് കുട്ടികള്ക്ക് പ്രത്യേകിച്ച് എന്തു ഗുണം  കിട്ടാന്‍. ജീവിതത്തില്‍ സ്വയം  പിന്തുടരാനുള്ള സന്നദ്ധതയും അതിന്റെ ആവശ്യകതയും  ബോദ്ധ്യപ്പെടുത്തുന്നതാകട്ടെ പ്രവര്‍ത്തനങ്ങള്‍. 

1 comment:

sivaprasad palod said...

ഇതാണോ കുട്ടികളില്‍ ഉണര്‍ത്തിയെടുക്കേണ്ട ഗാന്ധി സ്മരണ? ശുചീകരണവും ഗാന്ധിജയന്തിയുമായി ബന്ധപ്പെടുത്തി അതു സ്കൂള്‍കുട്ടികളുടെ പരിപാടിയാക്കി ആലോചിച്ച ഗാന്ധിയന്‍ ആരാവും? ..പ്രസക്തമായ ചോദ്യം ...പക്ഷെ പുരഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും അതെ സമയം തികഞ്ഞ പിന്തിരിപ്പന്മാരായി നടക്കുകയും ചെയ്യുന്ന അഭിനവര്‍ ഇത് ചര്‍ച്ച ചെയ്യില്ല.എന്തും പുറം മോടിയില്‍ ഒതുങ്ങും സര്‍.