20 July 2012

കഥകളിയിലെ അകേരളീയ ഘടകങ്ങള്‍

പത്താം ക്ളാസിലെ മലയാളപഠാവലിയിലെ ' കാലിലാലോലം ചിലമ്പുമായ് ' എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം - കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് :


ഏതൊരു കലയ്ക്കും അതുരൂപപ്പെട്ട നാടിന്റെ പ്രകൃതിയും സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട് എന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കേരളത്തിന്റെ അഭിമാനവും തികച്ചും സ്വന്തവും ലോകപ്രശസ്തവും ആയ കഥകളി അതിന്റെ രൂപ ഭാവങ്ങളില്‍ ഒരു പാട് ഘടകങ്ങളില്‍ തികച്ചും കേരളീയമാണ്`. എന്നാല്‍ ചിലയിടങ്ങളില്‍ അകേരളീയമായ അംശങ്ങളുണ്ടെന്നും തോന്നാവുന്നതാണ്`.

കുറഞ്ഞത് 400 വര്‍ഷത്തെ പഴക്കം കഥകളിക്കുണ്ട്. കോഴിക്കോട് സാമൂതിരിയുടെ കൃഷ്ണനാട്ടത്തെ കുറിച്ചറിഞ്ഞ കൊട്ടാരക്കര തമ്പുരാന്‍ ഒരടിയന്തിരം പ്രമാണിച്ച് ആ കലാസംഘത്തെ ക്ഷണിച്ചു. എന്നാല്‍ കൃഷ്ണനാട്ടം കണ്ട് രസിക്കാന്‍ കഴിവുള്ളവര്‍ തെക്കന്‍ ദിക്കിലില്ലെന്ന് പറഞ്ഞ് കോഴിക്കോട് രാജാവ് ആ ക്ഷണം നിരസിച്ചു. അതില്‍ കോപവും വാശിയും പൂണ്ട കൊട്ടാരക്കര തമ്പുരാന്‍ കൃഷ്ണനാട്ടത്തിന്നുപകരം 'രാമനാട്ടം' എന്നൊരു പുതിയ കലാരൂപം നിര്‍മ്മിച്ചു. അതിന്റെ വികസിത രൂപമാണത്രേ കഥകളി. ഇതു ഒരു കഥകളിപ്പഴമ. മറ്റൊന്ന് കോട്ടയത്ത് തമ്പുരാനാണ്` കഥകളി രൂപപ്പെടുത്തിയത് എന്നുമുണ്ട്.

പഴമ എന്തൊക്കെയായാലും അന്നു കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിവിധ കലാരൂപങ്ങളുടെ അംശങ്ങള്‍ സമുചിതമായി സന്നിവേശിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ - വിവിധ കാലങ്ങളില്‍ വിവിധ കലാവിദഗ്ദ്ധര്‍ പരിഷ്കരിച്ചു മിനുക്കിയെടുത്ത - ഒരു കലാരൂപമാണ്` കേരളത്തിന്റെ അഭിമാനമായ കഥകളി എന്നറിയണം. മോഹിനിയാട്ടം, ശാസ്ത്രക്കളി, കൂടിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, പടയണി, കോലംതുള്ളല്‍, തീയാട്ട്, മുടിയേറ്റ്, കൈകൊട്ടിക്കളി... തുടങ്ങി നിരവധികലാരൂപങ്ങളില്‍ നിന്നും പലഘടകങ്ങളും സ്വീകരിച്ചിരിക്കുന്നതായി മനസ്സിലാക്കാം. നൃത്തം, നൃത്യം, അഭിനയം, വേഷം,മുഖത്തെഴുത്ത്, ഗീതം, വാദ്യം, ചടങ്ങുകള്‍, ആചാരങ്ങള്‍, കാണികള്‍ [ സദസ്സ്] , അരങ്ങ് എന്നിവയിലൊക്കെ ഈ സ്വാധീനങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ അന്നു നിലവിലുണ്ടായിരുന്ന വിവിധ കലാരൂപങ്ങളുടെ സ്വാധീനം കഥകളി എന്ന കലാരൂപത്തിന്റെ സര്‍വാംശങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നും മനസ്സിലാക്കാം. വളരെ വ്യത്യസ്തതയുള്ള പല കലാരൂപങ്ങളില്‍ നിന്നും ഊറ്റിയെടുത്ത സൗന്ദര്യാംശങ്ങളൊക്കെ ചേര്‍ത്തുവെച്ച് രൂപം കൊടുത്ത ഒരു സമ്പൂര്‍ണ്ണ ദൃശ്യ വിസ്മയം തന്നെയാണീ കലാരൂപം.

കേരളത്തില്‍ ത്തന്നെ രൂപമെടുത്ത [ കൂടിയാട്ടം ഒഴികെ] വിവിധ കലാരൂപങ്ങളില്‍ തീര്‍ച്ചയായും കേരളീയതയുടെ മുദ്രകള്‍ ഉണ്ടാകുമല്ലോ. അത് പ്രകൃതി, സംസ്കാരം എന്നി ഘടകങ്ങളുടെ കാര്യത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യും. ഈ വിവിധ കലാരൂപങ്ങളുടെ സ്വാധീനം ഉള്‍പ്പെടുന്ന കഥകളിക്കും ഈ സവിശേഷമുദ്രകള്‍ ഉണ്ട്. ഇതു സൂചിപ്പിക്കുന്നത് പൂര്‍ണ്ണമായും കേരളീയതയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു കലാരൂപം എന്നാണെങ്കിലും സൂക്ഷമായി നോക്കിയാല്‍ അകേരളീയമായ ചില ഘടകങ്ങളും നമ്മുടെ പരിശോധനയില്‍ കടന്നുവരുന്നതാണ്`.

ഭാഷ:
കഥകളി സാഹിത്യത്തിന്റെ [ ആട്ടക്കഥ] ഭാഷാരൂപം കേരളീയമെന്നതിനേക്കാള്‍ സംസ്കൃ തത്തിനോടാണ്` ചേര്‍ന്നു നില്‍ക്കുന്നത്. ശ്ളോകം, പദം, ദണ്ഡകം എന്നിങ്ങനെയുള്ള രചനാശില്പ്പം കേരളീയമോ ദ്രവീഡിയന്‍ പോലുമോ അല്ലല്ലോ. മണിപ്രവാള ശൈലി നമ്മുടേതാണെങ്കിലും കാവ്യശൈലി എന്ന രീതിയില്‍ അധികകാലം ഇവിടെ ഉണ്ടായിട്ടില്ല. [അപൂര്‍വമാണെങ്കിലും ] ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ കാലത്തിനുശേഷം രചിക്കുപ്പെടുന്ന ആട്ടക്കഥകള്‍ പോലും [ കര്‍ണ്ണശപഥം- മാലി] ഭാഷ, രചന ശൈലികളില്‍ സംസ്കൃതത്തിന്റെ വഴിയിലാണെന്നത് ഒരു കുറവായി കാണുകയുമല്ല.

കഥകള്‍ :
ആട്ടക്കഥകളിലെ കഥകളൊക്കെയും പുരാണേതിഹാസങ്ങളില്‍ നിന്നെടുത്തതാണ്`. കേരളീയമായ ഒരു കഥ ആട്ടക്കഥാരൂപത്തില്‍ ഉണ്ടായില്ല. വടക്കന്‍ പാട്ടുകള്‍, കേരളത്തിലെ തനതായ മിത്തുകള്‍, ആധുനിക സാഹിത്യത്തിലെ കഥകള്‍ [ ഉമ്മാച്ചു, മാര്‍ത്താണ്ഡവര്‍മ്മ, ഖസാക്കിന്റെ ഇതിഹാസം] എന്നിവയൊന്നും ആട്ടക്കഥയാവുന്നില്ല. ഈയിടെ ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും കഥകളി വേഷങ്ങളില്‍ അവതരിപ്പിച്ചു എന്ന് നെറ്റില്‍ എവിടെയോ കണ്ടു. ഇങ്ങനെയുള്ള കഥകള്‍ ആട്ടക്കഥയായി വരുന്നില്ല എന്നത് ഒരു കുറവായി ചൂണ്ടിക്കാണിക്കുകയല്ല; മറിച്ച് കഥകളിയുടെ കഥനഘടകം അകേരളീയമാണൊ എന്ന് ചര്‍ച്ച ചെയ്യുകയാണ്`. ഷേക്ക്സ്പിയറുടെ നാടകങ്ങള്‍ ആട്ടക്കഥയായി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഒരിക്കലും വിജയിച്ച അരങ്ങുകളായിരുന്നില്ല. ഷേക്ക്സ്പിയര്‍ നാടകങ്ങള്‍ അരങ്ങത്തെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും 'പുതുപ്പണം കോട്ടയോ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കോ ' ആട്ടക്കഥയാക്കന്‍ തോന്നിയിരിക്കില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കഥകളിലെ [ അരങ്ങിലെ ] സമൂഹം ഒരു കാലത്തും കേരളീയമായിരുന്നില്ല എന്നു തോന്നുന്നു.

അഭിനയം:

കഥകളിക്ക് അഭിനയത്തിന്നടിസ്ഥാനം [ വേഷത്തിനും ] വലിയൊരളവോളം കൂടിയാട്ടമാകുന്നു. സംസ്കൃത നാടകാഭിനയമാണ്` കൂടിയാട്ടം. കേരളീയ കലകളിലെ [ തിറയാട്ടം, പടയണി, കോലംതുള്ളല്‍, തീയാട്ട്, മുടിയേറ്റ്,......] അഭിനയരീതികളല്ല കഥകളിയില്‍. മുദ്രകള്‍ ആണല്ലോ കഥകളിക്ക് അടിസ്ഥാനം. മുദ്രകള്‍ കേരളീയകളകളില്‍ മിക്കതിലും ഇല്ല. മോഹിനിയാട്ടം പോലുള്ളവയില്‍ മുദ്രകള്‍ കൈക്കൊണ്ടിരിക്കുന്നത് നാട്യശാസ്ത്രത്തില്‍ നിന്നും ഹസ്തലക്ഷണദീപികയില്‍ നിന്നും ഒക്കെയാണ്`. ഇതൊന്നും കഥകളിയുടെ മഹത്വം കുറയ്ക്കുന്നില്ല എന്നുറപ്പ്. എന്നാല്‍ അകേരളീയാംശങ്ങള്‍ എത്രകണ്ട് കഥകളിയില്‍ ഉള്‍പ്പെടുന്നു എന്ന് നിരീക്ഷിക്കുകയാണ്` ഇവിടെ.

വേഷം:
കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉണ്ടാക്കാനായുള്ള ശ്രമത്തില്‍ ഓരൊ ഘടകങ്ങളും തീരുമാനിക്കുന്ന അവസരത്തില്‍ വേഷം എന്തായിരിക്കണം എന്നാലോചിക്കുകയായിരുന്നു. ഒരെത്തും പിടിയും കിട്ടാതെ തന്റെ പരദേവതയെ ധ്യാനിച്ചപ്പോള്‍ അകലെ സമുദ്രത്തില്‍ ഭഗവതി രാജാവിന്ന് വേഷരൂപങ്ങള്‍ ഓരോന്നായി കാണിച്ചുകൊടുത്തെന്നാണ്` ഐതിഹ്യം. കടലില്‍ ഓളപ്പരപ്പില്‍ ഓരോ വേഷങ്ങളുടേയും അരക്ക് മുകളിലുള്ളതാണ്` കാണിച്ചു കൊടുത്തത്രേ. രാജാവ് അതു പ്രാര്‍ഥനാപൂര്‍വം സ്വീകരിക്കുകയും കഥകളിക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തു. അതാണ്` ഇപ്പോഴും വേഷങ്ങള്‍ക്ക് അരക്ക് താഴെ തിരമാലകളുടെ ഘടന നിലനില്‍ക്കുന്നതെന്ന് പറയാറുണ്ട്. പിന്നീട് വന്ന പരിഷ്കര്‍ത്താക്കളും [ കല്ലടിക്കോടന്‍, കപ്പ്ളിങ്ങാടന്‍, വെട്ടത്ത്... ] ഈ വേഷത്തില്‍ ഉറച്ചു നിന്നു. കൂടിയാട്ട വേഷങ്ങളുടെ പരിഷ്കരിച്ച രൂപമാണ്` കഥകളിക്ക് ഇവരെല്ലാം പ്രയോജനപ്പെടുത്തിയത്.

എന്നാല്‍ ഈ വേഷങ്ങളൊന്നും കേരളീയമാണെന്ന് പറയാന്‍ വയ്യ. അലങ്കാരങ്ങളില്‍ പലതും കിരീടങ്ങള്‍ എന്നിവയൊന്നും കേരളീയമല്ല. കേരളത്തിലെ ഒരു രാജാവിനും ഈ മട്ടിലുള്ള കിരീടങ്ങള്‍ ഇല്ലായിരുന്നല്ലോ. കുപ്പായം, പാവാട , എന്നിവയില്‍ കേരളീയത ഉണ്ടുതാനും. അതേസമയം സ്ത്രീ വേഷങ്ങളൊന്നും കേരളീയമല്ല എന്ന നിരീക്ഷണം പണ്ടേ ഉണ്ടുതാനും.

മുഖത്തെഴുത്ത്, ചുട്ടി എന്നിവക്കുപയോഗിക്കുന്ന പലതും കേരളീയ പരിസരങ്ങളില്‍ നിന്നല്ല സ്വീകരിച്ചിരിക്കുന്നത്. ചെഞ്ചില്യം, ചായില്യം, മനയോല... [ കഥകളിയിലെ സുപ്രധാന ഘടകങ്ങള്‍ ആണിവ ] തുടങ്ങിയവ കേരളത്തിന്ന് പുറത്തുനിന്നുവരുന്ന ' അങ്ങാടി സാധനങ്ങ' ളാണ്`. അരിയും ചുണ്ണാമ്പും കേരളീയം തന്നെ. കെടേശം, കേശഭാരത്തിലെ / കിരീടത്തിലെ ചില ഭാഗങ്ങളും , മിനുക്കവും തിളക്കവും ഉണ്ടാക്കുന്ന കല്ലുകള്‍ തുടങ്ങിയവയും പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്`. ഇക്കാലത്ത് കോപ്പ് പണിക്ക് [ വസ്ത്രാലങ്കാരങ്ങള്‍ ] ഏതാണ്ട് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന വസ്തുവകകള്‍ തന്നെയായിരിക്കുന്നു.

സംഗീതം:
അഷ്ടപദി - സോപാനസംഗീത രീതിയാണ് കഥകളിയില്‍ മുഴുവന്‍. കേരളീയ സംഗീതമാണ്` അഷ്ടപദി. എന്നാല്‍ മറ്റുള്ള കേരളീയ സംഗീത പദ്ധതികളൊന്നും തന്നെ കഥകളിയിലില്ല. കേരളത്തിന്റെ ഒരു പൊതു സംഗീത സംസ്കാരം നമുക്കിതില്‍ കാണാനാവില്ല.

ആസ്വാദനം [ കാണികള്‍] :
ആസ്വാദനം ഒരു സാധാരണ കേരളീയന്ന് ഇന്നും ക്ഷിപ്രസാധ്യമല്ല. കഥയറിയാത്തതല്ല കാര്യം. അരങ്ങില്ലാത്തതുമല്ല. കേരളത്തിന്റെ സ്വന്തം കല കേരളീയന്റെ പൊതു ആസ്വാദന [ അന്നും ഇന്നും എന്നും ] തലത്തിലൊന്നും ആസ്വാദിക്കാന്‍ എളുപ്പമല്ല.


4 comments:

ശ്രീനാഥന്‍ said...

നല്ല നിരീക്ഷണങ്ങൾ.സ്ത്രീവേഷങ്ങൾ മുസ്ലീം അല്ലേ?

chithrakaran:ചിത്രകാരന്‍ said...

കഥകളി ഒരിക്കലും ജനങ്ങാളുടെ കലയായിരുന്നിട്ടില്ല. അതൊരു പൊങ്ങച്ച കലയാണ്. ഭരണ വര്‍ഗ്ഗത്തിന്റെ ദുരഭിമാനങ്ങള്‍ പൊലിപ്പിച്ചെടുത്ത ഒരു പൊരിച്ചാക്കെന്നാണ് കഥകളിയെ ചിത്രകാരന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ചിത്രകാരന്റെ അഭിപ്രായം താഴെ കൊടുക്കുന്നു. കഥകളി ഇന്നത്തെ കലാരൂപമല്ല !!

S.V.Ramanunni SUJANIKA said...

@chithrakaran നല്ല കുറിപ്പ്. നന്നായി വായിച്ചു.

വികടശിരോമണി said...

1 - കേരളീയമല്ല എന്നതിനേക്കാൾ ഭാരതീയമാണ് എന്നതാവില്ലേ ശരി? 'കേരളീയത' എന്നതിനേപ്പറ്റി നാമിന്നു നിർണയിക്കുന്ന മോടിഫുകൾ അത്രമേൽ ശക്തമായിരുന്നില്ല കഥകളിയുടെ ഉരുവഘട്ടങ്ങളിൽ. ജയദേവന്റെ അഷ്ടദിയിൽ നിന്നും മേളപ്പദത്തിനു 'മഞ്ജുതര'യെടുക്കുന്നിടം വരെ നീളുന്ന ഭാരതീയപരിപ്രേക്ഷ്യമാണ് കഥകളിക്കുള്ളത് എന്നതാണ് ചരിത്രപരമായി കൂടുതൽ ശരി.
2 - കൈകൊട്ടിക്കളിയിൽ നിന്നു കഥകളി സ്വീകരിച്ചു എന്നതുപോലെ ചില നിരീക്ഷണങ്ങൾക്ക് എന്റെ അറിവിൽ അടിസ്ഥാനം കാണുന്നില്ല. നാനൂറുവർഷം മുൻപ് ഇന്നു നാം കാണും വിധം കൈകൊട്ടിക്കളി ഉണ്ടായിരുന്നു എന്നും അറിവില്ല.
3 - വേഷം കേരളീയവുമല്ല, അകേരളീയവുമല്ല. നാട്യധർമ്മിതയാണു കഥകളിയും കൂടിയാട്ടവും അഭിനയത്തിൽ ലക്ഷ്യമിടുന്നത്. അപ്പോൾ അതനുസരിച്ചുള്ള അതിവൽകൃതമായ ആഹാര്യം അനിവാര്യം. അതിനു സ്വീകരിച്ച ഘടകങ്ങൾ ഏറെക്കുറേ കേരളത്തിൽ വികസിച്ഛുവന്ന തെയ്യവും പടയണിയും പോലുള്ള കലാരൂപങ്ങളുടെ വർണ്ണസങ്കലനത്തിൽ നിന്ന് സ്വരൂപിച്ചതാണ്. അതുകൊണ്ട് കേരളീയമല്ല എന്ന പ്രസ്താവത്തോട് യോജിപ്പില്ല.
4 - കേരളത്തിലെന്നല്ല, ഒരു നാട്ടിലേയും രാജാക്കന്മാർക്ക് ഈവിധമായിരുന്നില്ല കിരീടം. ഒരു അബ്സ്ട്രാക്ട് ആയിട്ടുള്ള ആഹാര്യനിർമ്മാണമാണ് കഥകളിയിൽ നടന്നിട്ടുള്ളത്. അത് കൃഷ്ണനാട്ടത്തിലും കൂടിയാട്ടത്തിലും ഓട്ടൻ തുള്ളലിലും എല്ലാം നടന്നിട്ടുണ്ട്. അവ അകേരളീയം എന്നു വിവക്ഷിക്കുന്നതിലെ യുക്തി മനസ്സിലായില്ല.
5 - 'മുദ്രകൾ ആണല്ലോ കഥകളിക്ക് അടിസ്ഥാനം' , 'മുദ്രകൾ കേരളീയകലകളിൽ മിക്കതിലും ഇല്ല' - ഈ രണ്ട് പ്രസ്താവങ്ങളോടും വിയോജിയ്ക്കുന്നു. മുദ്രകൾ കഥകളിയുടെ ഘടകങ്ങൾ പ്രധാനമായ ഒന്നാണ്. അത് അടിസ്ഥാനമാണെന്നു പറകവയ്യ. മുദ്രകൾ കേരളീയകലകളിൽ പലതിലും ഉണ്ട്. പതാകം, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം - ഈ അഞ്ചുമുദ്രകൾ കൊണ്ടുള്ള പഞ്ചമുദ്രാസങ്കൽപ്പം വളരെക്കാലം മുൻപു മുതലേ അനേകം കേരളകലകളിൽ കാണാം. അവയുടെ ആകൃതി ചിലപ്പോൾ ശൈലീകൃതകലകളിൽ കാണും വിധം സുഭദ്രമാവില്ല എന്നു മാത്രം.
6 -അഷ്ടപദി - സോപാനസംഗീതവഴിയാണ് കഥകളിയിൽ മുഴുവൻ എന്നു പറഞ്ഞാൽ തീരെയും മനസ്സിലായില്ല. വെങ്കിടകൃഷ്ണഭാഗവതർ മുതൽ കർണാടകീകരിക്കപ്പെട്ട്, കുറുപ്പിനേപ്പോലുള്ള പ്രതിഭകളിൽ ഹിന്ദുസ്ഥാനിസംഗീതം വരെ സഞ്ചരിച്ച കഥകളിസംഗീതത്തിൽ എന്താണ് 'സോപാനസംഗീതം'? അഥവാ, സോപാനസംഗീതം എന്ന് പലപാട് എഴുതിക്കാണാമെന്നല്ലാതെ, വ്യാകരണപരമായി എന്താണതിന്റെ സവിശേഷ അസ്തിത്വം?
എന്തായാലും, കഥകളിയേപ്പറ്റി മാഷ് എഴുതിയതിൽ സന്തോഷമുണ്ട് :)
- ശ്രീചിത്രൻ :)